
ഹുനൈനിൽ നിന്ന് നാളെ പുറപ്പെടാം എന്ന് വിളംബരം ചെയ്യാൻ ഉമറി(റ)നെ ഏൽപ്പിച്ചു. എന്നാൽ, പൊടുന്നനെയുള്ള ഈ പ്രഖ്യാപനം വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കി. കോട്ട തുറക്കാതെ നമ്മൾ പോവുകയോ എന്നായിരുന്നു അവരുടെ ആലോചന. അവരുടെ മനോഗതിയും സ്ഥിതികളുടെ ഗതികളും അറിഞ്ഞ നബിﷺ ഉപരോധം തുടരാൻ അനുവദിച്ചു. മുറിവുകൾ വകവെക്കാതെ സ്വഹാബികൾ വീണ്ടും പടക്കളത്തിലേക്ക് പോയത് കണ്ടുകൊണ്ട് തിരുനബിﷺ ചിരിച്ചു. തിരിച്ചുപോകുമ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു. ”പശ്ചാത്തപിച്ചു മടങ്ങുന്നവരും അല്ലാഹുവിനെ വണങ്ങുന്നവരും സ്തുതികളര്‍പ്പിക്കുന്നവരുമായി മടങ്ങുന്നു.” മടക്കയാത്രക്കിടയില്‍ ആരോ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, സഖീഫ്കാര്‍ക്കെതിരില്‍ പ്രാര്‍ഥിക്കണം. അവിടുന്ന് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, സഖീഫുകാരെ സന്മാര്‍ഗത്തിലാക്കി കൊണ്ടുവരേണമേ.”
ത്വാഇഫില്‍നിന്ന് മടങ്ങി പത്ത് ദിവസം യുദ്ധാര്‍ജ്ജിത സമ്പത്ത് ഓഹരിവെക്കാതെ നബിതിരുമേനിﷺ ജിഅ്റാനയില്‍ തങ്ങി. ”സഖീഫുകാര്‍ പശ്ചാത്തപിച്ച് തങ്ങളുടെ സമ്പത്തിന് പ്രതിനിധികളെ അയക്കുമെന്ന പ്രതീക്ഷയിലായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ ആരും വന്നില്ല. അങ്ങനെ അവിടുന്ന് ഗനീമത് വിഭജിച്ചു നൽകി. മക്കയിലെ ഗോത്രനായകന്മാരേയും പൗരപ്രമുഖരേയും ഇണക്കിയെടുക്കാനും അടക്കിയിരുത്താനുമായിരുന്നു അവിടുന്ന് ഗനീമതിന്റെ ഗണ്യമായ ഭാഗവും നീക്കിവെച്ചത്. അബൂസുഫിയാന് നൂറ് ഒട്ടകങ്ങളും നാല്പത് ഊഖിയ വെള്ളിയും നൽകി. അദ്ദേഹം ചോദിച്ചു. എന്റെ മകന്‍ യസീദിനൊന്നുമില്ലേ? അദ്ദേഹത്തിനും അതുപോലെ നൽകി. പിന്നീട് മകന്‍ മുആവിയക്ക് വേണ്ടി ചോദിച്ചപ്പോഴും അത്രതന്നെ നൽകി. ഹകീംബിന്‍ ഹസ്സാമിന് നൂറ് ഒട്ടകം നൽകി. വീണ്ടും അദ്ദേഹം ചോദിച്ചപ്പോള്‍ അത്രയും കൂടി നൽകി. സ്വഫ്വാന്‍ ബിന്‍ ഉമയ്യയ്ക്ക് മൂന്നുതവണയായി മുന്നൂറ് ഒട്ടകങ്ങള്‍ നൽകി. ഖാളി ഇയാളിന്റെ അശ്ശിഫാ എന്ന ഗ്രന്ഥത്തിലാണ് ഇത്രയും വിശദീകരിച്ചിട്ടുള്ളത്.
ഹാരിസ് ബ്നു അല്‍ഹാരിസ് അല്‍കിന്‍ദക്ക് നൂറൊട്ടകവും ചില ഖുറൈശീ പ്രമുഖര്‍ക്ക് നൂറുവീതവും മറ്റു ചിലര്‍ക്ക് അമ്പത്, നാല്പത് എന്ന തോതിലും ഒട്ടകങ്ങള്‍ നൽകി. അതോടെ, ദാരിദ്ര്യം ഭയക്കാതെ മുഹമ്മദ് നബിﷺ ധര്‍മം ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അങ്ങനെ ഗ്രാമീണരായ അറബികളെല്ലാം സമ്പത്തുമന്വേഷിച്ച് നബിﷺക്ക് ചുറ്റും ഓടിക്കൂടി. അവസാനം ഒരു ഈന്തമരത്തിന് സമീപത്തേക്ക് നീക്കിക്കൊണ്ടുപോയി. അവിടുത്തെ തട്ടം അതില്‍ കൊളുത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ജനങ്ങളേ എന്റെ തട്ടം എനിക്ക് തിരിച്ചു തരൂ. എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെയാണ് സത്യം! തിഹാമയിലെ ഈ മുള്‍ച്ചെടിയുടെ അത്രയും ഒട്ടകങ്ങള്‍ എന്റെ കൈവശമുണ്ടെങ്കില്‍പോലും ഞാനത് നിങ്ങള്‍ക്ക് ഓഹരിവെച്ചു തരും. പിശുക്കോ ഭീരുത്വമോ കളവു പറയുന്നതോ ആയിട്ട് നിങ്ങൾക്ക് എന്നെ കാണാനാവില്ല.”
തുടര്‍ന്നവിടുന്ന് തങ്ങളുടെ ഒട്ടകത്തിന്റെ പൂഞ്ഞയില്‍നിന്ന് ഒരുപിടി രോമം പറിച്ചെടുത്ത് സ്വന്തം വിരലുകള്‍ക്കിടയില്‍ പിടിച്ച് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രഖ്യാപിച്ചു: ”ജനങ്ങളേ, നിങ്ങളുടെ സമരാര്‍ജിത സ്വത്തിലും ഈ രോമങ്ങളിലും എനിക്കവകാശപ്പെട്ടത് അഞ്ചിലൊന്ന് മാത്രമാണ്. ആ അഞ്ചിലൊന്ന് തന്നെയും ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു.” മനസ്സിണക്കേണ്ടവര്‍ക്കെല്ലാം ഇവ്വിധം വിതരണം ചെയ്തശേഷം പ്രവാചകതിരുമേനിﷺ സൈദ്ബ്നു ഹാരിസി(റ)നെ വിളിച്ച് ബാക്കിയുള്ള സമ്പത്ത് കൊണ്ടുവരാനും ജനങ്ങളെ ക്ഷണിക്കാനും കല്പിച്ചു. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഓഹരിയിട്ടു. ഓരോ യോദ്ധാവിനും നാല് ഒട്ടകമോ നാല്പത് ആടുകളോ വീതം നൽകപ്പെട്ടു. അശ്വഭടനാണെങ്കില്‍ പന്ത്രണ്ട് ഒട്ടകങ്ങളോ നൂറ്റി ഇരുപത് ആടുകളോ നൽകപ്പെട്ടു.
ഇതൊരു തന്ത്രപ്രധാനമായ ഓഹരി ചെയ്യലായിരുന്നുവെങ്കിലും പലര്‍ക്കും ആദ്യത്തില്‍ ഇതിന്റെ രഹസ്യം മനസ്സിലായില്ല. അവര്‍ പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചു തുടങ്ങി. അബൂസഈദില്‍ ഖുദ്രി(റ)യില്‍നിന്ന് ഇബ്നു ഇസ്ഹാഖ്(റ) രേഖപ്പെടുത്തുന്നു. അല്ലാഹുവിന്റെ ദൂതര്‍ﷺ അന്‍സ്വാറുകള്‍ക്കൊന്നും നല്കാതെ എല്ലാ സമ്പാദ്യവും ഖുറൈശികള്‍ക്കും അറബ് ഗോത്രങ്ങള്‍ക്കുമിടയില്‍ വിതരണം ചെയ്തപ്പോള്‍ അന്‍സ്വാറുകള്‍ക്ക് അത് പ്രയാസമാവുകയും അവര്‍ പരസ്പരം അത് പങ്കുവെക്കുകയും ചെയ്തു. ചിലര്‍ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിന്റെ ദൂതര്‍ﷺ അവിടുത്തെ ജനതയെ പരിഗണിക്കുകയാണ് ചെയ്തത്! ഉടനെ സഅദ്ബ്നു ഉബാദ(റ) തിരുമേനിﷺയെ സമീപിച്ചു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേﷺ, അങ്ങ് ഈ സമ്പത്ത് വിതരണത്തില്‍ സ്വീകരിച്ച നിലപാട് അന്‍സ്വാറുകള്‍ക്ക് പ്രയാസമുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് അങ്ങ് ഒന്നും നൽകിയില്ലല്ലോ. മക്കത്തെ ജനതയ്ക്ക് ധാരാളമായി നൽകുകയും ചെയ്തു. തിരുമേനിﷺ ചോദിച്ചു: സഅദ്(റ) നിന്റെ നിലപാടെന്താണ്? അല്ലാഹുവിന്റെ ദൂതരേﷺ ഞാനും എന്റെ ജനങ്ങളോടൊപ്പമാണ്. എന്നാല്‍ നീ അവരെ എല്ലാം ഇവിടെ വിളിച്ചു ചേര്‍ക്കുക. സഅദ്(റ) എല്ലാ അന്‍സ്വാറുകളേയും അവിടെ സമ്മേളിപ്പിച്ചു. കൂട്ടത്തില്‍ കടന്നുവന്ന ചില മുഹാജിറുകള്‍ക്കും പ്രവേശനം നൽകി. മറ്റാര്‍ക്കും പ്രവേശനം നൽകിയില്ല. എല്ലാവരും സമ്മേളിച്ചപ്പോള്‍ സഅദ്(റ) തിരുനബിﷺയെ വിവരം അറിയിച്ചു. തിരുമേനിﷺ വന്ന് അല്ലാഹുവെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തശേഷം ഇങ്ങനെ പ്രസംഗിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
