
ഹുനൈൻ യുദ്ധത്തിന്റെ ഇടയിൽ നളീർ ബിൻ ഹാരിസിന് ഉണ്ടായ അനുഭവങ്ങൾ കൂടി നമുക്ക് വായിക്കാം. അദ്ദേഹം ഖുറൈശികളിലെ അതിബുദ്ധിമാനായിരുന്നു. അദ്ദേഹം തന്നെ പറയുന്നു. ഖുറൈശികളോടൊപ്പം ഞാനും ഹുനൈനിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഞങ്ങൾ മുശ്‌രിക്കുകളോടൊപ്പം കൂടി. ഹവാസിൻ ഗോത്രത്തിന്റെ ശക്തമായ പ്രാഥമിക ആക്രമണം മുസ്ലിം സംഘത്തെ നന്നായി പരിഭ്രമിപ്പിച്ചു. പക്ഷേ, മുഹമ്മദ് നബിﷺ ഒരു കോവർ കഴുതയുടെ പുറത്ത് സമരമുഖത്ത് തന്നെ നിലയുറപ്പിച്ചു. ചുറ്റും പ്രകാശമുഖരായ കുറെ ആളുകളും. ഞാൻ പ്രവാചകനെﷺ ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. കിട്ടിയ അവസരത്തിൽ വകവരുത്തുകയായിരുന്നു എന്റെ ലക്ഷ്യം. ഞാൻ പ്രവാചകന്റെﷺ അടുത്തേക്കെത്താനും ഒപ്പമുള്ളവർ ഉയർന്ന ശബ്ദത്തിൽ പറഞ്ഞു നിങ്ങൾ സൂക്ഷിച്ചോളൂ! അതുകേട്ടതും എന്റെ മനസ്സിൽ ഭയം നിറഞ്ഞു. എന്റെ അവയവങ്ങൾ തളർന്നതുപോലെയായി. ഞാൻ സ്വയം പറഞ്ഞു. ഇത് ബദ്റിലെ ദിവസം പോലെ ആയല്ലോ. ഇത് സത്യത്തിന്റെ വക്താവാണല്ലോ. ഈ പ്രവാചകന്ﷺ ശരിക്കും സുരക്ഷിതത്വം ലഭിക്കുന്നുണ്ടല്ലോ.
ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ടിരിക്കെ എന്റെ ഹൃദയത്തിൽ ഇസ്ലാമിന്റെ വെളിച്ചം പ്രവേശിച്ചു. പ്രവാചകനെﷺതിരെയുള്ള എന്റെ ഉദ്യമങ്ങൾ അവസാനിപ്പിച്ചു. അധികം വൈകിയില്ല. ചിതറിപ്പോയ അനുയായികൾ മുഴുവനും തിരിച്ചുവന്നു. അൻസ്വാരികൾ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഓട്ടത്തിനു ശേഷമുള്ള മടക്കം. അല്ലയോ ഖസ്റജ്കാരേ നിങ്ങളും വരൂ. അല്ലാഹു അറിയിച്ചാൽ അല്ലാതെ ആർക്കും എത്തിപ്പെടാൻ ആവാത്ത വിധം വന്യമായ ഒരു സ്ഥലത്ത് ഒരു മരച്ചുവട്ടിൽ ഞാൻ കഴിഞ്ഞു കൂടി. ദിവസങ്ങൾ ഞാൻ അവിടെ കഴിഞ്ഞെങ്കിലും എന്റെ ഹൃദയത്തിൽ നിന്ന് ഭയം വിട്ടു മാറിയില്ല. നബിﷺ ത്വാഇഫിലേക്ക് മടങ്ങി. കുറച്ചുദിവസം അവിടെ കഴിച്ചുകൂട്ടി. ശേഷം ജഇർറാനയിലേക്ക് പോയി. അവിടെയെത്തി നബിﷺയെ കണ്ടുമുട്ടിയാലോ എന്ന് ഞാൻ ആലോചിച്ചു. നിങ്ങളോടൊപ്പം ചേർന്ന് അവർ ചെയ്യുന്ന കർമ്മങ്ങളിൽ വ്യാപൃതനായാലോ എന്ന് ചിന്തിച്ചു.
അറബികളും അനറബികളും പ്രവാചകനെﷺ അംഗീകരിച്ചു കൊണ്ടിരിക്കുകയാണ്. നാൾക്കുനാൾ വിശ്വാസികളുടെ അംഗബലം വർദ്ധിക്കുന്നു. മുഹമ്മദ് നബിﷺയുടെ പ്രതാപം നമുക്കും കൂടിയുള്ളതാണ്. അവിടുന്നു ലഭിക്കുന്ന അംഗീകാരങ്ങൾ നമുക്ക് കൂടിയുള്ളതാണ്. ഞാൻ ആലോചിച്ചു. ഞാനങ്ങനെ പ്രവാചക സന്നിധിയിൽ എത്തിച്ചേർന്നു. പരിസരത്തേക്ക് എത്തിയതും അവിടുന്ന് വിളിച്ചു ചോദിച്ചു. നളീറല്ലേ വരുന്നത്?ഞാൻ പറഞ്ഞു, അതെ. നിങ്ങൾ ഹുനൈൻ യുദ്ധക്കളത്തിൽ വച്ച് ഉദ്ദേശിച്ചതിനേക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ടത് ഇതാണ്. അല്ലാഹുവാണ് എന്റെയും നിങ്ങളുടെയും ഇടയിൽ തടസ്സം സൃഷ്ടിച്ചത്. അപ്പോഴേക്കും അതിവേഗം ഞാൻ പ്രവാചകന്റെﷺ അടുത്തേക്ക് ചെന്നു.
നിങ്ങൾ കാണാതെ പോയത് കാണാൻ പറ്റുന്ന നല്ല സമയമാണിത്. ചിന്തിക്കാതെ പോയത് ചിന്തിക്കാനും തിരിച്ചറിയാനുമുള്ള നേരമാണിത്. പ്രവാചകൻﷺ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു. അല്ലാഹുവിനൊപ്പം മറ്റേതെങ്കിലും ദൈവങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവർ ഞങ്ങളെ സഹായിക്കേണ്ട സമയം അധികരിച്ച് കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ തിരുദൂതരാണെന്നും ഞാനിതാ വിശ്വസിച്ചു പ്രഖ്യാപിക്കുന്നു. നളീർ ഔദ്യോഗികമായി ഇസ്ലാമിലേക്ക് പ്രവേശിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിന്റെ നിലപാടിൽ നീ ഉറപ്പു നൽകേണമേ എന്ന് പ്രവാചകൻﷺ പ്രാർത്ഥിച്ചനുഗ്രഹിച്ചു. യാഥാർത്ഥ്യത്തെ തിരിച്ചറിയാനുള്ള ഉൾക്കാഴ്ച ഇദ്ദേഹത്തിന് നൽകേണമേ എന്ന് കൂട്ടിച്ചേർത്തു.
വധിക്കാൻ ഒരുങ്ങി വന്നവനെ വശത്തിനൊത്ത് കിട്ടിയിട്ടും ഒരു വാക്കു കൊണ്ടു പോലും പ്രതികാരം തീർക്കാൻ ശ്രമിക്കാത്ത പുണ്യ നബിﷺയെ എങ്ങനെയാണ് വായിക്കേണ്ടത്. ഒരാൾ നേർവഴിയിലേക്ക് വരുന്നതോടെ അയാളോടുള്ള എല്ലാ നടപടികളിലും അല്ലാഹുവിന്റെ പ്രീതി മാത്രം പരിഗണിക്കാൻ പ്രവാചകർﷺക്ക് സാധിച്ചു. സ്വാർത്ഥമായ എന്തെങ്കിലും താല്പര്യങ്ങളോ സ്വന്തത്തെ എതിർത്തവരോടുള്ള എന്തെങ്കിലും പ്രതികാരമോ ജീവിതത്തിൽ ഉണ്ടായിരുന്നതേ ഇല്ല.
ഇസ്ലാം എങ്ങനെ പ്രചാരം നേടിയെന്നും, പ്രവാചകൻﷺ ഇത്രമേൽ സ്വീകാര്യത സമ്പാദിച്ചത് എങ്ങനെയാണെന്നും ചരിത്രത്തിൽ നിന്ന് കൃത്യമായി വായിക്കാൻ പഠിതാക്കൾ തയ്യാറാവണം. വർത്തമാനകാലത്ത് മീഡിയകളും തല്പരകക്ഷികളും തീർത്ത പുകമറയ്ക്കുള്ളിൽ നിന്ന് പ്രവാചകനെﷺ വായിക്കാനൊരുങ്ങാതെ ശരിയായ പ്രമാണങ്ങളിൽ നിന്ന് വായിച്ചറിയാൻ അനുവാചകർക്ക് സാധിക്കണം. പ്രവാചക ചരിത്രത്തെ നിഷ്പക്ഷമായി സമീപിച്ച് ആധികാരിക രചനകളിൽ നിന്ന് ആ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
