Tweet 539

    Tweet 539
    December 5, 2023 • Tuesday
    Post Header

    തുടർന്ന് അബ്ദുറഹ്മാൻ ബിനു ഔഫി(റ)നോട് യാത്രാ നിർദേശങ്ങൾ നൽകി. ദൗമത്തുൽ ജന്ദലിലേക്ക് യാത്ര ചെയ്യുമ്പോൾ രാത്രിയിൽ യാത്ര ചെയ്യുകയും പകൽ രഹസ്യവാസം നടത്തുകയും ചെയ്യുക. 700 പേരുള്ള ആ സംഘം യാത്രക്കൊരുങ്ങി. അപ്പോൾ അബ്ദുറഹ്മാൻ(റ) ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, യാത്രാ വേഷത്തിലുള്ള എന്റെ ഈ സമാഗമം തങ്ങളോടുള്ള അവസാനത്തെ സംഗമമായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അഥവാ ഈ യാത്രയിൽ എനിക്ക് അല്ലാഹുവിന്റെ മാർഗത്തിൽ മരണം ലഭിച്ചെങ്കിൽ എന്ന്. അപ്പോൾ നബിﷺ അദ്ദേഹത്തെ മുന്നിൽ ഇരുത്തി. അണിഞ്ഞിരുന്ന തലപ്പാവഴിച്ചു തിരുനബിﷺയുടെ കരങ്ങൾ കൊണ്ട് തലപ്പാവ് ധരിപ്പിച്ചു കൊടുത്തു. നാലുവിരൽ വാലുള്ള കറുത്ത തലപ്പാവ് ആയിരുന്നു അണിയിച്ചത്. ഇങ്ങനെ അണിയുന്നതാണ് നിങ്ങൾക്ക് മെച്ചമെന്ന് നബിﷺ പറഞ്ഞു കൊടുക്കുകയും ചെയ്തു.
    ശേഷം പതാക കൊണ്ടുവരാൻ ബിലാലി(റ)നെ ഏൽപ്പിച്ചു. അല്ലാഹുവിനെ സ്തുതിച്ചു സ്വലാത്ത് ചൊല്ലിയിട്ട് നബിﷺ പതാക അബ്ദുറഹ്മാനെ(റ) ഏൽപ്പിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇത് സ്വീകരിക്കൂ.. അല്ലാഹുവിന്റെ നാമത്തിൽ അവന്റെ മാർഗത്തിൽ സമരഗോദയിലേക്ക് ഇറങ്ങൂ.. സമരവഴിയിൽ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെﷺയും നിർദ്ദേശങ്ങൾ പാലിക്കുക. യുദ്ധകളത്തിലും നിർദ്ദേശിക്കപ്പെട്ട നീതിക്കൊപ്പം നിൽക്കുക.
    അബ്ദുറഹ്മാൻ(റ) പതാകയും വഹിച്ചുകൊണ്ട് കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു. ദൗമത്തുൽ ജന്തലിലേക്ക് യാത്രതിരിച്ചു. അവിടെ എത്തിയശേഷം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നാൽ അവർ സ്വീകരിക്കാനോ ചെവിക്കൊള്ളാനോ തയ്യാറായില്ല. സായുധമായ പ്രതികരണമാണ് അവർ തെരഞ്ഞെടുത്തത്. മൂന്നാം ദിവസമായപ്പോൾ അസ്ബഗ് ബിൻ അംർ അൽ കൽബി എന്നയാൾ ഇസ്ലാം സ്വീകരിച്ചു. ക്രിസ്ത്യാനികളുടെ നേതാവായ അദ്ദേഹത്തോടൊപ്പം നല്ല ഒരു സംഘവും ഇസ്ലാമിലേക്ക് വന്നു. വിവരങ്ങളെല്ലാം തിരുനബിﷺയെ അറിയിച്ചു. റാഫി ബിൻ മക്കീസി(റ)ന്റെ കൈവശം കത്തുകൊടുത്തയച്ചാണ് വിവരങ്ങൾ കൈമാറിയത്. അതിൽ ഇങ്ങനെ കൂടി എഴുതിയിരുന്നു. ഞാൻ ഇവിടെനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. നബിﷺ അതിനു സമ്മതം നൽകുകയും അസ്ബഗിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. ആ വൈവാഹിക വല്ലരിയിൽ ജനിച്ച സന്താനമാണ് അബൂ സലമ ബിൻ അബ്ദുറഹ്മാൻ(റ).
    പ്രവാചകരോﷺടൊപ്പം ഉണ്ടായിരുന്ന അനുയായികൾ ആദർശ സംസ്ഥാപനത്തിനു വേണ്ടി എത്രമേൽ സമർപ്പിതരായിരുന്നു എന്ന് ഈ ചരിത്രശകലം നമ്മെ ഓർമ്മപ്പെടുത്തുന്നു. തിരുനബിﷺയോട് യാത്ര പറഞ്ഞു പിരിയുമ്പോൾ ആഴത്തിൽ സ്നേഹിക്കുന്ന നേതാവിനോട് ആ സ്നേഹത്തിന്റെ പ്രകാശനങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള പരലോകത്തേക്കുള്ള വഴികൾ തുറന്നു കിട്ടാനാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. യാതൊരു പരിഭവവുമില്ലാതെ കേൾക്കാനുള്ള വിശാലത തിരുനബിﷺക്കും മനസ്സു തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം അനുയായിക്കും പരസ്പരം വകവച്ചു നൽകിയിരുന്നു എന്ന ഒരു സന്ദർഭം കൂടി നമുക്കിവിടെ വായിക്കാൻ ഉണ്ട്.
    അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പരദേശത്ത് സാമൂഹിക ഘടനകൾ എങ്ങനെയാണ് രൂപപ്പെട്ടത് എന്ന ഒരു ചിത്രം കൂടി നമുക്ക് ലഭിക്കുന്നുണ്ട്. പ്രവാചക ശിഷ്യന്മാർ ലോകത്തിന്റെ എല്ലാ ദിക്കിലേക്കും ദൗത്യം ഏറ്റെടുത്ത് യാത്ര ചെയ്തപ്പോഴാണ് മഹത്തായ ഒരു സംസ്കൃതിയെ അതിവേഗം ആഗോളവൽക്കരിക്കാൻ തിരുനബിﷺക്ക് സാധിച്ചത്. ആഗോളവൽക്കരണത്തിന്റെ പുതിയ ന്യായങ്ങളും മാനങ്ങളും പറയുന്ന ഇക്കാലത്ത് പോലും ചിന്തിക്കാൻ ആവാത്ത അതിവേഗത്തിൽ ആയിരുന്നു തിരുനബിﷺയുടെ ദർശനം ലോകത്തെ കീഴടക്കിയത്. ചരിത്രത്തിന്റെ അടരുകളിൽ നിന്ന് ആശയത്തെയും സംവേദനത്തേയും മനസ്സിലാക്കിയെടുക്കുമ്പോഴാണ് കൂടുതൽ ശരികളിലേക്ക് നാം എത്തിച്ചേരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...