
പ്രവാചകൻﷺ ഉയർത്തിപ്പിടിച്ച ചില മൂല്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു അധ്യായമാണിത്. അൻസ്വാരികളും മുഹാജിറുകളുമായി വലിയൊരു ജനസഞ്ചയം ഒപ്പമുണ്ടെന്ന് വന്നപ്പോൾ സ്വഹാബികളിൽ ചിലർക്ക് അംഗബലത്തെ കുറിച്ച് ഒരു അമിത പ്രതീക്ഷയുണ്ടായി. ഏതായാലും ഇന്ന് നമ്മൾ പരാജയപ്പെടുകയില്ല, നമ്മൾ ജയിച്ചടക്കുക തന്നെ ചെയ്യും. ഇങ്ങനെ ഒരു സംഭാഷണവും വിചാരവും അവർക്കിടയിൽ പരന്നു. ഈയൊരു പരാമർശം ആരാണ് ആദ്യം നടത്തിയത് എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്.
ശത്രുവിന്റെ അംഗബലവും ഒപ്പമുള്ള ആളുകളുടെ വലിപ്പവും തിരിച്ചറിയുമ്പോൾ സ്വാഭാവികമായും ഒരു മനുഷ്യനിൽ ഉണ്ടാകാവുന്ന വിചാരം മാത്രമാണിത്. എന്നാൽ മതത്തിനും വിശ്വാസത്തിനും അടിസ്ഥാന മൂല്യങ്ങളുണ്ട്. പ്രവാചകൻﷺ പടക്കളത്തിലേക്ക് വന്നത് സാമ്രാജ്യ വികാസത്തിനു വേണ്ടിയോ, അധികാര സംസ്ഥാപനത്തിനു വേണ്ടിയോ, സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല. മറിച്ച്, സത്യവിശ്വാസത്തെയും മൂല്യങ്ങളെയും സ്ഥാപിക്കാൻ വേണ്ടി മാത്രമായിരുന്നു. ഓരോ നീക്കങ്ങളും അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു.
ആത്മീയതയിലും വിശ്വാസത്തിലും ഏറ്റവും പ്രധാനം മനോഗതിയാണ്, അല്ലെങ്കിൽ ഉദ്ദേശശുദ്ധിയാണ്. സ്വയം കരുത്തും കായികവും പ്രദർശിപ്പിക്കാൻ വേണ്ടി പോലും ഒരു പോരാളിയും പടക്കളത്തിൽ ഉണ്ടാവരുത് എന്നതാണ് ഇസ്ലാമിന്റെ വീക്ഷണം. മറിച്ച്, വിശ്വാസത്തെ ഉയർത്തിപ്പിടിക്കാനും അല്ലാഹുവിലുള്ള വിശ്വാസത്തെ ഉയർത്തി കാണിക്കാനും വേണ്ടിയായിരിക്കണം. ഇത്തരമൊരു അടിസ്ഥാന ശിലയിൽ പാകപ്പെടുത്തിയ സമൂഹത്തിൽ ഏതൊരു വേറിട്ട വിചാരങ്ങൾക്കും പ്രാധാന്യമുണ്ട്. ഏതായാലും അംഗബലത്തിൽ അമിത വിജയം പ്രതീക്ഷിച്ചു മുന്നോട്ടു നീങ്ങിയ പ്രവാചകാനുയായികൾക്ക് ഹുനൈനിലെ ആദ്യഘട്ടത്തിൽ പരാജയം നേരിടേണ്ടി വന്നു. ഹവാസിൻ ഒറ്റ ശക്തിയായി ആഞ്ഞടിച്ചപ്പോൾ സ്വഹാബികൾ പലവഴിക്ക് ചിതറിപ്പോയി. അപ്പോൾ തന്നെ അവർ അവർക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞു. അവരിൽ ചിലയാളുകൾ പ്രവാചക സവിധത്തിലേക്ക് വന്നു. തങ്ങൾ മുന്നിൽ നിന്നാൽ ഞങ്ങൾ ഒപ്പമുണ്ട് എന്നവർ നബിﷺയോട് പറഞ്ഞു. സ്വഹാബികൾ നേരിട്ട ഈ രംഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ഒൻപതാം അധ്യായം ഇരുപത്തി അഞ്ചാം സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹു നിങ്ങളെ നിരവധി സന്ദർഭങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ അമിത പ്രതീക്ഷയിലാക്കി. എന്നാല്‍, ആ അംഗബലം നിങ്ങൾക്കൊട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങൾക്കു തോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.”
പ്രവാചകരുﷺടെ നേതൃഗുണത്തിന്റെ ഉന്നത പ്രകാശനമായിരുന്നു പിന്നീട് ഹുനൈനിൽ കണ്ടത്. അനുയായികൾ മുഴുവൻ പരിഭ്രമിച്ചപ്പോൾ പ്രവാചകൻﷺ സധൈര്യം മുന്നോട്ട് നീങ്ങി. ഞാൻ സത്യപ്രവാചകനാﷺണെന്നും അബ്ദുൽ മുത്തലിബിന്റെ മകനാണെന്നും പ്രഖ്യാപിച്ചുകൊണ്ട് മുൻനിരയിലേക്ക് വന്നു. അപ്പോൾ ചിതറി ഓടികൊണ്ടിരുന്ന സ്വഹാബികൾക്ക് ആത്മവിശ്വാസം ലഭിച്ചു.
പ്രവാചകൻﷺ പടക്കളത്തിന് മുൻനിരയിൽ നിന്ന് പൊരുതി.
അനുയായികൾക്കൊപ്പം പടക്കളത്തിൽ നേരിട്ട് ഇറങ്ങുന്ന ഈ ഒരു നേതാവിനെ എങ്ങനെയാണ് വായിക്കേണ്ടത്. ലോകത്തുള്ള ഏത് പടക്കളത്തിലാണ് അംഗബലം കൊണ്ട് ആത്മവിശ്വാസം വളർത്തുകയും അതിന്മേൽ അഹന്ത കാണിക്കാൻ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യാത്തത്.
ഭൗതികമായ മാനങ്ങൾക്കും ലക്ഷ്യങ്ങൾക്കുമപ്പുറമുള്ള ആത്മീകമായ ചില മാനങ്ങളെയാണ് പ്രവാചകൻﷺ മുന്നിൽ കണ്ടിരുന്നത് എന്ന് മനസ്സിലാക്കാൻ ഇത് മാത്രം മതി. അനുയായികളെയും ആ ആത്മീയ വിചാരത്തിൽ തന്നെ വളർത്തിക്കൊണ്ടുവന്നു. പർവതം കണക്കെ സ്വർണ്ണം എന്റെ കയ്യിൽ വന്നാലും കടം വീട്ടാൻ വല്ലതുമുണ്ടെങ്കിൽ അതുമാത്രം കരുതി ബാക്കിയെല്ലാം വൈകുന്നേരത്തിന് ദാനം ചെയ്തു തീർക്കുമെന്ന് പ്രസ്താവിച്ച പ്രവാചകരെﷺയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. അനുയായികൾക്കൊപ്പം കിടങ്ങു കീറുകയും വിശപ്പ് അനുഭവിക്കുകയും പോർക്കളത്തിൽ ചേർന്നുനിൽക്കുകയും ചെയ്ത ശ്രേഷ്ഠ വ്യക്തിത്വത്തെയാണ് നാം പഠിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
