Tweet 396

    Tweet 396
    July 15, 2023 • Saturday
    Post Header

    അലി(റ)ക്ക് ഒരു പരിക്കും സംഭവിച്ചിരുന്നില്ല. ശത്രു നിലം പതിച്ച ഉടനെ അദ്ദേഹം തക്ബീർ മുഴക്കി. തക്ബീർ കേട്ട ഉടനെ അലി(റ) ജയിച്ചിരിക്കുന്നു എന്ന് നബിﷺയും മനസ്സിലാക്കി. അലി(റ) നേരെ നബിﷺയുടെ അടുത്തേക്ക് എത്തി. അപ്പോൾ അവിടുത്തെ മുഖം നിലാവ് പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. അലി(റ) അണിഞ്ഞ പടയങ്കിയോളം ഉത്തമമായ ഒരു പടയങ്കി ഈ സമുദായത്തിൽ ആരും അണിഞ്ഞിട്ടില്ല. ശത്രു അണിഞ്ഞിരുന്ന പടയങ്കിയും മറ്റും ഊരിയെടുക്കാനോ അപഹരിക്കാനോ അലി(റ) മുതിർന്നില്ല. അത് ആത്മാഭിമാനത്തിന് യോജിച്ചതായി അപ്പോൾ അദ്ദേഹത്തിന് തോന്നിയില്ല. അലി(റ)യുടെ ധീരമായ ഇടപെടലുകൾ കണ്ടപ്പോൾ ശത്രുക്കൾക്ക് ഭയമേറി. അബൂജഹലിന്റെ പുത്രനായ ഇക്രിമ തന്റെ കുന്തം നിലത്തുവച്ച് പിന്മാറി. ഒന്നടങ്കം ഭയചകിതരായി കിടങ്ങിന്റെ മറുവശത്തേക്ക് തന്നെ പോകാൻ ഒരുങ്ങി.
    ശത്രുക്കളുടെ ഹീനമായ പിൻവാങ്ങലിനെ ഹസ്സാൻ കവിതയിൽ ആവിഷ്കരിച്ചു.
    “ഫർറ വഅൽഖാ ലനാ റുംഹഹു…..”

    പരാജയത്തിന്റെ ഭീതിയിൽ നിൽക്കുന്ന ഖുറൈശികളെ സുബൈറും(റ) ഉമറും(റ) ശക്തമായി പിന്തുടർന്നു. അവരെ അത് വീണ്ടും സമ്മർദ്ദത്തിലാക്കി. സുബൈർ ബിൻ അൽ അവാം(റ) നൗഫൽ ബിൻ അബ്ദുല്ലാഹിയെ കൈ കൊണ്ട് നേരിട്ടു. ഏറ്റ ആഘാതത്തിന്റെ ആഴത്തിലും അയാൾ പറഞ്ഞു. നിന്റെ ഈ ആയുധം ഒരു വല്ലാത്ത ആയുധം തന്നെ. എത്ര മൂർച്ചയുള്ള വാളാണിത്. യഥാർത്ഥത്തിൽ അത് ഒരു പടവാളോ മറ്റോ ആയിരുന്നില്ല. കേവലം കൈ കൊണ്ടുള്ള പ്രതിരോധം വാളുപോലെ അയാൾക്ക് പരിക്കു നൽകുകയായിരുന്നു. സുബൈർ(റ) തന്നെ ഫുഹൈറയേയും നേരിട്ടു. അയാളും ദയനീയമായി പരാജയപ്പെട്ട് നിലം പതിച്ചു. ഒടുവിൽ അബൂസുഫ്‌യാൻ പറഞ്ഞു. ഇന്ന് നമുക്ക് മടങ്ങാം. ഇന്നത്തെ ദിവസം നമുക്ക് ഒരു നേട്ടവും ലഭിച്ചിട്ടില്ല. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 251 മത്തെ സൂക്തം അലി(റ)യുടെ സൈനിക ഇടപെടലിനെ ഓർമ്മപ്പെടുത്തുന്നതാണ്. ആശയം ഇങ്ങനെ വായിക്കാം. “അവസാനം അല്ലാഹുവിന്റെ ഹിതത്താല്‍ അവര്‍ ശത്രുക്കളെ ‎തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു.”

    ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മുശ്‌രിക്കുകൾ പ്രവാചകരുﷺടെ അടുത്തേക്ക് ഒരു സംഘത്തെ അയച്ചു. 10,000 സംഖ്യക്ക് പകരം അംറ് ബിൻ അബ്ദു വുദ്ദിന്റെ മൃതശരീരം ലഭിക്കാൻ വേണ്ടിയായിരുന്നു അത്. മൃതശരീരം വിറ്റ സംഖ്യ ഞങ്ങൾ കഴിക്കുകയില്ല അതുകൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തിന്റെ മൃതശരീരം കൊണ്ടുപോകാമെന്ന് നബിﷺ പ്രതികരിച്ചു. ഇമാം അഹമ്മദ്(റ) ഉദ്ധരിച്ച നിവേദനത്തിൽ ഇങ്ങനെയാണ്. ഞങ്ങൾ പന്ത്രണ്ടായിരം സംഖ്യ തരാം അംറിന്റെ മൃതശരീരം ഞങ്ങൾക്ക് അയച്ചു തരാമോ എന്ന് പ്രവാചകരോﷺട് ചോദിച്ചു. മൃതശരീരത്തിലോ അതിന്റെ വിലയിലോ ഒരു നന്മയും ഞങ്ങൾ കാണുന്നില്ല. അതുകൊണ്ട് ആ ശരീരം അവർക്ക് തന്നെ നൽകിക്കൊള്ളൂ. നബിﷺ അനുയായികളോട് പറഞ്ഞു. പ്രത്യേകിച്ചും തിന്മയിൽ വർത്തിച്ച ഒരാളുടെ ശരീരം. അത് മോശമായ മൃതശരീരവും അതിനുവേണ്ടി വാങ്ങുന്ന തുക മോശമായ തുകയും ആണ്.

    ഇതിനിടയിലാണ് ഗോത്രത്തിൽ നിന്ന് ഒരാൾ ഞാനെന്തായാലും മുഹമ്മദിﷺനെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് കുതിരപ്പുറത്തേറി കിടങ്ങു കടക്കാൻ ശ്രമിച്ചത്. അവൻ കുണ്ടിൽ ചാടി അവന്റെ പിരടി പൊട്ടുകയും ചെയ്തു. അപ്പോഴും ശത്രുക്കൾ പറഞ്ഞു അവന്റെ ശരീരം ഞങ്ങൾക്ക് വിട്ടു തരൂ ഞങ്ങൾ അവനെ മറമാടട്ടെ. അതിനുവേണ്ട തുക ഞങ്ങൾ നിങ്ങൾക്ക് തരാം. പ്രവാചകർﷺ പറഞ്ഞു. അത് നിങ്ങൾ എടുത്തോളൂ ഞങ്ങൾക്ക് അങ്ങനെ ഒരു തുകയുടെ ആവശ്യമില്ല. നൗഫൽ ബിൻ അബ്ദുല്ലാഹിയുടെ മൃതശരീരം ആവശ്യപ്പെട്ടപ്പോഴും ഇതേ പ്രതികരണം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അബൂജഅഫർ ബിൻ ജരീറ് പറയുന്നു. മുശ്രിക്കീങ്ങളിൽ പെട്ട നൗഫൽ എന്നയാൾ കിടങ്ങു ചാടി കടക്കാൻ ശ്രമിച്ചപ്പോൾ കുണ്ടിലേക്ക് തന്നെ വീണുപോയി. പുറത്തുള്ള ചെറുപ്പക്കാർ അയാളെ കല്ലെടുത്തെറിഞ്ഞു. അപ്പോഴയാൾ അവിടെ കിടന്നുകൊണ്ട് വിളിച്ചുപറഞ്ഞു. ഇതിനേക്കാൾ മാന്യമായി എന്നെ ഒന്ന് വധിച്ചു കളയൂ.
    അപ്പോൾ അയാളെ അലി(റ) കിടങ്ങിൽ വച്ചുതന്നെ നേരിടുകയും ചെയ്തു. ഈയൊരു സംഭവത്തിന്റെ നിവേദനത്തിൽ അഭിപ്രായാന്തരങ്ങൾ ഉണ്ട്.

    ഏതായാലും ശത്രുപക്ഷത്തെ ആത്മധൈര്യം നഷ്ടപ്പെട്ടു. ചാടി കടക്കാനോ ജയിച്ചടക്കാനോ സാധിക്കില്ലെന്ന് അവർ മനസ്സിലാക്കി. പിൻവാങ്ങാനുള്ള വഴികൾ ആലോചിച്ചില്ലെങ്കിലും എങ്ങനെ എന്ന് പിടുത്തം കിട്ടിയില്ല.

    സത്യപ്രസ്ഥാനത്തിന്റെയും അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും ആദ്യ നാളുകളിൽ പുണ്യനബിﷺ അനുഭവിച്ച നൊമ്പരങ്ങളുടെ അധ്യായങ്ങളാണ് നാം വായിക്കുന്നത്. ആദർശത്തിനു വേണ്ടിയുള്ള അതിജീവനത്തിൽ തുല്യതയില്ലാത്ത ഏടുകളെയാണ് ഓരോ സംഭവത്തിലും സന്ദർഭത്തിലും നമുക്ക് പരിചയപ്പെടാൻ ഉള്ളത്. പ്രവാചകരുടെﷺ നേതൃപാടവവും സമർപ്പണവും തുടർന്ന് അങ്ങോട്ടും നമുക്ക് വായിക്കാം.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...