Tweet 481

    Tweet 481
    October 8, 2023 • Sunday
    Post Header

    നാല്: അബൂലഹബിന്റെ രണ്ടു മക്കൾ. ഇബ്നു അബ്ബാസ്(റ) പറയുന്നു. മക്കാ വിജയത്തെ തുടർന്ന് എന്റെ ഉപ്പ അബ്ബാസ്(റ) എന്നവരോട് തിരുനബിﷺ ചോദിച്ചു. നിങ്ങളുടെ സഹോദരൻ അബൂലഹബിന്റെ മക്കൾ ഉത്ബയും മുഅത്തിബും എവിടെപ്പോയി? ഉപ്പ പറഞ്ഞു. എവിടെയാണെന്ന് അറിയില്ല. ഞാൻ അവരെ കണ്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു. അവർ രണ്ടുപേരും മുശ്‌രിക്കുകൾക്കൊപ്പം എവിടെയോ ഒഴിഞ്ഞു മാറി നിൽക്കുകയാണ്. അപ്പോൾ നബിﷺ പറഞ്ഞു. എന്നാൽ അവരെ കൂട്ടിക്കൊണ്ടുവരൂ. അവർ മക്കയോട് ചേർന്നുള്ള ഉർന എന്ന സ്ഥലത്തുണ്ട് എന്ന് മനസ്സിലാക്കി ഞാൻ അങ്ങോട്ട് വാഹനത്തിൽ ചെന്നു. അവരെ കൂട്ടി നബിﷺയുടെ സന്നിധിയിലേക്ക് എത്തി. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അവർ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പിന്നീട് നബിﷺ എഴുന്നേറ്റ് അവരുടെ രണ്ടുപേരുടെയും കൈപിടിച്ച് മുന്നോട്ടു നടന്നു. കഅ്ബാലയത്തിന്റെ വാതിലിന്റെയും ഹജറുൽ അസ്വദിന്റെയും ഇടയിലുള്ള മുൽതസം എന്ന ഭാഗത്തോട് ചേർന്നുനിന്നു. അൽപ്പനേരം അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അതുകഴിഞ്ഞപ്പോഴേക്കും അവിടുത്തെ മുഖത്തു സവിശേഷമായ ഒരു പ്രസന്നത കാണാമായിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടതോടെ നബിﷺയോട് ഞാൻ കാരണമെന്തെന്ന് അന്വേഷിച്ചു. അവിടുന്ന് പറഞ്ഞു. എന്റെ പിതൃ സഹോദരന് രണ്ടു മക്കളെ എനിക്ക് സമ്മാനമായി തരണമെന്ന് ഞാൻ അല്ലാഹുവിനോട് ചോദിച്ചിരുന്നു. അവർ രണ്ടുപേരെയും എനിക്ക് ലഭിച്ചു. അതിലാണ് എനിക്ക് ഏറെ സന്തോഷമായത്.
    പ്രവാചക ദൗത്യ നിർവഹണത്തിൽ ഏറ്റവും മാർഗ്ഗ തടസ്സം സൃഷ്ടിച്ച ആളായിരുന്നു പിതൃ സഹോദരനായ അബൂലഹബ്. ഭൗതികമായ മാനങ്ങൾ വെച്ച് നോക്കിയാൽ, മക്കാ വിജയത്തെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളോടും കുടുംബത്തോടും പ്രതികാരം തീർക്കുകയാണ് വേണ്ടത്. പക്ഷേ, പ്രവാചകരുടെ ലക്ഷ്യവും ദൗത്യവും നേർവഴിയെ സംസ്ഥാപിക്കുക എന്നത് മാത്രമാണ്. പരമാവധി ആളുകളെ നേർവഴിയിലേക്ക് എത്തിക്കുക എന്നതാണ്. അതുകൊണ്ടാണ് കൊടിയ വിരോധം നിലനിർത്തിയവരുടെ മക്കളും മാർഗ്ഗദർശനം ലഭിച്ചു വിജയിക്കട്ടെ എന്ന് ആഗ്രഹിച്ചത്. അവരെ ചേർത്തു പിടിക്കാനും അണച്ചുകൂട്ടാനും കഴിഞ്ഞത് അനിതര സാധാരണമായ കാരുണ്യവും സ്വാർത്ഥ താല്പര്യങ്ങൾക്കപ്പുറമുള്ള ലക്ഷ്യവിചാരവും അല്ലാതെ മറ്റെന്താണ്. മക്കാ വിജയ വേളയിലെ ഓരോരുത്തരുടെയും ഇസ്ലാം ആശ്ലേഷങ്ങൾ തിരുനബിﷺയുടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. അധികാരത്തിന്റെയോ സമ്പത്തിന്റെയോ മറ്റു താൽപര്യങ്ങളുടെയോ പിന്നിലല്ല ഉത്തമമായ ഒരു ദൗത്യം നിർവഹിക്കാൻ വേണ്ടി വന്നതാണ് തിരുനബിﷺ എന്ന തിരിച്ചറിവ് എല്ലാവർക്കും പകർന്നു നൽകുന്നതായിരുന്നു അവിടുത്തെ ഓരോ നടപടികളും.
    അബുലഹബിന്റെ ഈ രണ്ടു സന്താനങ്ങളും ഇസ്ലാമായതിനു ശേഷം തിരുനബിﷺയോടൊപ്പം ഉറച്ചുനിൽക്കുകയും ഹുനൈൻ മുന്നേറ്റത്തിൽ പങ്കാളികളാവുകയും ചെയ്തു. അവർ അബൂബക്കറി(റ)ന്റെ കാലത്ത് വിയോഗം തേടിയെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
    അഞ്ച്: അബ്ദുല്ല അസ്സബ്അരി(റ). കവിതകൾ കൊണ്ട് ഇസ്ലാമിനെയും പ്രവാചകനെﷺയും ആക്ഷേപിച്ച ആളായിരുന്നു അദ്ദേഹം. മക്കാ വിജയത്തെ തുടർന്ന് അദ്ദേഹം നജ്റാനിലേക്ക് ഒളിച്ചു പോയി. പ്രവാചക കവി ഹസാനുബിനു സാബിത്ത് അദ്ദേഹത്തിന് ഒരു വലിയ കവിതാ സന്ദേശം അയച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ഗതികേടും ഇസ്ലാമിനെ എതിർത്തു നിൽക്കുന്നതിന്റെ നഷ്ടങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു കവിത. ഇസ്ലാമിനെതിരെ ഉയർത്തിയ ആക്ഷേപങ്ങൾക്കുള്ള മറുപടിയും അതിലുണ്ടായിരുന്നു. ഹസ്സാനിന്റെ കവിതകൾ കണ്ടു തിരിച്ചറിവുണ്ടായ അദ്ദേഹം പ്രവാചകﷺ സവിധത്തിലേക്ക് എത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നേർവഴിയുടെ വെളിച്ചം തെളിഞ്ഞിരുന്നു. പ്രവാചകർﷺക്ക് മുമ്പിൽ അത് തുറന്നു സമ്മതിക്കുകയും ഇസ്ലാമിലേക്ക് വരികയും ചെയ്തു.
    അദ്ദേഹം നബി സവിധത്തിലേക്ക് വരുമ്പോൾ അനുയായികൾക്കൊപ്പം സദസ്സിലിരിക്കുകയായിരുന്നു അവിടുന്ന്. അദ്ദേഹത്തെ കണ്ട മാത്രയിൽ തന്നെ നബിﷺ പറഞ്ഞു. ആ ഇത് നമ്മുടെ ഇബ്നുസ്സബ്അരി(റ)യാണല്ലോ! ഇസ്ലാമിന്റെ പ്രകാശം ഉൾക്കൊള്ളുന്ന മുഖഭാവം ആണല്ലോ ഇപ്പോൾ അദ്ദേഹത്തിന്. അപ്പോഴേക്കുമടുത്തു വന്ന് അദ്ദേഹം നബിﷺക്ക് സലാം ചൊല്ലി. എന്നിട്ട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹൻ ഇല്ലെന്നും, അവിടുന്ന് അല്ലാഹുവിന്റെ ദൂതനാﷺണെന്നും ഞാൻ ഇതാ സാക്ഷ്യം വഹിക്കുന്നു. എന്നെ നേർവഴിയിലാക്കിയതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. ഞാൻ തങ്ങളോട് ഒരുപാട് ശത്രുത വെച്ചിട്ടുണ്ടായിരുന്നു. ആ ശത്രുത പ്രയോഗിക്കാൻ വേണ്ടി ഞാൻ വാഹനത്തിലും കാൽനടയായും ഒക്കെ സഞ്ചരിച്ചിട്ടുണ്ട്. ഒടുവിൽ ഞാൻ നജ്റാനിലേക്ക് ഒളിച്ചു പോയി. ഒരിക്കലും ഞാൻ ഇസ്ലാമിലേക്ക് വരില്ലെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര. പക്ഷേ, അല്ലാഹു എനിക്ക് നന്മ വിധിച്ചു. നന്മയുടെ വെളിച്ചം എന്റെ ഹൃദയത്തിൽ ഇട്ടു തന്നു. കഴിഞ്ഞകാലത്തെ ബുദ്ധിശൂന്യതകളെ കുറിച്ച് ഞാൻ ആലോചിച്ചു. ആരാണ് വണങ്ങിയത് വണങ്ങാത്തത് എന്ന് പോലും അറിയാത്ത കല്ലുകളെ ആണല്ലോ ഞാൻ ആരാധിച്ചത്! അവകൾക്കു വേണ്ടിയാണല്ലോ ബലിദാനം നടത്തിയത്! ഞാൻ ആലോചിച്ചു നോക്കി. ഇത്രയുമായപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങളെ നേർവഴിയിലാക്കിയ അല്ലാഹുവിന് സർവസ്തുതിയും. ഇസ്ലാം സ്വീകരിക്കുന്നതിനോട് കൂടി അതിനു മുമ്പുള്ളതെല്ലാം പൊറുക്കപ്പെട്ടു.
    ഇസ്ലാം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ കവിതകളുടെ പ്രമേയം മാറി. അദ്ദേഹത്തിന്റെ ചില കവിതകളുടെ ആശയങ്ങൾ നമുക്ക് വായിക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...