
അബ്ദുല്ലാഹിബ്നു ഉനൈസ്(റ) തുടരുന്നു. ഞാൻ ആയുധവും എടുത്ത് പുറത്തിറങ്ങി. ഖുസാഅ ഗോത്രത്തിന്റെ ഇടം അന്വേഷിച്ച് സഞ്ചരിച്ചു. ഉർന: താഴ്‌വരയിൽ വച്ച് സുഫിയാനുബ്നു ഖാലിദിനെ കണ്ടുമുട്ടി. അയാളോടൊപ്പം ഒരു സംഘം എത്യോപ്യക്കാരും ഉണ്ടായിരുന്നു. കണ്ട മാത്രയിൽ തന്നെ ഞാൻ ഭയന്ന് വിറച്ചു. അപ്പോൾ പ്രവാചകരുﷺടെ മുന്നറിയിപ്പ് ഞാൻ ഓർത്തു. എത്ര കൃത്യമായിട്ടാണ് അല്ലാഹുവും റസൂലുംﷺ കാര്യങ്ങൾ വർണ്ണിച്ചു തരുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഏകദേശം സായാഹ്ന നേരത്തായിരുന്നു ആ കാഴ്ച. നടന്നുകൊണ്ട് ശരീരത്തിലെ അംഗങ്ങൾ കൊണ്ട് ആംഗ്യം കാണിച്ച് ഞാൻ സായാഹ്ന നിസ്കാരം നിർവഹിച്ചു. ഞാൻ അയാളുടെ അടുത്തേക്ക് എത്താനും അയാൾ ചോദിച്ചു. ഇതാരാണ്? ഞാൻ പറഞ്ഞു, ഞാൻ ഖുസാഅ ഗോത്രത്തിൽ നിന്നാണ്. മുഹമ്മദ് നബിﷺക്കെതിരെ നിങ്ങൾ സൈനിക സംഘാടനം നടത്തുന്നത് ഞാനറിഞ്ഞു. അതുകൊണ്ട് നിങ്ങളോടൊപ്പം അല്പം കൂടിയാലോ എന്ന് കരുതി വന്നതാണ്. അപ്പോൾ അയാൾ പറഞ്ഞു. അതെ, ഞാനിപ്പോൾ സൈനിക സംഘാടനത്തിലാണ്.
ശേഷം, ഞാൻ അയാളോടൊപ്പം സഞ്ചരിച്ചു. എന്റെ സംസാരത്തിൽ അയാൾ വീണു. കൂട്ടത്തിൽ ഞാൻ പറഞ്ഞു. പുതിയ ഒരു മതമാണല്ലോ മുഹമ്മദ് നബിﷺ കൊണ്ടുവന്നിട്ടുള്ളത്. മുൻഗാമികളായ നമ്മുടെ മാതാപിതാക്കളും പ്രപിതാക്കളും ഒന്നും പറയാത്ത കാര്യങ്ങൾ. മുൻഗാമികളുടെ വിചാരങ്ങളെ അവഗണിച്ചു കൊണ്ടാണല്ലോ ആദർശം മുഴുവനും. എന്നിട്ട് ഞാൻ പരിസരം മുഴുവനും നോക്കി. എനിക്ക് സമാനമായി ഒരാളെയോ നേരിടാൻ പറ്റുന്ന ഒരാളെയോ ഞാൻ കണ്ടില്ല. അദ്ദേഹം തന്റെ വഴിയിൽ മുന്നോട്ടു നീങ്ങുകയായിരുന്നു. ശേഷം, അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് പ്രവേശിച്ചു. ഒപ്പം ഉണ്ടായിരുന്നവരെല്ലാം പരിസരത്ത് ഭവനങ്ങളിലേക്ക് പോയി. ഞാനും അദ്ദേഹവും മാത്രമായി. അപ്പോൾ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു. അല്ലയോ ഖുസാഅ സഹോദരാ അടുത്തേക്ക് വരൂ. ഞാൻ അടുത്തേക്ക് ചെന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു. രാത്രി ഏറെ വൈകി. പരിസരങ്ങൾ മുഴുവനും ഉറങ്ങിക്കഴിഞ്ഞു.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. ഞാൻ അദ്ദേഹത്തോടൊപ്പം നടന്നു. സൗകര്യമൊത്ത് കിട്ടിയപ്പോൾ ഞാൻ എന്റെ വാൾ പുറത്തെടുത്തു. അയാളെ വക വരുത്തുകയും ശിരസ്സ് കൈവശപ്പെടുത്തുകയും ചെയ്ത ശേഷം ഞാൻ നേരെ പർവത മുഖത്തേക്ക് കയറി. നേരം വെളുക്കാറായപ്പോൾ ഞാൻ ഒരു ഗുഹയുടെ ഉള്ളിൽ ഒളിച്ചു. നാലുഭാഗത്തുനിന്നും എന്നെ അന്വേഷിച്ചുകൊണ്ട് കുതിര പടയാളികൾ ഇറങ്ങി. ഒടുവിൽ ഞാനൊളിച്ചിരുന്ന ഗുഹാമുഖത്തേക്കും അവർ എത്തി. അപ്പോഴേക്കും ഞാൻ ഇരിക്കുന്ന ഗുഹയുടെ കവാടത്തിൽ ചിലന്തി വല കെട്ടിയിരുന്നു.
അതാ ഒരാൾ ഗുഹയ്ക്ക് നേരെ വരുന്നു. അയാളുടെ കയ്യിൽ ഒരു വെള്ള പാത്രവും ഒരു ജോഡി ചെരുപ്പുമുണ്ട്. അഭിമുഖമായി കണ്ടതും ഞാൻ ഒന്ന് ഭയന്നു. അയാൾ ആ ഗുഹയുടെ പരിസരത്തിരുന്ന് മൂത്രമൊഴിച്ചു. എന്നിട്ട് അദ്ദേഹം കൂട്ടുകാരോട് വിളിച്ചുപറഞ്ഞു. ഇതിനുള്ളിൽ ആരുമില്ല. പിന്നിൽ വന്നവരെല്ലാം മടങ്ങിപ്പോയി. ശേഷം, അദ്ദേഹവും തിരിഞ്ഞു നടന്നു. മെല്ലെ ഞാൻ ആ വെള്ള പാത്രം എടുത്തു വെള്ളം കുടിച്ചു. ഒപ്പം ഉണ്ടായിരുന്ന ചെരുപ്പുകൾ അണിഞ്ഞു. രാവിരുട്ടിയപ്പോൾ വീണ്ടും യാത്ര തുടർന്നു. പകൽ ഒളിച്ചും രാത്രി യാത്ര ചെയ്തും മദീനയിലേക്ക് സഞ്ചരിച്ചു. പള്ളിയിൽ ഉണ്ടായിരുന്ന തിരുനബിﷺയുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ട മാത്രയിൽ അവിടുന്ന് പറഞ്ഞു. മുഖം വിജയിച്ചിരിക്കുന്നു. അഥവാ എന്നെ വിജയത്തിന്റെ സന്തോഷം അറിയിക്കുകയായിരുന്നു. ഉടനെ ഞാൻ തിരിച്ചു പറഞ്ഞു. അവിടുത്തെ തിരുമുഖം വിജയിച്ചിരിക്കുന്നു നബിയെﷺ. ഞാൻ കൊണ്ടുവന്ന ശിരസ്സ് മുന്നിൽ വച്ച് കാര്യങ്ങളെല്ലാം തിരുനബിﷺയോട് പങ്കുവച്ചു. അപ്പോൾ എന്റെ കൈയിലേക്ക് അവിടുന്ന് ഒരു വടി നൽകി. എന്നിട്ട് പറഞ്ഞു ഇതും പിടിച്ചുകൊണ്ട് നിങ്ങൾ സ്വർഗ്ഗത്തിൽ സഞ്ചരിച്ചു കൊള്ളൂ. സ്വർഗ്ഗത്തിൽ വടിയൂന്നി വരുന്നവർ വളരെ കുറവാണ്. ആ വടി പൊന്നുപോലെ അദ്ദേഹം സൂക്ഷിച്ചുകൊണ്ട് നടന്നു. മരണാനന്തരം ശരീരത്തോടൊപ്പം ഖബറിൽ വയ്ക്കണമെന്ന് വസിയ്യത്ത് ചെയ്തു. അതുപ്രകാരം അബ്ദുല്ലാഹിബ്നു ഉനൈസി(റ)നെ മറമാടിയപ്പോൾ തിരുനബിﷺയിൽ നിന്ന് ലഭിച്ച ആ വടി ഒപ്പം ചേർത്തുവച്ചു.
ഇബ്നു ഉക്കുബ(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. അബ്ദുല്ലാഹിബ്നു ഉനൈസ്(റ) മദീനയിൽ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം അബൂസുഫിയാൻ ബിൻ ഖാലിദിനെ വകവരുത്തിയ വിവരം നബിﷺ സഹകാരികളോട് പങ്കുവെച്ചിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
