
വിവരങ്ങൾ അറിഞ്ഞതും അബൂസുഫ്‌യാൻ പ്രവാചകനെﷺ പ്രാപിക്കാനുള്ള വഴികളാലോചിച്ചു. എങ്ങനെയെങ്കിലും പ്രവാചകന്റെﷺ സന്നിധിയിലെത്തണം. ചില സുരക്ഷാ സംഭാഷണങ്ങൾ നടത്തണം. പക്ഷേ, അദ്ദേഹം പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ സൈന്യവും മുന്നേറ്റവുമായിരുന്നു നബിﷺയുടെത്. അദ്ദേഹം തന്റെ കൂട്ടുകാരോട് കാര്യങ്ങൾ പങ്കുവച്ചു. ഇസഹാക്ക് ബിൻ റാഹവൈഹി (റ) നിവേദനം ചെയ്യുന്നു. ‘ഇബ്നു അബ്ബാസ് (റ) പറഞ്ഞു. നബിﷺ മറുൽ ളഹറാൻ എന്ന സ്ഥലത്തെത്തിയപ്പോൾ അബ്ബാസ് (റ) എന്നവരുടെ മനസ്സിൽ ഒരാലോചന. ഖുറൈശികൾക്ക് അനുകൂലമായ എന്തെങ്കിലുമൊന്ന് ചെയ്താലോ. അവരോടുള്ള മമതയായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിലുദിച്ചത്. നബിﷺയും അനുയായികളും പൊടുന്നനെ മക്കയിലേക്ക് പ്രവേശിച്ചാൽ മക്കക്കാർക്ക് എന്തായിരിക്കും സംഭവിക്കുക ? ഇതായിരുന്നു അബ്ബാസി(റ)ന്റെ ആലോചന. അബ്ബാസ് (റ) തന്നെ പറയുന്നു. “ഞാൻ നബിﷺയുടെ ഷഹബാഅ എന്ന വാഹനത്തിന്മേൽക്കയറി. എന്തെങ്കിലും ആവശ്യങ്ങൾ നേടാനായി സഞ്ചരിക്കുന്ന ആളെപ്പോലെ മെല്ലെ മക്കയിലേക്ക് എത്തുക. മക്കയിലെ പ്രമുഖരുമായി കാര്യങ്ങൾ പങ്കുവയ്ക്കുക. എന്തെങ്കിലും ഒരു സുരക്ഷാ സംവിധാനം ഏർപ്പെടുത്തുക. ഇതായിരുന്നു എന്റെ ലക്ഷ്യം.
ഞാൻ മുന്നോട്ടു നീങ്ങി. അറാക്ക് പ്രദേശത്തെത്തിയപ്പോൾ അബൂസുഫ്‌യാന്റെ ശബ്ദം കേട്ടു. ബുദൈലും കൂടെയുണ്ടായിരുന്നു. അബ്ബാസി(റ)നെക്കണ്ടതോടെ രണ്ടുപേരും ആപൽഘട്ടത്തിൽ ചൊല്ലുന്ന വാചകം ചൊല്ലി. ഞാൻ ‘അബു ഹൻളലാ’ എന്നദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹം എന്റെ ശബ്ദം തിരിച്ചറിഞ്ഞു. ”അല്ലയോ അബുൽ ഫള്ല്, എന്നെ അഭിവാദ്യം ചെയ്തു. അബൂസുഫ്‌യാൻ എന്നോട് ചോദിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?ഇനിയെന്താണ് ചെയ്യുക?” ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ പതിനായിരം അംഗങ്ങളുള്ള സൈന്യത്തോടൊപ്പം ഇതാ എത്തിയിരിക്കുന്നു. അല്ലയോ, അബ്ബാസ് (റ) എന്തെങ്കിലും ഉപായം നിങ്ങളുടെ പക്കലുണ്ടോ?” ഞാൻ പറഞ്ഞു, “ഉണ്ട്. എന്റെ ഈ വാഹനത്തിൽക്കയറൂ. നമുക്ക് ഇപ്പോൾത്തന്നെ പുറപ്പെടാം. നബിﷺയുടെ അടുത്ത് ചെന്ന് അഭയം തേടാം. അല്ലാത്തപക്ഷം മക്ക ജയിച്ചടക്കുമ്പോൾ നിങ്ങൾക്ക് രക്ഷയുണ്ടാവില്ല”. അബൂസുഫ്‌യാൻ അബ്ബാസി(റ)ന്റെ വാഹനത്തിൽക്കയറി പിൻസീറ്റിലിരുന്നു. അബ്ബാസ് (റ) മുന്നോട്ടു നീങ്ങി.
അബ്ബാസ് (റ) തുടരുന്നു. “ഞാൻ കടന്നു പോകുന്ന വഴികളിലെല്ലാം സ്വഹാബികൾ തീകൂട്ടി വെളിച്ചം കൊണ്ടിരിക്കുന്ന ഇടങ്ങളുണ്ടായിരുന്നു. ഓരോ സ്ഥലത്ത് കൂടി കടന്നു പോകുമ്പോഴും അവർ ശ്രദ്ധിച്ചു. “ഇതാരാണ് പോകുന്നത്. നബിﷺയുടെ വാഹനമാണ്, അവിടുത്തെ പിതൃസഹോദരനാണ് വാഹനത്തിന് മുകളിലുള്ളത് എന്ന് കാണുമ്പോൾ അവർക്കു പിന്നെ നോട്ടമില്ല. ഉമറി(റ)ന്റെ അടുത്തു കൂടെ കടന്ന് പോകുമ്പോൾ എന്നെ ഒന്നു ശ്രദ്ധിച്ചു നോക്കി. വാഹനവും ആളെയും തിരിച്ചറിഞ്ഞു. ശേഷം, പിന്നിലാരാണെന്നു മനസ്സിലായപ്പോൾ ഉമറി(റ)നു ദേഷ്യം പിടിച്ചു. അല്ലയോ, അല്ലാഹുവിന്റെ ശത്രൂ.. ഇതാ ഒരു കരാറും ഉടമ്പടിയും ഇല്ലാതെ കൈയിൽക്കിട്ടിയിരിക്കുന്നു. അപ്പോഴേക്കും ഞാൻ വാഹനം അതിവേഗം പായിച്ചു. ഉമർ (റ) പിന്നിൽ തന്നെ കൂടി. ഞങ്ങൾ നബിﷺയുടെ ടെന്റിലേക്ക് കടന്നു. ഉടനെ ഉമറും(റ) അവിടെയെത്തി. ഉമർ (റ) പറഞ്ഞുകൊണ്ടേയിരുന്നു. “അല്ലാഹുവിന്റെ ശത്രുവിനെ ഇതാ കൈയിൽക്കിട്ടിയിരിക്കുന്നു. ഉടമ്പടിയും കരാറും ഒന്നുമില്ലാതെ കൈവശത്ത് ലഭിച്ചിരിക്കുന്നു. ഇങ്ങോട്ടിറക്കി വിടൂ. അവന്റെ കാര്യം ഞാൻ തീരുമാനമാക്കട്ടെ “. ഉടനെ അബ്ബാസ് (റ) പറഞ്ഞു, “ഒന്നടങ്ങൂ ഉമറേ ,(റ)… ഒന്ന് സമാധാനപ്പെടൂ”. ഞാൻ നബിﷺയോട് പറഞ്ഞു. “ഇതാ അബൂസുഫ്‌യാൻ സുരക്ഷ തേടിയെത്തിയിരിക്കുന്നു”. അപ്പോഴേക്കും അബ്ബാസി(റ)നോട് ഇങ്ങനെ പറഞ്ഞു. “നിങ്ങളോട് എനിക്ക് വലിയ ബഹുമാനമാണ്. എന്റെ പിതാവ് ഖത്വാബ് ഇസ്‌ലാം സ്വീകരിക്കുന്നതിനേക്കാൾ എനിക്ക് സന്തോഷം നൽകിയത് നിങ്ങൾ ഇസ്‌ലാം സ്വീകരിച്ചപ്പോഴാണ്. കാരണം നിങ്ങൾ ഇസ്‌ലാമിലേക്ക് വന്നത് നബിﷺയെ എത്രത്തോളം സന്തോഷിപ്പിച്ചിട്ടുണ്ടാവും അത് ചിന്തിച്ചിട്ടാണ്. തിരുനബിﷺയുടെ സന്തോഷമാണ് നമ്മെ ഏറ്റവും സന്തോഷിപ്പിക്കുന്നത് “.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ ഒരു അനുബന്ധം കൂടിയുണ്ട്. അബ്ബാസ് (റ പറയുന്നു. “ഞാൻ നബിﷺയോട് പറഞ്ഞു. അബൂസുഫ്‌യാൻ, ബുദൈൽ, ഹക്കീം ബിൻ ഹിസാം എന്നിവർക്ക് വേണ്ടി ഞാൻ ജാമ്യം നിൽക്കുന്നു നബിﷺയേ, അവരെ ഇങ്ങോട്ടൊന്നു കടന്നു വരാൻ അനുവദിക്കൂ “. നബിﷺ പറഞ്ഞു, “അവർ വന്നോട്ടെ”. രാത്രിയുടെ നല്ലൊരു ഭാഗം അവർ നബിﷺയോടൊപ്പം ചെലവഴിച്ചു. നബിﷺ അവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. സന്മാർഗത്തിലേക്ക് ക്ഷണിച്ചു. ഹക്കീമും ബുദൈലും സത്യ വാചകം ഏറ്റുചൊല്ലി. ഇസ്‌ലാമിലേക്ക് കടന്നുവന്നു. അബൂസുഫ്‌യാൻ പ്രഖ്യാപിക്കാൻ തയ്യാറായില്ല.
നബിﷺ അബൂസുഫ്‌യാനെ ഇസ്‌ലാമിലേക്ക് വീണ്ടും ക്ഷണിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു. “ഞാൻ ലാത്തയെയും ഉസ്സയെയും എന്താണ് ചെയ്യുക?” ഇതു കേട്ടുകൊണ്ട് പുറത്തുനിന്ന് ഉമർ (റ) പറഞ്ഞു. “നിങ്ങൾ ടെന്റിനു പുറത്തായിരുന്നുവെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചു തരാമായിരുന്നു”. നബിﷺ ചോദിച്ചു, “അതാരാണ് പുറത്തുനിന്ന് സംസാരിക്കുന്നത് ?” അബ്ബാസ് (റ) പറഞ്ഞു, “അത് ഉമറാ(റ)ണ് “. നബിﷺ അബ്ബാസി(റ)നോട് പറഞ്ഞു. “ഇപ്പോൾ നിങ്ങൾ തല്ക്കാലം പോവുക. വളരെ ശ്രദ്ധാപൂർവം വേണം യാത്ര ചെയ്യാൻ. പ്രഭാതമായാൽ നിങ്ങൾ വീണ്ടും വരുക”.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
