
ഹദർ മൗത് നിവേദക സംഘം
ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
കിൻദ സംഘത്തോടൊപ്പം ഹദർമൗത്തിൽ നിന്നുള്ള ഒരു നിവേദകസംഘവും നബി സവിധത്തിലേക്ക് വന്നു. അവർ ഹദ്ർ മൗതിലെ ബനൂ വലീഅ ഗോത്രക്കാരായ രാജാക്കളായിരുന്നു. ജമദ്, മിശ്റഖ്, മിഖ്‌വസ്, അബ്ളഅ എന്നിവരായിരുന്നു കൂട്ടത്തിൽ മുന്നിൽ. മിഖ്‌വസി(റ)ന് സംസാരിക്കുമ്പോൾ ഒരു കൊഞ്ഞു അഥവാ വിക്ക് ഉണ്ടായിരുന്നു. നബിﷺ അദ്ദേഹത്തിന്റെ വായിൽ ഭക്ഷണം വെച്ചു കൊടുക്കുകയും അതുവഴി അതിന് ശമനം ലഭിക്കുകയും ചെയ്തു.
അബൂഉബൈദ(റ)യിൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. മിഖ്‌വസ് ബിൻ മഅദീ കരിബ(റ)യുടെ നിവേദകസംഘം നബിﷺയുടെ സവിധത്തിലേക്ക് വന്നു. അവർ മടങ്ങി നാട്ടിലേക്ക് പോയതിനുശേഷം കൂട്ടത്തിൽ ഉണ്ടായിരുന്ന മിഖ്‌വസ്(റ) എന്നയാൾക്ക് മുഖപേശികൾക്ക് തളർച്ച സംഭവിച്ചു. അവിടെനിന്ന് ഒരു സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. അല്ലയോ പ്രവാചകരെﷺ അറബികളുടെ നേതാവായ ഞങ്ങളുടെ ഭരണാധികാരിക്ക് മുഖപേശികളിൽ തളർച്ച സംഭവിച്ചിരിക്കുന്നു. അവിടുന്ന് എന്തെങ്കിലും ഒരു ശമനം നിർദ്ദേശിച്ചാലും. സൂചി ചൂടാക്കിയുള്ള ഒരു ചികിത്സ പ്രവാചകൻﷺ നിർദ്ദേശിച്ചു. അതുവഴി അദ്ദേഹത്തിന് ശമനം ലഭിക്കുകയും ചെയ്തു.
അംർ ബിൻ മുഹാജിർ അൽ കിന്ദി(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹദർമൗത് നിവാസിയായ തൻഹാ ബിൻത് കുലൈബ് എന്ന സ്ത്രീ ഒരു നല്ല വസ്ത്രം തുന്നി ഉണ്ടാക്കി. അത് മകൻ കുലൈബ് ബിൻ അസദ് അൽ കുലൈബി(റ)യെ ഏല്പിച്ചു. അദ്ദേഹം അതുമായി പ്രവാചക സന്നിധിയിൽ എത്തി. സമ്മാനം സമർപ്പിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിലേക്കെത്തിയപ്പോൾ അദ്ദേഹം മനോഹരമായ ഒരു കാവ്യം ആലപിച്ചു. അതിന്റെ ആശയം ഇങ്ങനെ പകർത്താം.
പാദുകമണിഞ്ഞ ശ്രേഷ്ഠരിൽ ശ്രേഷ്ഠരാം
പുണ്യപ്രവാചകാ ഞാൻ വന്നു ഇവിടേക്ക്.
ദുർഘടമാം ഹദർ മൗത്തിലെ താഴ്‌വര,
മേടുകൾ താണ്ടിയും ദൂരങ്ങൾ നീങ്ങിയും.
ഒട്ടകമേറി നാം മരുഭൂമിയും താണ്ടി
അതിവേഗം വന്നു നാം അങ്ങയെ പ്രാപിക്കാൻ
മാസങ്ങൾ രണ്ടു നാം ചെലവഴിച്ചല്ലോ വഴി
എത്തുവാൻ ഇവിടമിൽ പ്രതിഫലം കാംക്ഷിച്ചു.
കാലം പ്രവചിച്ച പുണ്യപ്രവാചകാ
തോറയും നേരത്തെ ചൊല്ലിപ്പറഞ്ഞല്ലോ.
ഒരുപാട് ഘടകങ്ങൾ ഒരുമിച്ച് ചേർന്ന് പുണ്യനബിﷺയെ കുറിച്ച് പറയുന്ന ഒരു ഒരു സംഘത്തിന്റെ ആഗമനമാണ് നാം വായിച്ചത്. പ്രവാചകനെﷺ അന്വേഷിച്ചു കൊണ്ട് സഞ്ചരിക്കുന്നു. വേദത്തിൽ മുന്നറിയിപ്പ് നൽകപ്പെട്ട വാർത്തകൾ അറിയുന്നു. അല്ലാഹു പ്രവാചകർﷺക്ക് നൽകിയ അമാനുഷികതയെ നേരിട്ടറിയാൻ അവസരം ലഭിക്കുന്നു. പുണ്യ നബിﷺയുടെ പ്രാർത്ഥനയും നിർദ്ദേശങ്ങളും സ്വീകരിച്ച്, രോഗശമനത്തെ നേരിൽ അനുഭവിക്കുന്നു. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഒത്തുചേർന്ന ഒരു ദൗത്യ സംഘത്തിന്റെ വർത്തമാനമാണ് നാം വായിച്ചത്. ചെറിയൊരുകാലം കൊണ്ട് ഇസ്ലാമിലേക്ക് ഇത്രയേറെ വ്യക്തികളും ദേശങ്ങളും എങ്ങനെ എത്തി എന്ന് ചരിത്രത്തോട് ചോദിക്കുമ്പോഴുള്ള വ്യക്തമായ മറുപടിയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
