
ജൂതശക്തി തൈമാഇല്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഏകദേശം ക്രി.ആറാം നൂറ്റാണ്ടിലായിരിക്കും. ചില ചരിത്ര സ്രോതസ്സുകളില്‍ സമൗഅലു ബ്‌നു ആദിയാഅ് എന്നൊരു ജൂതരാജകുമാരനെക്കുറിച്ച് പരാമർശമുണ്ട്. ഈ സമൗഅല്‍ അഥവാ സാമുവല്‍ പാര്‍ത്തിരുന്നത് തൈമയില്‍ പ്രശസ്തമായ ഒരു കോട്ടയിലായിരുന്നു. അയാൾക്ക് അറബി മാത്രമേ അറിയുമായിരുന്നുള്ളൂ. അയാളുടെ കവിതകൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്. തീർത്തും ഒരു അറബി ഒറിജിനലിൽ നിന്നുണ്ടാകുന്ന ഭാഷയും ഭാവനയും ഒക്കെയാണ് അതിൽ വായിക്കാൻ കഴിയുന്നത്. ഒരുപക്ഷേ, ജൂതമതത്തിലേക്ക് മാറിയ ഒരറബിയായിരിക്കാം ഇദ്ദേഹം.
മൃഗാരാധന പോലുള്ള സമ്പ്രദായങ്ങളില്‍നിന്ന് അറബികള്‍ മോചനം ആഗ്രഹിച്ച ഒരു ഘട്ടമായിരുന്നു അത്. ഏകദൈവത്വം പോലുള്ള വിശ്വാസക്രമങ്ങള്‍ പിന്തുടരാന്‍ ഇതാവാം കാരണം. ഈ ഘട്ടത്തില്‍ തന്നെയാണ് ദുന്നുവാസും ജൂതമതം സ്വീകരിക്കുന്നത്. ഏതായാലും ഈ സമൗഅല്‍ അഥവാ സാമുവല്‍ ആണ് ‘സമൗഅലിനേക്കാള്‍ സത്യസന്ധന്‍’ എന്ന അറബി പ്രയോഗത്തിന് കാരണക്കാരന്‍.
ഇയാള്‍ ജീവിച്ചിരുന്ന കോട്ട ‘അല്‍ അബ്‌ലഖ്’ പല വർണങ്ങൾ അല്ലെങ്കില്‍ രണ്ട് നിറങ്ങളുള്ള ‘അല്‍ അബ്‌ലഖുല്‍ ഫര്‍ദ്’ ഒരേയൊരു അബ്‌ലഖ് എന്നോ ആണ് വിളിക്കപ്പെട്ടിരുന്നത്. പല വര്‍ണങ്ങളുള്ള കല്ലുകൾ കൊണ്ട് നിര്‍മിച്ചതുകൊണ്ടാവാം ഈ പേരു വന്നത്. മദീനയില്‍നിന്ന് അന്നത്തെ കാലത്ത് ഏഴു ദിവസം വഴിദൂരമുള്ള തൈമാഇന്ന് പുറംമതിലുകളുണ്ടായിരുന്നു. ഉവൈറ തടാക തീരത്തായിരുന്നു അത് സ്ഥിതിചെയ്തിരുന്നത്.
ബക്‌രി(റ)യുടെ നിവേദനമനുസരിച്ചു, അവിടെ ധാരാളം കാരക്കത്തോട്ടങ്ങളും അത്തിമരങ്ങളും മുന്തിരിത്തോപ്പുകളുമൊക്കെ ഉണ്ടായിരുന്നു. ഇവിടെയുള്ള കോട്ട നിര്‍മിച്ചത് സോളമനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പ്രമുഖ കവി അഅ്ശയുടെ വരികള്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രശസ്തനായിരുന്ന അറബിക്കവി ഇംറുഉല്‍ ഖൈസ്, സമൗഅലിന്റെ സമകാലികനായിരുന്നു. ഒരിക്കല്‍ ഇംറുല്‍ ഖൈസ് തൈമാഇലെത്തി തന്റെ ജംഗമസ്വത്തുക്കളും പ്രത്യേകിച്ച് ആയുധങ്ങള്‍ സമൗഅലിനെ ഏല്‍പ്പിച്ചു. എന്നിട്ട് അദ്ദേഹം ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കാണാനായി അങ്കാറയിലേക്ക് തിരിച്ചു. ഇത് ഏകദേശം ക്രി.540-ല്‍ ആണ്. അവിടെ വെച്ച് കവി ഇംറുഉല്‍ ഖൈസ് വധിക്കപ്പെടുകയാണത്രെ ഉണ്ടായത്.
അങ്കാറയിൽ അദ്ദേഹത്തിന്റെതായി അറിയപ്പെടുന്ന ഒരു കബറിടം ഇപ്പോഴും ഉണ്ട്. അസൂയക്ക് പാത്രമായി വധിക്കപ്പെട്ട കവിയുടെ സ്വത്തുവഹകള്‍ വിട്ടുതരണമെന്ന് ഗസ്സാന്‍കാരനായ അല്‍ഹാരിസുല്‍ അഅ്‌റജ് സമൗഅലിനോട് ആവശ്യപ്പെട്ടു. പക്ഷേ, സമൗഅല്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് സമൗഅലിനെ ഹാരിസ് ഉപരോധിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ സമയത്ത് സമൗഅലിന്റെ മകന്‍ കോട്ടക്ക് പുറത്തായിരുന്നു. ഹാരിസ് അവനെ പിടികൂടി തന്റെ ആവശ്യം ആവര്‍ത്തിച്ചു. അംഗീകരിച്ചില്ലെങ്കില്‍ മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സാമുവല്‍ അംഗീകരിക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് തന്നെ മകനെ ഹാരിസ് അരുംകൊല ചെയ്തു.
ഈ അബ്‌ലഖ് കോട്ട വളരെ കെട്ടുറപ്പുള്ളതായിരുന്നതിനാല്‍ ശത്രുക്കള്‍ പലവുരു ആക്രമിച്ചെങ്കിലും കീഴടക്കാനായില്ല. അവസാനം ശത്രുക്കള്‍ക്ക് തിരിച്ചുപോരേണ്ടിവന്നു.
തൈമാഅ് എപ്പോഴാണ് പ്രവാചകൻﷺ കീഴടക്കിയത് എന്ന് നമ്മുടെ സ്രോതസ്സുകള്‍ കൃത്യമായി പറയുന്നില്ല. പക്ഷേ, അവിടെ ബനൂ ആദിയാഅ് ജൂത രാജവംശം അഥവാ സമൗഅലിന്റെ പിതാവായ ആദിയാഅ് ഭരണം നടത്തിയിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ബലാദുരി പറയുന്നത്, ഖൈബറും വാദില്‍ഖുറായും ഹി.ഏഴാം വര്‍ഷം കീഴടങ്ങിയതോടെ തൈമാഅ് നിവാസികളുടെ ഒരു പ്രതിനിധിസംഘം പ്രവാചകനെﷺ വന്നു കാണുകയും തങ്ങള്‍ ചുങ്കം നല്‍കിക്കൊള്ളാമെന്ന് സമ്മതിക്കുകയും പ്രവാചകനﷺത് അംഗീകരിക്കുകയും ചെയ്തു എന്നാണ്. ഇത് ഹി.ഒമ്പതാം വര്‍ഷം, 30,000 സൈനികരുമായി പ്രവാചകൻﷺ തബൂക്കിലേക്ക് പുറപ്പെട്ട സമയത്തായിരിക്കാനും സാധ്യതയുണ്ട്. തബൂക്കിലേക്ക് ഈ വഴിയായിരിക്കാം കടന്നുപോയിട്ടുണ്ടാവുക. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, യസീദുബ്‌നു അബീ സുഫ്‌യാനെ(റ)യാണ് പ്രവാചകന്‍ﷺ ഈ മേഖലയുടെ ഗവര്‍ണറായി നിശ്ചയിച്ചത്. തൈമാഉകാരുമായി പ്രവാചകനുﷺണ്ടാക്കിയ ഉടമ്പടിയുടെ രേഖ ചരിത്രകാരന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അക്കാലത്തെ നയതന്ത്ര എഴുത്തിന്റെ ഏറ്റവും മികച്ച മാതൃകയായി ഇതിനെ കാണാൻ കഴിയും.
”കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഇത് അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ്ﷺ, ബനൂ ആദിയാഇന്നായി എഴുതി നല്‍കുന്നത്. ആളോഹരി നികുതി നൽകുന്ന അവർക്ക് പൂർണ്ണമായ സംരക്ഷണം ഉണ്ട്. കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടരുത്, നാട് കടത്തപ്പെടുകയുമരുത്. വ്യവസ്ഥകള്‍ക്ക് രാത്രിയുടെ ദൈര്‍ഘ്യവും പകലിന്റെ കരുത്തും ഉണ്ടാവട്ടെ. എഴുതിയത്: ഖാലിദു ബ്‌നു സഈദ്.”
ഈ രേഖയില്‍ ബനൂ ആദിയാഅ് ഭരണവംശത്തെ പ്രത്യേകം പേരെടുത്ത് പറഞ്ഞതുകൊണ്ട്, തൈമാഇല്‍ മാത്രമല്ല അവരുടെ മുഴുവന്‍ ഭരണപ്രദേശങ്ങളിലും ഇത് ബാധകമായിരുന്നുവെന്നു മനസ്സിലാക്കാം.
ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലത്ത് ജൂതപ്രജകളെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തന്നെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അവരുടെ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന മുസ്‌ലിംകളെ അവര്‍ നിരന്തരം അക്രമിച്ചതായിരുന്നു കാരണം. എന്നാല്‍ തൈമാഉകാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നില്ല എന്ന് ഇബ്‌നുല്‍ ഖയ്യിം എഴുതുന്നുണ്ട്. യമനിലെ ജൂതന്മാര്‍ക്കും പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇവരുടെ നല്ല പെരുമാറ്റം കാരണമാകണം അത്. അതേസമയം യമനിലെ ക്രിസ്ത്യാനികളെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അവരെ ഉമര്‍(റ) നജ്‌റാനില്‍നിന്ന് ഇറാഖിലേക്കാണ് മാറ്റിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
