Tweet 493

    Tweet 493
    October 20, 2023 • Friday
    Post Header

    ഹുനൈനിലേക്കുള്ള ഈ യാത്രയിലാണ് സുപ്രസിദ്ധമായ ആ സംഭവമുണ്ടായത്. അബൂ ബുർദ ബിൻ നിയാർ(റ) നിവേദനം ചെയ്യുന്നു. ഔതാസ് എന്ന സ്ഥലത്ത് എത്തിയപ്പോൾ നബിﷺ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാൻ ഇറങ്ങി. ഞങ്ങളും മറ്റൊരു മരച്ചുവട്ടിൽ വിശ്രമിച്ചു. നബിﷺ അവിടുത്തെ വാളും വില്ലും ആ മരത്തിൽ തൂക്കിയിട്ടു. ഞാനായിരുന്നു നബിﷺയോട് ഏറ്റവും സമീപത്തുള്ള അനുയായി. അല്ലയോ അബൂ ബുർദ(റ) എന്ന നബിﷺയുടെ വിളി കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ അതിവേഗം ഉത്തരം ചെയ്തു നബിﷺയുടെ അടുത്തേക്ക് എത്തി. അപ്പോഴതാ നബിയുടെ അടുത്ത് മറ്റൊരാൾ കൂടി ഇരിക്കുന്നുണ്ട്. നബിﷺ കാര്യം പറയാൻ തുടങ്ങി. ഇതാ ഇയാൾ വരുമ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ഇദ്ദേഹം എന്റെ വാൾ മരത്തിൽ നിന്ന് എടുത്ത് എന്റെ ശിരസ്സിന്റെ ഭാഗത്ത് എത്തി. പെട്ടെന്ന് ഞാൻ ഉണർന്നപ്പോൾ ഇയാൾ എന്നോട് ചോദിച്ചു. അല്ലയോ മുഹമ്മദേﷺ… ആരാണ് നിങ്ങളെ എന്നിൽ നിന്ന് രക്ഷിക്കുക? ഞാൻ പറഞ്ഞു അല്ലാഹു. അബൂ ബുർദ(റ) പറയുന്നു. അപ്പോഴേക്കും ഞാനെന്റെ വാള് ഉറയിൽ നിന്ന് പുറത്തെടുത്തു. എന്നോട് പറഞ്ഞു അത് അവിടെ തന്നെ വെക്കുക. അപ്പോൾ ഞാൻ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് അനുവദിച്ചാൽ അല്ലാഹുവിന്റെ ഈ ശത്രുവിനെ ഞാൻ വക വരുത്താം. ഇവൻ മുശ്‌രിക്കീങ്ങളുടെ നിരീക്ഷകൻമാരിൽ പെട്ട ആളാണ്. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. അബൂ ബുർദ(റ) നിങ്ങൾ ഒന്നടങ്ങൂ. പ്രവാചകൻﷺ അദ്ദേഹത്തെ ശിക്ഷിക്കുകയോ എന്തെങ്കിലും കുറ്റം പറയുകയോ ചെയ്തില്ല. ഞാൻ ഉടനെ സൈന്യത്തിനിടയിൽ കാര്യം വിളംബരം ചെയ്തു. പ്രവാചകരുﷺടെ സമ്മതത്തിന് കാത്തുനിൽക്കാതെ ആരെങ്കിലും ഇയാളെ വക വരുത്തട്ടെ എന്നായിരുന്നു എന്റെ ആഗ്രഹം. നബിﷺ തടസ്സപ്പെടുത്തിയ സ്ഥിതിക്ക് എനിക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ. നബിﷺ എന്നോട് ഇങ്ങനെ പറഞ്ഞു. അദ്ദേഹത്തെ നിങ്ങൾ ഒന്നും ചെയ്യരുത്. അല്പം കഴിഞ്ഞ് ഞാൻ നബിﷺയുടെ അടുത്തേക്ക് മടങ്ങി വന്നപ്പോൾ. അവിടുന്ന് ഇങ്ങനെ കൂടി പറയുന്നുണ്ടായിരുന്നു. ലോകത്തുള്ള എല്ലാ മതത്തെക്കാളും ഇസ്ലാം പ്രകാശിതം ആകുന്നത് വരെ അല്ലാഹു എന്നെ പ്രത്യേകമായി സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യും.
    ഈ സംഭവം വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്. പ്രവാചകരുﷺടെ വാള് കൈവശപ്പെടുത്തിയ ആളുടെ പക്കൽ നിന്നും വാൾ നിലത്തു വീഴുകയും അതെടുത്ത ശേഷം നബിﷺ അദ്ദേഹത്തോട് തിരിച്ചു ചോദിക്കുകയും ചെയ്തു. നിന്നെ ആരാണ് ഈ വാളിൽ നിന്ന് രക്ഷിക്കുക. അപ്പോഴയാൾ നബിﷺയേ രക്ഷകനുള്ളൂ എന്ന് പറയുകയും നബിﷺ അയാൾക്ക് വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. അതുകാരണമായി അയാൾ ഇസ്ലാം സ്വീകരിച്ചു. വ്യത്യസ്തങ്ങളായ സന്ദർഭങ്ങളെയും രീതികളെയും ഉദ്ധരിച്ചുകൊണ്ട് ഈ സംഭവം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
    ഏതായാലും നബിﷺയും അനുയായികളും ശവ്വാൽ പത്തിന് വൈകുന്നേരം ഹുനൈനിൽ എത്തിച്ചേർന്നു. മാലിക് ബിൻ ഔഫ് നബിﷺയെയും അനുയായികളെയും നിരീക്ഷിക്കാൻ വേണ്ടി മൂന്ന് പ്രതിനിധികളെ അയച്ചു. സൈന്യത്തെ ആകെ ഒന്ന് നിരീക്ഷിച്ച ശേഷം അവർ മാലിക്കിന്റെ അടുത്തേക്ക് ചെന്നു. അവർ ഭയവിഹ്വലരായിട്ടാണ് മടങ്ങിയെത്തിയത്. കണ്ട മാത്രയിൽ തന്നെ മാലിക് ചോദിച്ചു. നിങ്ങൾക്ക് നാശം! എന്താണ് വിവരങ്ങൾ? അവർ പറഞ്ഞു തുടങ്ങി. ഞങ്ങൾ കണ്ട രംഗങ്ങൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാനാവുന്നതായിരുന്നില്ല. നമ്മൾ ഭൂനിവാസികളോട് അല്ല യുദ്ധം ചെയ്യേണ്ടി വരുന്നത്. ആകാശവാസികളോടായിരിക്കും. അഥവാ വാനലോകത്തുള്ള പ്രത്യേക സൈന്യത്തോട്. ഞങ്ങൾ കണ്ട കാഴ്ച നമ്മുടെ ജനങ്ങൾ കണ്ടാൽ, പിന്നെ അവർക്ക് പിടിച്ചുനിൽക്കാനാകും എന്ന് തോന്നുന്നില്ല. ഇതു കേട്ടതും മാലിക്ക് പറഞ്ഞു. ച്ചെ! സൈന്യത്തിൽ നിങ്ങളെപ്പോലെ ഭീരുക്കൾ വേറെ ഉണ്ടാവില്ല. ഇവർക്കുണ്ടായ ഭയം സൈന്യത്തിൽ ആകമാനം വ്യാപിക്കാതിരിക്കാൻ മാലിക്ക് ഇവരെ തടഞ്ഞു വച്ചു. എന്നിട്ട് അയാൾ സൈന്യത്തിലെ ഏറ്റവും ധൈര്യവാനായ ഒരാളെ അന്വേഷിച്ചു. സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന ധൈര്യവാനെ നബിﷺയെയും അനുയായികളെയും നിരീക്ഷിക്കാൻ വേണ്ടി അയച്ചു. അയാളും മടങ്ങി വന്നിട്ട് നേരത്തെ പറഞ്ഞ അതേ വാർത്തകളാണ് പറഞ്ഞത്. എന്നിട്ട് അയാൾ കൂട്ടിച്ചേർത്തു. ഉഗ്രമായ കുതിരകൾക്ക് മേൽ വെളുത്ത കുറെ പുരുഷന്മാർ. അവരെയൊന്ന് നേരെ നോക്കാൻ പോലും നമുക്ക് സാധിക്കുന്നില്ല. അല്ലാഹു സത്യം! ഞാൻ കണ്ട രംഗം എനിക്ക് പിടിച്ചുനിൽക്കാവുന്നതായിരുന്നില്ല.
    ഇതെല്ലാമായിട്ടും മാലിക്ക് പിന്തിരിയാൻ ഒരുങ്ങിയില്ല. രാത്രിയുടെ മൂന്നിൽ രണ്ടു ഭാഗം കഴിഞ്ഞപ്പോൾ. തന്റെ ഒപ്പമുള്ളവരെ ഹുനൈനിലെ വ്യത്യസ്ത താഴ്‌വരകളിലേക്ക് വിന്യസിച്ചു. പലവഴികളിൽ നിന്നായി ഒരേസമയം ഒരുമിച്ച് പ്രവാചകരെﷺ നേരിടാൻ അവരോട് ആഹ്വാനം ചെയ്തു. ഒരൊറ്റ കടന്നാക്രമണം ആയിരിക്കണം എന്ന് അയാൾ അനുയായികളെ നിർദ്ദേശിച്ചു.
    അത്താഴസമയത്ത് നബിﷺ അനുയായികളെ അണിയണിയായി നിർത്തി. ഓരോരുത്തർക്കും അർഹിക്കുന്ന വിധമുള്ള പതാകകൾ നൽകി. രണ്ട് പടയങ്കിയും ഒരു പടത്തൊപ്പിയും വെള്ള വസ്ത്രവും ധരിച്ചു വെളുത്ത കോവർ കഴുതയുടെ മേൽ നബിﷺയും കയറി. അണിനിൽക്കുന്ന അനുയായികളെ അഭിസംബോധന ചെയ്തു. വിശ്വാസദാർഢ്യതയോടെ ക്ഷമിച്ചു മുന്നേറിയാൽ വിജയം ഉറപ്പാണെന്നവരെ അറിയിച്ചു. ലഭിക്കാനുള്ള സൗഭാഗ്യങ്ങളും സന്തോഷങ്ങളും അവർക്ക് സുവിശേഷം നൽകി. മക്കക്കാരുടെയും ബനൂ സുലൈമിന്റെയും മുമ്പിൽ ഖാലിദി(റ)നെ നിർത്തി. വലത്തും ഇടത്തും പ്രത്യേക സൈനിക സംഘത്തെയും മധ്യത്തിൽ മുന്നേറുന്ന പ്രത്യേക കൂട്ടത്തെയും ക്രമീകരിച്ചു. അവരോടൊപ്പം ആയിരുന്നു നബിﷺയും നിലകൊണ്ടത്.
    ഗോദയിലിറങ്ങി നേതൃത്വം നൽകുന്ന അതുല്യമായ സാരഥ്യം. അനുയായികളോടൊപ്പം പടക്കളത്തിൽ യുദ്ധത്തെ അഭിമുഖീകരിക്കുന്ന നായകർ. അല്പം പോലും ധൈര്യം ചോർന്നു പോകാതെ ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന നേതൃത്വം. പ്രവാചകരുﷺടെ വ്യക്തിത്വത്തിൽ നിന്ന് ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും അത്യുന്നതമായ നിലപാടുകളാണ് നാം ഇവിടെ വായിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...