
ജാറൂദ് ബിൻ മുഅല്ലാ(റ)യുടെയും സലമത് ബിൻ ഇയാളി(റ)ന്റെയും ആഗമനം.
ജാറൂദ്(റ) സലമത്തി(റ)നോട് പറഞ്ഞു. തിഹാമയിൽ ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രവാചകനാണെന്നാണ് അവകാശപ്പെടുന്നത്. സത്യത്തിൽ അത് പ്രവാചകൻ തന്നെയാണെങ്കിൽ ആദ്യം തന്നെ പോയി സ്വീകരിക്കുന്നവർക്ക് മഹത്വം ഉണ്ടാകും. ഈസാ പ്രവാചകൻ(അ) മുന്നറിയിപ്പ് നൽകിയ അല്ലാഹുവിന്റെ ദൂതൻ ആയിരിക്കും ചിലപ്പോൾ. ജാറൂദ്(റ) നല്ല വേദജ്ഞാനം ഉള്ള ഒരു ക്രിസ്ത്യാനിയായിരുന്നു.
രണ്ടുപേരും പുറപ്പെടാൻ തീരുമാനിച്ചു. അപ്പോൾ ജാറൂദ്(റ) പറഞ്ഞു. നമുക്ക് ഓരോരുത്തർക്കും മൂന്ന് ചോദ്യം വീതം സ്വകാര്യമായി വെക്കാം. ആ ചോദ്യങ്ങൾ നമ്മൾ തന്നെ പരസ്പരം അറിയാൻ പാടില്ല. നമുക്ക് ആ വ്യക്തിയുടെ സന്നിധിയിൽ ചെല്ലുമ്പോൾ അതെന്താണെന്ന് ചോദിച്ചു മനസ്സിലാക്കി സത്യ പ്രവാചകൻ ആണോ എന്ന് പ്രതീക്ഷിക്കാമല്ലോ? രണ്ടുപേരും പ്രവാചക സവിധത്തിൽ എത്തി. ജാറൂദ്(റ) ചോദിച്ചു തുടങ്ങി. അവിടുന്ന് എന്ത് സന്ദേശവും ആയിട്ടാണ് നിയോഗിക്കപ്പെട്ടത്? പ്രവാചകൻﷺ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനും ദാസനും ആണെന്നുമാണ് നിയോഗ സന്ദേശത്തിന്റെ ആകെത്തുക. ആരാധിക്കപ്പെടുന്ന ഏതുവിധത്തിലുള്ള പ്രതിഷ്ഠയുമായോ വിഗ്രഹവുമായോ നമുക്ക് യാതൊരു ബന്ധവുമില്ല. നിസ്കാരം അതിന്റെ സമയത്ത് നിർവഹിക്കുക. ദാനധർമ്മം അതിന്റെ അവകാശികൾക്ക് നൽകുക. റമളാനിൽ നോമ്പ് അനുഷ്ഠിക്കുക. കഅ്ബയിൽ ഹജ്ജ് നിർവഹിക്കുക. “ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരെ അനീതി ചെയ്യുന്നവനല്ല.” ഇത്രയും കൂടി കൂട്ടിച്ചേർത്തു.
തുടർന്ന് ജാറൂദ്(റ) പറഞ്ഞു. അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകൻ ആണെങ്കിൽ, ഞങ്ങൾ മനസ്സിൽ ഒളിച്ചു വെച്ചിരിക്കുന്ന ചോദ്യങ്ങൾ ഒന്ന് പറയാമോ. പെട്ടെന്ന് പ്രവാചകൻﷺ ഒന്ന് മയങ്ങുന്നത് പോലെ നിശബ്ദമായി. ശേഷം, ഇങ്ങനെ പറഞ്ഞു. അല്ലയോ ജാറൂദേ നിങ്ങൾ മനസ്സിൽ ഒളിച്ചുവെച്ച ചോദ്യങ്ങൾ ഇതൊക്കെയാണ്?
ഒന്ന്, ജാഹിലിയ്യ കാലത്തെ രക്തത്തെക്കുറിച്ച്. രണ്ട്, ജാഹിലിയ്യ കാലത്തെ സത്യത്തെക്കുറിച്ച്. അഥവാ രക്തം ചൊരിഞ്ഞതിനുള്ള പരിഹാരവും ശപഥം ചെയ്തതിനുള്ള തീരുമാനവും. മൂന്നാമത്തേത് മനീഹ അഥവാ ഉപഹാരത്തെക്കുറിച്ച്. മൂന്നും വിശദമായി തിരുനബിﷺ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. താൻ മനസ്സിൽ കണ്ടത് ഇതേ ചോദ്യങ്ങളായിരുന്നു എന്ന് അദ്ദേഹത്തിന് ബോധ്യമായി. തിരുനബിﷺ തുടർന്ന് സലമത്തി(റ)ന്റെ മനസ്സിലെ വിചാരങ്ങളെ കുറിച്ച് പറഞ്ഞു.
ഒന്ന്, ബിംബാരാധനയെക്കുറിച്ച്. രണ്ട്, സബീബ് ദിനത്തെക്കുറിച്ച്. ജാഹിലിയ്യ കാലത്ത് പുണ്യമായി കാണുന്ന ഒരു ദിവസമായിരുന്നു അത്. മൂന്ന്, അഖ്‌ലുൽ ഹജീൻ അഥവാ ദിയയെ കുറിച്ച്. പ്രവാചകൻﷺ അത് മൂന്നും വിശദീകരിച്ചും കൊടുത്തു. നമ്മുടെ ആചാരം എന്തൊക്കെയാണെന്നും ആചാരവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഏതൊക്കെയാണെന്നും സവിസ്തരം തന്നെ പറഞ്ഞു. ഇസ്ലാമിക സംസ്കൃതിയിൽ ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു രാത്രി ഉണ്ടെന്നും അത് വിശുദ്ധ റമളാനിലെ അവസാന പത്തിൽ പ്രതീക്ഷിക്കപ്പെടേണ്ടതാണെന്നും തിരുനബിﷺ പഠിപ്പിച്ചു. പ്രസ്തുത രാത്രി അതീവ ശാന്തമായിരിക്കും എന്നും തുടർന്നുവരുന്ന പ്രഭാതത്തിലെ സൂര്യന് ജ്വാല കുറവായിരിക്കും തുടങ്ങി അടയാള സഹിതം വിശദീകരിച്ചു.
തങ്ങൾ ഉള്ളിൽ ഒതുക്കിയ ചോദ്യങ്ങളും വിചാരങ്ങളും കൃത്യമായ വിശദീകരണങ്ങളോടെ പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് സത്യപ്രവാചകൻ തന്നെയാണെന്ന് രണ്ടുപേർക്കും ബോധ്യമായി. അവർ രണ്ടുപേരും സത്യ വാചകം ചൊല്ലി ഇസ്ലാം പ്രഖ്യാപിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
