
ഖൈബറിനു ശേഷം വിശ്വാസികൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു. എവിടെയും പോയി ഏതു പ്രതിസന്ധിയും നേരിടാം എന്ന് ഒരു മാനസിക കരുത്ത് ലഭിച്ചു. സ്വാഭാവികമായും ഇത് വിരോധികളിലും ഭയമുളവാക്കി. ഏതു സന്ദർഭത്തെയും പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശക്തി മുഹമ്മദ് നബിﷺക്കും അനുയായികൾക്കും ഉണ്ട് എന്ന് എവിടെയും ഉള്ള ശത്രുക്കൾക്ക് ബോധ്യപ്പെട്ടു. അങ്ങനെയിരിക്കെയാണ് രണ്ടു ഗോത്രങ്ങൾക്ക് പ്രവാചകനെﷺയും മദീനയെയും ആക്രമിച്ചാൽ കൊള്ളാം എന്നൊരു മോഹം. ഗത്ഫാനിലെ ബനൂമഹരിബ്, ബനൂസഅലബ എന്നീ ഗോത്രങ്ങളാണ് അവർ. സൗദി അറേബ്യയിലെ നജ്ദിന് സമീപമാണ് ഇവരുടെ വാസസ്ഥലം. ഇവരുടെ ആക്രമണ ഉദ്ദേശ്യം അറിഞ്ഞപ്പോൾ പ്രവാചകർﷺ അവരുടെ സ്ഥലത്ത് പോയി അവരെ പ്രതിരോധിക്കാൻ തീരുമാനിച്ചു. അങ്ങനെ 400-700 അംഗങ്ങളുള്ള ഒരു സംഘത്തോടൊപ്പം യാത്ര തിരിച്ചു. മദീനയുടെ ചുമതല അബൂദർ അൽ ഗിഫാരി(റ)യെ ഏൽപ്പിച്ചു. ഉസ്മാൻ ബിൻ അഫ്ഫാനെ(റ)യാണ് എന്നും അഭിപ്രായമുണ്ട്.
മുസ്ലിംകളുടെ ആഗമനമറിഞ്ഞ അവർ ആബാലവൃദ്ധം ജനങ്ങളും മലമുകളിലേക്ക് കയറി. പരസ്പരം ഭയമുളവാക്കുന്നതായിരുന്നു ഈ നടപടി. ശത്രുക്കൾ സംഘടിതമായ മിന്നൽ ആക്രമണം ലക്ഷ്യം വച്ചാണ് പിൻവാങ്ങിയത് എന്നായിരുന്നു മുസ്ലിംകളുടെ സംശയം. ഖൈബർ അടക്കമുള്ള വിജയാനന്തരം പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതായിരുന്നു ശത്രുക്കളുടെ മനോഗതി. പിന്നീട് നടന്ന പരസ്പര സംഘട്ടനത്തെയാണ് ദാതു റിഖാ സൈനിക നീക്കം എന്നറിയപ്പെടുന്നത്. ഇത് വെളുപ്പും കറുപ്പും കല്ലുകൾ നിറഞ്ഞ ഭൂപ്രദേശമാണ്. ദാതു രിഖാ എന്ന നാമം തൊട്ടടുത്തുള്ള പർവതത്തിന്റെതാണെന്നും ദുർഘടമായ യാത്രയ്ക്കിടയിൽ പ്രവാചക അനുയായികളിൽ പലരും കാലിനു പരിക്കേറ്റ കാരണത്താൽ മുറിവ് കെട്ടിവച്ചതിനാൽ ലഭിച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
ഈ സംഭവത്തിന്റെ കാലത്തെക്കുറിച്ചും വ്യത്യസ്ത ചരിത്രവീക്ഷണങ്ങൾ കാണാം. ഹിജ്റ നാലാം വർഷമാണെന്നും ഖന്ദക്കിന് ഉടനെ ആയിരുന്നു എന്നും ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. എന്നാൽ ഖൈബറിനെ തുടർന്നായിരുന്നു എന്നതാണ് പ്രബല അഭിപ്രായം.
മദീനയിൽ നിന്ന് പുറത്തേക്ക് പോയുള്ള സൈനിക നീക്കങ്ങൾ മുഴുവൻ പ്രധാനമായും 2 ലക്ഷ്യങ്ങൾ മുന്നിൽ വച്ചുകൊണ്ടായിരുന്നു. ഒന്ന്, നമ്മുടെ സംഘശക്തിയിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. രണ്ട്, മദീന ഒരു ആക്രമണത്തിന് വിധേയമാകാതിരിക്കുക. ഇത്തരമൊരു സമീപനം കൊണ്ട് മദീനയെ ആക്രമിക്കാൻ ഒരുങ്ങിയ പലർക്കും പിൻവാങ്ങേണ്ടി വന്നു.
അത്ഭുതങ്ങൾ നിറഞ്ഞ സൈനിക നീക്കം എന്നാണ് ദാതു രിഖാഉ അറിയപ്പെടുന്നത്. കാരണം ഈ കാലയളവിൽ പല അത്ഭുത സംഭവങ്ങളും നടന്നു. അതിൽ സുപ്രസിദ്ധമായ ഒരു സംഭവം ഇതാണ്.
ജാബിറ് ബ്‌നു അബ്ദില്ല(റ) റിപ്പോർട്ട് ചെയ്യുന്നു. നജ്ദ്കാരോട് പോരാടാനായി ഞാനും നബിﷺയോടൊപ്പം പോയി. യാത്രാമധ്യേ നബിﷺ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനൊരുങ്ങി. കൈയിലുണ്ടായിരുന്ന വാൾ മരത്തിൽ തൂക്കിയിട്ടു. ശേഷം ഞങ്ങൾ ഉറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ നബിﷺ വിളിക്കുന്നു. അരികിലെത്തിയപ്പോൾ അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടു. നബിﷺ പറഞ്ഞു, ഞാൻ ഉറങ്ങിക്കൊണ്ടിരിക്കെ ഇയാൾ എന്റെ വാൾ തട്ടിയെടുത്തു. ഞാനുണർന്നപ്പോൾ ഇയാൾ ഊരിപ്പിടിച്ച വാളുമായി എന്നോട് ചോദിച്ചു “ആരാണ് താങ്കളെ എന്നിൽ നിന്ന് രക്ഷിക്കുക?” ഞാൻ പറഞ്ഞു. “അല്ലാഹു”. അതോടെ വാൾ നിലത്ത് വീഴുകയും അയാൾ ഇരിക്കുകയും ചെയ്തു. നബിﷺ വാളെടുത്ത് അയാൾ ചോദിച്ചപോലെ തിരിച്ചു ചോദിച്ചു. “ഇപ്പോൾ താങ്കളെ ആര് രക്ഷിക്കും?” അയാൾ പറഞ്ഞു, “ആയുധധാരികളിൽ ഏറ്റവും ഉത്തമനാകണം അവിടുന്ന്. നബിﷺ അയാളെ യാതൊരു പ്രതികാരവും ചെയ്യാതെ വിട്ടയച്ചു.
ഈ സംഭവം നിരവധി നിവേദന പരമ്പരകളിലൂടെ വന്നിട്ടുണ്ട്. വാചകത്തിനും ആശയത്തിലും നേരിയ വ്യത്യാസങ്ങൾ അവയിൽ കാണാം. എന്നാൽ എല്ലാ നിവേദനങ്ങളും ഉൾക്കൊള്ളുന്ന പൊതുവായ കാര്യങ്ങൾ ഇവയൊക്കെയാണ്. ഒന്ന്, പ്രവാചകരുടെ ആത്മവിശ്വാസവും ധൈര്യവും ഉള്ള നിലപാട്. രണ്ട്, അത്ഭുതകരമായി അല്ലാഹു നൽകിയ കാവൽ. മൂന്ന്, അവിടുത്തെ വിട്ടുവീഴ്ചയോടെയുള്ള സമീപനം. നാല്, മുത്ത് നബിﷺയുടെ അനുപമയോടെയുള്ള സമീപനം കാരണം ശത്രുവിൽ ഉണ്ടാക്കിയ മാറ്റം. അഞ്ച്, അത്ഭുതകരമായി ശത്രുവിന്റെ കയ്യിൽ നിന്ന് വാൾ വീഴുന്ന രംഗം. സന്ദർഭം അനുസരിച്ച് പ്രവാചകർﷺ പ്രതിയോഗിയെ അതിവിദഗ്ധമായി നേരിടുന്ന കാഴ്ചകൾ. എല്ലാത്തിലും ഉപരിയായി നബിﷺ അല്ലാഹുവിൽ വച്ചുപുലർത്തിയ വിശ്വാസത്തിന്റെ ദാർഢ്യത ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംശമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
