Tweet 482

    Tweet 482
    October 9, 2023 • Monday
    Post Header

    അബ്ദുല്ലാഹ് ബിൻ സിബഅ്റാ(റ) ഇസ്ലാം സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹം ആലപിച്ച കവിതയുടെ ലളിതസാരം ഇങ്ങനെ വായിക്കാം.
    അഹമ്മദ് നബിﷺയെന്നെ പ്പറഞ്ഞതറിഞ്ഞതിൽ
    വേദനിച്ചെൻ ഹൃത്തും നൊമ്പരം പേറി ഞാൻ
    നിശയേറെയായിട്ടും എന്നിമകളടഞ്ഞില്ല.
    നിശ്ചയദാർഢ്യത്താൽ മുന്നേ ഗമിക്കുന്ന
    ഒട്ടകമേറിയവരിലുന്നതരാം നബീﷺ…..
    സഹ്മും മഖ്സൂമും അരുതായ്മകൾ ചൊന്നു
    ഇരുളിൽ പതിഞ്ഞ നാൾ ഞാൻ ചെയ്ത തെറ്റുകൾ
    ഖേദിച്ചിടുന്നിതാ മാപ്പെനിക്കേകണേ!
    (സഹ്മും മഖ്സൂമും, കവിയുമായി ബന്ധപ്പെട്ട രണ്ട് ഗോത്രങ്ങൾ)
    പണ്ട് ഞാൻ തെറ്റിൽ ചലിച്ചു പോയ് അതുപോലെ
    അക്രമികളാണന്ന് എന്നെ നയിച്ചതും
    ഇന്നെന്റെ ഉള്ളം നിറഞ്ഞു തിരു നബിﷺയാലെ
    ഞാൻ വിശ്വസിക്കുന്നു അങ്ങയെ സത്യമായ്
    ഈ മധു നുകരാതെ പോയവർ തെറ്റിപ്പോയ്
    കാരുണ്യം കിട്ടാതെ ദൂരേക്ക് ദൂരേക്ക്
    വിടുതിയും കൃപയും തുണയായ് ലഭിച്ചതിൽ
    ശത്രുതകൾ നീങ്ങി ഹൃദയങ്ങൾ ചേർന്നല്ലോ
    നബിﷺയെ പൊറുക്കണേ എൻ പിഴകളൊക്കെയും
    മാതാപിതാക്കളെ അർപ്പിച്ചീടുന്നു ഞാൻ…
    ഇക്രിമത് ബിൻ അബീ ജഹൽ മക്കാ വിജയ സമയത്ത് സത്യവിശ്വാസം സ്വീകരിച്ച പ്രമുഖരിൽ ഒരാളാണ്. ഇസ്ലാമിന്റെ മുഖ്യ ശത്രുവായിരുന്ന അബൂജഹലിന്റെ മകൻ ഇക്’രിമ. അദ്ദേഹം തന്നെ പറയുന്നു. മക്കാ വിജയവേളയിൽ നബിﷺയുടെയും അനുയായികളുടെയും ആഗമനം ഞാനറിഞ്ഞു. ഖുറൈശികളുടെ ഒരു സംഘത്തോടൊപ്പം ജീവൻ സമർപ്പിച്ച് അവരെ നേരിടാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ നിൽക്കെയാണ് ഖാലിദി(റ)ന്റെ സംഘം വരുന്നത് കാണാനിടയായത്. അപ്പോഴേക്കും ഹൃദയത്തിൽ ആഴത്തിൽ ഭയം പടർന്നു. കടലിലേക്ക് ചാടി എവിടെയോ എത്തി അലഞ്ഞുതിരിഞ്ഞ് ഇസ്ലാമിൽ പ്രവേശിക്കാതെ മരിച്ചാലോ എന്ന് കരുതി ഞാൻ ഓടി. അങ്ങനെ ഞാൻ ഷുഹൈബയിൽ എത്തി. എന്റെ ഭാര്യ ബുദ്ധിമതിയായിരുന്നു. ഹാരിസിന്റെ മകൾ ഉമ്മു ഹക്കീം. അവൾ നേരത്തെ തന്നെ പ്രവാചകരെﷺ അനുഗമിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അവൾ നേരെ നബിﷺയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു. എന്റെ അമ്മാവന്റെ മകൻ കടലിൽ ചാടിയാലോ എന്ന് കരുതി ഓടിപ്പോകാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന് അവിടുന്ന് അഭയം നൽകുമോ?
    ഇമാം ബൈഹഖി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഇക്രിമ കടപ്പുറത്ത് ചെന്ന് കിട്ടിയ ബോട്ടിൽ കയറി. അധികം വൈകിയില്ല കൊടുങ്കാറ്റ് അവരെ ബാധിച്ചു. അദ്ദേഹം ലാത്ത, ഉസ്സ ദൈവങ്ങളെ വിളിച്ചുസഹായം തേടി. അപ്പോൾ ബോട്ടിലുള്ളവർ പറഞ്ഞു. നിങ്ങൾ ഏകനായ അല്ലാഹുവിനെ വിളിച്ചു സഹായം തേടുക. നിങ്ങളുടെ ഈ പറയപ്പെട്ട ദൈവങ്ങളൊന്നും നിങ്ങൾക്ക് ഒരു ഉപകാരവും ചെയ്തു തരില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു. കടലിൽ രക്ഷിക്കാൻ ആ വിശ്വാസത്തിനേ സാധിക്കുകയുള്ളൂ എങ്കിൽ കരയിലും രക്ഷിക്കാൻ ആ വിശ്വാസത്തിന് തന്നെയേ സാധിക്കുകയുള്ളൂ. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ നീയെന്നെ ഈ ഘട്ടത്തിൽ രക്ഷപ്പെടുത്തിയാൽ ഞാൻ നേരെ മുഹമ്മദ് നബിﷺയുടെ അടുക്കൽ ചെല്ലും. എന്റെ കരങ്ങൾ ആ തിരുകരങ്ങൾക്കുമേൽ ചേർത്തുവെക്കും. അവിടുന്ന് മാന്യതയും വിടുതിയും മുന്നിൽ വച്ചുകൊണ്ട് എന്നോട് സമീപിക്കും. അങ്ങനെ അദ്ദേഹം നബിﷺയെ സമീപിച്ചു ഇസ്ലാം സ്വീകരിച്ചു.
    ഇമാം സുഹരി(റ)യിൽ നിന്ന് ബൈഹഖി(റ) ഉദ്ധരിച്ച മറ്റൊരു നിവേദനം ഇങ്ങനെയാണ്. ഇക്”രിമയുടെ പത്നി ഉമ്മു ഹക്കീം നബിﷺയെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവിടുന്ന് വധശിക്ഷ നടപ്പിലാക്കുമോ എന്ന് ഭയന്ന് ഇക്’രിമ യമനിലേക്ക് പുറപ്പെട്ടിരിക്കുന്നു. അവിടുന്ന് അദ്ദേഹത്തിന് അഭയം നൽകാമോ? ഉടനെ തന്നെ നബിﷺ പറഞ്ഞു. അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു. ഉമ്മു ഹകീം ഇക്’രിമയെ അന്വേഷിച്ചിറങ്ങി. ഒപ്പം റോംകാരനായ തന്റെ ഒരു പരിചാരകനും ഉണ്ടായിരുന്നു. വഴിയിൽ വെച്ച് അയാൾ ഉമ്മു ഹക്കീമിനെ കടന്നു പിടിക്കാൻ ഒരുങ്ങി. അവൾ അവനെ അനുനയിപ്പിച്ചു മുന്നോട്ടു നീങ്ങി. അക്ക് പ്രവിശ്യയിലെ ഒരു ഗോത്രപ്രദേശത്ത് എത്തിയപ്പോൾ ഇവന്റെ ശല്യത്തിൽ നിന്ന് അവരോട് സഹായം തേടി. അവർ അവനെ ബന്ധിച്ചു. ശേഷം അവർ മുന്നോട്ടു നീങ്ങി. ഇക്രിമയുടെ അടുത്തെത്തി. അദ്ദേഹം ബോട്ടിൽ കയറിയിട്ടുണ്ടായിരുന്നു. കാലാവസ്ഥയുടെ കപ്പിത്താൻ പറഞ്ഞു. നിങ്ങൾ പങ്കുകാരെ ഒക്കെ ഒഴിവാക്കി പടച്ചവനെ മാത്രം വിളിക്കുക. അപ്പോൾ ഇക്രിമ ചോദിച്ചു. പിന്നെ എന്താണ് പറയേണ്ടത്. കപ്പിത്താൻ പറഞ്ഞു ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക. അപ്പോൾ ഇക്’രിമ ചിന്തിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ അല്ലേ ഞാൻ ഇപ്പോൾ യാത്രയ്ക്ക് ഒരുങ്ങിയത്. കപ്പിത്താന്മാരും അറബികളും അനറബികളും എല്ലാം അറിയുന്ന യാഥാർത്ഥ്യത്തിൽ നിന്നാണോ ഞാൻ ഓടി മാറുന്നത്. മുഹമ്മദ് നബിﷺ അവതരിപ്പിച്ചത് മാത്രമാണ് സത്യദീൻ അല്ലേ. അദ്ദേഹം തന്നെ തുടരുന്നു. എന്റെ മനസ്സിൽ അല്ലാഹു മാറ്റം നൽകി. എന്റെ പത്നി എന്റെ അടുക്കലേക്ക് എത്തി. അവർ എന്നോട് പറഞ്ഞു. അല്ലയോ അമ്മാവന്റെ മകനെ.. ജനങ്ങളിൽ ഏറ്റവും ഉത്തമരും ഗുണം നൽകുന്നവരും കുടുംബബന്ധം ചേർക്കുന്നവരുമായ മഹത് വ്യക്തിത്വത്തിന്റെ അടുത്തുനിന്നാണ് ഞാൻ വരുന്നത്. അഥവാ നബിﷺയുടെ അടുത്തുനിന്ന്. നിങ്ങൾ എന്തിന് നിങ്ങളെ നശിപ്പിക്കണം. അങ്ങനെ അവൾ എന്നെ നബിﷺയുടെ അടുത്തേക്ക് എത്തിച്ചു. എന്നിട്ട് നബിﷺയോട് പറഞ്ഞു. ഇദ്ദേഹത്തിനു വേണ്ടി ഞാൻ അവിടുത്തോട് ജാമ്യം തേടുകയും അവിടുന്ന് നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ട് അവൾ റോമൻ അടിമയുടെ നടപടി നബിﷺയോട് പറയുകയും നബിﷺ അവനു വധശിക്ഷ വിധിക്കുകയും ചെയ്തു.
    തൽക്കാലം ഇക്രിമയും പത്നിയും വീട്ടിലേക്ക് മടങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...