Tweet 417

    Tweet 417
    August 5, 2023 • Saturday
    Post Header

    ഒടുവിൽ ഖുറൈശികൾ ഉസ്മാനോ(റ)ട് പറഞ്ഞു. “നിങ്ങൾക്ക് വേണമെങ്കിൽ കഅ്ബയെ പ്രദക്ഷിണം ചെയ്തിട്ടു പോകാം. അഥവാ, ഉംറ നിർവഹിക്കാൻ ഞങ്ങൾ അനുവദിക്കാം “. ഉടനെ ഉസ്മാൻ (റ) പ്രതികരിച്ചു. “നബിﷺ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിനുമുമ്പ് ഞാൻ ആഗ്രഹിക്കുന്നില്ല. ഖുറൈശികളോട് സംസാരിച്ചും ചർച്ച ചെയ്തും മൂന്നുദിവസം ഉസ്മാൻ (റ) മക്കയിൽ തുടർന്നു.
    ഉസ്മാനി(റ)നെ പ്രതിനിധിയായി അയച്ച ശേഷം ഹുദൈബിയ്യയിൽ ഉണ്ടായിരുന്ന സ്വഹാബികൾ നബിﷺയോട് പറഞ്ഞു. “ഉസ്മാൻ (റ) ഇപ്പോൾ ത്വവാഫ് ചെയ്തു കഴിഞ്ഞിട്ടുണ്ടാവും “. അപ്പോൾ നബിﷺ പറഞ്ഞു. “നമ്മൾ തവാഫ് ചെയ്യുന്നതിന് മുമ്പ് ഉസ്മാൻ (റ) ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല “. അപ്പോൾ സ്വഹാബികൾ പറഞ്ഞു. “അദ്ദേഹത്തിന് എന്താ ചെയ്തുകൂടാത്തത് ? സ്വതന്ത്രമായി അവിടെ എത്തിയില്ലേ ? നമ്മളിവിടെ ഉപരോധത്തിൽക്കഴിയുകയുമാണല്ലോ “. അപ്പോൾ നബിﷺ പറഞ്ഞു. “എന്റെ ധാരണ ഉസ്മാൻ (റ) അങ്ങനെ ചെയ്യില്ലെന്നാണ് “. ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “എത്ര കൊല്ലം ഉസ്മാൻ (റ) അവിടെ നിന്നാലും ഞാൻ ചെയ്യാതെ അദ്ദേഹം ത്വവാഫ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല “. ഉസ്മാൻ(റ) മടങ്ങിയെത്തിയപ്പോൾ സ്വഹാബികൾ ഓടിച്ചെന്നു. “അല്ല, നിങ്ങളുടെ ത്വവാഫ് ഒക്കെ കഴിഞ്ഞില്ലേ ” എന്നവർ ചോദിച്ചു. ഉടനെ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെ തെറ്റിദ്ധരിച്ചുവോ? നബിﷺ ഹുദൈബിയ്യയിൽ ഉപരോധത്തിൽക്കഴിയവേ , ഒരു കൊല്ലം ഞാൻ മക്കത്ത് കഴിച്ചുകൂട്ടിയാലും നബിﷺ നിർവഹിക്കുന്നതിന് മുമ്പ് ഞാൻ ചെയ്യുമായിരുന്നില്ല. ഖുറൈശികൾ എന്നെ തവാഫ് ചെയ്യാൻ അനുവദിച്ചിരുന്നു. പക്ഷേ ഞാനത് നിരസിക്കുകയാണുണ്ടായത് “. അപ്പോൾ സ്വഹാബികളൊന്നടങ്കം പറഞ്ഞു. “നബിﷺയുടെ നല്ല ഭാവന എത്ര മെച്ചപ്പെട്ടതായിരുന്നു !”
    ഹുദൈബിയ്യയിൽ താമസം തുടരവെ, ഒരു രാത്രിയിൽ നബിﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലുമൊക്കെ രാത്രി പാറാവുകാരായി നിൽക്കണം. അതുപ്രകാരം മൂന്നാളുകൾ ഊഴം വച്ച് രാത്രി കാവൽ നിൽക്കാൻ തീരുമാനിച്ചു. ഔസ് ബിൻ ഖൗലിയ്യ് (റ), അബ്ബാദ് ബിൻ ബിശ്റ് (റ), മുഹമ്മദ് ബിനു മസ്‌ലമ (റ) എന്നിവരായിരുന്നു ആ മൂന്നുപേർ. അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ മിക്റസ് ബിൻ ഹഫ്സിന്റെ നേതൃത്വത്തിൽ 50 ആളുകളെ ഖുറൈശികൾ നബിﷺയുടെയും അനുയായികളുടെയും അടുത്തേക്കയച്ചു. മിഖ്റസ് ചതിക്കുന്ന ആളാണെന്ന് നേരത്തെത്തന്നെ നബിﷺ പറഞ്ഞിരുന്നു. നബിﷺയെയും അനുയായികളെയും വലയം ചെയ്യാൻ വേണ്ടി വന്ന ആ സംഘത്തെ മുഹമ്മദ് ബിനു മസ്‌ലമ (റ) പിടികൂടി. ഇതേ സമയത്ത് നബിയുടെ സമ്മതത്തോടുകൂടി മക്കയിലേക്ക് പോയ ഒറ്റപ്പെട്ട സ്വഹാബികളുംണ്ടായിരുന്നു. അവർ ഉസ്മാന്റെ(റ) സംരക്ഷണയിലാണ് മക്കയിൽ ഉണ്ടായിരുന്നത്. കുർസു ബിൻ ജാബിർ (റ), അബ്ദുല്ലാഹിബ്നു സുഹൈൽ (റ), അംറ് ബിൻ അബ്ദു ശംസ് (റ), അബ്ദുല്ലാഹിബ്നു ഹുദാഫാ (റ), അബുർറൂം ബിൻ ഉമൈർ (റ) തുടങ്ങിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു.
    തങ്ങളയച്ച സംഘത്തിൽ നിന്ന് ചിലരെ മുഹമ്മദ് ബിനു മസ്‌ലമ (റ) പിടികൂടിയിട്ടുണ്ട് എന്ന് ഖുറൈശികൾ അറിഞ്ഞു. അപ്പോഴേക്കും ചിലയാളുകൾ അമ്പും മറ്റുമായി മുസ്‌ലിംകൾക്ക് നേരെ തിരിഞ്ഞു. മക്കത്തുണ്ടായിരുന്ന വിശ്വാസികളെ പിടിച്ചുവച്ചു.
    രംഗം ഇങ്ങനെയൊക്കെയായപ്പോൾ സുഹൈൽബിന് അംറിനെയും ഹുവൈത്വിബ് ബിൻ അബ്ദുൽ ഉസ്സയെയും ഖുറൈശികളുടെ പ്രതിനിധികളായി നബിﷺയോട് സംസാരിക്കാനയച്ചു.( ഇവർ രണ്ടുപേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു) സുഹൈലിന്റെ ആഗമനം അറിഞ്ഞപ്പോൾ “നബിﷺ പറഞ്ഞു. ഇനി കാര്യങ്ങൾ എളുപ്പമാകും”. പേരിന്റെ അർഥം സൂചിപ്പിച്ചുകൊണ്ടാണ് നബിﷺ അങ്ങനെ പറഞ്ഞത്. അദ്ദേഹം പറഞ്ഞു തുടങ്ങി. “അല്ലയോ , മുഹമ്മദ് നബിയേ ! ﷺ ഇപ്പോൾ നിങ്ങളുടെ പിടിയിലകപ്പെട്ടവരും നിങ്ങളോട് ആയുധപ്രയോഗത്തിന് വന്നവരും നമ്മുടെ നേതാക്കന്മാരുടെ അറിവോടുകൂടി വന്നവരല്ല. അതൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനവുമല്ല. തുടർന്ന് ചർച്ചകളുടെ അവസാനത്തിൽ മുഹമ്മദ് ബിൻ മസ്‌ലമ (റ) പിടികൂടിയവരെ മക്കക്കാർക്ക് വിട്ടുകൊടുക്കുകയും മക്കയിൽ നിന്ന് ഉസ്മാൻ(റ)നെയും കൂട്ടുകാരെയും ഹുദൈബിയ്യയിലേക്ക് സുരക്ഷിതമായി എത്താൻ അനുവദിക്കുകയും ചെയ്തു.
    ഇതിനിടയിൽ ഉസ്മാൻ (റ) കൊല്ലപ്പെട്ടു എന്നൊരു വാർത്ത പരന്നിരുന്നു. ഇത് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചു. നബിﷺയും സ്വഹാബികളും പ്രതിരോധത്തിന്റെ ചില വിചാരങ്ങൾ മുന്നോട്ടുവച്ചു. ഒപ്പമുള്ളവരുടെ അഭിപ്രായ ഏകീകരണത്തിനാവശ്യമായ അഭിപ്രായങ്ങൾ മുന്നോട്ടു വന്നു. നബിﷺ ബനൂ മാസിൻ ബിൻ നജ്ജാർ എന്നവരുടെ വീട്ടിലെത്തി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...