
നബിﷺ സംസാരമാരംഭിച്ചു.
അല്ലയോ അന്‍സ്വാറുകളേ, യുദ്ധസമ്പത്ത് വിതരണം ചെയ്തതില്‍ നിങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചത് ഞാൻ അറിഞ്ഞു. ഞാന്‍ നിങ്ങളുടെ അടുത്തു വരുന്ന കാലത്ത് നിങ്ങള്‍ തികഞ്ഞ വഴികേടിലായിരുന്നില്ലേ? ഞാന്‍ വഴിയല്ലേ അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കിയത്. ദരിദ്രരായ നിങ്ങളെ അല്ലാഹു സമ്പന്നരാക്കിയില്ലേ? പരസ്പരം ശത്രുക്കളായിരുന്ന നിങ്ങളെ ഞാന്‍ വഴി അല്ലാഹു മാനസികമായി യോജിപ്പിച്ചില്ലേ?
“അതെ, അല്ലാഹുവും അവന്റെ ദൂതരുംﷺ ഏറെ കനിവും കാരുണ്യവുമുള്ളവരാണ്.” അവര്‍ പറഞ്ഞു. നബിﷺ തുടര്‍ന്നു: അല്ലയോ അന്‍സ്വാറുകളേ, ഇനി ഞാനൊന്നു ചോദിച്ചോട്ടെ? അല്ലാഹുവിന്റെ ദൂതരേﷺ, എന്താണ്! ചോദിച്ചോളൂ ഞങ്ങൾ പറയാം. അവര്‍ ആരാഞ്ഞു.
എല്ലാ കാരുണ്യവും ഔദാര്യവും അല്ലാഹുവിന്റേതും അവന്റെ ദൂതരുﷺടേതുമാണ്.
അവിടുന്ന് പറഞ്ഞു: ഒരുപക്ഷേ, നിങ്ങള്‍ പറയുമായിരിക്കാം. തങ്ങൾ കളവാക്കപ്പെട്ട് ഞങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ തങ്ങളിൽ വിശ്വസിച്ചു. അവഗണനയും തിരസ്കാരവും അനുഭവിച്ച് ഞങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ഞങ്ങള്‍ തങ്ങളെ സഹായിക്കുകയും അഭയമരുളുകയും സംരക്ഷണമേകുകയും ചെയ്തു. ഇതാണ് നിങ്ങളുടെ മറുപടിയെങ്കില്‍ അത് ശരിയും പൂര്‍ണ്ണസത്യവുമാണ്. അൻസ്വാറുകളെ, ഒരു വിഭാഗമാളുകളെ ഇസ്ലാമിലേക്കാകര്‍ഷിക്കാനും ഉറപ്പിക്കാനും ഏതാനും ഭൗതിക വിഭവങ്ങള്‍ നൽകിയതാണോ നിങ്ങളുടെ പരിഭവം! നിങ്ങളാകട്ടെ അതൊന്നുമില്ലാതെ വിശ്വാസം ഉറപ്പിച്ചവരല്ലേ! അന്‍സാറുകളേ, ജനങ്ങള്‍ ആടുമാടുകളുമായി പോകുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ ദൂതരുﷺമായി തിരിച്ചുപോകുന്നത് നിങ്ങള്‍ക്ക് തൃപ്തിയാകുമോ? മുഹമ്മദ് നബിﷺയുടെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെയാണ് സത്യം! ഹിജ്റ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അന്‍സ്വാറുകളില്‍ ഒരാളാകുമായിരുന്നു. ജനങ്ങള്‍ ഒരുവഴിക്കും അന്‍സ്വാറുകള്‍ മറ്റൊരു വഴിക്കും പോയാല്‍ ഞാന്‍ അന്‍സ്വാറുകളുടെ കൂടെയായിരിക്കും. അല്ലാഹുവേ, അന്‍സ്വാറുകള്‍ക്ക് നീ കരുണ ചെയ്യേണമേ. അവരുടെ സന്തതികള്‍ക്കും അവരുടെ പുത്രന്മാര്‍ക്കും പൗത്രന്മാര്‍ക്കും നീ കരുണ ചെയ്യണേ.
ഇതുകേട്ടതോടെ അവരെല്ലാം പൊട്ടിപ്പൊട്ടിക്കരഞ്ഞു. അവരുടെ താടികളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകി. അവരൊന്നടങ്കം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങള്‍ക്കുള്ള ഓഹരിയായി ഞങ്ങള്‍ തങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു. അതോടെ അവരെല്ലാം പിരിഞ്ഞുപോയി.!ഹവാസിന്‍ ദൗത്യസംഘം ഗനീമത് സമ്പത്തെല്ലാം വിതരണം കഴിഞ്ഞശേഷം പതിനാലുപേര്‍ മുസ്ലിംകളായി ഹവാസില്‍ ഗോത്രത്തിന്റെ പ്രതിനിധികളായി തിരുസന്നിധിയില്‍ എത്തി. ഈ സംഘത്തിന്റെ നേതാവ് സുഹൈര്‍ബിന്‍ സ്വുറദ് ആയിരുന്നു. തിരുനബിﷺയുടെ മുലകുടി ബന്ധത്തിലുള്ള പിതൃവ്യന്‍ അബൂബുര്‍ഖാനും സംഘത്തിലുണ്ടാടായിരുന്നു. ഇവര്‍ ഇസ്ലാം സ്വീകരിച്ചു പ്രവാചകനുﷺമായി അനുസരണക്കരാറിലേര്‍പ്പെട്ടു. തുടര്‍ന്നവര്‍ തിരുദൂതരോﷺടാവശ്യപ്പെട്ടു. അല്ലാഹുവിന്റെ ദൂതരേﷺ, നിങ്ങള്‍ ബന്ദികളാക്കിയവരില്‍ മാതാക്കളും സഹോദരിമാരും അമ്മാവന്മാരും അമ്മായിമാരുമെല്ലാമുണ്ട്. അത് നാണക്കേടാണ്. തുടര്‍ന്നദ്ദേഹം കവിതാശകലങ്ങള്‍ ചൊല്ലി.
“ദൈവദൂതരേﷺ, ഞങ്ങളില്‍ ചൊരിയണം അവിടുത്തെ ഔദാര്യകാരുണ്യങ്ങള്‍
ഞങ്ങൾ പ്രതീക്ഷിക്കുന്നു ഞങ്ങളത് ആഗ്രഹിക്കുന്നു അങ്ങയില്‍നിന്ന്
സ്തന്യമൂട്ടിയ മാതാക്കളോട് ഔദാര്യം ചെയ്താലും തങ്ങളുടെ വായില്‍നിറഞ്ഞില്ലേ അവരുടെ മുലപ്പാല്‍ ഒരു കാലം.”
പ്രവാചകൻﷺ പറഞ്ഞു: നിങ്ങളിക്കാണുന്നതെല്ലാം എനിക്കൊപ്പമുണ്ട്. സത്യം പറയുന്നതാണ് എനിക്കേറ്റം ഇഷ്ടം. നിങ്ങളുടെ സ്ത്രീകളും സന്താനങ്ങളുമാണോ നിങ്ങള്‍ക്കേറ്റം ഇഷ്ടം? അതോ നിങ്ങളുടെ സമ്പത്തോ? കുടുംബബന്ധത്തിന് തുല്യമായി ഒന്നും തന്നെ ഞങ്ങള്‍ കാണുന്നില്ല. അവര്‍ മറുപടി പറഞ്ഞു. എന്നാല്‍, മധ്യാഹ്ന നിസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ എഴുന്നേറ്റ് ജനങ്ങളോട് പറയുക. ‘ഞങ്ങളുടെ സ്ത്രീകളേയും സന്താനങ്ങളേയും തിരിച്ചു തരാന്‍ അല്ലാഹുവിന്റെ ദൂതരുﷺടെ പേരില്‍ മുസ്ലിംകളോടും മുസ്ലിംകളുടെ പേരില്‍ അല്ലാഹുവിന്റെ ദൂതരോﷺടും ഞങ്ങള്‍ അപേക്ഷിക്കുന്നു. മധ്യാഹ്ന നിസ്കാരം കഴിഞ്ഞപാടെ അവരത് പറഞ്ഞു: അപ്പോള്‍ പ്രവാചകൻﷺ പറഞ്ഞു: ‘എനിക്കും അബ്ദുല്‍ മുത്വലിബിന്റെ സന്തതികള്‍ക്കുമുള്ളത് നിങ്ങള്‍ക്കുള്ളതാണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ജനങ്ങളോട് ചോദിക്കാം.’ അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളും പറഞ്ഞു: ‘ഞങ്ങള്‍ക്കുള്ളതെല്ലാം അല്ലാഹുവിന്റെ ദൂതർﷺക്കുള്ളതാണ്.
ഉടനെ അഖ്റഅ്ബ്നു ഹാബിസ് എഴുന്നേറ്റു പറഞ്ഞു: ഞാനും തമീംകാരും തിരിച്ചുകൊടുക്കില്ല. അപ്പോള്‍ ഉയൈയ്ന ബിന്‍ ഹിസ്വ്ന്‍ പറഞ്ഞു: ‘ഞാനും ഫസാറക്കാരും തിരിച്ചുതരില്ല.’ ഇതിനെത്തുടര്‍ന്ന് അബ്ബാസ്ബ്നു മിര്‍ദാസ് പറഞ്ഞു: ഞാനും ബനൂസുലൈമും തിരിച്ചുതരില്ല. ഇതുകേട്ട ബനൂസുലൈം പറഞ്ഞു. ഞങ്ങള്‍ക്കുള്ളത് അല്ലാഹുവിന്റെ റസൂലിﷺന് അവകാശപ്പെട്ടതാണ്. അപ്പോള്‍ അബ്ബാസ്ബിന്‍ മിര്‍ദാസ് പറഞ്ഞു: നിങ്ങളെന്നെ നിസ്സഹായനാക്കിയല്ലോ! അപ്പോള്‍ തിരുദൂതർﷺ പറഞ്ഞു: ഇവര്‍ മുസ്ലിംകളായി നമ്മുടെ അടുത്ത് വന്നവരാണ്. അവരുടെ തടവുകാരെ വിതരണം ചെയ്യാതെ ഞാന്‍ താമസിപ്പിച്ചിരുന്നു. ഇപ്പോള്‍ തടവുകാരോ സമ്പത്തോ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ ഞാനവര്‍ക്ക് അനുവാദം നല്കിയപ്പോള്‍ അവര്‍ കുടുംബ ബന്ധമാണ് തെരഞ്ഞെടുത്തത്. അതിനാല്‍ ആരുടെയെങ്കിലും കൈവശം അവരുടെ ബന്ധുക്കളുണ്ടെങ്കില്‍ സ്വമനസ്സാലെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തിരിച്ചുനൽകാന്‍ താല്പര്യമുള്ളവര്‍ നൽകുക. തന്റെ അവകാശം തനിക്കുതന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍, അവര്‍ക്ക് തിരിച്ചുനൽകുകയാണെങ്കില്‍ ഏറ്റവും ആദ്യം, നമ്മുടെയടുക്കല്‍ വരുന്ന യുദ്ധസ്വത്തില്‍ നിന്ന് ഞാനവര്‍ക്ക് ആറിരട്ടി നൽകുന്നതാണ്.
അതോടെ ജനങ്ങളെല്ലാം പറഞ്ഞു: അല്ലാഹുവിന്റെ ദൂതർﷺക്കുവേണ്ടി ഞങ്ങളെല്ലാം തൃപ്തിപ്പെട്ടിരിക്കുന്നു. പ്രവാചകൻﷺ പറഞ്ഞു: നിങ്ങളില്‍ ആരാണ് തൃപ്തിപ്പെട്ടവരെന്നും അല്ലാത്തവരെന്നും നമുക്ക് തിരിച്ചറിയില്ല. അതുകൊണ്ട് തിരിച്ചുപോയി നിങ്ങളുടെ നേതാക്കള്‍ ആ വിവരം ഇവിടെ പറയട്ടെ. അങ്ങനെ എല്ലാവരും അവരുടെ കൈവശമുള്ള സ്ത്രീകളേയും കുട്ടികളേയുമെല്ലാം തിരിച്ചുകൊടുത്തു. ഉയൈയ്ന ബിന്‍ ഹിസ്വ്ന്‍ തന്റെ കൈവശമുണ്ടായിരുന്ന ഒരു വൃദ്ധയെ തിരിച്ചുനൽകാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തിരിച്ചു നൽകുകയുണ്ടായി. തിരുദൂതർﷺ ഓരോ തടവുകാര്‍ക്കും ഈജിപ്തില്‍ നിര്‍മ്മിച്ച ഓരോ വസ്ത്രം സമ്മാനമായി നൽകി. ജിഅ്റാനയിലെ ഗനീമത് വിതരണം കഴിഞ്ഞശേഷം പ്രവാചകൻﷺ അവിടെ വെച്ച് ഉംറയ്ക്കുവേണ്ടി ഇഹ്റാം ചെയ്തു. എന്നിട്ട് ഉംറ നിര്‍വഹിച്ചു. അതിനുശേഷം മക്കയുടെ നേതൃത്വം അത്താഉബിന്‍ ഉസൈദി(റ)നെ ഏല്പ്പിച്ചു മദീനയിലേക്ക് മടങ്ങാനൊരുങ്ങി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
