Tweet 407

    Tweet 407
    July 26, 2023 • Wednesday
    Post Header

    ഉപരോധം കൊണ്ട് പൊറുതിമുട്ടിയ യഹൂദികള്‍ ഇരുപത്തഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖുവൈസീ എന്നയാളെ മധ്യസ്ഥനായി നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ബനുന്നളീർ ഗോത്രം ചെയ്തതു പോലെ പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ചു, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിനു ചുമക്കാവുന്ന സാധനങ്ങളെടുത്തു നാടുവിട്ടുകൊള്ളാമെന്നും അതിന് തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് നബിﷺയോടഭ്യര്‍ഥിച്ചു. തിരുനബിﷺ ആ അഭ്യർഥന സ്വീകരിച്ചില്ല. എന്നാൽ, പിന്നെ സാധനങ്ങളെല്ലാം ഉപേക്ഷിച്ചു വെറും കൈയോടെ നാടുവിടാന്‍ അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അഭ്യര്‍ഥിച്ചു. അല്ലാഹുവിന്‍റെ റസൂലിﷺന്‍റെ വിധിക്ക് വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍ നിന്ന് പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുനബിﷺ മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.
    യഹൂദികളുടെ ഭയം അധികരിച്ചു. ജീവന് രക്ഷയില്ലെന്നവര്‍ക്ക്‌ തോന്നിത്തുടങ്ങി. അപ്പോഴാണ്‌ ഔസ്‌ ഗോത്രക്കാരനായ രിഫാഅതുബ്നുല്‍ മുന്‍ദിറുല്‍ അന്‍സ്വാരി (റ)യെക്കുറിച്ചു അവര്‍ക്ക്‌ ഓര്‍മ വന്നത്. ഈ രിഫാഅത്(റ)വിനെ അബൂലുബാബത് എന്നാണ് പൊതുവേ വിളിച്ചുവന്നിരുന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അബൂലുബാബത്തിനെ തങ്ങളുടെയടുക്കല്‍ അയച്ചു കൊടുക്കാനായി യഹൂദികള്‍ അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് തിരുനബിﷺ അദ്ദേഹത്തെ കോട്ടയ്ക്കകത്തേക്കയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തിനു ചുറ്റും കൂടുകയും തങ്ങളെ രക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
    കഅ്ബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘’സ്നേഹിതാ, ഞങ്ങള്‍ കനത്ത അപകടത്തിലകപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ക്കുതിര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ്‌ നബിﷺ ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടുവിട്ട് പൊയ്ക്കൊള്ളാമെന്നും വെറും കൈയോടെ പൊയ്ക്കൊള്ളാമെന്നും അറിയിച്ചു. പക്ഷേ, അനുമതി ലഭിച്ചില്ല. പ്രവാചകന്റെﷺ ആജ്ഞയ്ക്ക് വഴങ്ങി കോട്ടയില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ് പറയുന്നത്. അങ്ങനെയിറങ്ങുവാന്‍ ഞങ്ങള്‍ക്ക്‌ ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? ഞങ്ങള്‍ ഇറങ്ങട്ടെയോ?”
    “ഇറങ്ങിക്കൊള്ളുക” എന്നു അബൂലബാബ: (റ) അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്നും ആംഗ്യം കൊണ്ട് സൂചന നല്‍കുകയും ചെയ്തു. അബൂലബാബ: (റ) പറയുന്നു: ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി. അപരാധബോധത്തിന് ഞാന്‍ അടിമപ്പെട്ടു. ഞാന്‍ ഖേദിച്ചു; പശ്ചാത്തപിച്ചു. അല്ലാഹുവോടും റസൂലോﷺടും തെറ്റ്‌ ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍ നിന്ന് പുറത്തിറങ്ങി.
    അദ്ദേഹം തിരുനബിﷺയെക്കാണാതെ, നേരെ പള്ളിയിലേക്കാണ് നടന്നത്. പള്ളിയുടെ മതിലോട് ചേര്‍ന്ന് തന്‍റെ ശരീരത്തെ അദ്ദേഹം ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ഞാന്‍ മരിക്കുന്നത് വരെ ഈ ശരീരത്തിന് ഞാന്‍ ഭക്ഷണമോ വെള്ളമോ കൊടുക്കുകയില്ലെന്നു അദ്ദേഹം ശപഥം ചെയ്തു. ആഹാരമോ വെള്ളമോ കഴിക്കാതെ ആറ്‌ ദിവസങ്ങള്‍ അദ്ദേഹം തള്ളിനീക്കി. പത്തു ദിവസമെന്നും അഭിപ്രായമുണ്ട്. നിസ്ക്കാര സമയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തെ അഴിച്ചു വിടുകയും നിസ്ക്കരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ബന്ധിക്കുകയും ചെയ്തുവന്നു. അതിനിടയ്ക്ക് അദ്ദേഹം ചെയ്ത അപരാധത്തെ പരാമര്‍ശിച്ചു കൊണ്ട് ഖുർആൻ സൂക്തമവതരിച്ചു. ദുഃഖഭാരത്താല്‍ പരിക്ഷീണിതനായ അബൂലുബാബ (റ) അവസാനം ബോധരഹിതനായി വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്ത വാര്‍ത്തയെ ഉദ്ഘോഷിക്കുന്ന ആയത്തിറങ്ങുകയും, ആ സന്തോഷവാര്‍ത്ത തിരുനബിﷺ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ അഴിച്ചു വിടാന്‍ തിരുനബിﷺ കല്പിച്ചു. എന്നാൽ, അദ്ദേഹത്തെ അഴിച്ചുവിടാന്‍ ചെന്നവരെ അദ്ദേഹം തിരിച്ചയച്ചു. തിരുനബിﷺയുടെ തിരു കരങ്ങളാൽ തന്നെ എന്നെ അഴിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിമിത്തം തിരുനബിﷺ തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നാടും എന്‍റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതീട്ടുണ്ടെന്ന് അദ്ദേഹം തിരുനബിﷺയെ അറിയിച്ചപ്പോള്‍, നിങ്ങളുടെ സ്വത്തിന്‍റെ മൂന്നിലൊന്ന് ദാനം ചെയ്‌താല്‍ മതിയാകുമെന്ന് തിരുനബി ﷺ അദ്ദേഹത്തെ ഉപദേശിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...