Tweet 537

    Tweet 537
    December 3, 2023 • Sunday
    Post Header

    പതിനാല്.
    സരിയ്യത്തു സൈദ് ബിൻ ഹാരിസ.
    ഹിജ്റയുടെ ആറാം വർഷം വാദിൽ കുറയുടെ പിന്നിലുള്ള ഹിസ്മ പ്രദേശത്തേക്ക് നടത്തിയ പ്രതിരോധ നീക്കം ആണിത്. പ്രവാചകരുﷺടെ സന്ദേശവാഹകനും റോമാസാമ്രാജ്യത്തിന്റെ അധിപനായ കൈസറിന്റെ അടുത്തേക്ക് ദൂതനായി പോവുകയും ചെയ്ത ദിഹിയത്തുൽ കൽബി(റ) എന്ന സ്വഹാബിയെ വഴിയിൽവെച്ച് ഹുനൈദ് ബിൻ ഊസ് കണ്ടുമുട്ടി. അദ്ദേഹവും അദ്ദേഹത്തിന്റെ മകനും ചേർന്ന് മഹാനവർകളെ ആക്രമിച്ചു. സാധനസാമഗ്രികൾ എല്ലാം പിടിച്ചെടുത്തു. ഉടുവസ്ത്രം മാത്രം മടക്കി നൽകി തിരിച്ചയക്കാൻ നോക്കി. എന്നാൽ, ദുബൈബ് ഗോത്രത്തിലെ ചിലയാളുകൾ ഹുനൈദിനെ നേരിടുകയും സാധനസാമഗ്രികൾ വാങ്ങി കൊടുക്കുകയും ചെയ്തു. വൈകാതെ തന്നെ മദീനയിലേക്ക് മടങ്ങിയെത്തിയ ദിഹിയ(റ) വിവരങ്ങളെല്ലാം നബിﷺയോട് പറഞ്ഞു. കാര്യങ്ങളെല്ലാം സാകൂതം കേട്ടിരുന്ന തിരുനബിﷺ സൈദ് ബിൻ ഹാരിസ(റ)യെ വിളിച്ചു. കാര്യങ്ങളെല്ലാം ധരിപ്പിക്കുകയും ഉടൻതന്നെ ഹുനൈദിന്റെ പ്രദേശത്തേക്ക് പുറപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. 500 പേരുള്ള ഒരു സംഘത്തോടൊപ്പം സൈദ്(റ) അവിടേക്ക് യാത്ര ചെയ്തു. ദിഹ് യ(റ)യും ഒപ്പം പോയി.
    ഹുനൈദ് ഉൾക്കൊള്ളുന്ന പ്രദേശം ജുസാമ് ഗോത്രക്കാർ കൂടിയുള്ളതായിരുന്നു. അവർ നേരത്തെ ഇസ്ലാമിനെ അറിയുകയും സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കാരണം റിഫാഅത് ബിൻ സൈദ്(റ) നബിﷺയെ സന്ദർശിക്കുകയും അവിടുന്നുള്ള സന്ദേശം സ്വീകരിച്ചു ഗോത്രത്തിലേക്ക് വരികയും ചെയ്തിരുന്നു.
    ഇങ്ങനെ ഒരു നയതന്ത്ര പ്രദേശത്ത് പ്രവാചകരുﷺടെ ദൂതനെ ആക്രമിക്കുകയും സുഖമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നവരെ നേരിടുകയല്ലാതെ നിർവാഹം ഉണ്ടായിരുന്നില്ല. സൈദുബ്നു ഹാരിസ(റ) ദൗത്യം ഭംഗിയായി നിർവഹിച്ചു. സൈദി(റ)ന്റെ ആഗമനമറിഞ്ഞ് പ്രാന്ത പ്രദേശങ്ങളിലേക്ക് ഓടിപ്പോയ ശത്രുക്കൾ അവരുടെ സാധനസാമഗ്രികൾ മുഴുവൻ ഇട്ടെറിഞ്ഞിട്ടാണ് പോയത്. അതുകൊണ്ടുതന്നെ അവരെ അധീനപ്പെടുത്താനും നുഹൈദിനെ പിടികൂടാനും സൈദ് ബിൻ ഹാരിസ(റ)ക്ക്‌ വേഗം സാധിച്ചു. ആയിരം ഒട്ടകങ്ങളും അയ്യായിരം ആടുകളും അനന്തര സമ്പാദ്യമായി ലഭിച്ചു. സ്ത്രീകളും കുട്ടികളുമായി നൂറുപേർ സൈദുബ്നു ഹാരിസ(റ)യോടൊപ്പം മദീനയിലേക്ക് വന്നു. അവർ ബന്ധികൾ ആയി പിടിക്കപ്പെട്ടുവെങ്കിലും പിൽക്കാലത്ത് അവർക്ക് വെളിച്ചം ലഭിച്ചു.
    സൈദ് ബിൻ ഹാരിസ(റ)യുടെ ഈ ഓപ്പറേഷൻ ദുബൈബ് ഗോത്രത്തിലും മാറ്റങ്ങൾ ഉണ്ടാക്കി. അവർ ഉള്ളിൽ ഒതുക്കി വച്ചിരുന്ന വിശ്വാസം സത്യസന്ധമായി പുറത്തു പറഞ്ഞു. അവർ പരിശുദ്ധ ഖുർആനിന്റെ പ്രാഥമിക അദ്ധ്യായം പാരായണം ചെയ്യുകയും ചെയ്തു.
    എന്നാൽ ഖുർആൻ പാരായണം ചെയ്ത് കേൾപ്പിച്ച ഹസ്സാൻ ബിൻ മില്ല എന്ന ആൾ രിഫാത്ത് ബിനു സൈദിനെ സന്ദർശിക്കുകയും പ്രവാചകനുംﷺ ഇസ്ലാമിനും എതിരെയുള്ള വിചാരങ്ങൾ ഉണർത്തുകയും ചെയ്തു. അത് ചില വൈകാരിക പ്രതിരോധങ്ങൾക്ക് വഴിയൊരുക്കി. നേരത്തെ ഇസ്ലാമിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തവർക്കിടയിൽ ചില ധാരണ പിശകുകൾ സൃഷ്ടിക്കാൻ ഇത് കാരണമായി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...