
തിരുനബിﷺയും അനുയായികളും ഖൈബറിൽ നിന്ന് മടങ്ങുകയാണ്. ഏകദേശം മദീനയോട് അടുക്കാറായി വരുന്നു. സമയം സുബഹിയോടും അടുത്തുവരുന്നു. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. അല്പം നിർത്തി വിശ്രമിച്ച് മുന്നോട്ട് ഗമിക്കാമെന്നായി. നബിﷺ വിളിച്ചു ചോദിച്ചു. ആരാണ് ഉണർന്നിരുന്ന് നമ്മെ എല്ലാവരെയും സുബഹിക്ക് വിളിക്കുക. ബിലാൽ(റ) പറഞ്ഞു. ഞാൻ വിളിച്ചു കൊള്ളാം. നബിﷺയും മറ്റുള്ളവരും ഉറക്കിലേക്ക് നീങ്ങി. ബിലാൽ(റ) അല്പനേരം നിസ്കരിച്ചു നിന്നു. ശേഷം, സുബഹിയുടെ സമയം കാത്ത് ഒട്ടകത്തെ ചാരിയിരുന്നു. സമയമായാൽ എല്ലാവരെയും വിളിക്കാം നിസ്കരിക്കാം എന്ന വിചാരത്തിൽ ആയിരുന്നു ഇരുന്നത്. പക്ഷേ, ബിലാലും(റ) അറിയാതെ ഉറക്കിലേക്ക് വീണുപോയി. സൂര്യന്റെ ചൂട് അടിക്കുന്നത് വരെ ആരും അറിഞ്ഞില്ല. ഉണർന്നെഴുന്നേറ്റ ഉടനെ നബിﷺ വിളിച്ചു ചോദിച്ചു. അല്ലയോ ബിലാൽ(റ), എന്ത് പണിയാണ് മോനെ ചെയ്തത്? അപ്പോൾ ബിലാൽ(റ) പറഞ്ഞു. അവിടുന്ന് ഉറങ്ങിപ്പോയത് പോലെ ഞാനും അറിയാതെ ഉറക്കിലേക്ക് വീണുപോയി. ശരി, നിങ്ങൾ സത്യമാണ് പറഞ്ഞത്. ഉടനെ തന്നെ അവിടെ നിന്ന് യാത്ര തുടർന്നു. അധികം അകലും മുമ്പ് വീണ്ടും വാഹനം നിർത്തി. അംഗ സ്നാനം ചെയ്തു നിസ്കാരം നിർവഹിച്ചു. സ്വഹാബികൾ മുഴുവനും നിസ്കാരത്തിൽ ഏർപ്പെട്ടു. ശേഷം, നബിﷺ പറഞ്ഞു. ഒരുപക്ഷേ നിസ്കാരം മറന്നു പോയാൽ ഓർക്കുമ്പോൾ അത് വീണ്ടെടുക്കുക. അഥവാ നിസ്കരിച്ചു വീട്ടുക.
മതവിധികൾ രൂപപ്പെടുന്നതിന്റെയും തിരുനബിﷺയുടെ പെരുമാറ്റത്തിന്റെയും നല്ലൊരു ചിത്രം കൂടിയാണ് നാം ഇപ്പോൾ കണ്ടത്. നബി ജീവിതത്തിന്റെ ഔദ്യോഗികമായ 23 വർഷങ്ങൾ. അതിനിടയിലെ രാപ്പകലുകളും സഞ്ചാരങ്ങളും വിശ്രമങ്ങളും എല്ലാം മത നിയമങ്ങൾ രൂപപ്പെട്ടു വന്നതിന്റെ പശ്ചാത്തലങ്ങളാണ്.
അനുയായിയായ ബിലാലി(റ)നോട് എത്ര സൗമ്യമായിട്ടാണ് തിരുനബിﷺ പ്രതികരിച്ചത്. അതേ രീതിയിൽ പ്രതികരിക്കാനുള്ള എത്ര നല്ല സ്വാതന്ത്ര്യമാണ് തിരുനബിﷺ വകവെച്ചുകൊടുത്തത്. ഇസ്ലാമിന്റെ ആത്മാവും ഇസ്ലാമിലെ വ്യവഹാരങ്ങളുടെ പ്രാധാന്യവും ഒക്കെ അറിയണമെങ്കിൽ നബി ജീവിതം മനസ്സുചേർത്തു വച്ച് വായിക്കുക തന്നെ വേണം.
അബൂ മൂസ അൽ അശ്അരി(റ) വിശദീകരിക്കുന്നു. നബിﷺയും അനുയായികളും മദീനയോട് അടുത്തപ്പോൾ മദീനക്കാർ കാത്തുനിന്ന് സ്വീകരിച്ചു. നബിﷺയെയും സംഘത്തെയും കണ്ട മാത്രയിൽ തന്നെ അവർ തക്ബീർ മുഴക്കി. അവരുടെ തക്ബീറിന്റെ ശബ്ദം അധികരിച്ചപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ വിളിക്കുന്നത് കേൾക്കാത്തവനും കാണാത്തവരുമായ പടച്ചവനെ അല്ല. കാണുകയും കേൾക്കുന്നവനെയുമാണ്. നിങ്ങൾ ശബ്ദമുയർത്തി സാഹസപ്പെടേണ്ടതില്ല.
വാഹനത്തിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന ഞാൻ ലാ ഹൗല… എന്ന മന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. അത് ശ്രദ്ധയിൽ പെട്ടപ്പോൾ എന്നെ വിളിച്ചു. ഞാൻ പറഞ്ഞു ലബ്ബയ്ക് ഞാൻ ഉത്തരം ചെയ്യുന്നു… എന്റെ മാതാ പിതാക്കൾ തങ്ങൾക്കു ദണ്ഡമാകുന്നു… അപ്പോൾ അവിടുന്നിങ്ങനെ പ്രതികരിച്ചു. സ്വർഗ്ഗീയ നിധികളിൽ നിന്നും ഒരു വാചകം ഞാൻ നിങ്ങളെ പരിചയപ്പെടുത്തി തരട്ടെ? അതെ എന്ന് ഞാനും പറഞ്ഞു. അപ്പോൾ അവിടുന്ന് ചൊല്ലി തന്നു. ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം.’ അഥവാ എല്ലാ കഴിവുകളും ചലനങ്ങളും അല്ലാഹുവിൽ നിന്നു മാത്രം.
കുറച്ചു നാളുകളുടെ അസാന്നിധ്യത്തിന് ശേഷം വിജയ ഗാഥകളുമായി മദീനയിലേക്കെത്തിയ തിരുനബിﷺ ഉഹദ് പർവതത്തെ കണ്ടുമുട്ടിയപ്പോൾ ഇങ്ങനെ പറഞ്ഞു. ഈ പർവതത്തിന് എന്നോട് വളരെ പ്രിയമാണ്. എനിക്ക് അങ്ങോട്ടും വലിയ ഇഷ്ടമാണ്. മദീനയിലെ രണ്ടു കുന്നുകൾക്കിടയിലുള്ള സ്ഥലം ഞാൻ പവിത്രമാക്കി പ്രഖ്യാപിക്കുന്നു.
മദീനയിലേക്ക് മടങ്ങിയെത്തിയ സ്വഹാബികൾ അവർക്കു ലഭിച്ച സമ്പാദ്യങ്ങൾ വ്യവഹാരം ചെയ്തു. കഴിഞ്ഞ നാളുകളിൽ സഹായിച്ച മുഹാജിറുകൾക്ക് അൻസ്വാറുകൾ സന്തോഷത്തോടെയുള്ള സമ്മാനങ്ങൾ നൽകി. ഒരുകാലത്തെ കടപ്പാടുകൾക്ക് തിരിച്ചുനൽകാൻ അൻസ്വാറുകൾക്ക് നല്ലൊരു അവസരമായിരുന്നു ഇത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
