
ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുനബിﷺയുടെ വിധിക്ക് വഴങ്ങി ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം എത്രയാണെന്ന് ഏകോപിതമായതോ ഖണ്ഡിതമായതോ ആയ ഒരു രേഖയുമില്ല. 400, 500, 900, 16, 40 എന്നിങ്ങനെ പല കണക്കുകളുമുണ്ട്. ഒന്നും തന്നെ പ്രബലമല്ല.
ഖൈനുഖാഅ് ഗോത്രക്കാരുമായി സൗഹൃദക്കരാര്‍ ചെയ്തിരുന്നവരാണ് മദീനയിലെ ഖസ്റജ് ഗോത്രക്കാർ. അവരുടെ അഭ്യർഥനപ്രകാരം ഖൈനുഖാഅ് ഗോത്രക്കാര്‍ക്ക് നാടുവിട്ടുപോകാനുള്ള അനുമതി നബിﷺ നല്‍കിയിരുന്നു. അത് പോലെ, ഞങ്ങളുമായി സൗഹൃദക്കരാര്‍ നടത്തിയിട്ടുള്ള ഖുറൈളക്കാർക്കും നാടുവിട്ടുപോകാന്‍ അനുമതി നല്‍കണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുനബിﷺ യോട് അഭ്യര്‍ഥിച്ചു. പക്ഷേ, ആ അഭ്യര്‍ഥന അവിടുന്ന് സ്വീകരിച്ചില്ല. ബനൂഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നത് നിങ്ങള്‍ക്ക് സമ്മതമാണോ എന്നു തിരുനബിﷺ ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ക്ക് സമ്മതമാണെന്ന് അവര്‍ ബോധിപ്പിച്ചു. എന്നാല്‍, നിങ്ങള്‍ തന്നെ ഒരാളെ തിരഞ്ഞെടുക്കുക എന്നു തിരുനബിﷺ നിര്‍ദേശിച്ചപ്പോള്‍, ഔസ് ഗോത്രത്തലവനായ സഅ്ദുബ്നു മആദ് (റ) വിനെ അവര്‍ തിരഞ്ഞെടുത്തു. സഅ്ദുബ്നു മആദ് (റ)നെ തിരുനബിﷺ തന്നെയാണ് നിര്‍ദേശിച്ചതെന്നും അഭിപ്രായമുണ്ട്.
ഖന്ദഖില്‍ വച്ച് അമ്പേറ്റതിന്റെ മുറിവ് ചികിത്സിച്ചു കൊണ്ട് അദ്ദേഹം റഖീദഃ (റ)യുടെ വീട്ടില്‍ കിടപ്പിലായിരുന്നു. ഔസ് ഗോത്രക്കാര്‍ ആ വീട്ടില്‍ച്ചെന്ന് സഅ്ദ്(റ)വിനെക്കണ്ടു വിവരങ്ങളെല്ലാം ധരിപ്പിച്ചു. ബനുന്നുളൈര്‍ ഗോത്രക്കാര്‍ക്കും ഖൈനുഖാഅ് ഗോത്രക്കാര്‍ക്കും മുമ്പ് തിരുനബിﷺ നല്‍കിയ ആനുകൂല്യങ്ങള്‍ അദ്ദേഹത്തെ അനുസ്മരിപ്പിക്കുകയും ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെ പ്രകടമാക്കുകയും ചെയ്തു. സഅ്ദ് (റ) മറുപടിയൊന്നും പറഞ്ഞില്ല. ഒരു കുതിരപ്പുറത്തിരുത്തി അദ്ദേഹത്തെ തിരുനബിﷺയുടെ സന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍, എഴുന്നേറ്റു നിന്നു അദ്ദേഹത്തെ ആദരിക്കുവാന്‍ തിരുനബിﷺ സ്വഹാബിമാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളുമായ എല്ലാ സ്വഹാബികളും എഴുന്നേറ്റു നിന്നു.
ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ താങ്കളെ തിരുനബിﷺ നിശ്ചയിച്ചിരിക്കുന്നുവെന്ന് സ്വഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുനബിﷺ അദ്ദേഹത്തോടാവശ്യപ്പെട്ടു. വിധി നല്‍കുവാനുള്ള അര്‍ഹത അല്ലാഹുവിനും റസൂലിﷺനുമാകുന്നുവെന്നു സഅ്ദ് (റ) പറഞ്ഞപ്പോള്‍, ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കണമെന്നാണ് അല്ലാഹുവിന്‍റെ കല്പന എന്നു തിരുനബിﷺ അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സ്വഹാബിമാരെ അഭിമുഖീകരിച്ചു കൊണ്ട് സഅ്ദ് (റ) സംസാരിച്ചു. “അല്ലാഹുവിന്‍റെ കല്പനയെ ആദരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ?’’
അതെ എന്നു സ്വഹാബിമാര്‍ ഒത്തുപറഞ്ഞു. പിന്നീട് തിരുനബിﷺ ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു തിരുനബിﷺ യെ വന്ദിച്ചുകൊണ്ട് തിരുനബിﷺയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘’ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ?’’ അതെ എന്ന് തിരുനബിﷺ പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “എന്‍റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?” അതെ എന്നു അവരും സമ്മതിച്ചു. സഅ്ദ് (റ) വിന്‍റെ വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അവരോട് ഉറപ്പ് വാങ്ങുകയും ചെയ്തു. അതിനു ശേഷം സഅ്ദുബ്നുമആദ്(റ) ഇപ്രകാരം വിധി പറഞ്ഞു: ‘’ഇവരില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാ പുരുഷന്മാരെയും വധിക്കുക. സ്ത്രീകളേയും കുട്ടികളേയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക. ഇവരുടെ സ്വത്തുക്കള്‍ യുദ്ധമുതലുകളായി കണ്ടെടുക്കുക. ഇവരുടെ വീടുകള്‍ മുഹാജിറുകളായ സ്വഹാബിമാരുടെ വസതികളാക്കുക.”
ഇത്രയും പറഞ്ഞു കഴിഞ്ഞതും നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്‍റെ വിധി തന്നെയാണ് താങ്കള്‍ വിധിച്ചത്. കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്‍റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ട്.
പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടയ്ക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടു കെട്ടാൻ നബിﷺ കല്പിച്ചു. ആയിരത്തഞ്ഞൂറ് വാളുകള്‍, മുന്നൂറു പടയങ്കികള്‍, രണ്ടായിരം ചവളകള്‍, അഞ്ഞൂറ് പരിചകള്‍, അനേകം വീട്ടുപാത്രങ്ങള്‍, കുതിരകള്‍, ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഈ സാധനങ്ങളോടൊപ്പം യഹൂദരുടെ വകയായുള്ള ഈന്തപ്പനകളും അധീനപ്പെടുത്തി. ഈ വസ്തുക്കളെയും ബന്ധനസ്ഥരാക്കപ്പെട്ട ആളുകളേയും ആദ്യം അഞ്ചോഹരിയായി ഭാഗിച്ചു. അതില്‍ തിരുമേനിﷺയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വച്ചു, ശേഷിച്ച നാലോഹരി സ്വഹാബിമാര്‍ക്ക് പങ്കിട്ടുകൊടുത്തു. പ്രസ്തുത നാലോഹരികള്‍ വീണ്ടും മൂവ്വായിരത്തി എഴുപത്തിരണ്ടു ഓഹരികളായി വിഭജിച്ചുകൊണ്ട് സ്വഹാബിമാര്‍ക്ക് വിതരണം ചെയ്തു. മുസ്‌ലിം സേനയുടെ ആകെ എണ്ണം മൂവ്വായിരമായിരുന്നു. അവരില്‍ ആറുപേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്ക് മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതമായി നിശ്ചയിച്ചു നൽകിയത്.
ശേഷം, നബിﷺ മദീനയിലേക്ക് തിരിച്ചു. ബനൂ ഖുറൈളക്കാരുടെമേലുള്ള ശിക്ഷ നടപ്പിലാക്കി. നേരേത്തെത്തന്നെ തയ്യാർ ചെയ്ത കിടങ്ങുകളിൽ അവരെ മറവാടുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
