
ഖന്ദഖ് പ്രതിരോധത്തെക്കുറിച്ചുള്ള ചരിത്ര പരാമർശങ്ങൾക്കൊപ്പമാണ് നാം സഞ്ചരിച്ചുകൊണ്ടിരുന്നത്. യുദ്ധം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ കടന്നുവന്ന എല്ലാ അധ്യായങ്ങളെയും ഒരുപോലെ വീക്ഷിക്കുകയും എല്ലാം അപകടകരമായിരുന്നു എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന പല വായനകളുമുണ്ട്. എന്നാൽ ഇവിടെ ഖന്ദഖ് സംഭവത്തിന്റെ നാൾവഴികൾ നാം അടുത്തറിയുമ്പോഴാണ് ഇസ്‌ലാമിനും പ്രവാചകർക്കുമെതിരെ മക്കയിലെ മുശ്‌രിക്കുകളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയിരുന്ന വിശാല സഖ്യം ജൂതന്മാരുടെ പിന്തുണയോടെ മദീനയേയും പ്രവാചകനെﷺയും ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, മദീന അതിവിദഗ്ധമായി അത് പ്രതിരോധിക്കുകയായിരുന്നുവെന്നു മനസ്സിലാവുക. എന്നാൽ ഇതിനെയും ചരിത്രത്തിൽ യുദ്ധം എന്നു തന്നെയാണ് പറയുക. യഥാർഥത്തിൽ ഒരു മഹായുദ്ധത്തെ ഒഴിവാക്കുകയായിരുന്നു ഇവിടെ. ഭൗതിക സംവിധാനങ്ങളും സാഹചര്യങ്ങളും മുഴുവൻ മുന്നിൽ വച്ച് നോക്കിയാൽ, ഒരു ദേശത്തെയും ജനങ്ങളെയും ഭരണാധികാരിയെയും പൂർണമായും ഇല്ലായ്മ ചെയ്യാൻ വന്ന മഹാസഖ്യത്തിൽ നിന്ന് എല്ലാം രക്ഷപ്പെടുത്താനുള്ള അതിവിദഗ്ധമായ പ്രതിരോധമാണ് ഖന്ദഖ് ഓപ്പറേഷനിലൂടെ സാധ്യമാക്കിയത്.
ഏതായാലും പ്രവാചകനുംﷺ പ്രവാചകൻﷺ ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളും സത്യമാണെന്നും അവയ്ക്ക് അഭൗതികമായ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെടാൻ ഈ സംഭവങ്ങളെല്ലാം ഏറെയായിരുന്നു. എന്നിട്ടും കുടിപ്പകയും വിദ്വേഷവും മാത്രം മുന്നിൽ വച്ച് വീണ്ടും പ്രവാചകർﷺക്കും വിശ്വാസികൾക്കുമെതിരെ തിരിയുകയായിരുന്നു ജൂതന്മാരും മുശ്‌രിക്കുകളും. ്് അഥവാ, ഖന്ദഖിൽ നിന്നു ലഭിച്ച പാഠം പോലും അവർ ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു സാരം. അങ്ങനെ ഒരു തുടർച്ചയുടെ വിശദാംശങ്ങളിലേക്കാണ് വിശുദ്ധ ഖുർആൻ 33-ാം അധ്യായം അൽ അഹ്സാബിലെ 25 മുതലുള്ള സൂക്തങ്ങൾ വിരൽ ചൂണ്ടുന്നത് . ആശയം ഇങ്ങനെ വായിക്കാം.
“സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്. വേദക്കാരില്‍ച്ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹു അവരെ അവരുടെ കോട്ടകളില്‍ നിന്നിറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ച്ചിലരെ നിങ്ങള്‍ കൊന്നൊടുക്കുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലം പോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.”
മുഹമ്മദ് ബിൻ ഉമർ (റ) സാഹചര്യം വിശദീകരിക്കുന്നു. “ഖന്ദഖ് വിട്ട് ഖുറൈശികൾ പോയപ്പോൾ ബനൂ ഖുറൈളക്കാർ ആകെ ഭീതിയിലായി. ഇനി എന്തായിരിക്കും സംഭവിക്കുക എന്ന് അവർ ന്യായമായും ഭയപ്പെട്ടു. കരാറുകൾ ലംഘിക്കുകയും പ്രതിസന്ധിഘട്ടത്തിൽ കാലു മാറുകയും ശത്രുക്കൾക്ക് കൂട്ടുനിൽക്കുകയും ചെയ്ത വഞ്ചകൻമാരും ചതിയന്മാരുമായ ആളുകൾ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇനി എന്താണ് പ്രതീക്ഷിക്കാനുള്ളത് ? കേവലം ഒരു വ്യക്തിയിൽ നിന്നുള്ള വിട്ടുവീഴ്ചയിലോ പൊതുമാപ്പിലോ അവസാനിക്കുന്നതല്ല വിഷയം. ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സുരക്ഷയെക്കണ്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ ഒരു ഭരണാധികാരി എന്ത് നയമാണ് ഇവിടെ സ്വീകരിക്കേണ്ടത് ? ഇതാണ് പ്രവാചകന് ﷺ മുന്നിലുള്ള പ്രശ്നം . സർവ സുരക്ഷയും ആനുകൂല്യങ്ങളും അനുഭവിച്ച് നാട്ടിൽ താമസിക്കുക, രാജ്യം ഒരു ബാഹ്യശത്രുവിൽ നിന്ന് യുദ്ധം അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ശത്രുവിന് കൂട്ടുനിൽക്കുക. ഇതിനെക്കാൾ വലിയ ചതിയെന്താണ് ? ഇത്തരമൊരു വിഭാഗത്തെ രാജ്യത്ത് ഇനിയും തുടർത്തേണമോ എന്ന് ഭരണാധികാരി ആലോചിക്കുമ്പോൾ കേവലം വ്യക്തിപരമായ ഒരു മാപ്പും കരുണയും മാത്രം നോക്കിയാൽ മതിയാകില്ലല്ലോ? മുത്തുനബിﷺ അല്ലാഹുവിന്റെ കല്പനയ്ക്ക് വേണ്ടി കാത്തു നിന്നു. ജിബ്‌രീല്‍ (അ) മലക്കിന്റെ ആഗമനം പ്രതീക്ഷിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
