
ഖാലിദ്(റ) പതാക ഏറ്റെടുക്കുമ്പോൾ മുസ്ലിം പക്ഷത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. രണ്ടുലക്ഷം വരുന്ന റോമൻ സൈന്യത്തിനെതിരെ കേവലം 3000 അംഗങ്ങൾ മാത്രമേ മുസ്ലിം പക്ഷത്ത് ഉണ്ടായിരുന്നുള്ളൂ. യുദ്ധം ജയിച്ചടക്കുക എന്നതിനേക്കാൾ വിശ്വാസികൾ എങ്ങനെയെങ്കിലും ആത്മരക്ഷ പ്രാപിക്കുക എന്ന് ചിന്തിക്കേണ്ട അവസ്ഥയായിരുന്നു അത്. ഒരാൾ പോലും ബാക്കിയാകാത്ത വിധം മുസ്ലിം സൈന്യത്തെ മുഴുവനും നശിപ്പിക്കാൻ മാത്രമുള്ള അംഗബലം ആണല്ലോ മറുവശത്തുള്ളത്. എന്നാൽ വലിയ ആത്മവീര്യത്തോടെ ഖാലിദ്(റ) പതാക എടുത്തു. അല്ലാഹുവിനെ മുൻനിർത്തി ആത്മവിശ്വാസത്തോടെ ചുവടുകൾ വച്ചു. ഒരു പ്രത്യേക തന്ത്രത്തിലൂടെ സൈന്യത്തെ പുനർവിന്യസിച്ചു. വലതുപക്ഷത്തെയും ഇടതുപക്ഷത്തെയും സൈനികനിരയെ മാറ്റി മാറ്റി സ്ഥാപിച്ചു. ശത്രു പാളയത്തിൽ ഭയവും ഭീതിയും പടർന്നു. ഏഴുദിവസം തുടർച്ചയായി യുദ്ധത്തിൽ ഏർപ്പെട്ടു.
മദീനയിൽ ഇരുന്നുകൊണ്ട് തിരുനബിﷺ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഖാലിദ്(റ) അല്ലാഹുവിന്റെ പടവാളുകളിൽ ഒരു പടവാളാണ്. അല്ലാഹുവേ നീ അദ്ദേഹത്തെ സഹായിക്കേണമേ!
അത്ഭുതകരമായ മുന്നേറ്റത്തിലൂടെ ഖാലിദ്(റ) ജയിച്ചടക്കി. ശത്രുപക്ഷത്തിന്റെ പക്കൽ ഉണ്ടായിരുന്ന പലതും യുദ്ധാനന്തര സ്വത്തായി മുസ്ലിംകൾക്ക് ലഭിച്ചു. അതുമായി അവർ മദീനയിലേക്ക് തിരിച്ചു. ലോക ചരിത്രത്തിൽ തന്നെ വേറിട്ട വായനകൾ സമ്മാനിക്കുന്ന ചിത്രമാണ് മുഅ്തയുടേത്.
മക്കയിൽ നിന്ന് ഏകദേശം 1100 കിലോമീറ്റർ ദൂരെയുള്ള മുഅ്തയിലെ പടക്കളത്തിൽ നടക്കുന്ന രംഗങ്ങൾ മദീന പള്ളിയിൽ ഇരുന്നുകൊണ്ട് തിരുനബിﷺ തൽസമയം അവലോകനം ചെയ്തു. ഓരോ രംഗങ്ങളും നേരിട്ടു കണ്ട് അനുഭവിച്ചു കൊണ്ടായിരുന്നു അവിടുത്തെ പ്രതികരണങ്ങളും വിവരണങ്ങളും. ജഅ്ഫർ ബിൻ അബീത്വാലിബ്(റ) കൊല്ലപ്പെട്ട ഉടനെ തിരുനബിﷺ ജഅ്ഫറി(റ)ന്റെ വീട്ടിലേക്ക് നടന്നുവന്നു. ജഅ്ഫറി(റ)ന്റെ ഭാര്യ അസ്മാഅ് ബിൻത് ഉമൈസ്(റ) പറയുന്നു. അന്ന് തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ജഅ്ഫറി(റ)ന്റെ മക്കളെ അടുത്തേക്ക് വിളിക്കാൻ പറഞ്ഞു. അവർ അടുത്തു വന്നപ്പോൾ അവരെ ആലിംഗനം ചെയ്തു ചുംബനമർപ്പിച്ചു. അപ്പോൾ അവിടുത്തെ കണ്ണുകൾ ഒലിച്ചു. അപ്പോൾ ഞാൻ ചോദിച്ചു എന്റെ ഉമ്മയും ഉപ്പയുമായ നബിﷺയെ എന്തിനാണ് അവിടുന്ന് കരയുന്നത്. അപ്പോൾ നബിﷺ ചോദിച്ചു ജഅ്ഫറി(റ)നെയും കൂട്ടുകാരെയും കുറിച്ച് വല്ല വാർത്തയും നിങ്ങൾ അറിഞ്ഞോ? അപ്പോൾ ഞാൻ പറഞ്ഞു, ഇല്ല. അതെ അവർ അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. തിരുനബിﷺ പറഞ്ഞു നിർത്തി. ഇത്രയുമായപ്പോഴേക്കും പരിസരത്തുള്ള സ്ത്രീകൾ നിലവിളിച്ചു അസ്മാ(റ)യുടെ അടുത്തേക്ക് വന്നു. തിരു നബിﷺ എഴുന്നേറ്റ് അവിടുത്തെ വീട്ടിലേക്ക് നടന്നു. കൂട്ടത്തിൽ നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലയോ നിങ്ങളാരും ജഅ്ഫറി(റ)ന്റെ കുടുംബത്തെ മറന്നു കളയല്ലേ. അവർ അവരുടെ പ്രിയപ്പെട്ടവനെ ആലോചിച്ചു കഴിയുകയാണ്. നിങ്ങൾ അവർക്ക് വേണ്ട ഭക്ഷണം പാചകം ചെയ്തു നൽകണം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുഅ്തയിൽ കൊല്ലപ്പെട്ട മഹാന്മാരായ മൂന്നു പേരെ കുറിച്ചും മദീന പള്ളിയുടെ മിമ്പറിൽ നിന്ന് തിരുനബിﷺ അനുശോചനം അറിയിച്ചു. ഓരോരുത്തരുടെയും വിയോഗത്തെക്കുറിച്ച് പറയുമ്പോൾ തിരുനബിﷺയുടെ കണ്ണുകൾ ഒലിക്കുന്നുണ്ടായിരുന്നു. പടക്കളത്തിലെ രംഗങ്ങൾ ദൃസാക്ഷി വിവരണം നടത്തുമ്പോൾ അവിടുത്തെ തിരുമുഖത്ത് അതിന്റെ പ്രതിഫലനങ്ങൾ പ്രകടമായിരുന്നു. തിരുനബിﷺക്ക് എന്തുകൊണ്ടും പ്രിയപ്പെട്ട മൂന്നു സഖാക്കൾ ആണ് അവിടെ കൊല്ലപ്പെട്ടത്.
സൈദ് ബിൻ ഹാരിസ(റ) തിരുനബിﷺയുടെ പരിചാരകനും പോറ്റുപുത്രനും ആയിരുന്നു. ഖുർആനിൽ പേര് പറയപ്പെട്ട ഏക സ്വഹാബി. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേ തിരുനബിﷺയുടെ മഹത്വം തിരിച്ചറിഞ്ഞ് സ്വന്തം മാതാപിതാക്കളെ പോലും വിട്ട് തിരുനബിﷺയോട് സഹവാസ ജീവിതം തെരഞ്ഞെടുത്ത പ്രിയപ്പെട്ട കൂട്ടുകാരൻ. നബി ജീവിതത്തിന്റെ അരമനയും അലങ്കാരവും ആധികാരികതയും ഒക്കെ അറിഞ്ഞു ജീവിക്കാൻ അവസരം കിട്ടിയ പ്രിയപ്പെട്ട അനുയായി. തിരുനബിﷺക്ക് അദ്ദേഹത്തോടുള്ള ആഴമേറിയ സ്നേഹം വാക്കിലും സമീപനത്തിലും പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്.
രണ്ടാമത്തേത് ജഅ്ഫർ ബിൻ അബൂത്വാലിബ്(റ) തിരുനബിﷺയുടെ സംരക്ഷണം ഏറ്റെടുത്ത പ്രിയപ്പെട്ട പിതൃ സഹോദരൻ അബൂത്വാലിബിന്റെ മകൻ, ഒരർത്ഥത്തിൽ സഹോദരൻ. ചെറുപ്പത്തിലെ തിരുനബിﷺയോടൊപ്പം സഹവാസവും സഹകരണവും നിലനിർത്തി പോന്ന കൂട്ടുകാരൻ. മൂന്നാമത്തേത് അബ്ദുല്ലാഹിബിന് റവാഹ(റ). കലവറയില്ലാത്ത നബിസ്നേഹത്തിന്റെ പ്രതീകം. തന്റെ കാവ്യശേഷി മുഴുവനും മാസ്മരികമായ കവിതകളായി തിരുനബിﷺയെ പ്രകീർത്തിച്ചുകൊണ്ടിരുന്നു. അവിടുത്തെ സ്ഥാന മഹത്വങ്ങളെ ഉയർത്തിക്കാണിക്കാൻ എല്ലാ സമയവും അദ്ദേഹം ആലോചിച്ചു കൊണ്ടിരുന്നു. മദീനയിൽ നിന്ന് യാത്ര പറയുമ്പോൾ പോലും ഒരു നോക്കുകൂടി ഒന്ന് കണ്ടുകൊള്ളട്ടെ എന്ന് കാത്ത് പിന്നോട്ട് സഞ്ചരിച്ച് യാത്ര ചോദിച്ച മഹാൻ.
അല്ലാഹുവിന്റെ മാർഗത്തിൽ കരളു പറിച്ചു കൊടുക്കും പോലെയാണ് മുത്തുനബിﷺ ഈ മൂന്ന് കൂട്ടുകാരെ സമർപ്പിച്ചത്. കൊല്ലപ്പെട്ട മൂന്നാളുകൾ അവരുടെ ആത്മാവിനെയും ശരീരത്തെയും അല്ലാഹുവിന്റെ മാർഗത്തിൽ ത്യജിച്ചു എന്നതിനേക്കാൾ മുത്തുനബിﷺ അല്ലാഹുവിന്റെ മാർഗത്തിൽ കരളിന്റെ കഷണങ്ങളെ കൊടുത്തു എന്നുകൂടി വായിക്കേണ്ടവരാണ് ഇവരെല്ലാം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ, അവർ മൂന്നുപേരും നേരത്തെ സ്വർഗത്തിലേക്ക് യാത്രയായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
