
ഹിർഖൽ ചക്രവർത്തിയുടെ ദൂതൻ തനൂഖി തുടരുന്നു. രാജാവ് എന്നെ വിളിച്ച് എന്റെ കയ്യിൽ പ്രവാചകന്ﷺ നൽകാനുള്ള കത്ത് ഏൽപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഈ കത്തുമായി നിങ്ങൾ ആ വ്യക്തിയുടെ അടുത്തേക്ക് പോവുക. എന്നിട്ട് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തെങ്കിലും രേഖപ്പെടുത്തിയ ഏടിനെ കുറിച്ച് സംസാരിക്കുന്നുണ്ടോ? അവിടുത്തെ ശരീരത്തിന്റെ പിൻഭാഗത്ത് സംശയാസ്പദമായ എന്തെങ്കിലും അടയാളങ്ങൾ ഉണ്ടോ? ഈ കത്തു വായിക്കുന്ന നേരത്ത് രാവിനെ കുറിച്ച് വല്ലതും പറയുന്നുണ്ടോ? എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കാൻ ഏൽപ്പിച്ചത്.
കത്തുമായി പോയ ദൂതൻ തുടരുന്നു. ഞാൻ തബൂക്കിൽ വച്ചാണ് നബിﷺയെ കണ്ടുമുട്ടിയത്. അപ്പോൾ അവിടന്ന് അനുയായികൾക്കൊപ്പം ഇരിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് കടന്നു ചെന്ന് ചോദിച്ചു. നിങ്ങളുടെ നേതാവ് എവിടെയാണ്? അപ്പോൾ പറഞ്ഞു ഇതാ ഈ ഇരിക്കുന്നതാണ് ഞങ്ങളുടെ നേതാവ്. ഞാനും ആ സദസ്സിൽ മുന്നിൽ പോയി ഇരുന്നു. ഞാൻ എന്റെ പക്കലുള്ള കത്ത് കൈമാറി. അവിടുന്ന് സ്വീകരിച്ചു മടിയിലേക്ക് വച്ചു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങൾ ആരാണ്? ഞാൻ പറഞ്ഞു. തനൂഖിന്റെ സഹോദരനാണ്. നിങ്ങൾ ഇസ്ലാമിൽ ആണോ ഉള്ളത്. ഞാൻ അവിടുത്തെ പിതാവ് ഇബ്രാഹിം നബി(അ)യുടെ മാർഗത്തിലാണ്. ഞാനൊരു ജനതയുടെ പ്രതിനിധിയായി വന്നതാണ്. അവരുടെ അടുക്കലേക്ക് മടങ്ങിയെത്തുന്നത് വരെ ആ പ്രാതിനിധ്യത്തിൽ നിന്ന് ഞാൻ ഒഴിവാകില്ല. അപ്പോൾ അവിടുന്ന് ചിരിച്ചു. എന്നിട്ട് വിശുദ്ധ ഖുർആനിലെ അൽ ഖസസ് അധ്യായത്തിലെ 56 ആം സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെ വായിക്കാം.
“സംശയമില്ല; തങ്ങൾക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ തങ്ങൾക്കാവില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍.” എന്നിട്ട് എന്നോട് നബിﷺ പറഞ്ഞു. അല്ലയോ തനൂഖ് സഹോദരാ.. ഞാൻ കിസ്രാ രാജാവിന് ഒരു കത്ത് എഴുതി. അദ്ദേഹം അത് കീറിക്കളഞ്ഞു. അല്ലാഹു അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരത്തെയും പിച്ചിചീന്തുക തന്നെ ചെയ്യും. ഞാൻ നിങ്ങളുടെ ഭരണാധികാരിക്ക് കത്തെഴുതി. അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തിൽ നിന്ന് ജനങ്ങൾക്ക് നല്ലതേ ലഭിക്കുകയുള്ളൂ. നന്മയിൽ വർത്തിക്കുന്നിടത്തോളം അദ്ദേഹത്തിൽ നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
അപ്പോൾ എന്റെ മനസ്സിൽ ഓടി വന്ന കാര്യം, രാജാവ് എന്നോട് നിരീക്ഷിക്കാൻ പറഞ്ഞ ഒന്നാമത്തെ കാര്യമായിരുന്നു. സന്ദേശ കുറിപ്പിനെ കുറിച്ചുള്ള കാര്യമായിരുന്നല്ലോ അത്. ശേഷം, എന്റെ ഭരണാധികാരിയുടെ കത്തെടുത്ത് വായിക്കാൻ തുടങ്ങി. അതിൽ നിന്ന് ഇങ്ങനെ ഒരു ഭാഗം മുആവിയ(റ) വായിച്ചു കേൾപ്പിച്ചു. പ്രവാചകനെﷺ അഭിസംബോധന ചെയ്തു കൊണ്ട് രാജാവ് എഴുതിയ ഭാഗമായിരുന്നു അത്. അല്ലയോ പ്രവാചകരെﷺ അവിടുന്ന് ആകാശഭൂമികളോളം വിശാലതയുള്ള സ്വർഗ്ഗത്തെക്കുറിച്ചാണല്ലോ പറയുന്നത്. അതിലേക്കാണല്ലോ ക്ഷണിക്കുന്നത്. എന്നാൽ പിന്നെ നരകം എവിടെയാണുള്ളത്? ഇതു കേട്ട മാത്രയിൽ നബിﷺ ഇങ്ങനെ പ്രതികരിച്ചു. പുലരി വന്നാൽ പിന്നെ രാവ് എവിടെയാണ് ഉണ്ടാവുക! നേരത്തെ മറുപടി എഴുതി വച്ചതുപോലെ ഞാൻ ഈ മറുപടിയും എഴുതിവെച്ചു. കാരണം രാജാവ് നിരീക്ഷിക്കാൻ പറഞ്ഞ രണ്ടാമത്തെ കാര്യമായിരുന്നു ഇത്. ശേഷം ഉസ്മാനുബ്നു അഫ്ഫാൻ(റ) വളരെ വിലപിടിപ്പുള്ള ഒരു ഉപഹാരം എനിക്ക് നൽകി. അതുകഴിഞ്ഞ് നബിﷺ ചോദിച്ചു എവിടെയാണ് ഇദ്ദേഹത്തെ താമസിപ്പിക്കുക? അൻസ്വാരികളിൽ ഒരാളുടെ അടുക്കൽ ആണെന്ന് വിവരം അറിയിച്ചു. അതുപ്രകാരം സദസ്സിൽ നിന്ന് ആതിഥേയനൊപ്പം പോകാൻ വേണ്ടി ഈ ദൂതൻ ഇറങ്ങി. ഉടനെ നബിﷺ പറഞ്ഞു. നിങ്ങളെ ഏൽപ്പിക്കപ്പെട്ട കാര്യം കാണണമെങ്കിൽ ഇതാ ഇതുവഴി പോയിക്കൊള്ളൂ. അഥവാ നബിﷺയുടെ ശരീരത്തിന്റെ പിൻഭാഗത്ത് നിരീക്ഷിക്കണമെന്ന് രാജാവ് പറഞ്ഞ കാര്യമാണ് നബിﷺ അങ്ങോട്ട് പറയുന്നത്. രാജാവിന്റെ ദൂതൻ പറയുന്നു. നബിﷺ പറഞ്ഞ ഭാഗത്ത് കൂടി കടന്നുചെന്നപ്പോൾ അവിടുത്തെ ചുമലിന്റെ ഭാഗം എനിക്ക് വെളിവായി. ഞാൻ നോക്കിയപ്പോൾ അതാ പ്രവാചകത്വത്തിന്റെ മുദ്ര.. അതൊരു മാംസത്തിന്റെ തടിപ്പ് ആയിരുന്നു.
ദൗത്യനിർവഹണം പൂർത്തിയാക്കി തനൂഖ് നാട്ടിലേക്ക് മടങ്ങി. രാജാവിന്റെ സന്നിധിയിൽ എത്തിച്ചേർന്നു. വിവരങ്ങളെല്ലാം വിശദമായി അവതരിപ്പിച്ചു. അദ്ദേഹം ജനങ്ങളെ നേർവഴിയിലേക്ക് ക്ഷണിച്ചു.
ഇമാം സുഹൈലി(റ) നിവേദനം ചെയ്യുന്നു. ഹിർഖൽ രാജാവ് നബിﷺക്ക് ഉപഹാരങ്ങൾ കൊടുത്തയച്ചു. നബിﷺ ഉപഹാരങ്ങൾ സ്വീകരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
