Tweet 418

    Tweet 418
    August 6, 2023 • Sunday
    Post Header

    പച്ചപ്പുള്ള ഒരു മരച്ചുവട്ടിൽ നബിﷺ ഇരുന്നു. എന്നിട്ട് അനുയായികളോട് പറഞ്ഞു. ഉടമ്പടി ചെയ്യാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു. അഥവാ, നബിﷺയോട് അനുയായികൾ പ്രത്യേകമായ ഒരു ഉടമ്പടി നിർവഹിക്കാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു. കേൾക്കേണ്ട താമസം സ്വഹാബികൾ ഉടമ്പടിയിലേർപ്പെട്ടു. വിശുദ്ധ ഖുർആനിൽ 48-ാം അധ്യായം പതിനെട്ടാം സൂക്തത്തിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: ‘’ആ മരച്ചുവട്ടിൽ വച്ച് സത്യവിശ്വാസികൾ തങ്ങളോട് പ്രതിജ്ഞ ചെയ്ത സന്ദർഭം, നിശ്ചയം, അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു.’’
    മരണം വരെ നബിﷺയോടൊപ്പം നിലകൊള്ളും എന്നായിരുന്നു ഉടമ്പടിയുടെ ഉള്ളടക്കം. ജാബിർ (റ) പറയുന്നു. ഉടമ്പടിയുടെ സമയത്ത് നബിﷺയുടെ മുന്നിലേക്ക് ചാഞ്ഞുനിന്ന ഒരു മരക്കമ്പ് ഞാനായിരുന്നു നീക്കിക്കൊടുത്തത്. അന്ന് ഞങ്ങൾ ഉടമ്പടി ചെയ്തത് മരണംവരെ തങ്ങളോടൊപ്പമുണ്ടാകും എന്നതായിരുന്നു. ഇമാം ത്വബ്റാനി(റ)യുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. “അബൂ സിനാൻ അസദി(റ)യായിരുന്നു ആദ്യം ഉടമ്പടിക്ക് വേണ്ടി നബിﷺയുടെ അടുത്തെത്തിയത്. അദ്ദേഹം കരാറിനു വേണ്ടി കൈനീട്ടി. അപ്പോൾ നബിﷺ ചോദിച്ചു, എന്തിന്മേലാണ് നമ്മൾ കരാറിലാകുന്നത്? അദ്ദേഹം പറഞ്ഞു, അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്, അതിന്മേൽ. അപ്പോൾ നബിﷺ ചോദിച്ചു. എന്താണ് എന്റെ ഉള്ളിലുള്ളതെന്നാണ് നിങ്ങൾക്കുള്ള ധാരണ? തങ്ങളോടൊപ്പം നിന്ന് അവസാനം വരെ ധർമത്തിന് വേണ്ടി പോരാടും. ഒന്നുകിൽ വധിക്കപ്പെടും; അല്ലെങ്കിൽ ജയിച്ചടക്കും. അപ്പോൾ നബിﷺ ഉടമ്പടിയിൽ ഏർപ്പെട്ടു. അബൂസിനാൻ (റ) എന്താണോ കരാർ ചെയ്തത് അത് പ്രകാരം ഞങ്ങളും കരാർ ചെയ്യുന്നു എന്ന് തുടർന്നുള്ളവരും പറഞ്ഞു.
    ഉസ്മാൻ(റ) അപ്പോൾ നബിﷺയുടെ സന്നിധിയിൽ ഉണ്ടായിരുന്നില്ലല്ലോ. അതിനാൽ ഉസ്മാനെ(റ) കൂടി ഈ ഉടമ്പടിയിൽ ചേർക്കാൻ നബിﷺയുടെ തന്നെ ഒരു കൈ മറുകൈയിൻമേൽ വച്ചു. എന്നിട്ട് ഉസ്മാനി(റ)ന് ഉടമ്പടിയായി അതിനെ പരിഗണിച്ചു. അപ്പോൾ ഉസ്മാനി(റ)നു വേണ്ടി ഏറ്റവും മെച്ചപ്പെട്ട വ്യക്തിയും ഏറ്റവും പുണ്യമുള്ള കരങ്ങളുമാണ് ഉടമ്പടിയിൽ പങ്കെടുത്തത്. ആ സമയത്ത് നബിﷺ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. അല്ലാഹുവേ, ഉസ്മാൻ(റ) നിന്റെയും നിന്റെ റസൂലിന്റെയും കാര്യത്തിൽ വ്യാപൃതനാണല്ലോ!
    എത്ര ആളുകളാണ് ബൈഅത്തുൽ രിള്’വാനിൽ പങ്കെടുത്തത് എന്നതിൽ
    വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ആയിരത്തി നാന്നൂറോ ആയിരത്തി അഞ്ഞൂറോ എന്നതാണ് പ്രബലാഭിപ്രായങ്ങൾ.
    ത്വാരിഖ്‌ബിനു അബ്ദുറഹ്മാനി(റ)ൽ നിന്നുള്ള ഒരു നിവേദനം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. “ത്വാരിഖ് (റ) എന്നവർ പറയുന്നു, ഞങ്ങൾ ഹജ്ജിനു പോയപ്പോൾ ഒരു മരത്തിന്റെയടുക്കൽ ആളുകൾ നിസ്ക്കകരിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു, ഇതെന്താണ്? അവിടെയുള്ളവർ പറഞ്ഞു. ഇവിടെ വച്ചാണ് നബിﷺ അനുയായികളോട് ബൈഅത്ത് ചെയ്തത്. അഥവാ, ബൈഅത്തുൽ രിള്’വാൻ നടന്നത്. ഞാൻ സഈദ് ബിൻ അൽ മുസയ്യബി(റ)ന്റെയടുക്കൽ ചെന്നു. ഈ വിവരം ഞാനദ്ദേഹത്തോട് പങ്കുവച്ചു. അദ്ദേഹം പറഞ്ഞു, ബൈഅത്തു രിള്’വാനിൽ പങ്കെടുത്ത എന്റെ പിതാവ് എന്നോട് പറഞ്ഞു. ഉടമ്പടിയുടെ അടുത്ത വർഷം ഞങ്ങളതുവഴി പോയപ്പോൾ ആ മരം വിട്ടു പോയി. അത് കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. നബിﷺയുടെ അനുയായികൾക്ക് കണ്ടെത്താനാവാത്തതാണോ ഇപ്പോൾ നിങ്ങൾ കണ്ടെത്തിയിരിക്കുന്നത് ? അങ്ങനെയെങ്കിൽ, നിങ്ങളാണ് അതിൽ കൂടുതൽ വിവരം ലഭിച്ചവർ”.
    ഉടമ്പടിയുടെ വർഷങ്ങൾക്കുശേഷം സ്വഹാബികളിൽച്ചിലർ പുറപ്പെട്ടു. ഉടമ്പടി നടന്ന മരം കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവർക്ക് ഏകോപിച്ച് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. പലർക്കും പലയഭിപ്രായങ്ങളായിരുന്നു. ഇബ്നു ഉമർ (റ) പറയുന്നു. അത് അല്ലാഹുവിൽ നിന്നുള്ള ഒരു കാരുണ്യമാണ്.
    ഇബ്നു അബീ ശൈബ (റ) മുസന്നഫിൽ നിവേദനം ചെയ്യുന്നു. “ഉടമ്പടി നടന്ന മരച്ചുവട്ടിൽ ചിലയാളുകൾ നിസ്കരിക്കുന്ന വിവരം ഉമർ (റ) അറിഞ്ഞു. ഉമർ (റ) അവർക്ക് താക്കീത് നൽകുകയും മരം മുറിക്കാൻ കൽപ്പിക്കുകയും ചെയ്തു “.
    പ്രവാചകരുടെ സാന്നിധ്യത്തിന്റെ അനുഗ്രഹം തേടി അവിടുന്ന് സഹവസിച്ച വസ്തുക്കളോടും സ്ഥലങ്ങളോടും ആദരവ് കൽപ്പിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണ്. അത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതും ചരിത്ര സന്ദർഭങ്ങളെ ഓർക്കുന്നതും നബിﷺയുടെ സാന്നിധ്യത്തിന് അനുഗ്രഹം അഥവാ ബറക്കത്ത് എടുക്കുന്നതും സ്വഹാബികളുടെ രീതിയായിരുന്നു. നബിചര്യകളെ കൃത്യമായി അനുധാവനം ചെയ്യുന്നയാൾ എന്ന പേരുകേട്ട അബ്ദുല്ലാഹിബ്നു ഉമർ (റ) ഇക്കാര്യത്തിൽ മുന്നിലായിരുന്നു.
    അപ്പോൾ പ്രസ്തുത വൃക്ഷവുമായി ബന്ധപ്പെട്ട കാര്യം നബിﷺയുമായി ബന്ധപ്പെട്ട ഒന്നിനും പുണ്യം ഇല്ല എന്ന പൊതു വീക്ഷണം രൂപപ്പെടുത്താൻ ഉദ്ധരിക്കുന്നത് ശരിയല്ല. അതിന് അതിന്റേതായ ചില മാനങ്ങൾ സ്വതന്ത്രമായി ഉണ്ടായിരുന്നു എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...