
ബനൂ അസദ് നിവേദക സംഘം.
ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒൻപതാം വർഷം പ്രാരംഭത്തിൽ ബനൂ അസദ് ഇബിനു ഖുസൈമയിൽ നിന്ന് പത്തു പേരുള്ള ഒരു സംഘം തിരുനബിﷺയുടെ അടുക്കൽ എത്തി. ഹദ്റമി ബിൻ ആമിർ, ളിറാർ ബിൻ അൽ അസ്വർ, വവാസ്വിബത്തു ബിന് മഅ്ബദ്, ഖതാദത് ബിൻ അൽ ഖാഇഫ്, റസലമത് ബിൻ അൽ ഹുബൈശ്, ത്വലൈഹത് ബിൻ ഖുവൈലിദ്, നുഖാദത് ബിൻ അബ്‌ദില്ലാഹ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അവർ എത്തിച്ചേരുന്ന സമയത്ത് തിരുനബിﷺ അനുചരന്മാരോടൊപ്പം പള്ളിയിലായിരുന്നു. ആഗതർ അഭിവാദ്യമർപ്പിച്ച് തിരുസവിധത്തിലേക്ക് കടന്നു. കൂട്ടത്തിൽ ഒരാൾ ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാർ ഇല്ലാത്തവനും അവിടുന്ന് അല്ലാഹുവിന്റെ ദാസനും ദൂതനുംﷺ ആണെന്നും ഞങ്ങൾ പ്രഖ്യാപിക്കുന്നു.
ഹദ്റമി ബിൻ ആമിർ(റ) പറഞ്ഞു. ഞങ്ങളിലേക്ക് ഒരു നിയോഗവും ലഭിക്കാത്തതിനാൽ കറുത്ത കടുത്ത രാത്രിയിൽ നിന്ന് മോക്ഷം പ്രതീക്ഷിച്ചു അവിടുത്തെ സവിധത്തിലേക്ക് വന്നവരാണ് ഞങ്ങൾ.
ഇമാം ത്വബ്റാനി(റ)യുടെ ഒരു നിവേദനത്തിൽ ഇതിന്റെ ഒരു തുടർച്ച കൂടി കാണാം. ബനൂ അസദ് തിരുനബിﷺയുടെ സവിധത്തിൽ എത്തി. എന്നിട്ട് അവർ തിരുനബിﷺയോട് പറഞ്ഞു. ഞങ്ങൾ അവിടുത്തെ വിശ്വസിച്ചു കൊണ്ടാണ് വന്നിട്ടുള്ളത്. അറബികൾ അവിടുത്തോട് യുദ്ധം പ്രഖ്യാപിച്ച പോലെ ഞങ്ങൾ യുദ്ധത്തിന് ഒരുങ്ങിയിട്ടില്ല.
പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ മാർഗദർശനം സിദ്ധിച്ച വിഭാഗമാണ്. ശേഷം, തിരുനബിﷺയോട് അവർ വിവിധ സംഭാഷണങ്ങൾ നടത്തി. അവർ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ നബിﷺയോട് അന്വേഷിച്ചു. ഒന്ന്, ഇയാഫ അഥവാ പക്ഷി ലക്ഷണം നോക്കൽ. രണ്ട്, കഹാന അഥവാ ജോത്സ്യം. മൂന്ന്, ചരൽക്കല്ലുകൾ കൊണ്ടുള്ള കളി. പ്രവാചകൻﷺ ഈ മൂന്നു കാര്യങ്ങളെയും നിരോധിച്ചു. ചരൽ കല്ലുകൾ കൊണ്ടുള്ള കളി പലപ്പോഴും അപകടങ്ങൾക്ക് കാരണമാകും എന്നതായിരുന്നു വീക്ഷണം. ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഇത്തരം കളികളും കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു എന്ന് അവർ പറഞ്ഞു.
ഓരോ നിവേദക സംഘങ്ങളും എത്തിച്ചേരുകയും അവരുടെ പരിസരങ്ങളിലെ ജീവിതരീതികളെക്കുറിച്ച് തിരുനബിﷺയോട് പരിചയപ്പെടുത്തുകയും തുടർന്നുള്ള ഇസ്ലാമിക ജീവിതത്തിൽ എന്തൊക്കെയാണ് ഞങ്ങൾ അനുകരിക്കേണ്ടതെന്ന് അന്വേഷിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു രംഗമാണിത്. ഇസ്ലാം സംസ്കൃതി ലോകത്ത് വിവിധ പ്രദേശങ്ങളിൽ ഏതെല്ലാം മാറ്റങ്ങളെയും ഏതുവിധം ഇടപെടലുകളും നടത്തി എന്ന് ഒരു സൂക്ഷ്മ പഠനം നടത്തിയാൽ വൈവിധ്യങ്ങളുടെ ഒരു മഹാലോകത്തെ നമുക്ക് വായിക്കാൻ കഴിയും. ഓരോ ജനവിഭാഗത്തെയും പ്രതിനിധീകരിച്ചുവരുന്ന ദൗത്യസംഘങ്ങളെ പ്രവാചകൻﷺ എങ്ങനെ സ്വീകരിച്ചു എന്നതും അതിമനോഹരമായ ഒരു അന്വേഷണമാണ്.
ചെറിയ ഒരു കാലപരിധിക്കുള്ളിൽ മദീനയിൽ നിന്ന് ഭൂമിശാസ്ത്രപരമായി വളർന്ന ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലേക്കും, ഒരു സംസ്കൃതിയായി വികസിച്ച് ലോകത്തിന്റെ നാനാ ദിക്കിലേക്കും, ഹൃദയത്തോട് ചേർന്ന് ഒരു വിശ്വാസമായി കോടിക്കണക്കിനാളുകളുടെ ധമനികളിലേക്കും ഇസ്ലാം എങ്ങനെയൊക്കെയാണ് പടർന്നെത്തിയത് എന്ന് സാമൂഹ്യശാസ്ത്രവും നരവംശശാസ്ത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥ ശാസ്ത്രവും ബിഹേവിയർ സയൻസും എല്ലാം ചേർത്തുവച്ചുകൊണ്ട് പഠിക്കുമ്പോഴേ പൂർണമാവുകയുള്ളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
