
ഹകം ബിൻ ഹസനി(റ)ന്റെ നിവേദക സംഘം
ഹകം ബിൻ ഹസൻ(റ) പറയുന്നു. ഏഴിൽ ഏഴാമത്തെയോ ഒൻപതിൽ ഒൻപതാമത്തെയോ നിവേദകസംഘമായി ഞങ്ങൾ പ്രവാചക സമീപമെത്തി. ക്ഷേമത്തിനുവേണ്ടി പ്രാർത്ഥന ആഗ്രഹിച്ചുകൊണ്ട് തങ്ങളുടെ അടുക്കലേക്ക് വന്നതാണെന്ന് ഞങ്ങൾ പറഞ്ഞു. പ്രവാചകൻﷺ അത് കേൾക്കുകയും ഞങ്ങൾക്ക് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു. ഞങ്ങളോട് ചില കാര്യങ്ങൾ കൽപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു. കുറച്ചു ദിവസം ഞങ്ങൾ അവിടെ കഴിച്ചുകൂട്ടി. പ്രവാചകനൊﷺപ്പം വെള്ളിയാഴ്ച ദിവസം പ്രത്യേക പ്രാർത്ഥനയിൽ അഥവാ ജുമുഅഃയിൽ പങ്കെടുത്തു. ഒരു വടിയോ വില്ലോ കയ്യിൽ പിടിച്ചുകൊണ്ടായിരുന്നു വെള്ളിയാഴ്ചത്തെ ഖുതുബ നിർവഹിച്ചത്. അല്ലാഹുവിനെ സ്തുതിച്ച ശേഷം സവിശേഷമായ രൂപത്തിലുള്ള ഉപദേശങ്ങൾ നൽകി. അതിന്റെ ചെറിയൊരു ഭാഗം ഇങ്ങനെ ആയിരുന്നു. അല്ലയോ ജനങ്ങളെ, രോഗികളോട് കല്പിക്കുന്നതെല്ലാം അതേ വിധത്തിൽ നിർവഹിക്കുക നിങ്ങൾക്ക് സാധിച്ചു കൊള്ളണമെന്നില്ല. എന്നാൽ നിങ്ങൾ നിഷ്ഠയോടുകൂടി പ്രവർത്തിക്കുകയും സുവിശേഷം സ്വീകരിക്കുകയും ചെയ്യുക.
ഹിംയറിന്റെ നിവേദക സംഘം
ഇമാം ഹംദാനി(റ) അൻസാബ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു.
ഹാരിസ് ബിൻ അബ്ദു കുലാൽ, സഹോദരൻ നുഐം എന്നിവർക്ക് പ്രവാചകൻﷺ സന്ദേശം അയച്ചു. ഹാരിസ്(റ) നിവേദക സംഘത്തോടൊപ്പം മദീനയിലേക്ക് വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രവാചകൻﷺ അവിടുത്തെ വിരിപ്പ് വിരിച്ചു കൊടുത്തു അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ആഗമനത്തിനു മുമ്പ് തന്നെ സദസ്സിനോട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. മുഖപ്രസന്നനും മാന്യരുടെ പരമ്പരയിൽ ജനിച്ചവരുമായ ഒരാൾ ഇതുവഴി കടന്നു വരും.
തക്മില യിൽ ഉദ്ധരിച്ച ഈ സംഭവത്തതിൽ ഇമാം ഇബ്നു ഹജർ(റ) അൽ ഇസാബയിൽ ഉദ്ധരിച്ചതുമായി വ്യത്യാസമുണ്ട്. ഹാരിസ്(റ) ഇസ്ലാം സ്വീകരിച്ചു യമനിൽ തന്നെ തുടരുകയായിരുന്നു എന്നാണ് അൽ ഇസാബയുടെ വീക്ഷണം.
ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരു നിവേദനം ഇബ്നു സഅദ്(റ) പറഞ്ഞത് ഇങ്ങനെയാണ്. ഹിംയർ രാജാവിന്റെ ദൂതനായി മാലിക് ബിൻ മുറാറ: അൽ റഹാവി എന്നയാൾ പ്രവാചക സന്നിധിയിൽ എത്തി. അബ്ദു കുലാലിന്റെ മക്കളായ ഹാരിസ് നുഅ്മാൻ, നഐം എന്നവർ ഒപ്പം ഉണ്ടായിരുന്നു.
ഹിജ്‌റ ഒമ്പതാം വർഷം നബിﷺ തബൂഖിൽ നിന്ന് വന്ന ഉടനെയുള്ള റമളാൻ മാസത്തിൽ ആയിരുന്നു ഈ ആഗമനം എന്നും അനുബന്ധമായി പറഞ്ഞിട്ടുണ്ട്.
പ്രവാചകൻﷺ അവരെ ഹൃദ്യമായി സ്വീകരിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബിലാലി(റ)നോട് നിർദ്ദേശിക്കുകയും ചെയ്തു.
പ്രവാചകൻﷺ സുപ്രധാനമായ സന്ദേശങ്ങൾ നൽകിയ വിഭാഗമാണ് ഹിംയർ. ഓരോ പ്രദേശത്തിന്റെയും ഗോത്രങ്ങളുടെയും ആഗമനം അവരുടെ നിലക്കും നിലവാരത്തിലും അനുസരിച്ച് വിലയിരുത്താനും, അതിനനുസൃതമായി അവരെ പരിചരിക്കാനും, പ്രവാചകൻﷺ പ്രത്യേകം താല്പര്യമെടുത്തു. അതിനായി മദീനയെ ചിട്ടപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
