
ഹിജ്റയുടെ ഒമ്പതാം വർഷം റബീഉൽ ആഖിർ. അൽഖമത്തു ബിൻ മുജസ്സർ അൽ മുദ്ലജി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ തിരുനബിﷺ നിയോഗിച്ചു. എത്യോപ്യക്കാരായ ഒരു വിഭാഗം ആളുകൾ കടലിന്റെ തീരപ്രദേശത്ത് ദുരൂഹമായി സംഘടിക്കുന്നു എന്നറിഞ്ഞപ്പോഴായിരുന്നു ഈ നീക്കം. നയതന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അധിവസിക്കുന്നവരും വന്നു പോകുന്നവരും എങ്ങനെയൊക്കെ നീങ്ങുന്നു എന്നതിന്റെ കൃത്യമായ ഒരു നിരീക്ഷണ സംവിധാനം തിരുനബിﷺക്ക് ഉണ്ടായിരുന്നു എന്നാണല്ലോ ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഏതൊക്കെ വിധത്തിൽ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥാപിതമായി പഠിപ്പിക്കുന്ന ഒരു അധ്യായം കൂടിയാണിത്.
ദുരൂഹമായ സംഘാടനം മദീനക്കെതിരെ തിരിയുമോ എന്ന ആശങ്കയായിരുന്നു തിരുനബിﷺയുടെ ഈ നിയോഗത്തിന് പിന്നിൽ. 300 അംഗങ്ങളുള്ള ഒരു സംഘം ആയിരുന്നു അവിടേയ്ക്ക് പോയത്. അവർ നേരെ കടലിൽ ചെന്ന് ആഴ്ന്നിറങ്ങിയതും ശത്രുക്കൾ ഭയപ്പെട്ട് ഓടിപ്പോയി. ചിലയാളുകൾ അപ്പോൾ തന്നെ നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു. മുസ്ലിം സൈന്യത്തിന്റെ കയ്യിൽ അകപ്പെട്ടവരിൽ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവരെ വിട്ടയച്ചു.
അബൂസഈദ് അൽ ഖുദ്രി(റ)യുടെ ഒരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം. അൽഖമ ബിൻ അൽ മുജസ്സറി(റ)ന്റെ നേതൃത്വത്തിൽ തിരുനബിﷺ ഒരു സംഘത്തെ നിയോഗിച്ചു. ഞാനും ആ സംഘത്തിൽ ഉണ്ടായിരുന്നു. വഴി മധ്യേ എത്തിയപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പ്രത്യേകം ഒരു ഉപസൈന്യത്തെ സംഘടിപ്പിച്ചു. അബ്ദുല്ലാഹിബിൻ ഹുദാഫ അസ്സഹമി(റ)യെ ആ സംഘത്തിന്റെ നേതാവാക്കി. നബിﷺയുടെ അനുചരന്മാരിൽ ഒരു തമാശക്കാരൻ ആയിരുന്നു അദ്ദേഹം. തന്റെ കീഴിലുള്ള അംഗങ്ങളോട് അദ്ദേഹം ചോദിച്ചു. ഞാൻ നിങ്ങളുടെ നേതാവായിരിക്കെ നിങ്ങൾ എന്നെ അനുസരിക്കില്ലേ? എല്ലാ അർത്ഥത്തിലും എന്റെ കൽപ്പനകൾക്ക് നിങ്ങൾ വിധേയരാവില്ലേ? അവർ ഒരേ സ്വരത്തിൽ പറഞ്ഞു, അതെ. ഞങ്ങൾ അംഗീകരിക്കും. അപ്പോൾ അദ്ദേഹം ഒരു അഗ്നികുണ്ഡം ഉണ്ടാക്കാൻ പറഞ്ഞു. ശേഷം, എല്ലാവരോടും അതിലേക്ക് ചാടാൻ ആവശ്യപ്പെട്ടു. ചിലയാളുകൾ അതിനു വേണ്ടി ഒരുങ്ങി. അപ്പോൾ അദ്ദേഹം അല്പം അകലെ മാറിയിരുന്നു ഊറി ചിരിച്ചു. എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു. നിങ്ങൾ എല്ലാവരും ഇരിക്കുവിൻ. നമുക്ക് ഒരുമിച്ചിരുന്ന് ചിരിക്കാം. കാര്യങ്ങളെല്ലാം തിരുനബിﷺയുടെ സന്നിധിയിൽ അറിഞ്ഞു. അപ്പോൾ അവിടുന്ന് വിശദീകരിച്ചു. ഏതൊരാളെ നേതാവാക്കിയാലും അയാൾ അനുസരിക്കപ്പെടണം. അഥവാ മറ്റുള്ളവർ അയാളെ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. പക്ഷേ, അല്ലാഹുവിന്റെ കൽപ്പനയ്ക്ക് വിധേയമായ കൽപ്പനകളെ മാത്രമേ അംഗീകരിക്കേണ്ടത് ഉള്ളൂ. അല്ലാഹുവിന്റെ നിയമത്തിനും മതത്തിനും എതിരായ ഒരു കാര്യം അമീർ പറഞ്ഞാൽ അംഗീകരിക്കേണ്ടതില്ല. ഇതൊരു തമാശയായിട്ടാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഈ നിവേദനത്തിൽ നിന്ന് മനസ്സിലാവുന്നത്.
എന്നാൽ, അലി(റ)യുടെ ഒരു നിവേദന പ്രകാരം, കാര്യഗൗരവത്തോടുകൂടി തന്നെയാണ് അമീർ കൽപ്പിച്ചതെന്നും വിസമ്മതിച്ച ജനങ്ങൾ നേരെ തിരുനബിﷺയുടെ സന്നിധിയിലേക്ക് എത്തി എന്നും കാണാം. അപ്പോഴാണത്രെ തിരുനബിﷺ വിശദീകരിച്ചത്. അല്ലാഹുവിന്റെ നിയമത്തിനെതിരായ കാര്യത്തിൽ അമീറിനെ അംഗീകരിക്കേണ്ടതില്ല എന്ന്.
നേതൃത്വത്തിന്റെ മൂല്യം, അംഗീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യത, എന്നാൽ ഏത് നിയമത്തിന്റെയും പരിധി അല്ലാഹുവിലേക്ക് ചേരുന്നതിന്റെ, അവനെ അനുസരിക്കുന്നതിന്റെ അടിസ്ഥാനങ്ങൾ ഇവയെല്ലാം എത്ര കൃത്യമായിട്ടാണ് തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ അടയാളപ്പെടുത്തിയത്.
മേൽ പ്രസ്താവിച്ച സംഘം യാതൊരു പരിക്കുകൾക്കോ കുതന്ത്രങ്ങൾക്കോ വിധേയമാകാതെ സുരക്ഷിതമായി തിരുനബിﷺ സന്നിധിയിലേക്ക് മടങ്ങിയെത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
