Tweet 442

    Tweet 442
    August 30, 2023 • Wednesday
    Post Header

    ഇമാം ഹാകിം(റ) മുസ്തദ്റകിൽ ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. ജാബിർ(റ) പറയുകയാണ്. മുഷിഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഒരാൾ അവിടെ വന്നു. നബി‍ﷺ ചോദിച്ചു ഇയാൾക്ക് വേറെ വസ്ത്രം ഒന്നും ഇല്ലേ. അപ്പോൾ അവിടെയുള്ളവർ പറഞ്ഞു. നല്ല രണ്ടു വസ്ത്രങ്ങളുണ്ട്. അയാൾ ബാഗിൽ വച്ചിരിക്കുകയാണ്. നബി‍ﷺ അയാളോട് അവയെടുത്ത് ധരിക്കാൻ പറഞ്ഞു. അയാൾ അപ്രകാരം അനുസരിച്ചു. കണ്ടപ്പോൾ നബി‍ﷺ പറഞ്ഞു. ഇപ്പോൾ എത്ര രസമുണ്ട് അല്ലേ! ഇയാൾക്ക് രക്തസാക്ഷിത്വം ലഭിച്ചിരുന്നെങ്കിൽ. ഇതു കേട്ട അദ്ദേഹം നബി‍ﷺയോട് പറഞ്ഞു. അല്ലാഹുവിന്റെ മാർഗത്തിൽ അല്ലേ? നബി‍ﷺ പറഞ്ഞു, അതെ. പിൽക്കാലത്ത് യമാമ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. നബി‍ﷺയുടെ ഒരു സഹവാസത്തിന്റെയും നിരീക്ഷണത്തിന്റെയും പരിണിതിയാണ് നാം വായിച്ചത്.
    ദാതു രിഖാ കഴിഞ്ഞ് മടങ്ങി വരുമ്പോൾ ഉണ്ടായ മറ്റൊരു സംഭവം കൂടി നമുക്ക് വായിക്കാം. ജാബിർ(റ) തന്നെ നിവേദനം ചെയ്യുന്നു. ഞങ്ങൾ ഹർറയിലെ താഴ്‌വരയിലൂടെ ഇറങ്ങുകയായിരുന്നു. അപ്പോഴതാ നബി സമക്ഷത്തിലേക്ക് ഒരു ഒട്ടകം വരുന്നു. എന്തോ ആവലാതി പറയുന്നുണ്ട്. പ്രവാചകൻ‍ﷺ ഒട്ടകത്തിന്റെ പരാതി കേൾക്കാൻ കാതോർത്തു. ശേഷം, നബി‍ﷺ ചോദിച്ചു. ഈ ഒട്ടകത്തിന്റെ മുതലാളി ആരാണെന്ന് അറിയുമോ? അത് അതിന്റെ മുതലാളിയെ കുറിച്ച് എന്നോട് പരാതി പറയുന്നുണ്ട്. വർഷങ്ങളായി ഒട്ടകം അവരുടെ ഉടമസ്ഥതയിൽ കഴിയുന്നു. ഇപ്പോൾ പണിയെടുക്കാൻ വയ്യാതെ പരിക്ഷീണിതനായപ്പോൾ അതിനെ അവർ അറുക്കാൻ ഉദ്ദേശിക്കുന്നു. അതാണ് ഒട്ടകത്തിന് മുതലാളിയെക്കുറിച്ചുള്ള പരാതി. ജാബിർ(റ) പറഞ്ഞു. ഇതിന്റെ മുതലാളി ആരാണെന്ന് അറിയില്ല. നബി‍ﷺ പറഞ്ഞു ആ ഒട്ടകം മുതലാളിയെ കാണിച്ചു തരും. ഒട്ടകം മുന്നേ നടന്നു. ജാബിർ(റ) ഒപ്പം നീങ്ങി. ഒടുവിൽ ഉടമസ്ഥന്റെ അടുത്തെത്തി. അദ്ദേഹത്തെ നബി‍ﷺയുടെ മുൻപിൽ ഹാജരാക്കി.
    മറ്റൊരു സംഭവം കൂടി ഒട്ടകവുമായി ബന്ധപ്പെട്ടത് കാണാം. ജാബിർ(റ) തന്നെ പറയുന്നു. ബനൂ സഅലബ സൈനിക നീക്കം കഴിഞ്ഞു വരുമ്പോൾ ഞാൻ വളരെ മെല്ലെയാണ് മുന്നോട്ട് നീങ്ങിയത്. വൈകിവരുന്നത് കണ്ടപ്പോൾ നബി‍ﷺ ചോദിച്ചു. എന്താണ് ഇത്ര വൈകി വരുന്നത്? ഞാൻ പറഞ്ഞു. എന്റെ വാഹനം തീരെ മുന്നോട്ടു നീങ്ങുന്നില്ല. അത് വളരെ ക്ഷീണിച്ചത് പോലെ. അപ്പോൾ നബി‍ﷺ അവിടുത്തെ വാഹനത്തെ നിയന്ത്രിച്ചു. എന്റെ വാഹനത്തിന്റെ അടുക്കലേക്ക് വന്നു. ശേഷം ഒരു കപ്പ് വെള്ളമെടുത്തു. അതിൽ മന്ത്രിച്ചു. ആ വെള്ളം എന്റെ വാഹനത്തിന്മേൽ കുടഞ്ഞു. പിന്നീട് വാഹനം അതിവേഗം സഞ്ചരിക്കാൻ തുടങ്ങി. നബി‍ﷺയുടെ വാഹനത്തെ കൂടി ഓവർടേക്ക് ചെയ്തു പോയപ്പോൾ എനിക്ക് നാണം തോന്നി. ഞാൻ എന്റെ വാഹനപ്പുറത്തിരുന്ന് നബി‍ﷺയോട് സംസാരിച്ചപ്പോൾ അവിടുത്തേക്ക് ചിരി വന്നു. അനുഗ്രഹം നേർന്ന ഒരു വടിക്കഷണം കൂടി എന്റെ കയ്യിൽ തന്നിരുന്നു.
    മദീനയിലേക്കുള്ള മടക്കയാത്രയിൽ നമുക്ക് വായിക്കാൻ കഴിയുന്ന മറ്റൊരു സംഭവം ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നതിങ്ങനെയാണ്. ജാബിർ(റ) തന്നെയാണ് ഈ സംഭവവും നിവേദനം ചെയ്യുന്നത്. അദ്ദേഹം പറയുന്നു. ഞങ്ങൾ നബി‍ﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അഫ് യഹ് താഴ്വരയിലെത്തിയപ്പോൾ നബി‍ﷺ പ്രാഥമികാവശ്യം നിർവഹിക്കാൻ വേണ്ടി അല്പം അകലേക്ക് പോയി. ഒരു പാത്രത്തിൽ വെള്ളവുമായി ഞാനും പിന്നാലെ ചെന്നു. നബി‍ﷺക്ക് മറക്കിരിക്കാൻ പറ്റുന്ന ഒരു സ്ഥലം നോക്കിയിട്ട് കാണാനില്ല. അപ്പോഴതാ രണ്ടു ദിക്കിലായി രണ്ടു മരങ്ങൾ നിൽക്കുന്നു. അതിൽ ഒരു മരത്തിന്റെ അടുത്തേക്ക് നബി‍ﷺ നടന്നുചെന്നു. അടുത്ത മരത്തോട് ചേർന്ന് നിൽക്കാൻ നബി‍ﷺ ആ മരത്തോട് ആവശ്യപ്പെട്ടു. പാദങ്ങളില്ലാത്ത കണങ്കാലുകളിൽ മരങ്ങൾ നടന്നടുത്തു. നബി‍ﷺക്കു മുന്നിൽ ഇഴ ചേർന്ന ഒരു മറ പോലെയായി. നബി‍ﷺ മറക്കടുത്ത് മറക്കിരുന്നു. വെള്ളം സമീപത്തുകൊണ്ട് വച്ച് ഞാൻ അല്പം അകലത്തേക്ക് മാറിനിന്നു. അടുത്തു നിൽക്കുന്നത് അവിടത്തേക്ക് ഇഷ്ടമല്ലെന്ന് എനിക്ക് മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ നബി‍ﷺ തിരിച്ചുവരുന്നത് കണ്ടു. അതാ മരങ്ങൾ പൂർവ്വ സ്ഥാനത്തേക്ക് മടങ്ങിപ്പോകുന്നു.
    ഈ സംഭവം വളരെ മനോഹരമായി പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
    നബി‍ﷺയുടെ ഓരോ സഞ്ചാര വഴിയിലും നിരവധി അത്ഭുത സംഭവങ്ങൾ അനുഭവിക്കാൻ അനുചരന്മാർക്ക് അവസരം ഉണ്ടായി. അവയിൽ നിന്ന് സവിശേഷമായ കാഴ്ചകളും ദൃശ്യങ്ങളും ലഭിച്ച ഒരു സഞ്ചാരത്തെയാണ് നാം ആഖ്യാനിച്ചുകൊണ്ടിരിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...