Tweet 553

    Tweet 553
    December 19, 2023 • Tuesday
    Post Header

    മുഅ്തയുടെ പടക്കളം സജീവമാവുകയാണ്. ഇരുവശത്തെയും പോരാളികൾ നിരന്നു കഴിഞ്ഞു. തിരുനബിﷺ ഏൽപ്പിച്ച പതാകയും വഹിച്ചു സൈദുബ്നു ഹാരിസ(റ) ശത്രുക്കളെ പ്രതിരോധിച്ചു. ഘോരമായ പോരാട്ടത്തിനൊടുവിൽ ആഴത്തിൽ മുറിവേറ്റു അദ്ദേഹം നിലംപതിച്ചു. നിലം പതിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ മനസ്സ് സ്വർഗ്ഗത്തിലേക്ക് കൂടുതൽ കേന്ദ്രീകരിച്ചു. മുത്ത് നബിﷺയുടെ പ്രവചനങ്ങൾ സഹപ്രവർത്തകർ ഒരിക്കൽ കൂടി ഓർത്തെടുത്തു. കൂട്ടുകാരന്റെ കയ്യിൽ നിന്നും നിലം പതിച്ച പതാക ജഅ്ഫർ ബിൻ അബീത്വാലിബ്(റ) ഉയർത്തിപ്പിടിച്ചു. ശത്രു സൈന്യത്തിന്റെ അണികളെ ഭേദിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. അതിനിടയിൽ അദ്ദേഹത്തിനും പരിക്കുകൾ പറ്റി. ചിലപ്പോൾ ഇനി അധികനേരം നിൽക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോൾ അതിവേഗം അദ്ദേഹം തന്നെ കുതിരയുടെ അടുത്തേക്ക് വന്നു. ശത്രുക്കൾക്കത് വാഹനമായി ലഭിച്ചുകൂടെന്നു കരുതി അതിനെ ആദ്യം ഈ ലോകത്ത് നിന്ന് യാത്രയാക്കി. ഇത്തരമൊരു നടപടി ഇസ്ലാമിക പാളയത്തിൽ ആദ്യമായി സ്വീകരിക്കുന്നത് ഇദ്ദേഹമായിരുന്നു. ശത്രുപാളയത്തിലെ അണികളെ ഭേദിച്ച് വീണ്ടും ധീരമായി ജഅ്ഫർ(റ) മുന്നോട്ടു നീങ്ങി. അതിനിടയിൽ അദ്ദേഹം ചില വരികൾ ഉരുവിട്ടു.
    യാ ഹബ്ബാദൽ ജന്നത്തു…..
    ” പവിത്രമായ സ്വർഗമേ സ്വാഗതം
    തെളിഞ്ഞ തിരു തീർത്ഥമേ മംഗളം
    നിഷേധികളായ റോമിന് നാശം
    കടുത്ത ശിക്ഷയാണവർക്ക്
    മൂല്യങ്ങൾ അവർക്കന്യവും.”
    അബൂ ആമിറി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഇസ്ലാമിക സൈന്യത്തിന് ജഅ്ഫർ (റ) നേതൃത്വം നൽകി. ശത്രുപാളയത്തിന് അഭിമുഖമായി ധീരമായ നിലപാട് സ്വീകരിച്ചു. പടക്കോപ്പുകളും പടയങ്കിയും അണിഞ്ഞ ഞാൻ രംഗം രൂക്ഷമാകുന്നത് ശരിക്കും നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ആവനാഴിയിലെ അമ്പുകൾ കൃത്യമായി പ്രയോഗിച്ചു തുടങ്ങി. ആദ്യം പതാക വലതുകയ്യിൽ വഹിച്ചുകൊണ്ട് മുന്നേറി. വലതു കൈ മുറിക്കപ്പെട്ടതോടെ പതാക ഇടതു കയ്യിൽ വഹിച്ചുകൊണ്ട് വീണ്ടും യുദ്ധ രംഗത്ത് തന്നെ നിന്നു. ഇരുകയ്യും ഭേദിക്കപ്പെട്ടപ്പോൾ പതാക കക്ഷത്തേക്ക് ഇറുക്കിപ്പിടിച്ചു. ഇരു കൈകളും ഛേദിക്കപ്പെട്ടപ്പോഴും പടക്കളത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങിയില്ല. ആത്മീയമായ ബലം അദ്ദേഹത്തിന്റെ ശരീരത്തെ കുറിച്ചുള്ള വിചാരങ്ങൾ മറപ്പിച്ചു കളഞ്ഞു. ഒടുവിൽ 33 കാരനായ ആ യുവാവ് മാറോട് ചേർത്തു പിടിച്ച പതാകയും വഹിച്ചു നിലം പതിച്ചു. ആകുലതകളില്ലാത്ത സ്വർഗ്ഗലോകത്തേക്ക് യാത്രയായി. മുറിക്കപ്പെട്ട കരങ്ങൾക്കു പകരമായി സ്വർഗ്ഗലോകത്ത് അല്ലാഹു രണ്ടു ചിറകുകൾ അദ്ദേഹത്തിന് നൽകി. സ്വർഗ്ഗലോകത്ത് മഹാനവർകൾ പാറി കളിക്കുകയാണ്. ആനന്ദത്തിന്റെ ലഹരിയിൽ ഉല്ലസിക്കുകയാണ്.
    റോമൻ സൈന്യത്തിലെ ഒരാൾ മഹാനവർകളെ വെട്ടി രണ്ട് കഷ്ണങ്ങളാക്കി എന്ന നിവേദനങ്ങൾ വായിക്കാൻ ഉണ്ട്. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഞാൻ മുഅ്ത യുദ്ധത്തിൽ ഉണ്ടായിരുന്നു. ഞങ്ങൾ പടക്കളത്തിൽ ജഅ്ഫറി(റ)നെ അന്വേഷിച്ചു നടന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അദ്ദേഹം കിടക്കുന്നത് കാണാനിടയായി. മുറിവുകളും പരിക്കുകളുമായി അറുപതിലേറെ അടയാളങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകൾ ഞാൻ എണ്ണി നോക്കിയപ്പോൾ അൻപതിലേറെ ഉണ്ടായിരുന്നു. പിൻഭാഗത്ത് ഒരു പരിക്ക് പോലും ഉണ്ടായിരുന്നില്ല. അഥവാ അവസാന നിമിഷം വരെയും ശത്രുവിന് അഭിമുഖമായി ധീരമായി നിലകൊണ്ടു എന്ന് സാരം. ഇത്രയേറെ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും ഒരു നിമിഷം പോലും പിന്തിരിഞ്ഞു പോകാനോ ഓടാനോ അദ്ദേഹം ആലോചിച്ചില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...