
പതിനഞ്ച്.
ദൗമത്തുൽ ജന്തലിലേക്ക്.
ഹിജ്റയുടെ ആറാം വർഷം ശഅ്ബാനിൽ അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ നേതൃത്വത്തിൽ ദൗമത്തുൽ ജന്തലിലേക്കുള്ള നയതന്ത്ര നീക്കം. അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ഒരു ദിവസം അബ്ദുറഹ്മാനിബ്നു ഔഫി(റ)നെ നബിﷺ വിളിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങൾ ഒരുങ്ങി സജ്ജനായി തയ്യാറായി നിൽക്കുക. ഇന്നോ നാളെയോ നിങ്ങളെ ഒരു സ്ഥലത്തേക്ക് ഞാൻ നിയോഗിക്കാൻ ഉദ്ദേശിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) തുടരുന്നു. ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു. നേരത്തെ തന്നെ എനിക്ക് പള്ളിയിലേക്ക് വരണം. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നോട് നബിﷺ ഏൽപ്പിക്കുന്ന ദൗത്യവും ഉപദേശങ്ങളും കേൾക്കണം. അങ്ങനെ ഞാൻ വന്നപ്പോൾ എനിക്ക് മുമ്പേതന്നെ ഒമ്പത് ആളുകൾ അവിടെ എത്തിയിരുന്നു. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), മുആദുബിനു ജബൽ(റ), ഹുദൈഫുബിന് യമാൻ(റ), അബൂ സഈദ് അൽഖുദ്രി(റ) തുടങ്ങിയവരായിരുന്നു അവർ.
അബ്ദുല്ലാഹിബ്നു ഉമർ(റ) തുടരുന്നു. അങ്ങനെയിരിക്കെ അൻസ്വാരികളിൽ നിന്നുള്ള ഒരു യുവാവ് നബി സന്നിധിയിലേക്ക് വന്നു. നബിﷺയെ അഭിവാദ്യം ചെയ്ത് അവിടെയിരുന്നു. എന്നിട്ട് അദ്ദേഹം ചോദിക്കാൻ തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഏറ്റവും ശ്രേഷ്ഠനായ വിശ്വാസി ആരാണ്? ഏറ്റവും ഉത്തമമായ സ്വഭാവമുള്ള ആൾ. ഏറ്റവും ബുദ്ധിമാനായ വിശ്വാസി ആരാണ്? മരണം ആസന്നമാകുന്നതിനുമുമ്പ് മരണത്തെക്കുറിച്ച് ആലോചിക്കുകയും അതിനുവേണ്ടി ഒരുങ്ങുകയും ചെയ്യുന്നവൻ. പിന്നീട് ചോദ്യകർത്താവ് മൗനം ദീക്ഷിച്ചു.
നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്ന് സംഭാഷണം ആരംഭിച്ചു. അല്ലയോ മുഹാജിറുകളെ, അഞ്ചു കാര്യങ്ങൾ നിങ്ങളിൽ ഉണ്ടായാൽ, അത് നിങ്ങൾക്കുണ്ടാവരുത് എന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു. ഒരു ജനതയിൽ അനാവശ്യങ്ങൾ പ്രകടമാവുകയും അത് സാർവത്രികമാവുകയും ചെയ്താൽ മുൻപരിചയം ഇല്ലാത്ത ദുരന്തങ്ങളും പകർച്ചവ്യാധികളും അവരിൽ ഉണ്ടാകും. അളവിലും തൂക്കത്തിലും മായവും കൃത്രിമവും കാണിച്ചാൽ സാമ്പത്തിക മാന്ദ്യവും ഭരണകൂടത്തിൽ നിന്നുള്ള ആക്രമണങ്ങളും സഹിക്കേണ്ടിവരും. സക്കാത്ത് അഥവാ ധർമ്മം നൽകാതിരുന്നാൽ വാനലോകത്ത് നിന്നുള്ള മഴ കുറയുകയും നിരപരാധികളായ നാൽക്കാലികൾ ഉള്ളതുകൊണ്ട് മാത്രം അവർക്ക് വെള്ളം ലഭിക്കുകയും ചെയ്യും. അല്ലാഹുവും അവന്റെ ദൂതനുംﷺ ആയുള്ള കരാർ ലംഘിക്കുന്നിടത്തോളം ശത്രുക്കൾ അവരുടെ മേൽ ആധിപത്യം സ്ഥാപിക്കും. വിധി കൽപ്പനയിൽ നിന്ന് അല്ലാഹുവിന്റെ കിത്താബിനെ മാറ്റിവച്ചാൽ അവർക്കിടയിൽ തന്നെ തർക്കങ്ങളും പ്രയാസങ്ങളും ജനിക്കും.
ഒരു നയതന്ത്ര സംഘത്തെ നിയോഗിക്കുന്നതിന് മുമ്പ് സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച് പ്രവാചകൻﷺ സംസാരിക്കുകയാണ്. ഇസ്ലാമിന്റെ പ്രാപഞ്ചികബന്ധവും പ്രവാചകൻﷺ മുന്നോട്ടുവെക്കുന്ന നൈതിക ഘടനയും സുതാര്യമാകുന്ന പരാമർശങ്ങളാണിത്. ആത്യന്തികമായ സത്യത്തെ സ്ഥാപിക്കലും പരമമായ നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കലുമാണ് മുഹമ്മദ് നബിﷺയുടെയും ഇസ്ലാമിന്റെയും ലക്ഷ്യമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്ന നിവേദനങ്ങളാണിത്.
വരുംകാല സാമൂഹിക ഘടനയിൽ മനുഷ്യരുടെ സ്വഭാവത്തിലും വ്യവഹാരങ്ങളിലെ രീതിശാസ്ത്രത്തിലും പ്രപഞ്ചത്തോടുള്ള സമീപനത്തിലും പ്രമാണങ്ങളെ അവലംബിക്കുന്നതിലും എത്രമേൽ വ്യതിയാനങ്ങളും വ്യത്യാസങ്ങളും വരും എന്നതിലേക്കുള്ള സൂചന കൂടിയാണ് ഈ നിവേദനം. സദാചാരപൂർണ്ണമായ ഒരു സാമൂഹിക ഘടനയ്ക്ക് വളരാനും ഉയരാനും ഒരുപാട് അവസരങ്ങൾ ഉണ്ട്. മനുഷ്യനിൽ അന്തർലീനമായ ശാരീരിക വികാരങ്ങളെ ഉണർത്തിയും പ്രചോദിപ്പിച്ചും മൂല്യങ്ങളുടെ ഉടയാടകൾ മുഴുവനും പൊട്ടിച്ചു കളഞ്ഞാൽ താൽക്കാലിക സന്തോഷത്തിനുശേഷം വരാനിരിക്കുന്ന ദൂര വ്യാപകമായ വിപത്തുകൾ എത്രമേൽ വലുതാണെന്ന് തിരുനബിﷺ ഇതിലൂടെ നമ്മെ ബോധിപ്പിക്കുന്നു.
നിയോഗവഴിയിൽ അബ്ദുറഹ്മാനുബ്നു ഔഫ്(റ) എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് തുടർന്ന് പറയുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
