
ബറാഉ ബിൻ ആസിബ്(റ) പറയുന്നു. പ്രവാചക ഭവനത്തിന്റെ പിൻഭാഗത്തേക്ക് ഒരാൾ വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഓ മുഹമ്മദേﷺ… ഞങ്ങളിലേക്ക് ഇറങ്ങിവരൂ.. പ്രവാചക ഭവനത്തിൽ നിന്ന് ഉത്തരം ലഭിച്ചില്ല. ഉടനെ അദ്ദേഹം പറഞ്ഞു. അല്ലയോ മുഹമ്മദേﷺ, ഞാൻ സ്തുതിച്ചാൽ അത് അലങ്കാരവും ഞാൻ അപകീർത്തിച്ചാൽ അത് അഭംഗിയുമാണ്. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. അതൊക്കെ അല്ലാഹുവിൽ നിന്ന്… അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ മഹത്വം പറയാനും മേന്മ പറയാനും വേണ്ടി വന്നതാണ്. അതുകൊണ്ട് ഞങ്ങളിൽ നിന്നുള്ള പ്രഭാഷകനും കവിക്കും ഒരു അവസരം തരണം. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിലെ പ്രഭാഷകൻ മുന്നോട്ടുവന്നു കൊള്ളട്ടെ. ഉടനെ ഉതാറിദ് ബിൻ ഹാജിബ് എഴുന്നേറ്റുനിന്ന് പ്രഭാഷണം ആരംഭിച്ചു.
അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവൻ അതിന് അർഹനാണ്. ഞങ്ങളിൽ അവൻ ഭരണാധികാരികളെയും ഉയർന്ന സമ്പത്തും നൽകി. ഞങ്ങൾ അതുകൊണ്ട് നന്മ പ്രവർത്തിക്കുന്നു. പൗരസ്ത്യ ദേശത്തെ ഏറ്റവും പ്രതാപം ഉള്ളവരാക്കി അവൻ ഞങ്ങളെ നിശ്ചയിച്ചു. അംഗബലത്തിലും സന്നാഹത്തിലും ഞങ്ങളാണ് മുന്നിൽ. അപ്പോൾ പിന്നെ ജനങ്ങളിൽ ഞങ്ങളെപ്പോലെ ആരാണുള്ളത്? ഞങ്ങളല്ലേ ജനങ്ങളുടെ നേതാവും ശ്രേഷ്ഠരും ആവേണ്ടത്? ഞങ്ങളോട് പെരുമ പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ അവരും അവരുടെ എണ്ണവും വലിപ്പവും പറയട്ടെ. എന്നാൽ പിന്നെ ഞങ്ങൾ ഓരോന്നും എണ്ണിയെണ്ണി പറയാം. വിശദമായി ഇപ്പോൾ തന്നെ പറയാൻ ഞങ്ങൾക്ക് ശങ്കയുണ്ട്. ആരെങ്കിലും സമാന്തരമായി പറഞ്ഞാൽ പിന്നീട് വിശദീകരിക്കാം. ഇത്രയും പറഞ്ഞ് അദ്ദേഹം ഇരുന്നു.
അപ്പോൾ പ്രവാചകൻﷺ സാബിത്തുബിന് ഖൈസു ബിനു ശമ്മാസി(റ)നെ വിളിച്ചു. ബനുൽ ഹാരിസ് ബിൻ അൽ ഖസ്റജിന്റെ സഹോദരനായിരുന്നു അദ്ദേഹം. പ്രവാചകൻﷺ അദ്ദേഹത്തോട് പറഞ്ഞു. ഈ നടത്തിയ പ്രഭാഷണത്തിന് ഒരു മറുപടി നൽകൂ. അദ്ദേഹം എഴുന്നേറ്റുനിന്ന് സംസാരം ആരംഭിച്ചു. “സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. ആകാശത്തും ഭൂമിയിലും അവന് സൃഷ്ടികളുണ്ട്. ആകാശഭൂമികളുടെ കാര്യങ്ങൾ അവനാണ് തീരുമാനിക്കുന്നത്. അവന്റെ അറിവ് അവന്റെ കുർസിയ്യിനോളം വിശാലമാണ്. അവന്റെ ഔദാര്യം കൊണ്ടല്ലാതെ ഒന്നും ഉണ്ടാവുകയില്ല. അവന്റെ അധികാരത്തിൽ പെട്ടതാണ് നമ്മെ ഭരണാധികാരികളാക്കുന്നത്.
അല്ലാഹുവിന്റെ ശ്രേഷ്ഠ സൃഷ്ടികളിൽ നിന്നും അവൻ അവന്റെ ദൂതനെﷺ തിരഞ്ഞെടുത്തു. ഏറ്റവും വലിയ കുടുംബവും പാരമ്പര്യവും നൽകി ആദരിച്ചു. ഏറ്റവും വലിയ സത്യസന്ധതയും നൽകി. സൃഷ്ടികൾക്കുമേൽ വിശ്വസ്തത ഏൽപ്പിച്ചു കൊടുക്കുകയും ഉന്നതമായ ഗ്രന്ഥം അല്ലാഹു തന്നെ നൽകുകയും ചെയ്തു. അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരാണ് അവിടുന്ന്. ആ പ്രവാചകൻﷺ ജനങ്ങളെ നേർവഴിയിലേക്ക് ക്ഷണിച്ചു. സത്യവിശ്വാസത്തിലേക്ക് സ്വാഗതം ചെയ്തു. മുഹാജിറുകളും അടുത്ത കുടുംബക്കാരുമായ കുറെ ആളുകൾ ആ പ്രവാചകനെﷺ വിശ്വസിച്ചു. അവർ സ്ഥാന പദവികൾ കൊണ്ട് ഉന്നതരും വ്യക്തിത്വം കൊണ്ട് മഹത്വമുള്ളവരും കർമ്മങ്ങളാൽ ശ്രേഷ്ഠരുമാണ്.
പിന്നീട്, ഞങ്ങൾ അൻസ്വാരികളാണ് ആ പ്രവാചകന്റെﷺ വിളിക്ക് ഉത്തരം ചെയ്തത്. ഞങ്ങൾ അല്ലാഹുവിന്റെ സഹായികളും പ്രവാചകർﷺ ഏല്പിക്കുന്ന ദൗത്യം ഏറ്റെടുത്ത് നിർവഹിക്കുന്നവരും ആണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ പോർക്കളത്തിൽ ഇറങ്ങും. നേരെ ചൊവ്വേ ആകുന്നതുവരെ ഞങ്ങൾ ശക്തമായി യുദ്ധത്തിലേർപ്പെടും. നേരെ ചൊവ്വേയായി കഴിഞ്ഞാൽ പിന്നെ അവരുടെ സ്വത്തും രക്തവും അവർ സംരക്ഷിച്ചിരിക്കുന്നു. ശത്രുക്കളോടുള്ള പോരാട്ടം ഞങ്ങൾക്ക് വളരെ ലളിതമാണ്. ഇത്രയും പറഞ്ഞു അല്ലാഹുവിനോട് എനിക്കും സർവ്വ വിശ്വാസി വിശ്വാസിനികൾക്കും പൊറുക്കൽ തേടി ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. അസ്സലാമു അലൈക്കും.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
