
തബൂക്കിന്റെ ചരിത്ര വായനയ്ക്കിടയിൽ സുപ്രധാനമായ ഒരു അധ്യായമാണ് ഹിർഖൽ ചക്രവർത്തിയുമായുള്ള സന്ദേശസമ്പർക്കം. ഹാരിസ് ബിൻ ഉസാമ(റ) നിവേദനം ചെയ്യുന്നു. ബക്കർ ബിൻ മുസ്നി(റ) പറയുന്നു. നബിﷺ ചോദിച്ചു. ആരാണ് ഈ കത്തുമായി കൈസർ ചക്രവർത്തിയുടെ അടുക്കലേക്ക് പോവുക? അദ്ദേഹത്തിന് സ്വർഗ്ഗം ഉണ്ട്. അദ്ദേഹത്തിന് സ്വർഗം ഉണ്ട്. അപ്പോൾ ഒരാൾ ചോദിച്ചു. ഒരുപക്ഷേ ചക്രവർത്തി കത്ത് സ്വീകരിച്ചില്ലെങ്കിലും കൊണ്ടുപോകുന്ന ആൾക്ക് സ്വർഗം ഉണ്ടോ? നബിﷺ പറഞ്ഞു. അതെ, ഉണ്ട്. ഒരാൾ ആ സന്ദേശവുമായി യാത്രതിരിച്ചു. രാജാവ് കത്ത് സ്വീകരിച്ചു. വായിച്ചശേഷം അദ്ദേഹം പറഞ്ഞു. നിങ്ങൾ നബിﷺയുടെ അടുക്കൽ ചെന്ന് പറയുക. ഞാൻ ആ പ്രവാചകനെﷺ അനുഗമിക്കുന്നുവെന്ന്. പക്ഷേ, ഞാൻ എന്റെ അധികാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല. ശേഷം, കുറച്ചു ദീനാറുകൾ സമ്മാനമായി അദ്ദേഹം നബിﷺക്ക് കൊടുത്തയച്ചു. അയാൾ മടങ്ങിവന്ന് നബിﷺയോട് കാര്യങ്ങൾ പറഞ്ഞു. കാര്യങ്ങൾ കേട്ട ശേഷം നബിﷺ പ്രതികരിച്ചു. അയാൾ പറഞ്ഞത് കളവാണ്. അയാൾ കൊടുത്തയച്ച ദീനാറുകൾ ജനങ്ങൾക്ക് വിതരണം ചെയ്തു.
ഇമാം അഹ്മദ്(റ) അബൂ യഅ്ലാ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. ഹിർക്കൽ നബിﷺയുടെ അടുത്തേക്ക് നിയോഗിച്ച ദൂതനെ ഞാൻ കണ്ടുമുട്ടി. രാജാവ് അപ്പോൾ ഹിംസിലായിരുന്നു അത്രേ. സംഭവത്തിന്റെ ലളിതവിവരണം ഇങ്ങനെയാണ്. നബിﷺ തബൂക്കിൽ ആയിരുന്നപ്പോൾ ദിഹിയത്തുൽ കൽബി(റ)യെ നബിﷺ ഹിർഖൽ രാജാവിന്റെ അടുത്തേക്ക് അയച്ചു. നബിﷺയുടെ കത്ത് കിട്ടിയപ്പോൾ രാജാവ് വായിച്ചു നോക്കി. ശേഷം, അദ്ദേഹത്തിന്റെ മന്ത്രിമാരെയും മറ്റും വിളിച്ച് അടുത്തിരുത്തി, സഭയുടെ വാതിൽ അടച്ചു. കൂട്ടത്തിൽ അവിടുത്തെ പുരോഹിതന്മാരും പാത്രിയാർഖീസുമാരും ഉണ്ടായിരുന്നു. എന്നിട്ട് രാജാവ് പറഞ്ഞു. അതാ കണ്ടില്ലേ നിങ്ങൾ, ഒരു പ്രതിനിധി വന്നിരിക്കുന്നത്. മൂന്നിൽ ഒരു കാര്യമാണ് പ്രവാചകൻﷺ ആവശ്യപ്പെട്ടത്. ഒന്നാമത്തേത്, ആ പ്രവാചകന്റെﷺ മതത്തെ അംഗീകരിക്കണം. രണ്ടാമത്തേത്, നമ്മുടെ ഭൂമിയുടെ അധികാരം നമുക്കുണ്ടെങ്കിലും ഇവിടുത്തെ സമ്പാദ്യം അങ്ങോട്ട് നൽകണം. മൂന്നാമത്തേത്, രണ്ടുമല്ലെങ്കിൽ അഭിമുഖീകരിക്കാൻ തയ്യാറാവണം. ശേഷം, പാതിരിമാരോടും സദസ്സിലുള്ളവരോടും രാജാവ് ചോദിച്ചു. നമ്മളെല്ലാവരും ആ പ്രവാചകന്റെﷺ മതത്തെ അംഗീകരിച്ച് പിന്നിൽ കൂടിയാലോ? അപ്പോൾ അവരെല്ലാവരും ഒരേ സ്വരത്തിൽ പ്രതികരിച്ചു. എന്താണ് അവിടുന്ന് പറയുന്നത്? നമ്മൾ നമ്മുടേതെല്ലാം ഉപേക്ഷിച്ചുകൊണ്ട് ഹിജാസിൽ നിന്നുള്ള ഒരു വ്യക്തിയെ പിന്തുടരാൻ ആണോ പറയുന്നത്! അതൊരിക്കലും നമുക്ക് സാധ്യമല്ല.
ഈ രൂപത്തിൽ അവർ പുറത്തേക്കിറങ്ങി പോയാൽ നാട്ടിൽ വലിയ നാശം ഉണ്ടാകുമെന്ന് രാജാവ് നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ഉള്ളിൽ മുഹമ്മദ് നബിﷺയുടെ യാഥാർത്ഥ്യം ബോധ്യപ്പെട്ടെങ്കിലും തനിക്ക് വേണ്ടപ്പെട്ടവർ ഇപ്പോൾ അംഗീകരിക്കാത്ത ഇടത്തോളം പരസ്യമായി ആ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹം നയപരമായി ഒരു കാര്യം പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസത്തോടും ആദർശത്തോടുമുള്ള ബന്ധം ബോധ്യപ്പെടാൻ വേണ്ടിയായിരുന്നു ഞാൻ ചോദിച്ചത്. ഇപ്പോൾ അതെനിക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ട് നമുക്ക് മറ്റുകാര്യങ്ങളെ ആലോചിക്കാം. തത്ക്കാലം അവർ ശാന്തരായി. ശേഷം, അറബി അറിയുന്ന ഒരാളെ അടുത്തേക്ക് വിളിച്ചു. മുഹമ്മദ് നബിﷺയുടെ സന്നിധിയിലേക്ക് മറുപടി അയക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
