Tweet 556

    Tweet 556
    December 22, 2023 • Friday
    Post Header

    ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മുഅ്തയിലെ വിവരങ്ങളുമായി യഅല ബിൻ ഉമയ്യ(റ) നബിﷺയുടെ അടുത്തേക്ക് വന്നു. അപ്പോൾ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. പടക്കളത്തിലെ വിവരങ്ങൾ ഒന്നുകിൽ നിങ്ങൾ എന്നോട് പറയുക. അപ്പോൾ ബിൻ ഉമയ്യ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ അവിടുന്ന് തന്നെ പറയുക. യുദ്ധക്കളത്തിന് നേർസാക്ഷിയായ വ്യക്തിയുടെ മുന്നിൽ മദീനയിൽ ഇരുന്നുകൊണ്ട് രംഗങ്ങൾ വീക്ഷിച്ച തിരുനബിﷺ പറയാൻ പോവുകയാണ്. ഓരോ രംഗങ്ങളും വിശദമായി പറഞ്ഞു കഴിഞ്ഞപ്പോൾ. ബിൻ ഉമയ്യ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ അവിടെ നടന്ന ഓരോ കാര്യങ്ങളുടെയും ഒരക്ഷരം പോലും വിടാതെയാണ് ഇപ്പോൾ തങ്ങൾ വിശദീകരിച്ചിട്ടുള്ളത്. വള്ളി പുള്ളിക്ക് വ്യത്യാസമില്ലാതെയാണല്ലോ അവിടുന്ന് പറഞ്ഞിട്ടുള്ളത്.
    അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു യുദ്ധഭൂമി എന്റെ മുന്നിലേക്ക് ഉയർത്തി കാണിച്ചു തന്നു. ഓരോ രംഗങ്ങളും ഞാൻ വ്യക്തമായി നിരീക്ഷിച്ചു. പിന്നീട് ഞാൻ അവരെ കിനാവിൽ കണ്ടു. അവർ ഓരോരുത്തരും അവരവരുടെ സ്വർഗീയ ശയ്യകളിലാണ് ഉണ്ടായിരുന്നത്. അവയിൽ അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ കിടക്കയ്ക്ക് ഒരു ചെറിയ ചെരിവുണ്ട്. അപ്പോൾ നബിﷺയോട് ചോദിച്ചു എന്തുകൊണ്ടാണ് അങ്ങനെ? അപ്പോൾ അവിടുന്ന് പറഞ്ഞു. മറ്റു രണ്ടാളുകളും പടക്കളത്തിലേക്ക് നേരത്തെ തന്നെ നടന്നു പോയി. അബ്ദുല്ലാഹിബിന്(റ) അല്പം ആശങ്ക കാണിച്ചു. അതുകൊണ്ടാണ് അങ്ങനെ ഒരു വ്യത്യാസം അനുഭവപ്പെടുന്നത്. അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ ഭവനം ഒറ്റമുത്തിൽ പണിതു തീർത്തതു പോലെയുണ്ട്. അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെയും സയ്യിദ് ബിൻ ഹാരിസ(റ)യുടെയും പെരടിയിൽ ചെറിയ ഒരു അടയാളം, ഒരു പിടച്ചിലിന്റെ അടയാളം. എന്നാൽ ജഅ്ഫറി(റ)ന്റേത് നല്ല വടിവൊത്ത അവസ്ഥ. രണ്ടാളുകൾ മരണത്തിന്റെ അവസാന ഘട്ടത്തിൽ പിരടി ഒന്ന് വെട്ടിച്ചതിന്റെ ലക്ഷണമാണത്. എന്നാൽ ജഅ്ഫർ(റ) അങ്ങനെയില്ലാതെ മരണത്തെ സ്വീകരിക്കുകയായിരുന്നു. ജഅ്ഫറി(റ)ന് അല്ലാഹു രണ്ട് ചിറകുകൾ നൽകി. സ്വർഗ്ഗത്തിൽ എവിടെയും പാറി കളിക്കാനുള്ള ചിറകുകൾ. അബ്ദുല്ലാഹിബ്നു ഉമർ(റ) എപ്പോഴെങ്കിലും ജഅ്ഫറി(റ)നെ കുറിച്ച് പറഞ്ഞാൽ ഇരട്ടച്ചിറകുള്ള ആൾ എന്നാണ് പരിചയപ്പെടുത്തുക.
    പരലോകത്തെ വർത്തമാനങ്ങളാണ് ഇപ്പോൾ നാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനമാണ് പരലോക വിശ്വാസം. നാളത്തെ വീടും അനുഗ്രഹങ്ങളും വസ്തുതയാണെന്ന വിശ്വാസം ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ ഉണ്ടാവണം. അങ്ങനെയാകുമ്പോഴേ ഇസ്ലാമിക വിശ്വാസം പൂർത്തിയാവുകയുള്ളൂ. കേവലമായ ഒരു അനുമാനമോ സങ്കല്പമോ അല്ല ഇസ്ലാമിലെ പരലോക വിശ്വാസം. നിശ്ചയമായും നമുക്ക് ഓരോരുത്തർക്കും അഭിമുഖീകരിക്കാനുള്ള നാളുകളും ലോകവുമാണത്. ഈ ലോകത്തെ കർമ്മങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രതിഫലമാണ് അവിടെ അനുഭവിക്കാൻ ഉള്ളത്.
    ഈ ലോകം കർമ്മങ്ങളുടെ ലോകമാണ്. പ്രതിഫലത്തിന്റെ ലോകം മരണാനന്തരം ഉള്ളതും. മരണം എന്നത്തേക്കുമുള്ള നാശമാണെന്ന് തെറ്റിദ്ധരിച്ച ഒരുപാട് ആളുകൾ ഉണ്ട്. യഥാർത്ഥത്തിൽ പരലോകം അനുഭവത്തിന്റെ ലോകമാണ്. ഈ ലോകത്ത് വിതച്ചതിന്റെ ഫലമെടുക്കാനുള്ള ജീവിതമാണ്. അവിടുത്തെ രക്ഷ അനന്തമായ രക്ഷയും അവിടുത്തെ ശിക്ഷ അവസാനിക്കാത്ത ശിക്ഷയുമാണ്. ഇത്തരം ഒരു വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ടാണ് സ്വഹാബികൾ കർമലോകത്തെ വിജയിപ്പിച്ചെടുത്തത്. പരലോകത്തിന്റെ ഗതിവിഗതികളെ കുറിച്ച് തിരുനബിﷺ വ്യക്തമായി അനുയായികൾക്ക് പഠിപ്പിച്ചു കൊടുത്തു. പ്രവാചകത്വത്തിന്റെ നേർബോധ്യത്തിൽ നിന്ന് അല്ലാഹുവിന്റെ ലോകത്തെ അറിയാൻ ഭാഗ്യം ലഭിച്ച സ്വഹാബികൾ അവർക്കു ലഭിച്ച വിശ്വാസത്തെ കളങ്കമില്ലാതെ പാലിച്ചു. അതവരുടെ ജീവിതത്തെ മുഴുവൻ ഉന്നതിയിലേക്കും പുരോഗതിയിലേക്കും നയിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...