Tweet 497

    Tweet 497
    October 24, 2023 • Tuesday
    Post Header

    നബിﷺയുടെ പിതൃ സഹോദരൻ കൂടിയായ അബ്ബാസ്(റ) ഹുനൈനിലെ അനുഭവം വിവരിക്കുന്നു. അന്നു ഞാൻ നബിﷺയോടൊപ്പമുണ്ടായിരുന്നു. ഞാനും അബൂസുഫിയാൻ ബിൻ ഹാരിസും(റ) നബിﷺയുടെ സമീപത്തു തന്നെ നിന്നു. അവിടുന്ന് വെളുത്ത ഒരു കോവർ കഴുതയുടെ മേൽ സമരരംഗത്ത് നിലയുറപ്പിച്ചു. ഫർവത്തു ബിൻ നുഫാഅ അൽ ജൂസാമി എന്നവർ സമ്മാനമായി നബിﷺക്കു നൽകിയതായിരുന്നു ആ വാഹനം. ആദ്യഘട്ടത്തിൽ മുസ്ലിംകൾക്കേറ്റ ആഘാതംമൂലം പലരും പലവഴിക്കും ചിതറിപ്പോയി. പക്ഷേ, തിരുനബിﷺ സമരമുഖത്ത് ധൈര്യപൂർവം നിലകൊണ്ടു. ഞാനായിരുന്നു അവിടുത്തെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത്. നബിﷺ ശത്രുവലയത്തിന്റെ ഉള്ളിൽ പെടാതിരിക്കാൻ ഞാൻ കഴിവതും പരിശ്രമിച്ചു. ഇടയ്ക്കിടെ അബൂസുഫിയാൻ ബിനു ഹാരിസും(റ) നബിﷺയുടെ വാഹനത്തെ നിയന്ത്രിക്കാനുണ്ടായിരുന്നു. വാഹനത്തിന്മേലിരുന്ന് നബിﷺ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. “അല്ലാഹുവേ നീ എനിക്ക് വാഗ്ദാനം ചെയ്തത് നൽകേണമേ! അല്ലാഹുവേ നിശ്ചയമായും ഈ നീക്കത്തിൽ ഞങ്ങൾക്ക് ജയിച്ചേ പറ്റൂ.” എന്നിട്ട് നബിﷺ എന്നോട് പറഞ്ഞു. അല്ലയോ അൻസ്വാരികളേ, അല്ലയോ അൽ ബഖറ അധ്യായത്തിന്റെ ആളുകളേ, അല്ലയോ സമുറയുടെ ആളുകളേ എന്ന് നിങ്ങൾ സ്വഹാബികളെ വിളിക്കുക. എന്റെ ശബ്ദം സ്വദവേ ഉയർന്നതായിരുന്നു. ഞാൻ അങ്ങനെ വിളംബരം ചെയ്തപ്പോൾ. കുഞ്ഞുങ്ങളുടെ ഭാഗത്തേക്ക് തള്ള ഒട്ടകവും തള്ളപശുവും വന്നുചേരുന്നത് പോലെ അൻസ്വാരികൾ പല ഭാഗത്തുനിന്നുമായി ഒത്തുകൂടി.
    നബിﷺയുടെ ധീരമായ നിലപാട് മുസ്ലിംകളെ വിജയത്തിലേക്ക് നയിച്ചു. അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. പ്രവാചകൻﷺ അന്നേദിവസം ഒരുപിടി വെളുത്ത ചരൽ കല്ലുകൾ കയ്യിലെടുത്തു. എന്നിട്ട് ശത്രുപക്ഷത്തിനു നേരെ എറിഞ്ഞു. “കഅ്ബയുടെ അധിപനായ പടച്ചവനെ, ഇതുകൊണ്ട് ശത്രുക്കളെ നീ പരാജയപ്പെടുത്തേണമേ!” നബിﷺയുടെ ദുൽദുൽ എന്ന പേരുള്ള വാഹനത്തിന്മേലിൽ നിന്ന് ഖുർആൻ ശകലങ്ങൾ പാരായണം ചെയ്തുകൊണ്ടുള്ള ഇത്തരം പ്രയോഗങ്ങൾ ശത്രുക്കളെ വല്ലാതെ പരിഭ്രമിപ്പിച്ചു. അമ്പുകളുടെയോ കുന്തങ്ങളുടെയോ പ്രയോഗം ഇല്ലാതെതന്നെ ശത്രുക്കൾ പിന്തിരിഞ്ഞോടാൻ തുടങ്ങി. മുകൗഖിസ് രാജാവ് സമ്മാനമായി നൽകിയ വാഹനമായിരുന്നുവത്രെ ദുൽദുൽ. ശൈബത്തു ബിനു ഉസ്മാൻ(റ) പറഞ്ഞതായി ഇബ്നു അസാക്കിർ(റ) നിവേദനം ചെയ്യുന്നു. വാഹനപ്പുറത്ത് ഇരുന്നുകൊണ്ട് നബിﷺ അബ്ബാസി(റ)നെ വിളിച്ചു. ഒരുപിടി ചരൽക്കല്ലു കൊണ്ടുവരാൻ പറഞ്ഞു. വാഹനം ഇത് മനസ്സിലാക്കിയത് പോലെ മുട്ടുകുത്തി ഭൂമിയിലേക്ക് ഇരുന്നു കൊടുത്തു. അപ്പോൾ നബിﷺ തന്നെ നേരിട്ട് ചരൽക്കല്ലുകൾ കയ്യിലെടുത്തു. ‘ശാഹത്തിൽ വുജൂഹു…. വഹും ലാ യുൻസറൂൻ’ എന്ന മന്ത്രം ചൊല്ലി ശത്രുപക്ഷത്തേക്ക് വലിച്ചെറിഞ്ഞു. ശത്രുക്കൾ സഹായിക്കപ്പെടുകയില്ല, അവർ പരാജിതരായിരിക്കുന്നു എന്ന ധ്വനിയാണ് നബിﷺയുടെ മന്ത്രത്തിൽ ഉണ്ടായിരുന്നത്. ശത്രുക്കൾക്കിടയിൽ പരസ്പരം അവർ നോക്കി. എല്ലാവർക്കും കണ്ണിൽ എന്തോ ഒന്ന് സംഭവിച്ചത് പോലെ. എല്ലാവരും കണ്ണ് തടവാൻ തുടങ്ങി. മറ്റൊരു നിവേദന പ്രകാരം മണൽത്തരികൾ ആയിരുന്നു പ്രവാചകർﷺ കയ്യിലെടുക്കുകയും ശത്രുക്കൾക്ക് നേരെ എറിയുകയും ചെയ്തത്. അതവരുടെ കണ്ണുകളിൽ പതിക്കുകയും അവർ പരാജയം സമ്മതിച്ചു പിന്നോട്ടു മാറുകയും ചെയ്തു.
    അന്നത്തെ ഒരു അനുഭവം അംറ് ബിൻ സുഫിയാൻ പറയുകയാണ്. പ്രവാചകൻﷺ ഒരുപിടി മണ്ണ് വാരി ഞങ്ങൾക്ക് നേരെ എറിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങൾ പിന്തിരിഞ്ഞു ഓടാൻ തുടങ്ങി. പരിസരത്തുള്ള ഓരോ കല്ലും മരവും ഞങ്ങളെ തേടിക്കൊണ്ടിരിക്കുന്ന അശ്വ ഭടന്മാരാണ് എന്ന തോന്നൽ ഞങ്ങൾക്ക് ഉണ്ടായി. ബദ്റിൽ പ്രാർത്ഥിച്ചത് പോലെ പ്രവാചകൻﷺ ഹുനൈനിലും പ്രാർത്ഥിച്ചു. അല്ലാഹുവേ ഇവിടെ ഞങ്ങൾ പരാജയപ്പെട്ടാൽ ഈ ഭൂമിയിൽ നിന്നെ ആരാധിക്കുന്നവർ ഉണ്ടാകില്ലല്ലോ!
    അലി(റ) ധീരമായ ചുവടുകൾ വച്ചു. ശക്തമായ മുന്നേറ്റങ്ങൾ കാഴ്ചവച്ചു. ശത്രുക്കളെ ഭയക്കാതെയുള്ള അലി(റ)യുടെ ഇടപെടൽ മറ്റുള്ള വിശ്വാസികൾക്ക് ചെറുതല്ലാത്ത ധൈര്യമാണ് പകർന്നു നൽകിയത്. സ്വഹാബികൾ പ്രത്യക്ഷ ഭടന്മാരായും മലക്കുകൾ ആത്മീയ സൈന്യമായും ഹുനൈനിൽ നബിﷺക്കൊപ്പം ഉണ്ടായി. മലക്കുകളുടെ ഇടപെടലാണ് നമുക്കിനി വായിക്കാനുള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...