
കോട്ടയ്ക്കകത്ത് കഴിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ഖന്ദഖ് യുദ്ധത്തിന് വിത്തിറക്കിയ ഹുയയ്യിബ്നു അഖ്തബും അക്കൂട്ടത്തിലുണ്ടായിരുന്നു. ഖന്ദഖ് യുദ്ധത്തില്‍ നിന്നും ഓടിയ ആ മുസ്‌ലിം ശത്രു ബനൂഖുറൈള:ക്കാരുടെ കോട്ടയിലാണ് അഭയം തേടിയിരുന്നത്. യഹൂദികളുടെ കൂട്ടത്തിലെ അബൂജഹലായിരുന്നു ഹുയയ്യ്.
ബനൂഖുറൈള:ക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു കഅ്ബിബ് ഉസൈദ്. സംഭവം അതീവ ഗൗരവതരമായ ആപത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോൾ അയാൾ യഹൂദികളോട് ഇപ്രകാരം പറഞ്ഞു: “യഹൂദരേ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍ നിന്ന് രക്ഷ നേടുവാന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഞാന്‍ കാണുന്നത്. ആ മൂന്ന് മാര്‍ഗങ്ങളും ഞാന്‍ നിങ്ങളോട് പറയാം. അവയില്‍ നിന്ന് യുക്തമെന്നുതോന്നുന്ന ഒരു മാര്‍ഗം നിങ്ങള്‍ സ്വീകരിക്കുക. ഒന്ന് മുഹമ്മദ് നബിﷺ മുര്‍സലായ നബിയാണെന്നുള്ളത് വ്യക്തമാണല്ലോ. തൗറാത്തില്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദ് നബിﷺയിൽക്കാണാൻ കഴിയും. അതുകൊണ്ട് മുഹമ്മദ് നബിﷺയെ തുടര്‍ന്നു ജീവിക്കുകയാണാവശ്യം. മുഹമ്മദ് നബിﷺയില്‍ വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെത്തടയുന്നത് ബനീ ഇസ്റാഈലല്ലാത്ത അറബികളാണല്ലോ. അസൂയയും പകയും കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. നബിﷺയുമായുള്ള ഉടമ്പടി ദുര്‍ബലപ്പെടുത്തുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ഈയിരിക്കുന്ന മാന്യനാണ് അഥവാ, ഹുയയ്യാണ് ആ അനര്‍ഥം ഉണ്ടാക്കിയത്. ഈ നാട്ടില്‍ ഒരു നബി വരുമെന്നും, ആ നബിയെ നിങ്ങള്‍ തുണയ്ക്കണമെന്നും, ആദ്യത്തെ കിതാബിലും അവസാനത്തെ കിതാബിലും നിങ്ങള്‍ വിശ്വസിക്കണമെന്നും അവ തൗറാത്തും ഫുര്‍ഖാനുമാണെന്നും ഇബ്നു ഖറാശ് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അതുകൊണ്ട് നമുക്ക് മുഹമ്മദ് നബിﷺയെ അനുഗമിക്കാം.
കഅ്ബിന്‍റെ ഈ അഭിപ്രായം അവര്‍ക്ക് സ്വീകാര്യമായില്ല. തൗറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു അവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍, കഅ്ബ് രണ്ടാമത്തെ മാര്‍ഗം അവതരിപ്പിച്ചു. “നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്ക് തന്നെ ഇരയാക്കാം. അങ്ങനെ ആദ്യം കുടുംബഭാരം ഇല്ലാതാക്കാം. അതിനുശേഷം മൂര്‍ച്ചയുള്ള വാളുകളേന്തി അവരെ നമുക്ക് നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ. അഥവാ, ജയിക്കുകയാണെങ്കില്‍ ഭാര്യമാരെയും മക്കളെയും വീണ്ടും ലഭിക്കുമല്ലോ!”
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്ക് പ്രിയപ്പെട്ടവരെക്കൊന്നശേഷം നാമെന്തിന് ജീവിക്കുന്നുവെന്നതായിരുന്നു അവരുടെ പ്രതികരണം. അപ്പോൾ കഅ്ബ് മൂന്നാമത്തെ പോംവഴി ഇങ്ങനെ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “നാളെ ശനിയാഴ്ചയാണ്. ശനിയാഴ്ച നാം യുദ്ധത്തിനിറങ്ങുമെന്നു അവര്‍ പ്രതീക്ഷിക്കില്ല. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് ഒരു മിന്നല്‍ യുദ്ധം നടത്താം. അങ്ങനെ ചെയ്‌താല്‍ മിക്കവാറും അവരെ തുരത്തുവാന്‍ നമുക്ക് സാധിച്ചേക്കും “.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. ശനിയാഴ്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതിയായിരുന്നു അവർക്ക് പിൻമാറാൻ. “ഞങ്ങള്‍ അതിന് തയ്യാറില്ല ” എന്നവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അംറ് ബ്നു സഅ്ദീ എന്ന യഹൂദി മറ്റൊരഭിപ്രായം അവരുടെ മുന്നില്‍ വച്ചു. “അവര്‍ക്കു ജസ്‌യ അഥവാ കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്ക് ജീവിക്കാം. ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്നു എനിക്കറിഞ്ഞുകൂടാ ” എന്നദ്ദേഹം പറഞ്ഞപ്പോള്‍ അവര്‍ക്ക് കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ ഉത്തമം മരിക്കലാണെന്നു അവര്‍ മറുപടി നല്‍കി.
ഈ അംറ് അന്ന് രാത്രി വളരെ നിഗൂഢമായി കോട്ടയില്‍ നിന്ന് രക്ഷപ്പെട്ടു. സ്വഹാബിമാരില്‍ച്ചിലര്‍ അദ്ദേഹത്തെക്കണ്ടുമുട്ടി. താനാരാണെന്ന് മുഹമ്മദിബ്നു മസ്‌ലമത് (റ) ചോദിച്ചപ്പോള്‍, ഞാന്‍ അംറിബ്നു സഅ്ദീ ആണെന്ന് അദ്ദേഹം മറുപടി നല്‍കി. ആ സ്വഹാബി അംറിനെപ്പിടിക്കുവാനൊരുങ്ങിയപ്പോള്‍, അയാൾ വസ്തുതകള്‍ അദ്ദേഹത്തെ അറിയിക്കുകയും തന്നെ വിട്ടയയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മുഹമ്മദിബ്നു മസ്‌ലമത് (റ) അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം രാത്രിയുടെ കൂരിരുട്ടില്‍ തിരോധാനം ചെയ്തു. എവിടേക്കാണ് പോയതെന്ന് പിന്നീട് അറിയുകയുണ്ടായില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
