
അടുത്ത വർഷം വന്ന് ഉംറ ചെയ്യാമല്ലോ എന്ന് കേട്ടപ്പോൾ സ്വഹാബികൾക്ക് ആശ്വാസമായി. അല്ലാഹുവില്‍ എല്ലാം സമർപ്പിച്ച് നബിﷺ ആ നിബന്ധനയും അംഗീകരിച്ചു. കരാറെഴുതി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഒരാളവിടെ പ്രത്യക്ഷപ്പെട്ടു. മറ്റാരുമായിരുന്നില്ല. അബൂ ജന്ദൽ (റ) എന്നയാളായിരുന്നു അത്. അദ്ദേഹം ശത്രുക്കളുടെയടുക്കല്‍ ആമം വയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു. നബിﷺയുടെ കൂടെ ശത്രുഭാഗത്ത് നിന്നും കരാര്‍ എഴുതിക്കൊണ്ടിരിക്കുന്ന സുഹൈലിന്റെ മകനാണ് അബൂ ജന്ദല്‍ (റ). മക്കയില്‍വച്ച് ഇസ്‌ലാം സ്വീകരിച്ച്, അതിന്റെ കാരണത്താല്‍ പിതാവ് ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ മർദനങ്ങളും പീഡനങ്ങളുമെല്ലാം ഏറ്റുവാങ്ങി, മദീനയിലേക്ക് ഹിജ്‌റ പോകാന്‍ പോലും സമ്മതിക്കാതെ, ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് തടവിലാക്കപ്പെട്ടയാളായിരുന്നു അബൂജന്ദല്‍ (റ). എങ്ങനെയോ ചങ്ങല പൊട്ടിച്ച് ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ, നബിﷺ കരാര്‍ എഴുതുന്ന ഹുദൈബിയ്യയിലേക്ക് വേച്ചുവേച്ച് അദ്ദേഹം എത്തിയിരിക്കുകയാണ്. അബൂ ജന്ദല്‍ (റ) മുസ്‌ലിംകള്‍ക്കിടയില്‍ വന്ന് വീഴുകയായിരുന്നു എന്നു വേണം പറയാൻ.
മകനെക്കണ്ടമാത്രയില്‍ പിതാവ് സുഹൈല്‍ മുഖത്ത് ശക്തമായി അടിച്ചു. എന്നിട്ട് സുഹൈല്‍ നബിﷺയോട് പറഞ്ഞു: “ഇതാ, ഇതെന്റെ മകനാണ്. ഈ കരാര്‍ ആദ്യം പ്രയോഗിക്കേണ്ടത് അവന്റെ മേലാണ്. അവനെ എനിക്ക് മടക്കിത്തരണം. നമ്മുടെ തീരുമാനത്തിലെ ഒന്നാമത്തേത് നടപ്പിലാക്കേണ്ട സന്ദര്‍ഭമാണിത്. അതിനാല്‍ വേഗം നടപ്പിലാക്കണം.” അപ്പോള്‍ നബിﷺ സുഹൈലിനോട് പറഞ്ഞു: ”സുഹൈലേ, നാം കരാര്‍ എഴുതിത്തുടങ്ങിയിട്ടല്ലേ ഉള്ളൂ; പൂർത്തിയായിട്ടില്ലല്ലോ.” ഇത് കേട്ടപ്പോള്‍ സുഹൈല്‍ കോപാകുലനായി. ഇങ്ങനെയെങ്കില്‍ ഞാനീ കരാറുമായി മുന്നോട്ടില്ലെന്ന് പറഞ്ഞു. അങ്ങനെ സുഹൈല്‍ കരാറെഴുത്ത് നിര്‍ത്തി അവിടെ നിന്നും പോകാന്‍ തയ്യാറെടുത്തു. “അബൂ ജന്ദലിന്റെ കാര്യത്തില്‍ മാത്രം ഒരിളവ് അനുവദിച്ചു കൂടേ ” എന്ന് നബിﷺ സുഹൈലിനോട് വീണ്ടും ചോദിച്ചു. ഒരിക്കലും സമ്മതിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവസാനം സുഹൈലിനത് അനുവദിച്ചു കൊടുക്കേണ്ടി വന്നു. അബൂജന്ദലി(റ)നെ തിരിച്ചയച്ചു.
“ഇനിയുമെന്നെ മുശ്‌രിക്കുകളുടെ കൈകളിലേക്ക് ഏല്പിക്കുകയാണോ ” എന്ന് അബൂജന്ദല്‍ (റ) വിലപിച്ചു. ദേഹമാസകലമുള്ള ക്രൂരമായ പീഡനത്തിന്റെ പാടുകളും മുറിവുകളും അദ്ദേഹം മുസ്‌ലിംകള്‍ക്ക് കാണിച്ചുകൊടുത്തു. ആ സമയത്ത് നബിﷺ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ”അബൂജന്ദല്‍ (റ)! ക്ഷമിച്ചേക്കുക, പ്രതിഫലം പ്രതീക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് ഒരു പരിഹാരവും പോംവഴിയും ഉണ്ടാക്കിത്തരുന്നവനാണ്. നിനക്കും നിന്നെപ്പോലെ മക്കയില്‍ ശത്രുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ പേര്‍ക്കും അല്ലാഹു ഒരു വഴി കാണിക്കുന്നതാണ്.”
അബൂജന്ദല്‍(റ) തേങ്ങിക്കരഞ്ഞ് അവിടെനിന്നും മടങ്ങിപ്പോകുന്ന രംഗം കണ്ടപ്പോള്‍ ഉമര്‍ (റ) നബിﷺയെ സമീപിച്ചു. എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇത്രമേൽ വിട്ടുവീഴ്ച നല്‍കണമെന്നും ഉംറ ചെയ്യാന്‍ അടുത്തവര്‍ഷം വരെ എന്തിന് കാത്തിരിക്കണമെന്നും അദ്ദേഹം ചോദിച്ചു.
രേഖകളെഴുതി പരസ്പരം കൈമാറി. തുടര്‍ന്ന് നബിﷺ അനുയായികളോട് എഴുന്നേറ്റ് ബലിയറുക്കുവാനും തല മുണ്ഡനം ചെയ്യുവാനും കല്പിച്ചു. കാരണം, ഇപ്പോൾ അവർ ഇഹ്‌റാമിലാണല്ലോ ഉള്ളത്. അതില്‍നിന്ന് ഒഴിവാകണമെങ്കില്‍ തല മുണ്ഡനം ചെയ്യണം. എന്നാല്‍ ആരും എഴുന്നേല്‍ക്കുന്നില്ല. ദുഃഖ ഭാരത്താലവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ആ രൂപത്തിലാണ് അബൂജന്ദലി(റ)നെ മക്കയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. നബിﷺ മൂന്ന് തവണ ആവര്‍ത്തിച്ചു. നബിﷺ ക്കും വിഷമമായി. അനുചരന്മാര്‍ വിഷമത്താല്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണല്ലോ എന്നവിടുന്ന് മനസ്സിലാക്കി. അത് അനുസരണക്കേടല്ല എന്നുമറിയാം. എന്ത് ചെയ്യണമെന്നറിയാതെ നബിﷺ പത്‌നി ഉമ്മു സലമ (റ)യുടെ അടുത്ത് ചെന്ന് ദുഃഖം പങ്കുവച്ചു. അപ്പോള്‍ ഉമ്മു സലമ (റ) നബിﷺ ക്ക് ഒരുപായം പറഞ്ഞുകൊടുത്തു: ”അങ്ങ് ആദ്യം എഴുന്നേല്‍ക്കുക. ഒരാളോടും ഒന്നും പറയാതെ ബലിമൃഗത്തെ അറുക്കുക. അതുപോലെ അവിടുന്ന് ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയുടെ മുടി നീക്കം ചെയ്യട്ടെ.” നബിﷺ അതുപ്രകാരം ചെയ്തു. അതോടെ എല്ലാവരും എഴുന്നേറ്റു. അറവ് നടത്തി. പരസ്പരം തല മുണ്ഡനം ചെയ്തു.
തല മുണ്ഡനം ചെയ്തവർക്ക് വേണ്ടി മൂന്ന് തവണയും മുടി വെട്ടിച്ചെറുതാക്കിയവര്‍ക്ക് ഒരു തവണയും അവിടെവച്ച് നബിﷺ പ്രാര്‍ഥിക്കുകയും ചെയ്തു. ഇഹ്‌റാമില്‍നിന്ന് ഒഴിവാകുമ്പോള്‍ തല മുണ്ഡനം ചെയ്യലാണ് കൂടുതല്‍ പ്രതിഫലാര്‍ഹമെന്ന് ഇതിലൂടെ നബിﷺ സ്വഹാബിമാരെ പഠിപ്പിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
