
ജഅ്ഫർ ബിൻ അബീത്വാലിബ്(റ) കൊല്ലപ്പെട്ടപ്പോൾ അബ്ദുല്ലാഹിബിന് റവാഹ(റ) പതാക കയ്യിൽ വഹിച്ചു. തന്റെ കുതിരയെ പായിച്ചുകൊണ്ട് ആവേശത്തോടെ മുന്നോട്ട് നീങ്ങി. അദ്ദേഹത്തെ സ്വയം തന്നെ സമരത്തിലേക്ക് പ്രേരിപ്പിക്കുന്ന കവിതകൾ അദ്ദേഹം ഉരുവിട്ടു.
“അല്ലയോ ശരീരമേ ഒന്നുകിൽ നീ അനുസരണയോടെ പോർക്കളത്തിലേക്ക് വരിക. അല്ലെങ്കിൽ, നിന്നെ ഞാൻ നിർബന്ധിച്ചു ഈ പോർക്കളത്തിൽ നിലനിർത്തും. ഒരിക്കലും നീ സ്വർഗ്ഗത്തെ വെറുക്കുകയില്ലെന്ന് എനിക്കറിയാം. കേവലമായ ഒരു രേതസ്കരണം ആയിരുന്ന നീ ശാന്തതയുടെ ഭവനത്തിലേക്ക് കാലങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നെനിക്കറിയാം.
അല്ലയോ ശരീരമേ മരണത്തിലേക്കുള്ള സമരവഴിയിൽ നീ ഉറച്ചു നിൽക്കുക. കൊല്ലപ്പെട്ടില്ലെങ്കിലും നീ ഒരുനാൾ മരിക്കും. ഇത് ഏറ്റവും വിജയകരമായി യാത്ര പറയാനുള്ള സമയമാണ്. നീ ആഗ്രഹിച്ചത് നിനക്ക് ലഭിച്ചിരിക്കുന്നു. നിന്റെ കൂട്ടുകാർ പ്രവർത്തിച്ചതുപോലെ നീയും പ്രവർത്തിച്ചാൽ നിനക്കും ജയിക്കാം.”
സ്വയം തന്നെ സ്വന്തത്തെ കൂടുതൽ പ്രേരിപ്പിച്ചും ഉത്സാഹിപ്പിച്ചും അദ്ദേഹം പോർക്കളത്തിൽ മുന്നേറി. ധീരമായ യുദ്ധം തന്നെയായിരുന്നു പിന്നെ. മറ്റുള്ളവരെ അത്ഭുതപ്പെടുത്തും വിധം അദ്ദേഹം ശത്രുപാളയത്തിൽ തുളച്ചു കയറി. ഓരോ ചുവടുവെക്കുമ്പോഴും ഈ ലോകത്തെ ജീവിതം നൈമിഷികം ആണെന്ന ബോധം സ്വന്തത്തോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹവും സ്വർഗ്ഗത്തിലേക്ക് യാത്രയായി.
ഇബ്നു റവാഹ(റ)യും കൂടി കൊല്ലപ്പെട്ടപ്പോൾ മുസ്ലിംകൾ ആകെ പരിഭ്രമിച്ചു. ഇനിയെന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നവർ ആലോചിച്ചു. പരാജയത്തിന്റെ വക്കിലേക്കാകുമോ എന്ന് ചിലർ ആകുലപ്പെട്ടു. ഖുത്ബത് ബിനു ആമീർ(റ) ഈ രംഗം ശബ്ദത്തോടെ വിളിച്ചുപറഞ്ഞു. അപ്പോഴതാ അൻസ്വാരികളിൽ പെട്ട ഒരു സ്വഹാബി ഓടിവന്നു പതാക എടുത്തു. അത് ഇങ്ങോട്ട് തരൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. കയ്യിലേന്തിയ പതാകയുമായി അദ്ദേഹം നേരെ നടന്നത് ഖാലിദുബ്നു വലീദി(റ)ന്റെ അടുത്തേക്കായിരുന്നു. അപ്പോൾ ഖാലിദ്(റ) പറഞ്ഞു. നിങ്ങൾ തന്നെയാണ് ഇത് വഹിക്കേണ്ടത്. നിങ്ങളാണതിന് ഏറ്റവും അർഹൻ. ഉടനെ അൻസ്വാരിയായ സ്വഹാബി പറഞ്ഞു. ഇതു ഞാൻ കൊണ്ടുവന്നത് നിങ്ങളുടെ കയ്യിൽ ഏൽപ്പിക്കാൻ വേണ്ടിയാണ്. ഇനി ഇത് ഏറ്റവും ശക്തിയോടെ നയിക്കാൻ കരുത്തുള്ളവർ നിങ്ങൾ തന്നെയാണ്.
ഇബ്നു ഇസ്ഹാക്കി(റ)ന്റെ നിവേദനം ഇങ്ങനെയാണ്. അബ്ദുല്ലാഹിബിന് റവാഹ(റ) കൊല്ലപ്പെട്ടപ്പോൾ സാബിത് ബിനു അഖ്റം(റ) പതാക ഏറ്റെടുത്തു. എന്നിട്ട് അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു. അല്ലയോ മുസ്ലിംകളെ നിങ്ങൾ ഒരു നേതാവിനെ നിശ്ചയിക്കുക. അദ്ദേഹത്തിന് ഈ പതാക ഏൽപ്പിച്ചു കൊടുക്കുക. അപ്പോൾ അവിടെയുള്ളവർ പറഞ്ഞു. നിങ്ങൾ തന്നെ വഹിച്ചു മുന്നോട്ടു പോവുക. എനിക്കതിന് സാധ്യമല്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ഒടുവിൽ എല്ലാവരും ഒരുമിച്ചുകൂടി ഖാലിദ് ബിൻ വലീദി(റ)നെ നേതാവായി പ്രഖ്യാപിച്ചു.
ഇമാം ത്വബ്‌റാനി(റ)യുടെ നിവേദനം ഇങ്ങനെയാണ്. അബുൽ യസർ അൽ അൻസ്വാരി(റ) പറയുന്നു. അബ്ദുല്ലാഹിബിന് റവാഹ(റ) കൊല്ലപ്പെട്ടപ്പോൾ ഞാൻ പതാക ഏറ്റെടുത്ത് സാബിതു ബിന് അഖ്‌റമി(റ)നെ ഏൽപ്പിച്ചു. അപ്പോൾ അദ്ദേഹം മുസ്ലീംകളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നമ്മളിൽ നിന്ന് ഒരു നേതാവിനെ കണ്ടെത്തി ഈ പതാക ഏൽപ്പിക്കുക. അപ്രകാരം ഖാലിദ് ബിൻ വലീദി(റ)നെ ഏൽപ്പിച്ചു. അപ്പോൾ അദ്ദേഹം സാബിതി(റ)നോട് പറഞ്ഞു. എന്നെക്കാൾ യുദ്ധതന്ത്രം അറിയുന്നത് നിങ്ങൾക്കാണ്. നിങ്ങൾ തന്നെ അത് വഹിച്ചു മുന്നോട്ടുപോവുക. അതേ വാചകം തന്നെ ഖാലിദി(റ)നോട് സാബിത്(റ) തിരിച്ചു പറഞ്ഞു. ഖാലിദ്(റ) നേതാവായി മുന്നോട്ടു നയിച്ചു. വിശ്വാസികളിൽ പുതിയ ആത്മവീര്യവും ഉണർവും ഉണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
