
പതിനൊന്ന്.
സരിയ്യതു ഉകാശത് ബിൻ മിഹ്സൻ.
ഹിജ്റയുടെ ആറാം വർഷം ബനൂ അസദ് ഗോത്രത്തിലെ നജ്ദിന്റെയും തിഹാമയുടെയും ഇടയിലുള്ള ഗമർ മർസൂഖ് ജലസ്രോതസ്സിനടുത്തേക്ക് നിയോഗിക്കപ്പെട്ട സംഘം. ഉക്കാശ ബിൻ മിഹ്സൻ എന്ന സ്വഹാബിയുടെ നേതൃത്വത്തിൽ 40 അംഗങ്ങളുള്ള സംഘം ആയിരുന്നു അത്. സാബിത്തുബിന് അഖ്റമാ(റ)യിരുന്നു സംഘത്തിന്റെ നേതാവെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ഒരു സംഘത്തിന്റെ ആഗമനം കണ്ടതോടെ തന്നെ ശത്രുക്കൾ അവരുടെ താവളങ്ങൾ വിട്ടു. ഉയർന്ന പ്രദേശത്തേക്ക് മാറി താമസിച്ചു. അവരിൽ നിന്ന് ലഭ്യമാകാവുന്ന ആർജിത സമ്പാദ്യത്തോടെ മദീനയിലേക്കുള്ള സംഘം തിരിച്ചെത്തി.
പന്ത്രണ്ട്.
മുഹമ്മദ് ബിനു മസ്ലമ(റ)യുടെ സംഘം.
അബൂ നായിലാ(റ), ഹാരിസ് ബിൻ ഔസ്(റ) തുടങ്ങിയ 10 അംഗങ്ങളോടൊപ്പം മുഹമ്മദ് ബിൻ മസ്ലമ(റ)യെ ബനൂ മഅവിയ്യായിലേക്കയച്ചു. മൊസൈനാ ഗോത്രത്തിൽ നിന്നുള്ള രണ്ട് ആളുകളും ഉണ്ടായിരുന്നു. ലക്ഷ്യസ്ഥാനത്തേക്ക് രാത്രി എത്തിച്ചേരുകയും ശത്രുക്കളുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു കൂടുകയും ചെയ്തു. ഈ ഓപ്പറേഷനിൽ മുസ്ലീംകൾക്ക് പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെടുകയും ചെയ്തു. പരിക്കുകളോടെ മുഹമ്മദ് ബിനു മസ്ലമ(റ) മദീനയിലേക്ക് മടങ്ങി. അബൂ ഉബൈദ(റ)യുടെ നേതൃത്വത്തിൽ മറ്റൊരു സംഘം അവിടേക്ക് ചെന്നെങ്കിലും ശത്രുക്കളെ കണ്ടുമുട്ടാൻ ആയില്ല. മുഹമ്മദ് ബിൻ മസ്ലമ(റ) പറയുന്നു. ഖൈബർ യുദ്ധവേളയിൽ എന്നെ പരിക്കേൽപ്പിച്ച ആളെ ഞാൻ നേരിടാം എന്ന് വിചാരിച്ചു. പക്ഷേ, അദ്ദേഹം അപ്പോഴേക്കും ഇസ്ലാം സ്വീകരിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾക്ക് നേർമാർഗം ലഭിച്ചതാണ് എനിക്ക് നല്ലത് എന്ന് ഞാൻ പ്രതികരിച്ചു.
അബൂ ഉബൈദ(റ)യോടൊപ്പം നാൽപതു ആളുകളായിരുന്നു മേൽ പറയപ്പെട്ട സ്ഥലത്തേക്ക് വന്നത്. അപ്പോഴേക്കും ശത്രുക്കൾ മലമുകളിലേക്കും മറ്റും പിൻവലിയുകയായിരുന്നു. അവിടെനിന്നു ആർജ്ജിച്ച സമ്പാദ്യങ്ങളുമായി മദീനയിലേക്ക് തന്നെ അബൂബൈദ(റ) മടങ്ങി.
ഇതിനോടടുത്ത കാലയളവിലാണ് സയ്യിദ് ബിൻ ഹാരിസ(റ)യുടെ നേതൃത്വത്തിൽ ബനൂ സുലൈമിലേക്ക് ഒരു സംഘം പുറപ്പെട്ടത്. ജുമൂമിലായിരുന്നു അവർ ഉണ്ടായിരുന്നത്. ഈ നയതന്ത്ര ഓപ്പറേഷനിൽ സഹായിച്ചത് മുസൈനാ ഗോത്രക്കാരിയായ ഹലീമ എന്ന സ്ത്രീയായിരുന്നു. അവരുടെ ഭർത്താവും അതേ പ്രദേശത്തു തന്നെ ഉണ്ടായിരുന്നു. സംഘം ജയിച്ചടക്കി തിരിച്ചുവന്നു.
പതിമൂന്ന് :
ഈസ് എന്ന പ്രദേശത്തേക്ക് സെയ്ദ് ബിൻ ഹാരിസ്(റ)യുടെ നേതൃത്വത്തിൽ 170 ആളുകളുടെ ഒരു സംഘം പുറപ്പെട്ടു. ഖുറൈശികളുടെ ഒരു കച്ചവട സംഘത്തെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു യാത്ര. തിരുനബിﷺയുടെ മകൾ സൈനബി(റ)ന്റെ ഭർത്താവ് അബുൽ ആസും ആ സംഘത്തിൽ ഉണ്ടായിരുന്നു. രാത്രിയായപ്പോൾ അദ്ദേഹം സൈനബി(റ)ന്റെ അടുക്കൽ അഭയം തേടി. തിരുനബിﷺ പ്രഭാത നിസ്കാരം നിർവഹിച്ചു കഴിഞ്ഞപ്പോൾ അബുൽ ആസിന് അഭയം നൽകിയ വിവരം പ്രവാചക പുത്രി നബിﷺയെ അറിയിച്ചു. മകൾ വിളിച്ചുപറഞ്ഞ വർത്തമാനം കേട്ടപ്പോൾ തിരുനബിﷺ അനുയായികളോടായി പറഞ്ഞു. ഈ വിവരം നിങ്ങൾ കേൾക്കുമ്പോഴാണ് ഞാനും കേൾക്കുന്നത്. അഥവാ ഈ വിഷയത്തിൽ മുൻകൂട്ടി ധാരണ ഉണ്ടാക്കിയതല്ല. വിശ്വാസികളുടെ പ്രതികരണവും അഭിപ്രായവും അന്വേഷിച്ചുകൊണ്ടു കൂടിയായിരുന്നു നബിﷺ ഇങ്ങനെ പറഞ്ഞത്. അപ്പോൾ അവർ ഒരേ സ്വരത്തിൽ പറഞ്ഞു. പ്രവാചകപുത്രി അഭയം നൽകിയ ആൾക്ക് ഞങ്ങളും അഭയം നൽകിയിരിക്കുന്നു.
ഒരു നേതാവും ഭരണാധികാരിയും എങ്ങനെയാണ് നീതി നിഷ്ഠയും ന്യായവും പാലിക്കേണ്ടത് എന്ന് പഠിപ്പിക്കുകയായിരുന്നു ഈ സംഭവത്തിലൂടെ. തങ്ങൾക്ക് സ്വന്തമായി തീരുമാനമെടുക്കുകയും അഭയം നൽകുകയും ചെയ്യാമായിരുന്നിട്ടും പൊതു അഭിപ്രായം രൂപീകരിച്ചതിനുശേഷം ആണ് തീരുമാനം തീർപ്പാക്കിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
