Tweet 443

    Tweet 443
    August 31, 2023 • Thursday
    Post Header

    രണ്ട് ഖബറുകൾക്കു മേൽ മരക്കൊമ്പുകൾ കുത്തി വച്ച സംഭവം ഈ യാത്രയിലാണ് ഉണ്ടായത്. മറമാടപ്പെട്ട ആളുകളുടെ അവസ്ഥ നബി‍ﷺ നേരിട്ട് കാണുകയായിരുന്നു. അവർ ശിക്ഷിക്കപ്പെടുന്നു എന്നതിനാൽ അവരുടെ ശിക്ഷയിൽ ലഘൂകരണം ലഭിക്കാൻ വേണ്ടിയാണ് ഈത്തപ്പന മട്ടലിന്റെ രണ്ടുകഷണങ്ങൾ ഓരോ ഖബറിന്മേൽ ഓരോന്നായി നാട്ടാൻ നബി‍ﷺ കൽപ്പിച്ചത്. അതുണങ്ങാത്തിടത്തോളം തസ്ബീഹ് ചൊല്ലുന്നുണ്ടെന്നും അതുവഴി ഖബറാളിക്ക് ആശ്വാസം ലഭിക്കുമെന്നും നബി‍ﷺ പഠിപ്പിച്ചു.
    തുടർന്ന് ഈ യാത്രയിലുള്ള ആളുകളുടെ മുഴുവൻ പാത്രങ്ങളും കാലിയായി. ഒരു സ്വഹാബിയുടെ പാത്രത്തിൽ അല്പം തുള്ളി ജലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നബി‍ﷺ ആ പാത്രം അടുത്തേക്ക് ഹാജരാക്കുകയും അതിൽ തിരുകരങ്ങൾ താഴ്ത്തിയപ്പോൾ വിരലുകൾക്കിടയിൽ നിന്ന് ജലം പ്രവഹിക്കുകയും ചെയ്തു. സംഘത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മുഴുവൻ ആവശ്യങ്ങൾക്കും മതിയായ വെള്ളം അതുവഴി ലഭിച്ചു. അവരെല്ലാവരും അല്ലാഹുവിനെ സ്തുതിക്കുകയും ആവശ്യങ്ങൾ നിർവഹിക്കുകയും ചെയ്തു.
    നബി‍ﷺയോടൊപ്പം അനുയായികൾ സഞ്ചരിച്ചുകൊണ്ടിരുന്ന ഈ യാത്രയിലെ മറ്റൊരു രംഗം കൂടി വായിക്കൂ. കൂട്ടത്തിൽ ഒരാൾ വേട്ടയാടിയപ്പോൾ ഒരു കിളിക്കുഞ്ഞ് മുന്നിലേക്ക് വന്നു വീണു. വേടൻ അത് കൈവശപ്പെടുത്തി വച്ചു. ആ കുഞ്ഞിനു വേണ്ടി തള്ളക്കിളി കാണിച്ച പ്രകടനങ്ങൾ എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. ആ സമയത്ത് പ്രവാചകൻ‍ﷺ അനുയായികളോട് ആയി ചോദിച്ചു. തന്റെ കുഞ്ഞിനുവേണ്ടി ഈ തള്ളക്കിളി കാണിക്കുന്ന പ്രകടനങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു, അല്ലേ? എന്നാൽ അല്ലാഹു നിങ്ങളോട് ഇതിനേക്കാൾ കാരുണ്യമുള്ളവനാണ്.
    പ്രവാചകരോ‍ﷺട് ഒത്തുള്ള സഞ്ചാരത്തിനിടയിൽ ഓരോ സന്ദർഭവും സാരോപദേശവും ഗുണപാഠങ്ങളും നിറഞ്ഞതായിരുന്നു. ആസ്വാദന പൂർണ്ണമായ ഒരു സഹസഞ്ചാരം ആയിരുന്നു മുത്ത് നബി‍ﷺയോടൊപ്പം അനുയായികൾ അനുഭവിച്ചത്.
    നബി ജീവിതത്തിന്റെ ഇരപകലുകളിലൂടെയും ഇടപെടലുകളുടെ ഉത്സാരങ്ങളിലൂടെയും നമുക്കിനിയും മുന്നോട്ട് സഞ്ചരിക്കാം.
    ജാബിറി(റ)ൽ നിന്ന് ഇബിനു ഇസ്ഹാഖ്(റ) ഉദ്ധരിക്കുന്നു. ദാതു രിഖാ യുദ്ധത്തെ തുടർന്ന് ബഹുദൈവ വിശ്വാസികളുടെ തോട്ടത്തിൽ ഒരു സ്ത്രീ അകപ്പെട്ടു പോയി. അവരുടെ ഭർത്താവ് അപ്പോൾ നാട്ടിൽ ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങി വന്ന ശേഷമാണ് ദാതു റിഖാ സൈനിക നീക്കത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും അയാൾ അറിയുന്നത്. മുഹമ്മദ് നബി‍ﷺയെയും അനുയായികളെയും നേരിടാതെ ഇനി അടങ്ങിയിരിക്കില്ലെന്ന് അയാൾ പ്രതിജ്ഞയെടുത്തു. മുസ്ലിം സൈന്യത്തെ തേടി അയാൾ പുറപ്പെട്ടു.
    നബി‍ﷺ യും അനുയായികളും ആ സമയത്ത് മദീനയോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. രാത്രിയായപ്പോൾ നബി‍ﷺ സൈന്യത്തോട് ചോദിച്ചു. ഇന്ന് ആരാണ് ഈ സംഘത്തിന് കാവൽ നിൽക്കുക. അബ്ബാദ് ബിൻ ബിഷ്റും(റ) അമ്മാർ ബിൻ യാസിറും(റ) സന്നദ്ധരായി. നബി‍ﷺയും സൈന്യവും വിശ്രമിച്ചപ്പോൾ കാവൽക്കാരായ രണ്ടുപേർ പരസ്പരം സംസാരിച്ചു. നമ്മളിൽ ആരാണ് രാത്രിയുടെ ആദ്യഭാഗം ഉണർന്നിരിക്കുക? ആരാണ് അവസാന ഭാഗം കാവൽ നിൽക്കുക? അമ്മാർ(റ) രാത്രിയുടെ ആദ്യഭാഗം വിശ്രമിക്കാൻ തിരഞ്ഞെടുത്തു. അബ്ബാദ്(റ) ആദ്യഭാഗം ഉണർന്നു നിൽക്കാനും തീരുമാനിച്ചു. കാവൽ നിൽക്കുകയല്ലേ ഇബാദത്തിൽ ആവട്ടെ എന്നു കരുതി അബ്ബാദ്(റ) നിസ്കാരത്തിലേക്ക് പ്രവേശിച്ചു. അന്തരീക്ഷത്തിൽ നേരത്തെ ഉണ്ടായിരുന്ന കാറ്റും കോളും ഒക്കെ അടങ്ങി. ഈ അവസരത്തിലാണ് മേൽ പറയപ്പെട്ട സ്ത്രീയുടെ ഭർത്താവ് മുസ്ലിം സൈന്യത്തെ തേടിയെത്തിയത്. അയാൾ നോക്കിയപ്പോൾ സൈന്യത്തിന്റെ കാവൽക്കാരനായ ഒരാൾ നിന്ന് നിസ്കരിക്കുന്നു. ആവനാഴിയിൽ നിന്ന് ഒരു അമ്പെടുത്ത് അയാൾ അബ്ബാദി(റ)നു നേരെ എയ്തു. അത് അബ്ബാദി(റ)ന്റെ ശരീരത്തിൽ പതിച്ചു. രണ്ടാമതും മൂന്നാമതും ശത്രു അങ്ങനെ തന്നെ ചെയ്തു. മൂന്നാമത്തെ അമ്പും പതിച്ചു കഴിഞ്ഞപ്പോൾ അബ്ബാദ്(റ) അമ്മാറി(റ)നെ വിളിച്ചു. അടുത്ത ഒരാൾ എഴുന്നേറ്റു വരുന്നത് കണ്ടപ്പോൾ. സൈന്യത്തിന് കൃത്യമായ കാവൽക്കാർ ഉണ്ടെന്ന് മനസ്സിലാക്കിയ ശത്രു പിന്തിരിഞ്ഞു പോയിക്കളഞ്ഞു. രംഗം കണ്ട അമ്മാർ(റ) തന്റെ കൂട്ടുകാരനോട് ചോദിച്ചു. നിങ്ങൾ എന്തേ നേരത്തെ തന്നെ എന്നെ വിളിക്കാതിരുന്നത്? അപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ സൂറത്തുൽ കഹ്ഫ് പാരായണം ചെയ്ത് നിസ്കരിക്കുകയായിരുന്നു. നിസ്കാരം മുറിക്കാനോ പാരായണം നിർത്താനോ ഞാൻ ആഗ്രഹിച്ചില്ല. ഇനിയും അങ്ങനെ തുടർന്നാൽ നാം സുരക്ഷ നൽകുന്ന സൈന്യത്തെ ബാധിക്കുമല്ലോ എന്ന് കണ്ടപ്പോഴാണ് ഞാൻ നിങ്ങളെ ഉണർത്തിയത്. അല്ലെങ്കിൽ ഞാൻ ഇപ്പോഴും വിളിക്കാൻ ആഗ്രഹിച്ചിരുന്നില്ല.
    പ്രവാചക അനുയായികളുടെ സമർപ്പണത്തിന്റെയും കർമ്മങ്ങളോടും ഉത്തരവാദിത്വങ്ങളോടും അവർ കാണിച്ചിരുന്ന കണിശതയുടെയും ശോഭനമായ ഒരു ഉദാഹരണമാണ് നാമിവിടെ വായിച്ചത്.
    പ്രഭാതമായി നബി‍ﷺ യും മറ്റ് അനുയായികളും വിവരങ്ങളറിഞ്ഞു. പിന്നെയും സംഘം മുന്നോട്ടു നീങ്ങി. അന്നുതന്നെ വൈകാതെ എല്ലാവരും മദീനയിൽ എത്തിച്ചേർന്നു.
    അത്യത്ഭുതങ്ങളുടെ മഹാസഞ്ചാരവും അതിജീവനത്തിന്റെ സമഗ്ര ചുവടുകളും അടയാളപ്പെടുത്തിയ ദാതു രിഖാ ഇവിടെ അവസാനിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...