Tweet 420

    Tweet 420
    August 8, 2023 • Tuesday
    Post Header

    “ഞാൻ തൃപ്തിപ്പെട്ട കാര്യത്തിൽ നിങ്ങൾ വിസമ്മതിക്കുകയാണോ ഉമറേ(റ) ” എന്നു ചോദിച്ചുകൊണ്ട് നബിﷺ ചർച്ചയുടെ ഭാഗമായി. ഖുറൈശീ പ്രതിനിധിയായ സുഹൈൽ പറഞ്ഞു, “നമ്മൾത്തമ്മിൽ ധാരണയായ വിഷയം നമുക്കൊന്ന് എഴുതി രേഖപ്പെടുത്താം “. നബിﷺ അലി(റ)യെ വിളിച്ചു. “ബിസ്മില്ലാഹി റഹ്മാനി റഹീം ” എന്ന് എഴുതാൻ പറഞ്ഞു. അപ്പോൾ സുഹൈൽ പറഞ്ഞു. ” റഹ്മാനും റഹീമും അതെന്താണെന്ന് എനിക്കറിയില്ല. അത്കൊണ്ട് ബിസ്മികല്ലാഹുമ്മ എന്നെഴുതുക “. അപ്പോൾ മുസ്‌ലിംകൾ ശബ്ദമുയർത്തി. “ബിസ്മില്ലാഹി റഹ്മാനിറഹീം എന്ന് തുടങ്ങിയല്ലാതെ ഞങ്ങൾ ഉടമ്പടി എഴുതില്ല “. അപ്പോൾ നബിﷺ ഇടപെട്ട് രംഗം ശാന്തമാക്കി. “ബിസ്മികല്ലാഹുമ്മ എന്നു മതി, നിങ്ങൾ എഴുതൂ ” എന്ന് പറഞ്ഞു. തുടർന്ന് ബാക്കി ഭാഗം എഴുതി. “മുഹമ്മദ്ﷺ എന്നവർ തീരുമാനിച്ച പ്രകാരം “. അപ്പോൾ വീണ്ടും സുഹൈൽ ഇടപെട്ടു. “അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് സമ്മതിച്ചാൽപ്പിന്നെ നമ്മൾ തമ്മിൽ എന്താണ് പ്രശ്നം ? അതുകൊണ്ട് അങ്ങനെ എഴുതാൻ പറ്റില്ല. മുസ്‌ലിംകൾ കഅ്ബയിലേക്ക് വരരുതെന്നും ഞങ്ങൾ നിങ്ങളോട് യുദ്ധത്തിലാണെന്നും ഒക്കെ പറയാനുള്ള കാരണം, ഈയൊരു കാര്യം അംഗീകരിക്കാത്തതു കൊണ്ടാണല്ലോ ? അതുകൊണ്ട് നമ്മൾ കൂടി സമ്മതിക്കുന്ന വിലാസത്തിൽ എഴുതുക. അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് എന്ന് എഴുതിത്തുടങ്ങൂ “. അപ്പോൾ നബിﷺ അലി(റ)യോട് പറഞ്ഞു, “എന്നാൽ ആ ഭാഗം ഒന്ന് കറക്ഷൻ നടത്തൂ “. അലി (റ) പറഞ്ഞു. “എനിക്കത് സാധ്യമല്ല നബിﷺയെ “. മുഹമ്മദ് ബിൻ ഉമറി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. ഉസൈദ്ബ്നു ഹുദൈറും സഅദ് ബിൻ ഉബാദയും അലി(റ)യുടെ കൈ പിടിച്ചു വച്ചു. അല്ലാഹുവിന്റെ ദൂതൻﷺ എന്ന പ്രയോഗം ഒഴിവാക്കി എഴുതരുതെന്ന് നിർബന്ധം പിടിച്ചു. അല്ലാത്തപക്ഷം വാളുകൾ കാര്യം തീരുമാനിക്കട്ടെ എന്നും അവർ പറഞ്ഞു. അതോടെ വീണ്ടും രംഗം ശബ്ദമുഖരിതമായി. നബിﷺ അവിടുന്ന് ആംഗ്യം കാണിച്ചു. എല്ലാവരോടും അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. അതോടെ സ്വഹാബികൾ നിശ്ശബ്ദരായി. എന്നിട്ട് അലി(റ)യോട് പറഞ്ഞു. ആ എഴുതിയ ഭാഗം ഇങ്ങോട്ട് ഒന്ന് കാണിച്ചു തരൂ. അവിടുത്തെ തിരുകരം കൊണ്ട് ആ ഭാഗം കറക്റ്റ് ചെയ്തു. ഖുറൈശികൾ ആവശ്യപ്പെട്ട പ്രകാരം അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് എന്നാക്കി. ഖുറൈശികളിൽ നിന്നാരെങ്കിലും മുസ്‌ലിംകളിലേക്ക് വന്നാൽ സ്വീകരിക്കരുതെന്നും, വിശ്വാസികൾ ആരെങ്കിലും ഖുറൈശികളുടെ അടുക്കലേക്ക് ചെന്നാൽ മടക്കി വിടില്ലെന്നും എഴുതുന്നതിൽ വിശ്വാസികൾക്ക് വലിയ വേദനയായി. “നമ്മുടെ ആദർശം സ്വീകരിച്ചവരെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയോ?” ആശങ്കയോടു കൂടി സ്വഹാബികൾ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. “നമ്മിൽ നിന്ന് ആരെങ്കിലും അങ്ങോട്ട് ചെന്നാൽ എന്നല്ലേ ? അങ്ങനെ ഒരു സാഹചര്യം ഉണ്ടാവാതിരിക്കട്ടെ. അവരിൽ നിന്നാരെങ്കിലും ഇങ്ങോട്ട് വന്നാൽ അവർക്ക് അല്ലാഹു ഒരു പരിഹാരം നൽകട്ടെ. ഏതായാലും നമുക്ക് ഉടമ്പടിയിലൊപ്പുവയ്ക്കാം “.
    ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ അബ്ദുല്ലാഹിബിന് മുഗഫ്ഫൽ (റ) പറയുന്നു. “ഉടമ്പടിക്ക് ശേഷം 30 യുവാക്കൾ ഒരു മുന്നറിയിപ്പുമില്ലാതെ മുസ്‌ലിംകൾക്ക് നേരെ വന്നു. അവർ ആയുധധാരികളായിരുന്നു. പ്രവാചകൻﷺ രക്ഷയ്ക്കു വേണ്ടി പ്രാർഥിച്ചു. അല്ലാഹു വന്നവരുടെ കാഴ്ചയും കേൾവിയും നിയന്ത്രിച്ചു. അതോടെ സ്വഹാബികൾ അവരെപ്പിടികൂടി. നബിﷺയുടെ സന്നിധിയിൽ ഹാജരാക്കി. നബിﷺ ചോദിച്ചു : “നിങ്ങൾ ആരുടെയെങ്കിലും ജാമ്യത്തിൽ വന്നവരാണോ ?” അവർ പറഞ്ഞു “അല്ല “. നബിﷺയുടെ നിർദേശപ്രകാരം അവരെ വെറുതെ വിട്ടയച്ചു. ഇക്കാര്യം സൂറത്തുൽ ഫത്ഹിലെ 24-ാം സൂക്തം പരാമർശിക്കുന്നുണ്ട്.
    അനസി(റ)ൽ നിന്നുള്ള ഒരു നിവേദനത്തിൽ ഇങ്ങനെയും കാണുന്നുണ്ട്. “ഹുദൈബിയ ദിവസം 80 ആയുധധാരികൾ നബിﷺയെ ലക്ഷ്യം വച്ച് ചാടിവീണു. അവർ മക്കക്കാരായിരുന്നു. തൻഈമിന്റെ ഭാഗത്തു നിന്നാണ് അവർ വന്നത്. നബിﷺ പെട്ടെന്ന് അവരുടെ വിപത്തിൽ നിന്നുള്ള രക്ഷയ്ക്കുവേണ്ടി പ്രാർഥിച്ചു. അതോടെ അവർ വഴങ്ങുകയും രംഗം ശാന്തമാവുകയും ചെയ്തു “.
    ഇബ്ൻ ജരീറി(റ)ന്റെ ഒരു നിവേദനം കൂടി ഇവിടെ വായിക്കാൻ ഉണ്ട്. “നബിﷺയുടെ അനുയായികളിൽ നിന്ന് ഇബ്നു സുനൈം (റ) എന്നറിയപ്പെടുന്ന ഒരാൾ ഹുദൈബിയ്യ ദിനത്തിൽ കുന്നിൻ മുകളിൽ കയറി. ഖുറൈശികളിൽ ആരോ ആ അനുയായിയെ കൊന്നുകളഞ്ഞു. ഇതറിഞ്ഞയുടനെ നബിﷺ ഒരു സംഘത്തെ ആ ദിശയിലേക്കയച്ചു. അവർ മുശ്‌രിക്കുകളിൽ നിന്നുള്ള 12 അശ്വ ഭടന്മാരെ നബിﷺയുടെ മുമ്പിൽ ഹാജരാക്കി. നബിﷺ അവരോട് ചോദിച്ചു. ‘വല്ല ഉടമ്പടിയും കരാറും നിങ്ങൾക്ക് പറയാനുണ്ടോ ? ‘ ‘ഇല്ല’. ഈ ഉത്തരം കേട്ട നബിﷺ അവരെയും വിട്ടയച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...