Tweet 419

    Tweet 419
    August 7, 2023 • Monday
    Post Header

    മുഹമ്മദ് നബിﷺ അനുയായികളോട് ഉടമ്പടി ചെയ്ത കാര്യം ഖുറൈശികളറിഞ്ഞു. നബിﷺയുടെ സ്വഹാബികൾ ഉടമ്പടിയിൽ കാണിച്ച താല്പര്യവും ആത്മാർഥതയും സുഹൈൽ ബിന് അംറും മിക്റസും ഹുവൈഥിബും നേരിട്ടുതന്നെ സദസ്സിൽ പങ്കുവച്ചു. ഇത്രയുമായതോടെ ഖുറൈശീ പ്രമുഖർ പറഞ്ഞു. “മുഹമ്മദ് നബിﷺയുമായി നമ്മളും ഒരു കരാർ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെയല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയില്ല. പല അപകടങ്ങൾക്കും സാധ്യതയുണ്ട് “. ഈ ചർച്ചയുടെ തുടർച്ചയായി നബിﷺയുമായി സന്ധിചെയ്യാൻ സുഹൈലിനെയും ഹുവൈഥിബിനെയും മിക്റസിനെയും തന്നെ ചുമതലപ്പെടുത്തി. ഖുറൈശീ പ്രതിനിധികളായി അവർ നബിﷺയുടെ അടുത്തേക്ക് വന്നു. സുഹൈലിന്റെ ആഗമനം കണ്ട ഉടനെ നബിﷺ പറഞ്ഞു. “ഇനി കാര്യങ്ങൾ എളുപ്പമാകും. ഖുറൈശികൾ കരാർ ചെയ്യാൻ തീരുമാനിച്ചിട്ടാണ് വരുന്നത് “. നബിﷺയുടെ ശിരസ്സിന്റെ ഭാഗത്ത് പടത്തൊപ്പിയുമണിഞ്ഞ് അബ്ബാദ് ബിൻ ബിശ്റും(റ) സലമത്തുബിനു അസ്‌ലമും(റ) നിലയുറപ്പിച്ചു. നബിﷺയും സുഹൈലും തമ്മിലുള്ള സംഭാഷണം അവർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടയിൽ രംഗം കൂടുതൽ ശബ്ദമുഖരിതമായി. അപ്പോൾ അബ്ബാദ് (റ) ഇടപെട്ട് പറഞ്ഞു. “ഇവിടെ ശബ്ദമുയർത്താൻ പാടില്ല”. ചർച്ച വീണ്ടും തുടർന്നു. സുഹൈൽ ഖുറൈശികളുടെ ഉപാധികൾ മുന്നോട്ടുവച്ചു.
    ഒന്ന്, പത്തു വർഷത്തേക്ക് രണ്ട് കക്ഷികൾ തമ്മിൽ യുദ്ധം പാടില്ല.
    രണ്ട്, ഈ വർഷം മുസ്‌ലിംകൾ മക്കയിൽ പ്രവേശിക്കാതെ മടങ്ങിപ്പോകണം.
    മൂന്ന്, അടുത്ത വർഷം ഉംറ നിർവഹിക്കാൻ വേണ്ടി വരുകയും മൂന്നു ദിവസം മാത്രം മക്കയിൽ താമസിച്ച് മടങ്ങിപ്പോവുകയും വേണം.
    നാല്, വരുന്ന സമയത്ത് സാധാരണ യാത്രക്കാർ ഉപയോഗിക്കുന്ന ആയുധങ്ങല്ലാതെ മറ്റ് ആയുധങ്ങളൊന്നും കൊണ്ടുവരാൻ പാടില്ല.
    അഞ്ച്, മക്കക്കാർ ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചു മദീനയിലേക്ക് വന്നാൽ, അവരെ അവിടെ സ്വീകരിക്കാതെ മക്കയിലേക്ക് തന്നെ മടക്കി വിടണം.
    ആറ്, മദീനയിൽ നിന്ന് ആരെങ്കിലും വിശ്വാസം ഒഴിവാക്കി മക്കയിലേക്ക് വന്നാൽ അവരെ മക്കയിൽ സ്വീകരിക്കും. അവരെ മടക്കി വിടുകയില്ല.
    ഈ ഉടമ്പടിയിൽ ഭാഗമാകുന്ന ആർക്കും ഏത് കക്ഷിയിലും ഭാഗമാകാം. ഇത് കേട്ടതോടെ ഖുസാഅ ഗോത്രക്കാർ നബിﷺയുടെ കക്ഷി ചേർന്നു. ബനൂ ബക്കർ ഗോത്രം ഖുറൈശികളോടൊപ്പം ചേർന്നു.
    ഖുറൈശികൾ മുന്നോട്ടുവച്ച ഉപാധികൾ മുസ്‌ലിം അനുയായികൾക്ക് സ്വീകാര്യമായില്ല. കാരണം, പ്രത്യക്ഷത്തിൽത്തന്നെ ഇത് പക്ഷപാതപരമായിരുന്നു. ഉമർ (റ) ഉടമ്പടി കേട്ടപാടെ ചാടി എഴുന്നേറ്റു. എന്നിട്ട് നബിﷺയോട് ചോദിച്ചു. “അല്ലയോ ! പ്രവാചകരേ,ﷺ അവിടുന്ന് സത്യപ്രവാചകൻ തന്നെയല്ലേ? നമ്മൾ സത്യത്തിന്റെ കക്ഷിയും മറുപക്ഷം അസത്യത്തിന്റെ കക്ഷിയുമല്ലേ? നമ്മളിൽ നിന്ന് കൊല്ലപ്പെടുന്നവർ സ്വർഗത്തിലും അവരിൽ നിന്നു കൊല്ലപ്പെടുന്നവർ നരകത്തിലും എന്നതു തന്നെയല്ലേ? എങ്കിൽ പിന്നെന്തിനാണ് നാം ഇവരോട് താഴുന്നത് ? നമുക്ക് പടനയിക്കാം. അല്ലാഹു തീരുമാനിക്കട്ടെ “.
    നബിﷺ മറുപടി പറഞ്ഞു. “ഞാൻ അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു. അവന്റെ കൽപ്പനയ്ക്ക് വിരുദ്ധമായി ഞാൻ ഒന്നും ചെയ്യില്ല. അവൻ എന്നെ സഹായിക്കാതെ കൈവിടുകയുമില്ല “. അപ്പോൾ ഉമർ (റ) ചോദിച്ചു. “അവിടുന്ന് പറഞ്ഞില്ലേ, നമ്മൾ കഅ്ബയിൽ എത്തുമെന്നും ത്വവാഫ് ചെയ്യുമെന്നും. അവിടുന്ന് പറഞ്ഞില്ലേ, ഇക്കൊല്ലം തന്നെ നമ്മൾ എത്തുമെന്ന് ?” അപ്പോൾ നബിﷺ പറഞ്ഞു. “ഇല്ല, അങ്ങനെ പറഞ്ഞിട്ടില്ല. എന്നാൽ നിങ്ങൾ ഇവിടെ വരും. ഈ കഅ്ബയെ ത്വവാഫ് ചെയ്യും”.
    അക്ഷമനായി ഉമർ(റ) അബൂബക്കറി(റ)ന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു, “ഇത് സത്യപ്രവാചകൻ തന്നെയല്ലേ? നമ്മൾ സത്യത്തിന്റെ പക്ഷവും നമ്മുടെ എതിരാളികൾ അസത്യത്തിന്റെ പക്ഷവും തന്നെയല്ലേ? നമ്മളിൽ നിന്ന് വധിക്കപ്പെടുന്നവർ സ്വർഗത്തിലും അവരിൽ നിന്ന് മരിച്ചു വീഴുന്നവർ നരകത്തിലുമാണ് എന്നത് തന്നെയല്ലേ? പിന്നെ എന്തിനാണ് നമ്മൾ ഇത്രമാത്രം വിനയം കാണിക്കുന്നത്. നമുക്കും സധൈര്യം മുന്നേറിക്കൂടെ?” അപ്പോൾ സിദ്ദീഖ് (റ) മറുപടി പറഞ്ഞു. “അല്ലയോ മനുഷ്യാ, നമ്മുടെ നബിﷺ സത്യ പ്രവാചകൻ തന്നെയാണ്. അവിടുന്ന് അല്ലാഹുവിന്റെ കൽപ്പനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. അല്ലാഹു അവന്റെ ദൂതനെ സഹായിക്കുക തന്നെ ചെയ്യും. മുഹമ്മദ് നബിﷺ തീർത്തും സത്യത്തിൻ മേൽ തന്നെയാണ് “. അപ്പോൾ ഉമർ (റ) പറഞ്ഞു. “ഞാൻ അല്ലാഹുവിന്റെ ദൂതനിൽ വിശ്വസിക്കുന്നു. എന്നാൽ, അവിടുന്ന് പറഞ്ഞതല്ലേ, നമ്മൾ കഅ്ബയിലെത്തി ത്വവാഫ് ചെയ്യുമെന്ന്?”
    ” ശരി, ഇക്കൊല്ലം തന്നെ പോയി നമ്മൾ ത്വവാഫ് ചെയ്യുമെന്ന് അവിടുന്ന് പറഞ്ഞിരുന്നുവോ? ” ഇല്ല, എന്ന് ഉമർ (റ) സമ്മതിച്ചു.
    ഉമർ(റ) പറയുന്നു. “ഞാൻ ഇസ്‌ലാമായതിൽപ്പിന്നെ ഇങ്ങനെ സംശയമുണ്ടായ ഒരു ദിവസവും വേറെ ഉണ്ടായിട്ടില്ല. എന്നാൽ, ആ സമയത്ത് പ്രവാചകൻﷺ എന്നോട് പറഞ്ഞു. നിങ്ങളിൽ നിന്ന് വന്ന പിഴവിൽ നിങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കുക “.
    നബിﷺ സമ്മതിച്ചു കൊടുത്ത ഉടമ്പടിയിൽ ഖുറൈശികൾ വച്ച നിബന്ധനകൾ പ്രത്യക്ഷത്തിൽ ഉമറി(റ)നു ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. എന്നാൽ ഇതിന്റെ പരിണിത ഫലം എന്താവുമെന്ന് നബിﷺക്ക് നേരത്തെത്തന്നെ കാണാനാകുമായിരുന്നു. ഇതായിരുന്നു വ്യത്യാസം. പിന്നെയും ഉടമ്പടിയിന്മേലുള്ള ചർച്ചകൾ തുടർന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...