
ആഇശ (റ): പറയുന്നു: “ഖന്ദഖില്‍ നിന്ന് വിരമിച്ചു തിരുനബിﷺ എന്‍റെ വീട്ടില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടി. നബിﷺ ഉടനെ വാതില്‍ക്കല്‍ച്ചെന്നു. ഞാനും അനുഗമിച്ചു. അപ്പോള്‍ അതാ കുതിരപ്പുറത്തിരുന്നുകൊണ്ട് ഒരാള്‍ സംസാരിക്കുന്നു. ഞാന്‍ തിരിച്ചു പോന്നു. അയാളെ യാത്രയാക്കി മടങ്ങി വന്നപ്പോള്‍ ആ വന്ന ആളാരാണെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ അയാളെക്കണ്ടുവോ എന്നെന്നോട് ചോദിച്ചപ്പോള്‍ ‘’കണ്ടു’’ എന്ന് ഞാനുത്തരം നല്‍കി. ‘’അയാള്‍ ആരെപ്പോലെയിരിക്കുന്നു?’’ ദഹിയ്യതുല്‍ കല്‍ബിയെ പോലെ ഇരിക്കുന്നുവെന്നു ഞാനുത്തരം നല്‍കി. അപ്പോള്‍ ‘’ശരി, അത് ജിബ്‌രീൽ (അ) ആണ്; ബനൂ ഖുറൈളക്കാരുമായി യുദ്ധത്തിന് പുറപ്പെടാനുള്ള അറിയിപ്പുമായി വന്നതാണ്.” യുദ്ധത്തിന് പുറപ്പെടുവാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുവാനായി ബിലാലി (റ)നോട് നബിﷺ നിര്‍ ദേശിച്ചു.
നിങ്ങളുടെ കൂട്ടത്തില്‍ ഈ ആഹ്വാനപ്രകാരം പോകുന്നവർ ബനൂഖുറൈളയിൽ വച്ചല്ലാതെ അസ്ര്‍ നിസ്ക്കരിക്കരുത് എന്ന് ബിലാല്‍ (റ) വിളിച്ചു പറഞ്ഞു. സ്വഹാബിമാര്‍ തിരുനബിﷺയുടെ സന്നിധിയില്‍ ഹാജരായി. അലി(റ)യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നേ അയച്ചു. ശേഷം നബിﷺ പടയങ്കി ധരിച്ചു, മുഖയങ്കിയിട്ടു, പടത്തൊപ്പി ധരിച്ചു, ഖഡ്ഗം ധരിച്ചു, വില്ലണിഞ്ഞു. അമ്പ് നിറച്ച ആവനാഴിയുമെടുത്ത് ലുഹൈഫ എന്ന കുതിരപ്പുറത്തുകയറി. ആയുധധാരികളായ മൂവ്വായിരം സ്വഹാബിമാരോട് കൂടി പുറപ്പെട്ടു. തിരുനബിﷺയുടെ മൂന്ന് കുതിരകളടക്കം മുപ്പത്താറ് കുതിരകളാണ് സംഘത്തോടൊപ്പമുണ്ടായിരുന്നത്. ആ സേന മുന്നോട്ടു നീങ്ങിയപ്പോള്‍ അന്‍സ്വാരികളിൽച്ചിലര്‍ ആയുധമണിയുന്നതായി നബിﷺയുടെ ദൃഷ്ടിയിൽപ്പെട്ടു. കുറച്ചു മുമ്പ് വല്ലവരും ഈ വഴി പോകുന്നത് നിങ്ങള്‍ക്കണ്ടുവോ എന്ന് തിരുനബിﷺ അവരോടന്വേഷിച്ചു. ദഹിയതുല്‍കല്ബി അയാളുടെ വെള്ളക്കുതിരപ്പുറത്തു ഇതിലേ പോകുന്നതു ഞങ്ങള്‍ക്കണ്ടുവെന്നവര്‍ പറഞ്ഞപ്പോള്‍, അത് ജിബ്‌രീലാ(അ)ണ്, ഉടൻ തന്നെ പുറപ്പെട്ടുകൊള്ളുക” എന്ന് തിരുനബിﷺ അവര്‍ക്ക് നിര്‍ദേശം നല്‍കി.
അലി(റ)യുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുൻനിര സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടയ്ക്കകത്തെത്തി. കോട്ടയുടെ അടിത്തറയ്ക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സ്വാറുകളും മുഹാജിറുകളും ഉണ്ടായിരുന്നു. മുസ്‌ലിം സേനയെക്കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് നബിﷺയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വാളുകള്‍ തീരുമാനിക്കട്ടെ എന്ന് മാത്രം പറഞ്ഞുകൊണ്ട് സ്വഹാബികള്‍ അക്ഷോഭ്യരായി നിന്നു. അപ്പോഴേക്കും, തിരുനബിﷺയും സേനയും അകലെ നിന്ന് വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സ്വാരി (റ) നെ ഏൽല്പിച്ചു കൊണ്ട് അലി (റ) തിരുനബിﷺയുടെ അടുക്കലേക്കോടി.
യാ റസൂലല്ലാഹ്, അവിടുന്ന് ആ നീചന്മാരുടെയടുത്തു ചെല്ലാതിരിക്കണമെന്ന് അഭ്യര്‍ഥിച്ചു. അവര്‍ എന്നെ പുലഭ്യം പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ശരി, ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയുകയില്ലെന്ന് അവിടുന്ന് പ്രതിവചിച്ചു. അങ്ങനെ തിരുനബിﷺ ബനൂ ഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്‍റെ വംശമേ, അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ’ എന്ന് തിരുനബിﷺ അവരോട് വിളിച്ചുചോദിച്ചു. ശബ്ബാത് ദിവസം മത്സ്യബന്ധനത്തിനു പോയതിനു ശിക്ഷയായി ഒരു ജനതയെ അല്ലാഹു കുരങ്ങുകളാക്കി കോലം മറിച്ചിരുന്നു. ഖുർആൻ പറഞ്ഞ ആ ചരിത്രത്തെയാണ് നബിﷺ പരാമർശിച്ചത്. അപ്പോൾ അവർ പറഞ്ഞു ‘യാ അബല്‍ഖാസിം, താങ്കള്‍ അറിവില്ലാത്തയാളല്ലല്ലോ.’
പന്നികളായി കോലം മറിക്കപ്പെട്ട ചരിത്രവും നബിﷺ ഓർമപ്പെടുത്തി.
“കുരങ്ങിന്‍റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ? പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?” എന്നിങ്ങനെയുള്ള ചരിത്രവസ്തുതകൾ ചോദിച്ചപ്പോൾ ഞങ്ങള്‍ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ലെന്നവർ നിഷേധിച്ചു. ഇത് കേട്ടപ്പോള്‍ ഉസൈദ്ബ്നു ഹുളൈർ പറഞ്ഞു, അല്ലാഹുവിന്‍റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കുരനെപ്പോലെ, നിങ്ങള്‍ കോട്ടയ്ക്കകത്തുകിടന്ന് ഒടുങ്ങിക്കോളൂ. ഇത് കേട്ടപ്പോള്‍ അവര്‍ കൂടുതൽ ആശങ്കയിലായി. അവര്‍ പറഞ്ഞു: ‘യാ ഇബ്നു ഹളീർ, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരാണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു ഉടമ്പടിയുമില്ല’ എന്നു അദ്ദേഹം അതിന്നു മറുപടി നല്‍കി. യഥാർഥത്തിൽ അവർ ഉടമ്പടികൾ നിരാകരിച്ചവരായിരുന്നു.
യഹൂദികളുടെ കോട്ട ഇരുപത്തഞ്ചു ദിവസക്കാലം മുസ്‌ലിം സേന ഉപരോധിച്ചു. പതിനഞ്ചുദിവസമെന്നും ഒരു മാസമെന്നും പറയപ്പെട്ടിട്ടുണ്ട്. ആ ദിവസങ്ങളില്‍ സ്വഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കാരക്ക ഉത്തമമായ ഭക്ഷണമാകുന്നുവെന്നു ആ അവസരത്തില്‍ തിരുനബിﷺ പറയുകയുമുണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
