
ഹുനൈൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ സ്വഹാബികൾ പലവഴിക്കും തിരിഞ്ഞതിനെ തുടർന്ന് രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ച് അബൂ ബഷീർ(റ) പറഞ്ഞതായി മുഹമ്മദ് ബിൻ ഉമർ(റ) ഉദ്ധരിക്കുന്നു. പ്രഭാത നിസ്ക്കാരാനന്തരം ഞങ്ങൾ നബിﷺയോടൊപ്പം കൂടി. ശത്രുക്കളുടെയും നമ്മുടെയും അണികൾ തമ്മിൽ കൂടി കലർന്നു. സൂര്യൻ തെളിഞ്ഞു വരാനാവുന്നതേയുള്ളൂ. ഞാനന്ന് പ്രായം കുറഞ്ഞ ഒരു യുവാവാണ്. നബിﷺ നേരിട്ട് മുന്നിൽ നിന്നുകൊണ്ടാണ് യുദ്ധം നയിക്കുന്നത് എന്നെനിക്ക് മനസ്സിലായി. ഞാനവിടെ നിന്നുകൊണ്ട് വിളിച്ചു. അല്ലയോ അൻസ്വാറുകളെ… എന്റെ ഉമ്മയും ഉപ്പയും തിരുനബിﷺക്ക് ദണ്ഡമാണ്. നിങ്ങൾ നബിﷺയെ വിട്ട് എങ്ങോട്ടാണ് പോകുന്നത്. എന്റെ ശബ്ദം കേട്ട് പലരും നബിﷺയുടെ ഭാഗത്തേക്ക് വന്നു. പ്രവാചകന്റെﷺ രക്ഷയെ കുറിച്ചുള്ള ആലോചനയല്ലാതെ എനിക്ക് ധൈര്യം പകരാൻ മറ്റൊന്നുമുണ്ടായിരുന്നില്ല. നബിﷺയും അവിടുന്ന് അൻസ്വാറുകളെ വിളിക്കുന്നുണ്ട്. ഞാൻ അവിടുത്തെ വാഹനത്തിന്റെ പിന്നിലെത്തി. പ്രവാചകരുﷺടെ ചാരത്തേക്ക് എത്തിച്ചേർന്ന അൻസ്വാരികൾ ഒരു സംഘമായി മാറി. നബിﷺയുടെ ചുറ്റും വലയം തീർത്ത് ശത്രുപാളയത്തിലേക്ക് തുളച്ചു കയറി. അവരെ ശക്തമായി പിന്നോട്ട് പായിക്കുകയും അവർ താഴ്വരയിൽ പലഭാഗത്തേക്കായി ചിതറി മാറുകയും ചെയ്തു. അതോടെ നബിﷺ അവിടുത്തേക്ക് തയ്യാറാക്കിയ കുടിലിലേക്ക് വന്നുചേർന്നു. ആ കുടിലിൽ നബിﷺയുടെ പത്നിമാരായ ഉമ്മു സലമ(റ)യും മൈമൂന(റ)യും ഉണ്ടായിരുന്നു. സ്വഹാബികളിൽ നിന്ന് ഒരു സംഘം നബിﷺയുടെ ടെന്റിന്റെ ചുറ്റും പാറാവുകാരായി നിന്നു. ഉബ്ബാദുബിനു ബിഷർ(റ), അബൂനാഇല(റ), മുഹമ്മദ് ബിൻ മസ്ലമ(റ) എന്നിവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇബ്നു ഉക്ബ(റ) പറയുന്നു. ഈ സമയത്ത് സഫുവാൻ ബിനു ഉമയ്യയുടെ അടുത്തുകൂടി ഒരാൾ കടന്നുപോയി. അയാൾ പറഞ്ഞു. മുഹമ്മദു നബിﷺയും സംഘവും പരാജയപ്പെട്ടിരിക്കുന്നു. ഒരിക്കലും മടങ്ങി വരാത്ത വിധം അവർ വിരണ്ടോടിയിരിക്കുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു അഅ്റാബികൾ ജയിച്ചു എന്നാണോ നിങ്ങൾ പറയുന്നത്. അവരുടെ ഒരു നേതാവിനെക്കാൾ എനിക്ക് മെച്ചപ്പെട്ടത് ഖുറൈശികളിലെ ഒരു നേതാവാണ്. ദേഷ്യം പിടിച്ച സഫുവാൻ പരിചാരകനോട് പറഞ്ഞു. മുന്നേറിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ സൂചനാവാക്യം അഥവാ സൈനികർ തമ്മിൽ ഉപയോഗിക്കുന്ന കോഡ് വാക്ക് എന്താണെന്ന് ഒന്ന് ശ്രദ്ധിച്ചിട്ട് വരൂ. പരിചാരകൻ പോയിട്ട് മടങ്ങിവന്നു. യാ ബനീ അബ്ദുറഹ്മാൻ, യാബനീ അബ്ദുല്ല, യാ ബനീ ഉബൈദില്ലാഹ് എന്നീ വാചകങ്ങളാണ് അവർ പരസ്പരം ഉപയോഗിക്കുന്നത്. ഇത് കേട്ടതും സഫുവാൻ പറഞ്ഞു. ഇത് മുസ്ലിങ്ങൾ പരസ്പരം ഉപയോഗിക്കുന്ന സൂചനാ വാക്യങ്ങളാണ്. അപ്പോൾ മുന്നേറുന്നത് പ്രവാചകനുംﷺ അനുയായികളും തന്നെയാണല്ലോ.
മുഹമ്മദ് ബിൻ ഉമർ(റ) നിവേദനം ചെയ്യുന്നു. അബൂബക്കതാദ(റ) പറഞ്ഞുവത്രേ. മുസ്ലിം സൈന്യത്തിൽ നിന്ന് ആവേശം മൂത്ത ചില ആളുകൾ ആദ്യഘട്ടത്തിൽ നേരിട്ട പരാജയത്തെ തുടർന്ന് പിന്തിരിഞ്ഞോടി. ഒരു രാവും പകലും പിന്നിട്ട് മക്കയിലെത്തി. മുഹമ്മദ് നബിﷺക്കും അനുയായികൾക്കും പരാജയം നേരിട്ടു എന്ന് മക്കയിലുള്ളവരോട് പറഞ്ഞു. അപ്പോൾ മക്കയിൽ ഉണ്ടായിരുന്ന മുആദ് ബിൻ ജബലി(റ)നു വളരെയേറെ ദുഃഖമായി. എന്നാൽ ശത്രുക്കളിൽ നിന്ന് പലർക്കും ഇത് വലിയ സന്തോഷമായി. അവർ ആക്ഷേപ വർഷം ആരംഭിച്ചു. അതുകേട്ട് ചിലർ പറയാൻ തുടങ്ങി. ഇനി അറബികൾ അവരുടെ പൂർവ പിതാക്കളുടെ വിശ്വാസങ്ങളിലേക്ക് തന്നെ മടങ്ങിയെത്തും. മുഹമ്മദ് നബിﷺ വധിക്കപ്പെടുകയും അനുയായികൾ ചിന്നഭിന്നമാവുകയും ചെയ്തിരിക്കുന്നു. ഇതുകേട്ട് അത്താബ് ബിൻ ഉസൈദ്(റ) പറഞ്ഞു. മുഹമ്മദ് നബിﷺ വധിക്കപ്പെട്ടാലും മുഹമ്മദ് നബിﷺ ആരാധിച്ചു കൊണ്ടിരുന്ന അല്ലാഹു എന്നും ജീവനുള്ളവൻ തന്നെയാണ്. അങ്ങനെ ചർച്ചകളും വർത്തമാനങ്ങളും തുടരുവെയാണ് നബിﷺയുടെ മുന്നേറ്റത്തെ കുറിച്ചുള്ള വാർത്തകൾ വൈകുന്നേരം മക്കയിലെത്തിയത്. അതുകേട്ട് മുആദ്(റ) സന്തോഷിച്ചു. അത്താദ്(റ) ആനന്ദത്തിലായി. വിശ്വാസികൾ ആഘോഷമാരംഭിച്ചു. കിട്ടിയ അവസരത്തിൽ ഇസ്ലാമിനും പ്രവാചകനുﷺമെതിരെ സംസാരിച്ചവർ ഇളിഭ്യരായി.
പ്രവാചകനുംﷺ അനുയായികളും മുന്നേറുന്ന വാർത്ത അറിഞ്ഞപ്പോൾ നേരത്തെ പരിഭ്രമിച്ച് പിന്തിരിഞ്ഞവർ തിരികെ വന്ന് നബിﷺയോടൊപ്പം ചേർന്നു.
ഇതിനിടയിൽ ശൈബത്ത് ബിൻ ഉസ്മാനിനുണ്ടായ ഒരു അനുഭവം ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ശൈബ പറയുന്നു. നബിﷺയുടെ മക്ക വിജയവേളയിൽ ഞാനൊരു തീരുമാനമെടുത്തു. എങ്ങനെയെങ്കിലും മുഹമ്മദ് നബിﷺയോടെനിക്ക് പ്രതികാരം വീട്ടണം. കഴിഞ്ഞ യുദ്ധങ്ങളിൽ എന്റെ ഉപ്പയെ ഹംസ(റ)യും എളാപ്പയെ അലി(റ)യും വധിച്ചു കളഞ്ഞ രംഗങ്ങൾ എനിക്ക് ഓർമ്മ വന്നു. ലോകത്തുള്ള അനറബികളും അറബികളും മുഴുവൻ മുഹമ്മദ് നബിﷺയെ വിശ്വസിച്ചാലും ഞാൻ വിശ്വസിക്കില്ല. ഏതായാലും ഹുനൈനിലേക്ക് പോകാം. മുഹമ്മദ് നബിﷺയുടെ പിന്നിൽ തന്നെ കൂടി കിട്ടുന്ന അവസരത്തിൽ എന്റെ ലക്ഷ്യം സാധിച്ചെടുക്കാം. ഞാൻ പടക്കളത്തിലേക്ക് ചെന്നു. ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുകയാണ്. പ്രവാചകൻﷺ അവിടുത്തെ കോവർകഴുതയുടെ മുകളിൽ നിന്നിറങ്ങി. കിട്ടിയ അവസരമെന്ന് കരുതി ഞാനടുത്തേക്ക് ചെന്നു. എന്റെ ഉദ്ദേശം മനസ്സിലുറപ്പിച്ച് വാളും തയ്യാർ ചെയ്തു കയ്യിൽ പിടിച്ചു. മറ്റൊരു നിവേദന പ്രകാരം അദ്ദേഹം പറയുന്നതിങ്ങനെയാണ്. പ്രവാചകരുﷺടെ അനുയായികൾ പലവഴിക്കും തിരിഞ്ഞപ്പോൾ ആയുധവുമേന്തി ഞാനടുത്തേക്ക് ചെന്നു. വലതുഭാഗത്ത് കൂടി പ്രവാചകനെﷺ നേരിടാമെന്ന് കരുതിയപ്പോൾ അതാ വെളുത്ത പടയങ്കിയും ധരിച്ച് അബ്ബാസ്(റ) അടുത്തു നിൽക്കുന്നു. ഇടതുഭാഗത്ത് കൂടി കാര്യം നിർവഹിക്കാമെന്ന് വിചാരിച്ചപ്പോൾ അബൂ സൂഫിയാൻ ബിൻ ഹാരിസ്(റ) അടുത്തുനിൽക്കുന്നു. അങ്ങനെ ഞാൻ പിൻഭാഗത്തേക്ക് വന്നു. ഇനി വാളൂരി പ്രയോഗിക്കേണ്ടത് മാത്രമേ ഉള്ളൂ. അപ്പോഴതാ എന്റെയും പ്രവാചകന്റെﷺയും ഇടയിൽ നിന്നു ഒരു കനൽ കൊള്ളി മിന്നി വന്നു. ഒരു മിന്നൽ പിണർ പോലെ എന്റെ നേരെ ആഞ്ഞടിച്ചു. എന്റെ കൈകൾ കൊണ്ട് ഞാൻ തന്നെ കണ്ണുപൊത്തി രക്ഷപ്പെടാൻ നോക്കി. ഞാൻ പരിഭ്രമിച്ച് അട്ടഹസിച്ചു പിൻ വാങ്ങി. പ്രവാചകൻﷺ സംരക്ഷിതനാണെന്ന് എനിക്ക് ബോധ്യമായി. അപ്പോഴേക്കും അവിടുന്ന് എന്നെ തിരിഞ്ഞുനോക്കി. അവിടുത്ത തിരു കരങ്ങൾ എന്റെ മാറിടത്തിലേക്ക് ചേർത്ത് വച്ചു. എന്നിട്ടിങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിൽ നിന്ന് പൈശാചികതയെ നീ നീക്കേണമേ. ഞാൻ ശിരസ്സുയർത്തി നോക്കിയപ്പോൾ പ്രവാചകന്റെﷺ മുഖത്തേക്ക് കണ്ണുകൾ പതിഞ്ഞു. ആ നിമിഷം മുതൽ ലോകത്തെനിക്കേറ്റവും പ്രിയപ്പെട്ടത് തിരുനബിﷺയായി മാറി. എന്റെ കാഴ്ചയെക്കാളും കേൾവിയെക്കാളും ഹൃദയത്തെക്കാളും ഞാനിഷ്ടപ്പെട്ടു പോയി. അവിടുന്നെന്നോട് പറഞ്ഞു. നിങ്ങൾ സത്യനിഷേധികൾക്കെതിരെ യുദ്ധം ചെയ്യൂ. ഏതായാലും യുദ്ധമെല്ലാം കഴിഞ്ഞ് ഞാൻ പ്രവാചകരുﷺടെ വീട്ടിൽ ചെന്നു. എന്നിട്ട് അവിടെവച്ച് ഇങ്ങനെ പറഞ്ഞു. ഞാൻ ഉദ്ദേശിച്ചതിനെക്കാൾ നല്ലത് തങ്ങൾക്കു വേണ്ടി നിശ്ചയിച്ച അല്ലാഹുവിനാണ് നന്ദി. ശേഷം, ഞാൻ കാര്യങ്ങളൊക്കെ നബിﷺയോട് പങ്കുവെച്ചു.
നോക്കൂ, ഈ സംഭവത്തിൽ നിന്ന് തന്നെ എന്തെല്ലാം കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. പ്രവാചകരുﷺടെ ഔദാര്യവും വിട്ടുവീഴ്ചയും. അവിടുത്തേക്ക് അല്ലാഹു നൽകിയ സംരക്ഷണവും സുരക്ഷിതത്വവും. എത്ര ക്രൂരമായി വധിക്കാൻ വന്ന ആളോടും തിരുനബിﷺ കാണിച്ച ഗുണകാംക്ഷ. ഈ ചരിത്ര അധ്യായങ്ങളെയൊക്കെ എത്ര ഉജ്ജ്വലമായാണ് നാം ലോകത്തോട് വിളിച്ചു പറയേണ്ടത്. എത്ര മനോഹരമായിട്ടാണ് ആലേഖനം ചെയ്യേണ്ടത്. ഈ പ്രവാചക വ്യക്തിത്വത്തെ അംഗീകരിക്കുന്നവർ എത്ര വലിയ സൗഭാഗ്യവാന്മാർ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
