Tweet 535

    Tweet 535
    December 1, 2023 • Friday
    Post Header

    ഒൻപത്.
    റജീഉ സംഘം.
    ഹിജ്റയുടെ നാലാം വർഷം അളൽ, ഖാർറ എന്നീ ഗോത്രത്തിലെ ആളുകൾ മദീനയിൽ വന്നു. അവരുടെ ഗോത്രത്തിൽ ഇസ്ലാമും ഖുർആനും പരിചയപ്പെടുത്താൻ ഒരു സംഘത്തെ അയച്ചുതരണമെന്ന് നബിﷺയോട് അവർ ആവശ്യപ്പെട്ടു. അതുപ്രകാരം തിരുനബിﷺ ഒരു സംഘത്തെ അയച്ചുകൊടുത്തു. ആസിം ബിൻ സാബിത്ത്(റ), മർസദ് ബിൻ അബി മർസദ്(റ), അബ്ദുല്ലാഹിബിന് ത്വാരിഖ്(റ), ഖുബൈബ് ബിൻ അദിയ്യ്(റ), സൈദ് ബിൻ ദസിന(റ), ഖാലിദ് ബിൻ അൽ ബുകൈർ(റ), മുഅത്തിബ് ബിൻ ഉബൈദ്(റ) എന്നീ ഏഴു പേർ അടങ്ങുന്ന പത്തംഗ സംഘമായിരുന്നു അത്.
    റജീഅ് എന്ന സ്ഥലത്തെത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോയവർ കാലുമാറി. ആയുധധാരികളായ ഒരു സംഘമവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മദീനയിൽ നിന്ന് കൊണ്ടുപോയ ആളുകളെ ബന്ധികൾ ആക്കുകയും ഖുറൈശികൾക്ക് വഴിപ്പെട്ടാൽ മോചിപ്പിക്കാം എന്ന് പറയുകയും ചെയ്തു. ഇസ്ലാമിനെ വഞ്ചിച്ചു കൊണ്ട് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അപ്പോൾ സ്വഹാബികളുടെ മറുപടി. രണ്ടുപേരൊഴികെ ബാക്കിയുള്ളവരെ മുഴുവനും അവർ കൊന്നു കളഞ്ഞു. ഖുബൈബ്(റ), ആസ്വിം(റ) എന്നീ രണ്ടുപേരെ അവർ വിൽക്കുകയും ചെയ്തു. അവരെ കൈകാര്യം ചെയ്ത രീതിയും അവസാനം വധിച്ചതും നേരത്തെ നാം വായിച്ചു പോയിട്ടുണ്ട്.
    പത്ത്.
    സരിയ്യതു മുൻദിർ ബിൻ അംറ്.
    ബിഅർ മഊന സംഭവം എന്നാണ് ഇത് അറിയപ്പെടുന്നത്. അബൂബറാഅ് ആമിർ ബിൻ മാലിക് ഒരു സംഘത്തോടൊപ്പം നബിﷺയുടെ അടുക്കൽ വന്നു. ബനൂ ആമിറിലെ നേതാവായിരുന്നു അദ്ദേഹം. നബിﷺ അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. എന്നാൽ അയാൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം ഇസ്ലാമിനെ പരിചയപ്പെടുത്താൻ ഒരു സംഘത്തെ തങ്ങളുടെ ഗോത്രത്തിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രകാരം 70 ആളുകളെ നബിﷺ അവർക്കൊപ്പം അയച്ചുകൊടുത്തു. ബിഅർ മഊന എന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോയവരുടെ തനിനിറം പുറത്തു കാണിച്ചു. ബനൂ സുലൈം ഗോത്രത്തിലെ ഉസയ്യ്, രിഅല്, ദക്വാൻ എന്നീ വിഭാഗക്കാർ ഇവർക്കുമേൽ ചാടി വീണു. കഅബു ബിൻ സൈദ്(റ) ഒഴികെയുള്ള എല്ലാവരെയും അവർ വധിച്ചു കളഞ്ഞു. അദ്ദേഹവും കൊല്ലപ്പെട്ടു എന്ന ധാരണയിലാണ് അവർ ഉപേക്ഷിച്ചു പോയത്.
    തിരുനബിﷺയെ ഈ സംഭവം ഏറെ വേദനിപ്പിക്കുകയും അക്രമികൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്തു.
    പതിനൊന്ന്.
    സരിയ്യതു മുഹമ്മദ് ബിൻ മസ്ലമ.
    ഖുറുത്വാഅ് എന്ന പ്രദേശത്തേക്കായിരുന്നു ഈ സഞ്ചാരം. ഉർവ(റ) നിവേദനം ചെയ്യുന്നു. 30 കുതിര സവാരിക്കാരോടൊപ്പം മുഹമ്മദ് ബിൻ മസ്ലമ(റ)യെ മുഹമ്മദ് നബിﷺ ബനൂ ബക്കർ ഗോത്രത്തിലേക്ക് നിയോഗിച്ചു. അബ്ബാദ് ബിനു ബിഷർ(റ), സലമത്തുബിനു സലാമ(റ), ഹാരിസ് ബിൻ ഹുസൈമ(റ) എന്നിവരും ഒപ്പമുണ്ടായിരുന്നു. രാത്രിയിൽ സഞ്ചരിക്കാനും പകൽ ഒളിച്ചിരിക്കാനും നബിﷺ അവരോട് നിർദ്ദേശിച്ചു. നയതന്ത്രപരമായ നീക്കങ്ങൾ എങ്ങനെയായിരിക്കണം എന്ന് പ്രത്യേകം പഠിപ്പിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...