
മക്കാ വിജയത്തിന്റെ അധ്യായത്തിൽ നമുക്കിനി വായിക്കാനുള്ളത് പ്രമുഖരായ ചിലരുടെ ഇസ്‌ലാം ആശ്ലേഷമാണ്.
ഒന്ന്, സാഇബ് ബിൻ അബ്ദുല്ലാഹ് അൽ മഖ്സൂമി (റ). നബിﷺ ഇസ്‌ലാംമത പ്രബോധനം ആരംഭിക്കുന്നതിനു മുമ്പ് ഇദ്ദേഹം കച്ചവടത്തിൽ നബിﷺയുടെ കൂട്ടുകാരനായിട്ടുണ്ട്. മക്കാ വിജയത്തിന്റെയന്ന് അദ്ദേഹം നബിﷺയെ സമീപിച്ചപ്പോൾ, നബിﷺ “അല്ലയോ , കൂട്ടുകാരാ ! കച്ചവടത്തിലെ കൂറുകാരാ, മംഗളം ! ” എന്ന് പറഞ്ഞുകൊണ്ട് സ്വാഗതം ചെയ്തു. അദ്ദേഹത്തെ പരിചയപ്പെടുത്താൻ ഉസ്മാൻ (റ) ഒരുങ്ങിയപ്പോൾ ഇതെന്റെ പഴയ ചങ്ങാതിയാണ് ; നിങ്ങൾ പരിചയപ്പെടുത്തേണ്ടതില്ല എന്ന് നബിﷺ പറഞ്ഞു. അദ്ദേഹം നബിﷺയുടെ സ്വഹാബി ആവുകയും അർഹമായ ജീവിതം നയിക്കുകയും ചെയ്തു.
രണ്ട്, ഹാരിസ് ബിൻ ഹിശാം (റ). അദ്ദേഹം തന്നെ സ്വന്തം അനുഭവം വിവരിക്കുന്നു. നബിﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ ഞങ്ങൾ ഉമ്മുഹാനിഇന്റെ വസതിയിൽ എത്തി. അവിടെയുള്ളവർക്ക് അഭയം പ്രഖ്യാപിക്കപ്പെട്ട സമയമായിരുന്നു അത്. രണ്ടു ദിവസം അവിടെത്താമസിച്ചു. ശേഷം ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് തന്നെ പോയി. അങ്ങനെ വീട്ടുമുറ്റത്തിരിക്കെ, ആലോചിച്ചു നോക്കി. “അല്ല! വിശ്വാസികളെ ആരെയും കാണുന്നില്ലല്ലോ. ഞങ്ങളെ അഭിമുഖീകരിക്കാനോ നേരിടാനോ സംവദിക്കാനോ ആരും വന്നില്ല. ഉമർ (റ) എങ്ങാനും കണ്ടാലോ എന്നൊരു ഭയമുണ്ടായിരുന്നു മനസ്സിൽ. വീട്ടുമുറ്റത്തെ ചെടികൾക്കിടയിലിരുന്നപ്പോൾ അതാ, ഒരു ചെറിയ സംഘം കടന്നു പോകുന്നു ! അത് സാക്ഷാൽ ഉമറും(റ) കൂട്ടരും തന്നെയായിരുന്നു. അവർ സലാം പറഞ്ഞ് കടന്നു പോയതല്ലാതെ ഒന്നും സംസാരിക്കുകയോ മറ്റോ ചെയ്തില്ല. അല്ലാഹുവിന്റെ ദൂതൻﷺ എന്നെക്കണ്ടു മുട്ടിയാൽ എന്തായിരിക്കുമെന്ന രംഗമോർത്ത് ഞാൻ നാണിച്ചു പോയി ! കാരണം, പ്രവാചകൻﷺയുടെ എതിർ ചേരിയിൽ മുശ്‌രിക്കുകൾക്കൊപ്പം എപ്പോഴും ഞാൻ ഉണ്ടാകുമായിരുന്നു. പിന്നെ ഞാൻ ആ പ്രവാചകന്റെﷺ കാരുണ്യവും വിടുതിയുമെല്ലാം ഒന്ന് ആലോചിച്ചു നോക്കി. പള്ളിയുടെ ഉള്ളിലിരുന്ന പ്രവാചകനുﷺമായി കണ്ടുമുട്ടി. സന്തോഷത്തോടെ എന്നെ അഭിമുഖീകരിച്ചു. ഞാൻ അഭിവാദ്യം ചെയ്തു, സത്യസാക്ഷ്യം പ്രഖ്യാപിച്ചു. നിങ്ങൾക്ക് നേർവഴി നൽകിയ അല്ലാഹുവിന് സ്തുതി എന്ന് പ്രവാചകൻﷺ പ്രതികരിച്ചു. “നിങ്ങളെപ്പോലെയുള്ളവർ ഇസ്‌ലാമിനെക്കുറിച്ച് ജ്ഞാനമില്ലാത്തവരാകരുതായിരുന്നു. ഇസ്‌ലാം അറിയപ്പെടാതെ പോയി എന്ന് ഞാൻ വിചാരിക്കുന്നില്ല “, എന്നു ഞാൻ മറുപടിയും പറഞ്ഞു.
ഇസ്‌ലാമിനെതിരെ പ്രയോഗിച്ചതിനെല്ലാം പകരമായി ഇസ്‌ലാമിനുവേണ്ടി അദ്ദേഹം ആരോഗ്യവും സമ്പത്തും ചെലവഴിച്ചു. നബിﷺയോടൊപ്പം സംബന്ധിച്ചു. ശേഷം ശാമിലെ വ്യത്യസ്ത മുന്നേറ്റങ്ങളിൽ പങ്കാളിയായി. ഒടുവിൽ ഹിജ്റ 15ന് അമ്മവാസ് പകർച്ചവ്യാധിയിൽ ശാമിൽ വച്ച് മരണമടഞ്ഞു.
മൂന്ന്, സുഹൈൽ ബിൻ അംർ (റ). അദ്ദേഹം തന്നെ പറയുന്നു. “പ്രവാചകൻﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ വാതിലടച്ച് ഞാനെന്റെ വീട്ടിൽത്തന്നെ കൂടി. ശേഷം, എനിക്ക് അഭയം ലഭിക്കുമോ എന്നന്വേഷിക്കാൻ എന്റെ മകനെ പ്രവാചകരുﷺടെയടുത്തേക്കയച്ചു. ഞാൻ ഏതു നിലയിലും കൊല്ലപ്പെടാൻ സാധ്യതയുള്ളയാളായിരുന്നു. മകൻ അബ്ദുല്ല നബിﷺയെ സമീപിച്ചു. എന്നിട്ട് നബിﷺയോട് ചോദിച്ചു. “അല്ലയോ അല്ലാഹുവിന്റെ ദൂതരേ, എന്റെ പിതാവ് അവിടുത്തെ അഭയം അഭ്യർഥിക്കുന്നുണ്ട് “. “ഉടനെത്തന്നെ അഭയം നൽകിയിരിക്കുന്നു ” എന്ന് തിരുനബിﷺ പ്രതികരിച്ചു. “അല്ലാഹുവിനുള്ള സുരക്ഷയിൽ അയാൾ സംരക്ഷിതനാണ്. പുറത്തിറങ്ങിക്കൊള്ളട്ടെ” – എന്ന് നബിﷺ ചേർത്തു പറഞ്ഞു. നബിﷺ അനുയായികളോടായി ഇങ്ങനെയറിയിച്ചു. “സുഹൈൽ (റ) നല്ല ബുദ്ധിയും കാര്യശേഷിയുമുള്ളയാളാണ്. നിങ്ങളാരെങ്കിലും അദ്ദേഹത്തെക്കണ്ടുമുട്ടിയാൽ നോട്ടം കൊണ്ട് പോലും അദ്ദേഹത്തെ പ്രയാസപ്പെടുത്തരുത്. അദ്ദേഹത്തെപ്പോലെയുള്ളവർ ഇസ്‌ലാമിനെ അറിയാതെ പോയത് കഷ്ടമാണ് “.
വിവരങ്ങളെല്ലാം മകൻ പിതാവിനെ വിവരമറിയിച്ചു. അപ്പോൾ അദ്ദേഹം നബിﷺയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. “ചെറിയ പ്രായത്തിലും വലിയ പ്രായത്തിലും പ്രവാചകൻﷺ നന്മയുടെ കേന്ദ്രം തന്നെയാണല്ലോ “. അദ്ദേഹം വിശ്വാസത്തിലും അല്ലാതെയും മാറിയും തെന്നിയുമൊക്കെ നിന്നു. വിശ്വാസം തുറന്നു പ്രഖ്യാപിക്കാതെ തന്നെ ഹുനൈനിലും പങ്കെടുത്തു. ഒടുവിൽ ജഇറാനയിൽ വച്ച് ഇസ്‌ലാം പ്രഖ്യാപിച്ചു.
പിന്നീട് ഇസ്‌ലാമിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ശാമിലേക്ക് പോയി. ഹിജ്റ 18ന് അമവാസ് പകർച്ചവ്യാധിയിൽ ഈ ലോകത്തോട് വിട പറഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
