
കഅ്‌ബ് (റ) തുടരുന്നു.ഞാന്‍ പള്ളിയില്‍ ചെല്ലുമ്പോള്‍, നബി ﷺ ഇരിക്കുന്നു. ചുറ്റുപാടും ആളുകളുമുണ്ട്. ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാ(റ) ഓടിവന്ന് എനിക്ക് കൈ തരുകയും, എന്നെ അനുമോദിക്കുകയും ചെയ്‌തു. മുഹാജിറുകളില്‍ വേറെ ആരും അങ്ങനെ മുന്നോട്ട് വന്നില്ല. നബിﷺക്കു ഞാന്‍ സലാം പറഞ്ഞപ്പോള്‍, നബിﷺയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിതമായിരുന്നു. അവിടുന്ന് പറഞ്ഞു: ‘’താങ്കളുടെ മാതാവ് താങ്കളെ പ്രസവിച്ചത് മുതല്‍ ഏറ്റവും നല്ല ഒരു ദിവസത്തെക്കുറിച്ച് സന്തോഷപ്പെട്ടുകൊള്ളുക!’’ ഞാന്‍ ചോദിച്ചു: ‘’അങ്ങയില്‍ നിന്നുള്ളതോ, അല്ലാഹുവിങ്കല്‍നിന്നുള്ളതോ?’’ നബിﷺ പറഞ്ഞു: ‘‘അല്ലാഹുവിങ്കല്‍ നിന്നുള്ളതുതന്നെ.’’ നബിﷺക്ക് സന്തോഷം വന്നാല്‍ അവിടുത്തെ മുഖം ചന്ദ്രനെപ്പോലെ പ്രകാശമയമായിത്തീരുമെന്ന് ഞങ്ങള്‍ പരിചയിച്ചതാണ്. അങ്ങനെ, ഞാന്‍ ഇരുന്നു. ഞാന്‍ പറഞ്ഞു: ‘’അല്ലാഹുവിന്‍റെ റസൂലേﷺ, എന്‍റെ തൗബഃയുടെ പൂര്‍ത്തീകരണമായി ഞാന്‍ എന്‍റെ ധനം മുഴുവന്‍ ധര്‍മമായി അല്ലാഹുവിനും റസൂലിﷺനും ഒഴിഞ്ഞുതരുവാന്‍ ഉദ്ദേശിക്കുന്നു.’’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘‘കുറച്ചു ധനം താന്‍ സൂക്ഷിച്ചു വെച്ചുകൊള്ളുക. അത് തനിക്ക് നല്ലതാണ്.’’ ഞാന്‍ പറഞ്ഞു: ”ഖൈബറിലുള്ള എന്‍റെ ഓഹരി ഞാന്‍ സൂക്ഷിച്ചുകൊള്ളാം അഥവാ ബാക്കിയൊക്കെ ധര്‍മമാണ്. ഞാന്‍ ജീവിക്കുന്ന കാലത്തോളം ആരോടും ഞാന്‍ കളവു പറയുകയില്ലെന്നതും എന്‍റെ തൗബഃയില്‍പ്പെട്ടതാകുന്നു.’’
‘’ഞാന്‍ നബി ﷺ യോട് ആ സത്യം പറഞ്ഞശേഷം, എന്നെപ്പോലെ പരീക്ഷണത്തിന് വിധേയനായി വിജയം വരിച്ച ഒരാളെ എനിക്കറിവില്ല. അതിന് ശേഷം ഇന്നേവരെ അറിഞ്ഞുകൊണ്ട് ഞാന്‍ ആരോടും കളവ് പറഞ്ഞിട്ടില്ല. മേലിലും അല്ലാഹു എന്നെ കാക്കുമെന്ന് ഞാന്‍ ആശിക്കുന്നു. അങ്ങനെ, അല്ലാഹു അത്തൗബ അധ്യായത്തിലെ നൂറ്റിപ്പതിനേഴ്, നൂറ്റി പതിനെട്ടു സൂക്തങ്ങൾ അവതരിപ്പിച്ചു.
കഅ്‌ബ് (റ) പറയുന്നു: അല്ലാഹുവിനെത്തന്നെയാണെ സത്യം! അല്ലാഹു എന്നെ ഇസ്ലാമിലേക്ക് മാർഗ്ഗദർശനം നൽകിയതിനു ശേഷം എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം നബിﷺയോട് കളവു പറഞ്ഞു നാശത്തിനിരയാക്കപ്പെടാതെ സത്യം പറഞ്ഞു രക്ഷപ്പെടാൻ ആയതായിരുന്നു. വഹ്‌യ് വന്നപ്പോള്‍, കളവ് പറഞ്ഞവരെപ്പറ്റി അല്ലാഹു വളരെ കടുത്തവാക്കുകളാണ് പറഞ്ഞത്. 95-96 സൂക്തങ്ങൾ ആ ആശയങ്ങളാണ് ഉൾക്കൊള്ളുന്നത്. നബി ﷺ യോട് സത്യം ചെയ്‌തു ഒഴികഴിവുകള്‍ പറഞ്ഞപ്പോള്‍ അത് സ്വീകരിച്ചുകൊണ്ട് നബിﷺ പാപമോചനം തേടിയിരുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്ന് ഞങ്ങള്‍ മൂന്നുപേരുടെയും കാര്യം അല്ലാഹുവിന്റെ തീരുമാനത്തിനു വേണ്ടി മാറ്റിവെക്കുകയായിരുന്നല്ലോ ചെയ്തത് എന്നിട്ട് ഞങ്ങളുടെ വിഷയത്തില്‍ പിന്നോക്കം വെക്കപ്പെട്ട മൂന്നാളുടെ പേരിലും…. എന്ന ആശയം കൊണ്ട് തുടങ്ങുന്ന സൂക്തം അവതരിച്ചു. യുദ്ധത്തിന് പോകാതെ പിന്തിനിന്നവര്‍ എന്നല്ല ഉദ്ദേശ്യം. സത്യം ചെയ്‌ത് ഒഴികഴിവ് പറഞ്ഞവരില്‍ നിന്നും വ്യത്യസ്‌തമായി കാര്യം പിന്നേക്ക് നീട്ടിവെക്കപ്പെട്ടവര്‍ എന്നാണുദ്ദേശ്യം.
ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇവിടെ അവസാനിക്കുന്നു.
ഈ സംഭവം നമുക്ക് പകർന്നു തരുന്ന നിരവധി പാഠങ്ങൾ ഉണ്ട്. എല്ലാ ഭൗതിക താൽപര്യങ്ങളെക്കാളും അല്ലാഹുവിനെയും റസൂലിനെﷺയും പ്രാധാന്യം കൽപ്പിക്കുന്ന ഒരു മനോഗതി രൂപപ്പെടുത്താൻ തിരുനബിﷺയുടെ സംഹിതക്കു കഴിഞ്ഞു. എല്ലാ വിലക്കുകളും വന്നപ്പോഴും അതിനെല്ലാം അപ്പുറം അല്ലാഹുവിന്റെ തൃപ്തിയെ കാംക്ഷിക്കുന്ന വിശ്വാസദാർഢ്യത ആയിരുന്നു അത്. ഭൗതികമായ ചുറ്റുപാടുകൾ വികസിക്കുകയും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്യുമ്പോൾ ആത്മീയതയും മതവിചാരങ്ങളും നഷ്ടപ്പെട്ടു പോകരുത് എന്ന് ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ജീവിതത്തിന്റെ വൈകാരിക ഘട്ടങ്ങളെ ചൂഷണം ചെയ്യാൻ പിശാച് പരിശ്രമിച്ചുകൊണ്ടിരിക്കും അപ്പോൾ ആത്മനിയന്ത്രണം പാലിക്കാൻ കഴിയുന്നവൻ എന്നെന്നേക്കുമായി ജയിക്കും. മദീനയിൽ ശിക്ഷണത്തിൽ കഴിയുന്ന നേരം കഅബി(റ)നെ തേടിയെത്തിയ ക്ഷണവും സന്ദേശവും അതാണ് നമ്മെ പഠിപ്പിക്കുന്നത്. അപ്പോൾ ഏറ്റവും ഉചിതമായ നിലപാട് എടുക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ഏതു കാലത്തും ദൗർബല്യങ്ങളെ ചൂഷണം ചെയ്യാനുള്ള പൈശാചിക ശക്തികൾ ഉണ്ടാവും. അപ്പോഴെല്ലാം വിവേകത്തോടുകൂടി പെരുമാറാൻ നമുക്ക് സാധിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
