
തബൂക്കിന്റെ അനുബന്ധ അധ്യായങ്ങളിൽ നിരവധി കൗതുകകരമായ ഉപ അധ്യാങ്ങൾ വായിക്കാനുണ്ട്. സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മുഗീറത്തു ബിൻ ശുഅ്ബ(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹിജറിന്റെയും തബൂക്കിന്റെയും ഇടയിലായിരുന്നു. സുബഹിയോട് അടുത്ത സമയം നബിﷺ പ്രാഥമികാവശ്യത്തിന് പോയി. ഞാൻ നബിﷺക്കുള്ള വെള്ളവും കൊണ്ട് പിന്നാലെ സഞ്ചരിച്ചു. ജനങ്ങളിൽനിന്ന് ഏറെ വിദൂരത്ത് പോയാണ് നബിﷺ പ്രാഥമികാവശ്യം നിർവഹിക്കാറുള്ളത്. അങ്ങനെ അല്പ സമയം മുന്നോട്ടു പോയി. സ്വഹാബികൾ നബിﷺയുടെ ആഗമനം കാത്തു നിന്നു. പക്ഷേ, സുബഹിയുടെ സമയം കടന്നു പോകുമോ എന്ന് ഭയന്നപ്പോൾ. അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ ജനങ്ങൾ ഇമാമായി നിശ്ചയിച്ചു. അദ്ദേഹത്തിന്റെ പിന്നിൽ മറ്റുള്ളവർ അണിനിരന്നു നിസ്കാരം ആരംഭിച്ചു. ഞാൻ നബിﷺയോടൊപ്പം തന്നെയാണ് ഉണ്ടായിരുന്നത്. പ്രാഥമികാവശ്യ നിർവഹണത്തിനുശേഷം നബിﷺ തിരിച്ചുവന്നപ്പോൾ. അംഗ സ്നാനത്തിനു വേണ്ടിയുള്ള വെള്ളം ഞാൻ പകർന്നു കൊടുത്തു. അവിടുന്ന് ധരിച്ചിരുന്ന കുപ്പായത്തിന്റെ കൈ ഇറുകി കിടന്നതായിരുന്നു. അപ്പോൾ അവിടുന്ന് കൈകൾ കുപ്പായത്തിനുള്ളിലൂടെ പുറത്തെടുത്തു കഴുകി. അപ്പോഴേക്കും അവിടുത്തേക്ക് കാലിൽ ധരിച്ചിരുന്ന പ്രത്യേക കാലുറ അഥവാ ഖുഫ്ഫ അഴിച്ചു കൊടുക്കാൻ വേണ്ടി ഞാൻ കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. അത് അഴിക്കേണ്ടതില്ല. ശുദ്ധിയോടു കൂടിയാണ് ഞാൻ അത് അണിഞ്ഞിട്ടുള്ളത്. അഥവാ കാലുറ ധരിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകൾ ഞാൻ പാലിച്ചിട്ടുണ്ടെന്ന് സാരം. ശേഷം, അതിന്മേൽ തടകി. അങ്ങനെ ഞങ്ങൾ അംഗസ്നാനം പൂർത്തിയാക്കി സ്വഹാബികളുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും അബ്ദുറഹ്മാൻ ബിനു ഔഫ്(റ) ഒരു റക്അത്ത് നിസ്കാരം പിന്നിട്ടിരുന്നു. നബിﷺയുടെ ആഗമനം അറിഞ്ഞ സ്വഹാബികൾ അത് പ്രകടിപ്പിക്കാൻ തുടങ്ങി. ഇമാമായി നിന്ന ഇബ്നു ഔഫ്(റ) പിൻവാങ്ങാൻ ഒരുങ്ങി. അപ്പോൾ അവിടെത്തന്നെ തുടരാനും നിസ്കാരം പൂർത്തിയാക്കാനും നബിﷺ ആംഗ്യം കാണിച്ചു. ശേഷം, നബിﷺ അതേ ജമാഅത്തിൽ കൂടി. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ന്റെ പിന്നിൽ നിന്ന് നിസ്കരിച്ചു. അവർ നിസ്കാരം പൂർത്തിയാക്കി സലാം വീട്ടിയപ്പോൾ നബിﷺ എഴുന്നേറ്റു നിന്ന് ഒരു റക്അത്തുകൂടി നിസ്കരിച്ചു. ശേഷം, അവരോട് പറഞ്ഞു. നിങ്ങൾ ശരിയാണ് ചെയ്തിരിക്കുന്നത്. നിങ്ങൾ നല്ലത് ചെയ്തിരിക്കുന്നു. നിസ്കാരം കൃത്യ സമയത്ത് തന്നെ നിർവഹിക്കാനുള്ള സ്വഹാബികളുടെ താൽപര്യത്തെ നബിﷺ പ്രശംസിച്ചു. എന്നിട്ട് അവിടുന്ന് ഇങ്ങനെ കൂടി പറഞ്ഞു. ഏതൊരു നബിയും മരണപ്പെടുന്നതിനു മുമ്പ് അവിടുത്തെ ഉമ്മത്തിൽ നിന്ന് സദ് വൃത്തനായ ഒരാളുടെ പിന്നിൽ നിന്ന് നിസ്കരിച്ചിട്ടുണ്ടാവും.
തിരുനബിﷺയുടെ ജീവിതത്തിന്റെയും സമീപനത്തിന്റെയും മനോഹരമായ ഒരു സംഭവമാണ് നാം വായിച്ചത്. അനുയായികളോട് അവിടുന്ന് സഹവസിച്ച രീതി, അവിടുത്തെ ജീവിതത്തിൽ നിന്ന് അധ്യാപനങ്ങൽ പകർന്നുകൊടുത്ത ശൈലി, അനുയായികളിൽ മഹത്വമുള്ളവരെ പ്രശംസിക്കുന്നതിന് മടിയില്ലാത്ത സ്വഭാവം ഇവകളെല്ലാം ഇതിൽ നിഴലിച്ചു കാണുന്നു.
നിത്യജീവിതത്തിലെ എല്ലാ മേഖലകളെയും എങ്ങനെയൊക്കെ ആകണം കൈകാര്യം ചെയ്യേണ്ടത് എന്ന് വ്യക്തമായി അവിടുന്ന് അനുയായികൾക്ക് പഠിപ്പിച്ചുകൊടുത്തു. പ്രാഥമികാവശ്യ നിർവഹണത്തിൽ പാലിക്കേണ്ട ചിട്ടകൾ, അംഗസ്നാനം നിർവഹിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, പ്രത്യേകമായ കാലുറ ധരിക്കുന്നതിന്റെ കർമ്മശാസ്ത്രപരമായ വിധികൾ, അങ്ങനെയാവുമ്പോൾ അംഗസ്നാനം ചെയ്യുന്നതിന്റെ നിബന്ധനകൾ ഇങ്ങനെ ഒരുപാട് പാഠങ്ങൾ ഈ സംഭവം ഉൾക്കൊള്ളുന്നു.
അനുയായിയുടെ പിന്നിൽ അനുഗാമിയായി നിന്ന് ആരാധന നിർവഹിക്കുന്ന നബിﷺയുടെ സമീപനം വിനയത്തിന്റെയും താഴ്മയുടെയും ഉദാത്തമായ ഉദാഹരണം കൂടിയാണ്. അല്ലാഹുവിന്റെ മുന്നിൽ ദാസന്മാർ എങ്ങനെയായിരിക്കണം എന്ന് പ്രായോഗികമായ ജീവിതത്തിലൂടെ പഠിപ്പിച്ചു തന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
