
നബിﷺ അനുയായികളോടൊപ്പം മക്കയിലേക്ക് യാത്രയാരംഭിച്ചു. വിശുദ്ധ റമളാൻ 18 നായിരുന്നു ഇത്. സൗകര്യമുള്ളവർക്ക് നോമ്പെടുക്കാമെന്നും അല്ലാത്തവർക്ക് ഉപേക്ഷിക്കാമെന്നും നബിﷺ അനുമതി നൽകി. സുബൈർ ബിൻ അൽഅവാം (റ) എന്നവരുടെ നേതൃത്വത്തിലായിരുന്നു മുന്നിലെ സംഘം സഞ്ചരിച്ചിരുന്നത്. യാത്രാമധ്യേ, പലയിടങ്ങളിൽ നിന്നും ചെറിയ ചെറിയ സംഘങ്ങൾ നബിﷺയോടൊപ്പം കൂടി. അവരെയെല്ലാവരെയും തിരുനബിﷺ പ്രത്യേകം നിർണയിക്കുകയും നിശ്ചിത പതാകകൾ നൽകുകയും ചെയ്തു.
നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു അന്ന്. അറജ് എന്ന പ്രദേശത്ത് എത്തിയപ്പോൾ നബിﷺ ശരീരത്ത് വെള്ളമൊഴിക്കുകയും ചൂട് തണുപ്പിക്കുകയും ചെയ്തു. പിന്നെയും സംഘം മുന്നോട്ടു നീങ്ങി. അറജ്, ത്വലൂബ് എന്നീ രണ്ട് പ്രവിശ്യകൾക്കിടയിലെത്തിയപ്പോൾ, ഒരു പട്ടി തന്റെ കുട്ടികളെ പരിപാലിക്കുന്നത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ കുഞ്ഞുങ്ങൾക്ക് പാലുകൊടുത്തു പരിപാലിക്കുന്ന ന പട്ടിയെയും കുട്ടികളെയും നമ്മുടെ കൂട്ടത്തിലെ ആരും ശല്യപ്പെടുത്തരുത് എന്ന് നബിﷺക്ക് നിർബന്ധമുണ്ടായിരുന്നു. സൈന്യം മുഴുവൻ കടന്നു പോകുന്നതുവരെ അവയ്ക്ക് കാവൽ നിൽക്കാൻ ജമീൽ ബിൻ സുറാഖ (റ) എന്ന സ്വഹാബിയെ ചുമതലപ്പെടുത്തി. അപ്രകാരം അദ്ദേഹം ആ പട്ടിയും കുഞ്ഞുങ്ങളും വിശ്രമിക്കുന്നതിന് സമാന്തരമായി കാവൽക്കാരനായി നിന്നു. പ്രപഞ്ചത്തിനാകെ കാരുണ്യമാണ് തിരുനബിﷺ എന്നതിന്റെ ഒരു നേരായ ദൃശ്യമായിരുന്നു ഇത്.
ചരിത്രത്തിലെ ഒരു നിവേദന പ്രകാരം, തിരുനബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ് (റ) എന്നവർ ഈ സമയത്ത് വിശ്വാസം പ്രഖ്യാപിച്ചു മദീനയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവരെ തിരുനബിﷺ വഴിയിൽ വച്ച് കണ്ടുമുട്ടി. ഇത് മക്കയിൽ നിന്നുള്ള അവസാനത്തെ പലായനമാണ് എന്നവരെ അറിയിച്ചു. മക്കയിലേക്ക് നബിﷺയും കൂട്ടുകാരും വരുന്ന വിവരം നേരത്തെ അബ്ബാസി(റ)ന് അറിയുമായിരുന്നില്ല. ജുഹുഫയിൽ വച്ചായിരുന്നു ഈ സംഗമം എന്നും ചരിത്രത്തിലുണ്ട്.
ഏതായാലും നബിﷺയും സംഘവും മുന്നോട്ടുതന്നെ നീങ്ങി. സംഘം ഉസ്‌ഫാൻ, ഖൈദീദ് പ്രദേശങ്ങൾക്കിടയിൽ കുദയ്ദിൽ എത്തി. കുറാഉൽ ഗമീം എന്ന സ്ഥലത്താണ് എത്തിയതെന്നും അഭിപ്രായമുണ്ട്. നോമ്പ് നോറ്റ് ക്ഷീണിച്ച അനുയായികളോട് നബിﷺ പറഞ്ഞു. “നിങ്ങൾക്ക് നോമ്പ് ഒഴിവാക്കാം. ഇനിയങ്ങോട്ട് കൂടുതൽ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇടപെടേണ്ട സമയങ്ങളാണ്. ഇപ്പോൾ വ്രതം ഒഴിവാക്കി പൂർണ ഉന്മേഷത്തോടെ സഞ്ചരിക്കുകയാണ് വേണ്ടത്. നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ അഭിമുഖീകരിക്കാൻ അടുത്തിരിക്കുന്നു”. തുടങ്ങിയ സന്ദേശങ്ങൾ നബിﷺ കൈമാറി.
ഇശാഅ് നേരമായപ്പോൾ മർറു ളഹ്റാൻ എന്ന പ്രദേശത്തെത്തി. അവിടെ വച്ച് പതിനായിരം പന്തങ്ങൾക്കൊളുത്താൻ നബിﷺ നിർദേശിച്ചു. ഉമറി(റ)നെ അതിന്റെ നേതൃത്വം ഏൽപ്പിച്ചു. നീക്കങ്ങൾ ഇത്രയുമൊക്കെയായിട്ടും ഖുറൈശികളറിഞ്ഞിരുന്നില്ല. എന്തുകൊണ്ടോ അവർക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നില്ല. പ്രവാചകർﷺ അതിനു വേണ്ടി നേരത്തെ പലപ്രാവശ്യം അല്ലാഹുവിനോട് പ്രാർഥിച്ചിരുന്നു.
ആയിരം തീപ്പന്തങ്ങൾ ഒരുമിച്ച് മക്കയിലേക്ക് നീങ്ങി. ആറാക് പ്രവിശ്യലെത്തിയപ്പോഴേക്കും ഖുറൈശികൾ വിവരമറിഞ്ഞു. അബൂ സുഫിയാന്റെ നേതൃത്വത്തിൽ അനുനയത്തിനുള്ള ആലോചനകൾ നടന്നു. സമഗ്രമായ ഒരു സംഘമായോ വ്യവസ്ഥാപിതമായ ഒരു കൂട്ടമായോ അവർക്ക് കൂടാൻ കഴിഞ്ഞില്ല. എന്നാൽ അബൂസുഫിയാൻ ചില അനുകൂല ആലോചനയുമായി നബിﷺയെ സമീപിക്കാൻ തീരുമാനിച്ചു.
ഇതിനിടയിൽ അബൂബക്കർ (റ) ഒരു സ്വപ്നം കണ്ടു. അത് നബിﷺയോട് പങ്കുവച്ചു. ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘പ്രവാചകരേ,ﷺ നമ്മൾ മക്കയോടടുത്തപ്പോൾ ഒരു നായ നമ്മുടെയടുക്കലേക്ക് ശബ്ദമുണ്ടാക്കക്കടന്നുവന്നു. അടുത്തെത്തിയപ്പോഴേക്കും അത് നിലത്ത് കിടന്നു. പാലു ചുരത്താൻ തുടങ്ങി’. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. “നായകൾ അസ്തമിച്ചു. ക്ഷീരം ചുരത്താൻ തുടങ്ങി. അവരിൽ നിന്നുള്ള പലരും കുടുംബബന്ധം മുന്നിൽ വച്ച് നമ്മെ സമീപിക്കും. അബൂ സൂഫിയാനെ നിങ്ങൾ കണ്ടുമുട്ടിയാൽ അദ്ദേഹത്തെ വധിക്കരുത്”.
ഇത് വ്യക്തമായ ഒരു സൂചനയും മുന്നറിയിപ്പുമായിരുന്നു. അബൂ സൂഫിയാൻ വരുമെന്നും വിധേയപ്പെടുമെന്നും പ്രവാചകൻ പറഞ്ഞതിന്റെ ഉള്ളടക്കം നമ്മോടു പങ്കുവയ്ക്കുന്നു. ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. ‘നബിﷺ അനുയായികളോട് പറഞ്ഞു. “അബൂ സൂഫിയാൻ അറാക്കിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ നിങ്ങൾ പിടികൂടി ഹാജരാക്കുക”. അപ്രകാരം സ്വഹാബികൾ അദ്ദേഹത്തെ കൈവശപ്പെടുത്തി.
ഇബ്നു ഉഖ്ബ (റ) പറയുന്നത് ഇങ്ങനെയാണ് : ‘ഞങ്ങൾ അബൂസുഫിയാന്റെ അടുത്തേക്കെത്തി. അദ്ദേഹത്തോടൊപ്പം ഖുറൈശീ പ്രമുഖരിൽ മറ്റു പലരുമുണ്ടായിരുന്നു. ഹക്കീം ബിൻ ഹിസാം, ബുദൈൽ ബിൻ വർഖാഅ തുടങ്ങിയവരായിരുന്നു അവർ. സ്വഹാബികൾ കടന്നുചെന്ന ഉടനെ അവർ ചോദിച്ചു. “നിങ്ങൾ ആരാണ്?”
“ഞങ്ങൾ പ്രവാചകരുﷺടെ അനുയായികൾ”.
“നമ്മുടെ മാറിടത്തിലേക്ക് ഒരു സൈന്യം ഇപ്രകാരം വന്നിട്ട് നാം ഇതുവരെ അറിഞ്ഞില്ലല്ലോ “. അബൂസുഫിയാൻ പ്രതികരിച്ചു’.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
