
ബനൂ തഗ്ലബ് നിവേദക സംഘം
16 മുസ്ലിംകളും കുറച്ച് ക്രിസ്ത്യാനികളും അടങ്ങുന്ന ഒരു സംഘം ബനൂ തഗ്ലബിൽ നിന്ന് മദീനയിലേക്ക് വന്നു. പ്രവാചകൻﷺ അവരെ സ്വീകരിച്ചു. സ്വർണ്ണ കുരിശുകളും ഏന്തിയാണ് ക്രൈസ്തവർ വന്നത്. മുസ്ലിംകൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ക്രൈസ്തവർക്ക് അവരുടെ വിശ്വാസം സംരക്ഷിക്കുന്ന ആവശ്യമായ ഉടമ്പടികളിൽ ഏർപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ മാമോദിസ മുക്കുന്നതിന് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതവർ അംഗീകരിക്കുകയും ചെയ്തു. ഉപഹാരങ്ങൾ നൽകി അവരെ യാത്രയാക്കി.
മദീനയിലെ ഒരു രാഷ്ട്രീയ സാഹചര്യത്തെ കൂടി സൂചിപ്പിക്കുന്നതാണ് ഈ നിവേദക സംഘത്തിന്റെ ആഗമനം. ഇതര വിശ്വാസികൾക്കും മതാചാരങ്ങൾ പുലർത്തുന്നവർക്കും സുരക്ഷിതമായി മദീനയിൽ എത്താവുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ പ്രമാണം കൂടിയാണിത്. ഇതര മതവിശ്വാസികളുമായി എപ്പോഴും ധാരണയിലാകുവാനും വർഗീയതയും വംശീയതയും ഇല്ലാതെ അവരെ ഉൾക്കൊള്ളാനുമുള്ള വിചാരങ്ങൾ മദീനയിൽ നിലനിർത്തിയിരുന്നു.
എത്ര സുതാര്യമായിട്ടായിരുന്നു ഇസ്ലാം ദർശനങ്ങളെ പകർന്നുകൊടുത്തത് എന്നതിനു കൂടി ഈ സംഭവം പ്രമാണമാണ്.
ബനൂ തമീം നിവേദക സംഘങ്ങൾ.
എഴുപതോ എൺപതോ അംഗങ്ങളും ഒരുപറ്റം നേതാക്കളും അടങ്ങുന്ന സംഘമാണ് ബനൂ തമീമിൽ നിന്ന് മദീനയിൽ എത്തിയത്. അവരുടെ കൂട്ടത്തിൽ നേതാക്കളായി ഉണ്ടായിരുന്ന ഉയയ്നത് ബിൻ ഹിസ്‌ൻ(റ), അഖ്റഅ് ബിൻ ഹാബിസ്(റ) എന്നിവർ പ്രവാചകർﷺക്കൊപ്പം മക്കാ വിജയത്തിലും ഹുനൈനിലും ത്വാഇഫിലും സംബന്ധിച്ചവരായിരുന്നു.
അവർ മദീനയിലേക്ക് എത്തിച്ചേർന്ന സമയം മധ്യാഹ്ന നിസ്കാരം അഥവാ ളുഹറിനു വാങ്ക് കൊടുത്ത സമയമായിരുന്നു. ബിലാൽ(റ) വാങ്ക് കൊടുത്തിട്ട് പ്രവാചകരുﷺടെ ആഗമനം കാത്തുനിൽക്കുകയായിരുന്നു. പക്ഷേ, ബനൂ തമീംകാർക്ക് പ്രവാചകൻﷺ ഇറങ്ങിവരുന്നത് വരെ കാത്തുനിൽക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. അവർ ധൃതി കാണിക്കുകയും പ്രവാചക ഭവനത്തിന്റെ പിൻവാതിൽക്കൽ പോയി ശബ്ദത്തിൽ വിളിക്കുകയും ചെയ്തു. ഇത് അത്ര ഭംഗിയുള്ള ഒരു സമീപനമായിരുന്നില്ല. അവരുടെ ശബ്ദം കേട്ട് പ്രവാചകർﷺ പുറത്തേക്കിറങ്ങി വന്നു. അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ സ്തുതിച്ചു പറയുന്നത് ആത്യന്തികമായ സ്തുതിയും ഞങ്ങൾ മോശമാണെന്ന് പറയുന്നത് ആത്യന്തികമായ അരുതായ്മയും ആണെന്ന് അവർ വിശദീകരിച്ചു. ഉടനെ പ്രവാചകൻﷺ അവരെ തിരുത്തി. അല്ലാഹുവിങ്കൽ നന്മയായി പരിഗണിക്കപ്പെടുന്നത് ആത്യന്തിക നന്മയും അല്ലാഹുവിന്റെ തിന്മയായി കരുതപ്പെടുന്നത് ആത്യന്തിക തിന്മയും ആണെന്ന് വിശദീകരിച്ചു.
ആരുടെയും പ്രീതിക്ക് നിലപാടുകൾ മാറ്റേണ്ടതില്ല എന്ന വ്യക്തമായ പാഠമാണ് പ്രവാചകർﷺ ഇതിലൂടെ പകർന്നു നൽകിയത്. അതിഥികളെ സ്വീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ തെറ്റിദ്ധാരണകളെ സമയോചിതമായി തിരുത്തുന്നതിൽ തീർത്തും പ്രവാചകർﷺ അമാന്തിച്ചിരുന്നില്ല. അതുകൊണ്ടാണ് ആഗതർക്ക് മുമ്പിൽ വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
