
ഹിജ്റ ഒമ്പതാം വർഷം റബീഉൽ ആഖിർ. അലി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ ത്വയ്യ് ഗോത്രത്തിലേക്ക് നിയോഗിച്ചു. ഫുൽസ് വിഗ്രഹത്തെ ആരാധിക്കുന്നവരായിരുന്നു പ്രസ്തുത ഗോത്രക്കാർ. വിഗ്രഹാരാധനയുടെ അടിസ്ഥാനവും തൗഹീദിന്റെ യാഥാർഥ്യവും ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇതിലേക്ക് വന്നാൽ പിന്നെ വിഗ്രഹത്തിന്റെ ആവശ്യമില്ല. അങ്ങനെയെങ്കിൽ അത് നീക്കം ചെയ്യുകയാണല്ലോ വേണ്ടത്. ഇത്തരം ദൗത്യങ്ങളുമായിട്ടായിരുന്നു അലി(റ) ഗോത്ര പ്രദേശത്തേക്ക് എത്തിയത്. 150 ആളുകൾ ഒപ്പമുണ്ടായിരുന്നു. ഇബ്നു സഅദി(റ)ന്റെ നിവേദന പ്രകാരം 250 ആളുകളുടെ സംഘമായിരുന്നു അത്. അലി(റ) ഭംഗിയായി ദൗത്യം നിർവഹിച്ചു. മദീനയിലേക്ക് മടങ്ങിയപ്പോൾ ആർജിത സമ്പാദ്യങ്ങളും നാൽക്കാലികളുമായി നല്ല ഒരു സമാഹാരം ഉണ്ടായിരുന്നു.
ത്വയ്യ് ഗോത്രത്തിന്റെ നേതാവായിരുന്ന അദിയ്യ് ബിൻ ഹാതിം സിറിയയിലേക്ക് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരി സഫ്ഫാന മുസ്ലിം സംഘത്തിന്റെ പിടിയിലായി. മദീനയിലേക്ക് എത്തിയ സംഘത്തോടൊപ്പം അവരും ഉണ്ടായിരുന്നു. മദീനയിലെത്തിയതും അവർ പ്രവാചകനുﷺമായി നേരിട്ട് സംസാരിച്ചു. സുരക്ഷിതമായി സഹോദരന്റെ അടുക്കലേക്ക് എത്തണമെന്നാണ് ആവശ്യമെങ്കിൽ, ഭദ്രമായി അവരെ സഹോദരന്റെ അടുത്ത് എത്തിക്കാൻ പറ്റുന്ന ഒരു സംഘത്തോടൊപ്പം അവരെ തിരുനബിﷺ അയച്ചുകൊടുത്തു. അവർ സുരക്ഷിതമായി സഹോദരന്റെ അടുക്കലെത്തി. ഇസ്ലാമിനെയും പ്രവാചകരെﷺയും കുറിച്ച് അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ സംസാരിച്ചു. അദിയ്യ് നേരിട്ടുതന്നെ പ്രവാചകസവിധത്തിൽ എത്തണമെന്ന് അവർ നിർദ്ദേശിച്ചു. ഉപചാരങ്ങളോ ആരവങ്ങളോ ഇല്ലാതെ അദ്ദേഹം മദീനയിൽ എത്തി. പ്രവാചകരുﷺടെ സമീപനങ്ങളും മദീനയിൽ കണ്ട സംസ്കാരവും അദ്ദേഹത്തെ സ്വാധീനിച്ചു. ഒടുവിൽ അദിയ്യ് പ്രവാചക ശിഷ്യന്മാരുടെ ഗണത്തിൽ ചേർന്നു. സഫ്ഫാനയെ മദീനയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ഖാലിദ് ബിൻ വലീദാ(റ)യിരുന്നു എന്നും അഭിപ്രായമുണ്ട്.
നബി ജീവിതം എങ്ങനെയാണ് മറ്റുള്ളവരെ ആകർഷിച്ചത് എന്നതിന്റെ ഉത്തമമായ ഒരുദാഹരണമാണിത്. ശത്രുക്കളോടും ബന്ധികളോടും മാനുഷികമായും മാന്യമായും പെരുമാറാൻ ഇസ്ലാം ജനങ്ങളെ പഠിപ്പിച്ചു. അത് കൃത്യമായി അവർ പരിപാലിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനങ്ങളാണ് ഒരുപാട് ആളുകളിൽ വെളിച്ചം സ്ഥാപിച്ചത്.
സഫ്ഫാന മദീനയിൽ എത്തിയശേഷം പലപ്രാവശ്യവും പ്രവാചകനോﷺട് സഹോദരന്റെ അടുത്ത് പോകുന്ന കാര്യം പറഞ്ഞു. അപ്പോഴെല്ലാം പ്രവാചക സവിധത്തിൽ നിന്ന് വന്ന മറുപടി നിങ്ങളെ സുരക്ഷിതമായി ശാമിൽ എത്തിക്കാനുള്ള ഒരു സംഘം വരട്ടെ എന്നായിരുന്നു. ഇസ്ലാമിക വിശ്വാസത്തിലേക്ക് വന്നില്ലെങ്കിലും ഒരു സ്ത്രീയെ ഒരു സംഘത്തെ ഏൽപ്പിച്ചു വിടുമ്പോൾ ഏറ്റവും സുരക്ഷിതമായി എത്താൻ പറ്റുന്ന സംഘം ആയിരിക്കണമെന്ന കണിശത പ്രവാചകൻﷺ പാലിച്ചു. അവർ നമ്മുടെ എതിർ ചേരിയിൽ പിടിക്കപ്പെട്ടവരല്ലേ! എങ്ങനെയുമായിക്കോട്ടെ! എന്ന വിചാരം തിരുനബിﷺക്ക് ഉണ്ടായിരുന്നില്ല. മദീനയെയും പ്രവാചകനെﷺയും മദീന നിവാസികളെയും നേരിട്ട് അനുഭവിച്ച ഒരു സ്ത്രീയുടെ വളച്ചുകെട്ടില്ലാത്ത പ്രസ്താവനകൾ കൂടിയാണ് നാം വായിച്ചത്. ഇതിൽ ലോകത്തിന് കൈമാറുന്ന വലിയ സന്ദേശങ്ങളുണ്ട്. പഴുതുകൾ സൃഷ്ടിച്ചു ഇസ്ലാമിനെ പ്രതിക്കൂട്ടിൽ കയറ്റുന്നവർ, ചരിത്രമോ വസ്തുതകളോ അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ആണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
